'വിലായത് ബുദ്ധ' സെറ്റില്‍ പൃഥ്വിരാജിനൊപ്പമുള്ള ചിത്രം പങ്കിട്ട് സൗമ്യ മാവേലിക്കര; ആശംസാ പ്രവാഹം
മറയൂരിലെ ചന്ദന മോഷ്ടാവായി പൃഥ്വിരാജ് അഭിനയിക്കുന്ന ചിത്രമാണ് 'വിലായത് ബുദ്ധ'. പ്രമേയം കൊണ്ടു തന്നെ ചിത്രം ഇതിനകം ഏറെ ശ്രദ്ധ നേടിക്കഴിഞ്ഞു. ഡബിള്‍ മോഹനന്‍ എന്ന കഥാപാത്രമായിട്ടാണ് പൃഥ്വിരാജ് അഭിനയിക്കുന്നത്. ജി ആര്‍ ഇന്ദുഗോപന്റെ വളരെ പ്രശസ്തമായ നോവലാണ് സിനിമയാകുന്നത്.
മറയൂരിലെ ലക്ഷണമൊത്ത ചന്ദനമരത്തെച്ചൊല്ലി ഡബിള്‍ മോഹനും ഗുരുവായ ഭാസ്‌ക്കരന്‍ മാഷും തമ്മില്‍ നടത്തുന്ന യുദ്ധമാണ് ചിത്രത്തിന്റെ പ്രമേയം. സംവിധായകന്‍ സച്ചി 'അയ്യപ്പനും കോശിയും' എന്ന സിനിമയ്ക്ക് ശേഷം ചെയ്യാനായി പ്രഖ്യാപിച്ചിരുന്നതാണ് 'വിലായത്ത് ബുദ്ധ'. എന്നാല്‍ അദ്ദേഹത്തിന് മരണത്തോടെ ശിഷ്യനായ ജയന്‍ നമ്പ്യാര്‍ പ്രോജക്ട് ഏറ്റെടുക്കുകയായിരുന്നു. ഇടുക്കി, ചെറുതോണി എന്നിവിടങ്ങളിലാണ് ഈ ബിഗ് ബജറ്റ് ആക്ഷന്‍ ത്രില്ലര്‍ ഷൂട്ട് ചെയതത്. ഉര്‍വശി തിയറ്റേഴ്‌സിന്റെ ബാനറിലാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്.

പൃഥ്വിരാജ് സംവിധാനം ചെയ്ത 'എമ്പുരാന്റെ്' റിലീസിനോടനുബന്ധിച്ച് 'വിലായത്ത് ബുദ്ധ'യും തിയറ്ററുകളിലെത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലെ 'റീല്‍സ് റാണി' എന്നറിയപ്പെടുന്ന സൗമ്യ മാവേലിക്കര പങ്കുവച്ച ഒരു ചിത്രമാണ് ശ്രദ്ധ നേടുന്നത്. പൃഥ്വിരാജിനൊപ്പമുള്ള ചിത്രമാണ് സൗമ്യ പങ്കുവെച്ചിരിക്കുന്നത്. 'രാജു എട്ടനോടൊപ്പം വിലായത് ബുദ്ധ ഷൂട്ട് സെറ്റില്‍' എന്നാണ് ചിത്രത്തിന് കാപ്ഷന്‍ നല്‍കിയിരിക്കുന്നത്. ഈ ചിത്രം കണ്ട് നിരവധി പേരാണ് ആകാംക്ഷ പ്രകടിപ്പിക്കുന്നതിനൊപ്പം ആശംസയും അറിയിക്കുന്നത്.
ചിത്രത്തില്‍ അഭിനയിക്കുന്നതു സംബന്ധിച്ച വിവരങ്ങളൊന്നും സൗമ്യ വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ ഇത്രയും നല്ല അവസരം ലഭിച്ചതില്‍ സന്തോഷം അഭിമാനം എന്നാണ് ഏറെ പേരും കമന്റായി കുറിച്ചിരിക്കുന്നത്. ഉയരങ്ങള്‍ എത്തിപ്പെടട്ടെ എന്നും നിരവധി പേര്‍ ആശംസിച്ചിട്ടുണ്ട്.
വ്യത്യസ്തമായ റീല്‍സുകളിലൂടെയാണ് സൗമ്യ സമൂഹ മാധ്യമങ്ങളില്‍ നിരവധി ആരാധകരെ സൃഷ്ടിച്ചെടുത്തത്. 'കല്‍ക്കണ്ടം ചുണ്ടില്‍ കര്‍പ്പൂരം കണ്ണില്‍ കിളിമകളേ...' എന്ന ഗാാനത്തിന് ചുണ്ടനക്കി സൗമ്യചെയ്ത റീല്‍ ലക്ഷക്കണക്കിന് പേരാണ് കണ്ടത്. സമൂഹ മാധ്യമങ്ങളില്‍ നിന്നു ലഭിച്ച പ്രശസ്തിയലൂടെ സിനിമയിലേക്കും എത്താന്‍ കഴിഞ്ഞു. വിശ്വന്‍ വിശ്വനാഥന്‍ സംവിധാനം ചെയ്ത 'ഒരുമ്പെട്ടവന്‍' എന്ന സിനിമയില്‍ സൗമ്യ അഭിനയിച്ചിരുന്നു.
നല്ലൊരു മിമിക്രി താരം കൂടിയാണ് സൗമ്യ. വിവിധ ടി.വി. ഷോകളില്‍ മിമിക്രി അവതരിപ്പിച്ചിട്ടുണ്ട്. നടി മഞ്ജു വാര്യര്‍, ടെലിവിഷന്‍ അവതാരക രഞ്ജിനി ഹരിദാസ്, ഷീല, മുന്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജ എന്നിവരുടെയൊക്കെ ശബ്ദം സൗമ്യ നന്നായി അനുകരിക്കും.












Click it and Unblock the Notifications