മെഡിക്കൽ ഷോപ്പിൽ ജോലി ചെയ്തു, ഒരു മാസം കിട്ടിയത് 180 രൂപ..എന്റെ ആ രീതിയെ ഫഹദ് കളിയാക്കിയിരുന്നു';വിനയ് ഫോർട്ട്
കൊച്ചി: കേരളത്തിൽ നാടകക്കാരുടെ അവസ്ഥ മുഴുപട്ടിണിയാണെന്ന് നടൻ വിനയ് ഫോർട്ട്. ഇവിടെ നാടകം കളിച്ച് ജീവിക്കാൻ പറ്റില്ല. പാഷൻ കൊണ്ടാണ് താൻ സിനിമയിൽ പിടിച്ചുനിൽക്കുന്നതെന്നും വിനയ് പറഞ്ഞു. മൈൽ സ്റ്റോൺ മെയ്ക്കേഴ്സിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
'അഞ്ച് വർഷത്തോളം നാടകം കളിച്ചിട്ട് എനിക്ക് ഒരുരൂപ പോലും കിട്ടിയിട്ടില്ല. ഡിഗ്രി ഫസ്റ്റ് ഇയർ തൊട്ട് ഞാൻ ജോലിക്ക് പോയിരുന്നു. വൈകീട്ട് മെഡിക്കൽ ഷോപ്പിൽ പോയി ജോലി ചെയ്യും. ഒരു മാസം എനിക്ക് കിട്ടിയത് 180 രൂപയാണ്. അതെന്നെ സംബന്ധിച്ച് വണ്ടിക്കാശ് പോലെയാണ്. നാടകക്കാരുടെ ജീവിതം പരിതാപകരമാണ്. കേരളത്തിൽ നാടകക്കാരുടെ അവസ്ഥ മുഴുപട്ടിണിയാണ്. നാടകം ചെയ്ത് ജീവിക്കാൻ പറ്റില്ല.

ഞാൻ സിനിമയിൽ എസ്റ്റാബ്ലിഷ് ആയിക്കൊണ്ടിരിക്കുന്ന വ്യക്തിയാണ് ഞാൻ. എൻറെ കഠിനാധ്വാനവും എഫേർട്ടുമാണ് എന്നെ പിടിച്ച് നിർത്തുന്നത്. പട്ടി തേങ്ങ കടിച്ച് പിടിക്കില്ലേ അതുപോലെ കടിച്ച് പിടിച്ചാണ് ഞാൻ നിൽക്കുന്നത്. എന്നെക്കാളും മിടുക്കരായ ഒരുലക്ഷം നടൻമാരാണ് ഇവിടെ ഉള്ളത്. പാഷൻ കൊണ്ടാണ് ഞാൻ സർവൈവ് ചെയ്യുന്നത്.
വളരെ മത്സരം നിറഞ്ഞ മേഖലയാണ് സിനിമ. നെയ്ച്ചർ ലോയിൽ വിശ്വസിക്കുന്ന ആളാണ് ഞാൻ. വീട്ടിലിരുന്ന് ആലോചിച്ചിട്ട്, സ്വപ്നം കണ്ടിട്ട് കാര്യമില്ല. ഞാൻ മിഡിൽ ക്ലാസ് ഫാമിലിയിൽ നിന്നുള്ള ആളാണ്.എനിക്ക് സിനിമയിൽ പരിചയങ്ങളോ ബന്ധങ്ങളോ ഇല്ല. അങ്ങനെയാണ് ഞാൻ തീയറ്റർ ചെയ്തത്. ആധികാരികമായി എനിക്ക് ഇത് അറിയണമായിരുന്നു. അങ്ങനെയാണ് ഞാൻ എഫ് ടി ഐയിൽ പഠിക്കുന്നത്. പലപ്പോഴും ലക്ഷ്യത്തിൽ എത്താൻ നിങ്ങൾ എന്തൊക്കെ കാര്യങ്ങൾ ചെയ്തു എന്നതാണ് പ്രധാനം.
ഞാൻ വളരെ സ്ട്രേറ്റ് ഫോർവേഡ് ആയ വ്യക്തിയാണ്. ജീവിതത്തിൽ അഭിനയിക്കാറില്ല. എന്നോട് അപമര്യാദയോടെ പെരുമാറിയാൽ അത് ഞാൻ സഹിക്കില്ല. അതിനോട് ഞാൻ പ്രതികരിക്കും. അത്തരം പിടിവാശികൾ ഉണ്ട്. ജീവിതത്തെ വളരെ സിമ്പിൾ ആയി കാണുന്നയാളാണ് ഞാൻ', വിനയ് ഫോർട്ട് പറഞ്ഞു.
ഞാൻ വളരെ പ്രൊഫഷണൽ ആണെന്ന് സംവിധായകൻ പറയാറുണ്ട്. അത് മറ്റൊന്നും കൊണ്ടല്ല ഞാൻ സംവിധാകരെ വിശ്വസിക്കും. മാലിക്ക് സിനിമ അഭിനയിക്കുന്ന സമയത്ത് ഞാൻ മോണിറ്റർ നോക്കില്ല. ഫഹദ് ഒക്കെ എന്നെ ഭീകരമായി കളിയാക്കുമായിരുന്നു. എനിക്ക് നിന്നെ പോലെ ഒരു നടനാകണമെന്ന് പറഞ്ഞ് കളിയാക്കും. കാരണം മോണിറ്റർ നോക്കി എനിക്കൊരു ഷോട്ട് കൂടി വേണമെന്ന് ഞാൻ പറയില്ല. ഡയറക്ടർ ഒകെ പറഞ്ഞാൽ ഞാൻ ഒകെയാണ്. ഡയറക്ടറുടെ കാര്യങ്ങളിൽ ഞാൻ ഇടപെടാറില്ല.
എനിക്ക് ലിമിറ്റേഷൻസ് ഉണ്ട്. സിനിമയുടെ തിരഞ്ഞെടുപ്പിൽ തെറ്റ് പറ്റിയെന്ന് ഇതുവരെ തോന്നിയിട്ടില്ല. എല്ലാ അർത്ഥത്തിലും എന്നെ പ്രജോദിപ്പിച്ച നടൻ മോഹൻലാൽ ആണ്', വിനയ് പറഞ്ഞു.












Click it and Unblock the Notifications