ജയിലറിലെ 'വർമൻ', വിനായകന്റെ പ്രതിഫലം ഇതായിരുന്നു, ഇനി കോടികളോ? നടന്റെ മറുപടി ഇങ്ങനെ
കൊച്ചി: സൂപ്പർ സ്റ്റാർ രജനീകാന്തിന്റെ 'ജയിലറിൽ' നടൻ വിനായകൻ അവതരിപ്പിച്ച വില്ലൻ കഥാപാത്രമായ 'വർമൻ' ആരാധകർക്കിടയിൽ ഉയർത്തിയ ആവേശം ചെറുതല്ല. കൊടുംക്രൂരത നിറഞ്ഞ പ്രതിനായകനായി വിനായകൻ ചിത്രത്തിൽ അഴിഞ്ഞാടുകയായിരുന്നു. 'മരണമാസായ' നായക കഥാപാത്രത്തോട് അതിലും വലിയ 'കൊലമാസ്' പ്രകടനം കാഴ്ചവെച്ച് കൊണ്ടായിരുന്നു വിനായകൻ മുട്ടി നിന്നത്.
അതേസമയം ജയിലറിലെ പ്രകടനത്തോടെ താരം പ്രതിഫലം ഉയർത്തിയോ എന്നുള്ള ചർച്ചകളാണ് ഇപ്പോൾ ചൂടുപിടിക്കുന്നത്. ഇപ്പോഴിതാ അതിന് ഉത്തരം നൽകുകയാണ് വിനായകൻ. ഗൃഹലക്ഷ്മിക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതിഫലത്തെ കുറിച്ചുള്ള ചോദ്യങ്ങളോട് താരത്തിന്റെ പ്രതികരണം. തന്റെ സിനിമ തിരഞ്ഞെടുപ്പുകളെ കുറിച്ചും എന്തുകൊണ്ട് മാധ്യമങ്ങളിൽ നിന്ന് അകലുന്നുവെന്നതിനെ കുറിച്ചെല്ലാം അഭിമുഖത്തിൽ താരം മറുപടി നൽകുന്നുണ്ട്.

വ്യക്തികളെ വിശ്വസിച്ചാണ് താൻ സിനിമകൾ ചെയ്യാറുള്ളതെന്നും ഒരിക്കലും തിരക്കഥ വായിച്ച് നോക്കാറില്ലെന്നും വിനായകൻ പറയുന്നു. താനൊരു പൂർണ സിനിമാ നടൻ അല്ലെന്നാണ് വിനായകൻ പറയുന്നത്. തന്റെ ലക്ഷ്യം മറ്റ് പലതുമാണ്. സിനിമകൾ പൂർണമായും ഇപ്പോൾ കാണാറില്ലെന്നും അദ്ദേഹം വിശദീകരിച്ചു.
പൊതുവെ മാധ്യമങ്ങളോട് അകന്ന് നിൽക്കുന്നതാണ് വിനായകന്റെ രീതി. ഇനി പ്രതികരിച്ചാൽ തന്നെ മാധ്യമങ്ങളുടെ രീതിക്ക് അനുസരിച്ച് താരം വഴങ്ങാറുമില്ല. ഇത് സംബന്ധിച്ച ചോദ്യത്തിന് നടന്റെ മറുപടി ഇങ്ങനെ-'താൻ പ്രയാസം അനുഭവിക്കുന്ന കാലത്ത് തിരിഞ്ഞ് നോക്കുക പോലും ചെയ്യാത്ത മാധ്യമങ്ങൾ ഇപ്പോഴെന്തിനാണ് തന്റെ കൂടെ വരുന്നത്. സഹായം പ്രതീക്ഷിച്ച് നടന്ന കാലത്ത് ഇരിക്കാൻ പോലും ഒരാളും കസേര തന്നിട്ടില്ല. ജീവിതാനുഭവങ്ങളാണ് തന്നെ ഇന്ന് കാണുന്ന ആളാക്കിമാറ്റിയത്. ശ്രദ്ധിക്കപ്പെടുന്നത് വരെ എന്നെ കുറിച്ച് എഴുതാത്ത മാധ്യമങ്ങളുടെ സഹായം ഇപ്പോൾ തനിക്ക് വേണ്ടതില്ല', വിനായകൻ പറയുന്നു.
വിനായകൻറെ പ്രതിഫലം ഇപ്പോൾ കോടികളാണോയെന്ന ചോദ്യത്തിന് മറുപടി ഇങ്ങനെയായിരുന്നു-'അത് തന്റെ വ്യക്തിപരമായ കാര്യങ്ങളാണ്. ആരുടെ ശമ്പളത്തെ കുറിച്ചും ഞാൻ അന്വേഷിക്കുകയോ ചോദിക്കുകയോ ചെയ്യാറില്ല. അതുകൊണ്ട് തന്നെ തിരിച്ചുള്ള അന്വേഷണത്തിന്റെ ആവശ്യം എന്തിനാണ്. വെറുതെ ഇത്തരം തലക്കെട്ടുകൾ വരുമ്പോൾ മാധ്യമങ്ങൾക്ക് കുറച്ച് ക്ലിക്ക് കിട്ടും. ഇത്ര തന്നെ പ്രധാന്യമേ ഇത്തരം ചോദ്യങ്ങൾക്കുള്ളൂ', എന്നായിരുന്നു വിനായകൻ പ്രതികരിച്ചത്.
ജയിലറിൽ വിനായകന് ലഭിച്ച പ്രതിഫലം വെറും 35 ലക്ഷമാണെന്ന തരത്തിലാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. സിനിമയിൽ അഞ്ച് മിനിറ്റ് മാത്രം എത്തിയ മോഹൻലാലിന് 8 കോടിയും. ഇതിൽ ചില ആരാധകർ രംഗത്തെത്തിയിരുന്നു. വിനായകൻ കൂടുതൽ അർഹിക്കുന്നില്ലേയെന്ന തരത്തിലായിരുന്നു ചർച്ചകൾ.












Click it and Unblock the Notifications