മമ്മൂട്ടിയെ മനപ്പൂർവ്വം തഴഞ്ഞതോ'; സംഭവിച്ചത് എന്തെന്ന് തുറന്ന് പറഞ്ഞത് ജൂറി അംഗം ബി പത്മകുമാർ
ദേശീയ പുരസ്‌കാരത്തിൽ മികച്ച നടനുള്ള പട്ടികയിൽ മമ്മൂട്ടിയും കന്നഡ താരം ഋഷഭ് ഷെട്ടിയും തമ്മിൽ കടുത്ത മത്സരമാണെന്നായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ വന്ന വാർത്തകൾ. നന്‍പകല്‍ നേരത്ത് മയക്കം, റോഷാക്ക്, പുഴു എന്നീ സിനിമകളിലെ പ്രകടനമാണ് മമ്മൂട്ടിയുടെ പേരിന് മുൻതൂക്കം നൽകുന്നതെന്നും വാർത്തകൾ ഉണ്ടായിരുന്നു. ജൂറി കണ്ണടച്ചില്ലെങ്കിൽ നാല് ദേശീയ പുരസ്കാരങ്ങൾ നേടി മമ്മൂട്ടി ചരിത്രം കുറിക്കുമെന്നും ഇതോടെ ചർച്ചകൾ നടന്നു.
എന്നാൽ പുരസ്കാര പ്രഖ്യാപനം ഉണ്ടായപ്പോൾ മികച്ച നടനുള്ള പുരസ്കാരം ലഭിച്ചത് കന്നഡ താരം ഋഷഭിനായിരുന്നു. എവിടേയും മമ്മൂട്ടിയുടെ പേര് പരാമർശിക്കപ്പെട്ടേയില്ല. ഇതോടെ മമ്മൂട്ടിയെ മനപ്പൂർവ്വം തഴഞ്ഞുവെന്ന തരത്തിലായി ചർച്ചകൾ. എന്നാൽ ഇപ്പോഴിതാ സംഭവിച്ചതിന്റെ സത്യാവസ്ഥ വെളിപ്പെടുത്തുകയാണ് ജൂറി അംഗവും സംവിധായകനുമായ ബി പത്മകുമാർ. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്

'ചർച്ചകളിൽ എല്ലാം മമ്മൂട്ടി എത്ര പരിശ്രമിച്ചാലും അദ്ദേഹത്തിന് കേന്ദ്രസർക്കാർ അവാർഡ് കൊടുക്കില്ലെന്ന തരത്തിലായിരുന്നു സോഷ്യൽ മീഡിയയിലെ ചർച്ചകൾ. കാരണം ഭരിക്കുന്നത് ബിജെപിയാണല്ലോ. അതുകൊണ്ട് കാന്താരയിലെ പ്രകടനത്തിന് ഋഷഭിന് തന്നെ കൊടുക്കുമെന്നാണ്.
അവാർഡ് പ്രഖ്യാപിച്ചപ്പോൾ കരുതിയത് പോലെ തന്നെ അദ്ദേഹത്തെ തഴഞ്ഞുവെന്ന തരത്തിലാണ് വിമർശനങ്ങൾ. 2014 ന് ശേഷം അദ്ദേഹം വ്യത്യസ്തമായ പല കഥാപാത്രങ്ങളും ചെയ്തിട്ടും അദ്ദേഹത്തെ പരിഗണിച്ചില്ലല്ലോയെന്ന വിമർശനം ചിലർ പങ്കിട്ടുണ്ട്. ശരിയാണ് നൻപകൽ നേരത്ത് മയക്കം പോലുള്ള സിനിമയിലെ മികച്ച പ്രകടനത്തിന് അദ്ദേഹത്തിന് സംസ്ഥാന അവാർഡ് കിട്ടിയില്ല ദേശീയ അവാർഡ് എങ്കിലും കിട്ടുമോയെന്ന പ്രതീക്ഷയാണ് നിലനിന്നിരുന്നത്. ആ സിനിമയ്ക്ക് ഒരു അവാർഡും കിട്ടിയില്ലെന്നതാണ്.
ഈ വിമർശന കമന്റുകളെല്ലാം വായിച്ചപ്പോൾ പ്രതികരണമെന്ന് തോന്നി. കാരണം ഈ പുരസ്കാര കമ്മിറ്റി ജ്യൂറിയിൽ ഞാനും ഉണ്ടായിരുന്നു. സൗത്ത് ജ്യൂറിയിലെ അംഗമായിരുന്നു ഞാൻ.ഓരോ സിനിമയെ കുറിച്ചും ജ്യൂറി അംഗങ്ങൾക്കിടയിൽ വ്യത്യസ്ത അഭിപ്രായമായിരിക്കും. അങ്ങനെ വരുമ്പോൾ ആ സിനിമ വോട്ടിങ്ങിനിടും. അങ്ങനെ വോട്ട് കിട്ടുന്ന സിനിമകൾ ഫൈനൽ ജ്യൂറിയിലേക്ക് കയറി പോകും.
എനിക്കിഷ്ടപ്പെട്ട ചില സിനിമകൾ കയറ്റിവിടാതിരുന്നപ്പോൾ വലിയ വിഷമം തോന്നിയിട്ടുണ്ട്. പക്ഷെ ദേശീയ അവാർഡിന്റെ ജെനുവിനിറ്റി ഒന്നുകൊണ്ട് മാത്രം നഷ്ടപ്പെട്ട് പോയ ചില സിനിമകളെ തിരിച്ചുവിളിച്ച സംഭവം ഉണ്ടായിട്ടുണ്ട്. ഇത്രയേറെ സസൂക്ഷ്മം ശ്രദ്ധിച്ചിട്ടും എന്തുകൊണ്ട് മമ്മൂട്ടി സാറിന് അവാർഡ് കിട്ടിയില്ലെന്നൊരു ചോദ്യം ആളുകളുടെ മനസിൽ ഉണ്ടാകും. ഏറ്റവും വേദനയുള്ള കാര്യം അതാണ്. കാരണം 2022 ൽ കേരളത്തിൽ നിന്ന് അയച്ച സിനിമകളുടെ ലിസ്റ്റിൽ ഒരു മമ്മൂട്ടി ചിത്രം പോലും ഉണ്ടായിട്ടില്ല.ഇതാരാണ് അയക്കാതിരുന്നത്. അതിന്റെ പഴി മുഴുവൻ ബിജെപി സർക്കാരിന്റെ തലയിൽ കെട്ടിവെച്ചതും ആരാണെന്ന് ഗൗരവത്തോടെ നമ്മൾ ചിന്തിക്കണം. ഇത്രയും വലിയൊരു സിനിമ ദേശീയ പുരസ്കാരത്തിനായി അയക്കാതിരുന്നത് ആരുടെ ചിന്ത ആയാലും മോശമായിപ്പോയി. അയക്കാതിരുന്നത് മലയാളത്തിന് തന്നെ വലിയൊരു നഷ്ടമാണ് വരുത്തിയിരിക്കുന്നത്.












Click it and Unblock the Notifications