'ഇവൾക്ക് ചുണ്ട് വിറപ്പിക്കുന്നതാണോ സ്റ്റൈൽ', നിറത്തിന്റെ പേരിലും പരിഹാസം; വൈറൽ താരം സൗമ്യ മാവേലിക്കര
'കൽക്കണ്ടം ചുണ്ടിൽ, കർപ്പൂരം കണ്ണിൽ'..ഇൻസ്റ്റഗ്രാമിൽ റീൽസ് കാണുന്നവരാണ് നിങ്ങളെങ്കിൽ തീർച്ചയായും ഈ പാട്ട് കേൾക്കുമ്പോൾ മനസിലോടി വരുന്ന മുഖം സൗമ്യ മാവേലിക്കരയുടേതായിരിക്കും. റീലിലെ സൗമ്യയുടെ ഭാവങ്ങൾ അസാദ്യമെന്നായിരുന്നു പലരും കുറിച്ചത്. ഈ ഒരൊറ്റ പാട്ടോടെ സൗമ്യ ശരിക്കും ഇൻസ്റ്റയിൽ താരമായി. താരങ്ങളെ അനുകരിച്ചും മിമിക്രി ചെയ്തുമെല്ലാം സൗമ്യ ലൈക്കുകൾ വാരിക്കൂട്ടി. അങ്ങനെ ഇൻസ്റ്റയിൽ നാലരലക്ഷം ഫോളോവേഴ്സുമായി സൗമ്യ തിളങ്ങി നിൽക്കുകയാണ്. എന്നാൽ ഒട്ടും എളുപ്പമായിരുന്നില്ല ഈ യാത്രയെന്ന് പറയുകയാണ് സൗമ്യ. പലപ്പോഴും കടുത്ത സൈബർ ആക്രമണങ്ങൾ തനിക്ക് നേരിടേണ്ടി വന്നിട്ടുണ്ടെന്ന് പറയുകയാണ് സൗമ്യ. ഗൃഹലക്ഷ്മിക്ക് നൽകിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.
താൻ ടിക്ക് ടോക്കിലാണ് ആദ്യം വീഡിയോ ചെയ്തത് തുടങ്ങിയതെന്ന് സൗമ്യ പറയുന്നു. ഒരു രസത്തിന് തുടങ്ങിയതാണ്. എന്നാൽ വളരെ കുറച്ച് ആളുകൾ മാത്രമാണ് വീഡിയോകൾ കണ്ടത്. അപ്പോഴും വീഡിയോ ചെയ്യുന്നത് നിർത്തിയില്ല. അതിനിടയിൽ ടിക്ക് ടോക്ക് നിരോധിച്ചു. ഇതോടെ ഇൻസ്റ്റയിലേക്ക് ചുവടുമാറി. 'കരിങ്കാളിയല്ലേ'എന്ന പാട്ടിന് റീൽ ചെയ്തപ്പോഴാണ് കൂടുതൽ പേർ ആദ്യമായി എന്റെ വീഡിയോ കണ്ടത്. എന്നാൽ 'കൽക്കണ്ടം ചുണ്ടിൽ' അപ്രതീക്ഷിതമായി വൈറലായി, പിന്നീട് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല', സൗമ്യ പറഞ്ഞു.

ഇൻസ്റ്റഗ്രാമിൽ ഫിൽറ്ററിട്ടും മുഖത്തിന്റെ നിറം വെളുപ്പിച്ചുമെല്ലാം ചിലർ വീഡിയോകൾ ഇടാറുണ്ട്. എന്നാൽ താനൊരിക്കലും മുഖം വെളുപ്പിച്ച് വീഡിയോ ഇട്ടിട്ടില്ലെന്ന് സൗമ്യ പറയുന്നു. 'ഫിൽട്ടർ ഉപയോഗിക്കാറുണ്ട്. വെളുപ്പിച്ചാൽ നാളെ ആളുകൾ നേരിട്ട് കണ്ടാൽ അയ്യേ എന്ന് പറയില്ലേ. മേക്ക് അപ് ഇട്ട് റീൽ ചെയ്യാൻ ഉപദേശിച്ചവർ ഉണ്ടെങ്കിലും അതിന് തനിക്ക് താത്പര്യം ഇല്ല', സൗമ്യ പറഞ്ഞു.
കടുത്ത ബോഡി ഷെയിമിംഗും തനിക്ക് നേരിടേണ്ടി വന്നിട്ടുണ്ടെന്നും താരം വെളിപ്പെടുത്തുന്നു. ചിലര്‍ കമന്റുകളിലൂടെ അപമാനിച്ച് സംസാരിക്കും. നിറത്തിന്റെ പേരിൽ കളിയാക്കുന്നവരും ഉണ്ട്. 'ഇവള്‍ക്ക് ചുണ്ട് വിറപ്പിക്കുന്നതാണോ സ്റ്റൈല്‍', 'നല്ല ഗാനരചയിതാക്കള്‍ ഇറക്കിയ പാട്ടിനെ മോശമാക്കി' തുടങ്ങിയ കമന്റുകളൊക്കെ കേട്ടിരുന്നു.കമന്റുകളൊക്കെ വായിക്കാറുണ്ട്. പക്ഷേ ചിലത് വേദനിപ്പിക്കും. അതുകൊണ്ട് റീലുകൾ ചെയ്യുന്നത് നിർത്തിയാലോ എന്ന് വരെ ചിന്തിച്ച സമയം ഉണ്ടായിരുന്നു. പക്ഷേ ഒരിക്കലും ഇത്തരം കമന്റുകളോട് പ്രതികരിക്കാറില്ല. എല്ലാവരും നല്ലത് പറയില്ലല്ലോ. വലിയ സെലിബ്രറ്റികള്‍ക്കു നേരെ എന്തുമാത്രം സൈബര്‍ ആക്രമണങ്ങള്‍ നടക്കുന്നു. പിന്നെ, ഈ പാവം പിടിച്ച സൗമ്യക്ക് വന്നാലെന്താ എന്നുകരുതി ആശ്വസിക്കും', താരം പറഞ്ഞു.
മുൻപ് ഇൻസ്റ്റയിൽ മാത്രമാണ് വീഡിയോ ചെയ്തത്. ഇപ്പോൾ യുട്യൂബ് ചാനലും തുടങ്ങി. മകൾ പറഞ്ഞിട്ടായിരുന്നു അത്. ഇപ്പോൾ വരുമാനമൊക്കെ കിട്ടി തുടങ്ങി. പ്രമോഷൻ പരിപാടികൾക്ക് ആളുകൾ മെയിലയക്കാറൊക്കെയുണ്ട്. പക്ഷേ അതൊന്നും നോക്കാൻ അറിയാത്തത് കൊണ്ട് നോക്കാറില്ല. തനിക്ക് കുടുംബത്തിന്റെ പൂർണ പിന്തുണ ഉണ്ടെന്നും സൗമ്യ പറഞ്ഞു.












Click it and Unblock the Notifications