വയനാടിനായി ഒറ്റക്കെട്ടായി സിനിമാ ലോകം; സൂര്യ,ജ്യോതിക,കാർത്തി വക 50 ലക്ഷം, രശ്മിക നൽകിയത് 10 ലക്ഷം
ഉരുൾപൊട്ടലിൽ തകർന്ന വയനാടിനായി സഹായഹസ്തവുമായി അന്യഭാഷ താരങ്ങൾ. സൂര്യ, കാർത്തി, ജ്യോതിക, രശ്മിക മന്ദാന, എന്നിവരാണ് സഹായം നൽകിയത്. 50 ലക്ഷം രൂപയാണ് സൂര്യയും കാർത്തിയും ജ്യോതികയും ചേർന്ന് നൽകിയത്. 10 ലക്ഷമാണ് രശ്മിക നൽകിയത്.
'ഹൃദയം തകരുന്ന കാഴ്ച', എന്നായിരുന്നു വയനാട്ടിലെ ഉരുൾപൊട്ടൽ വാർത്ത പങ്കുവെച്ച് കൊണ്ട് സൂര്യ കുറിച്ചത്.ദുരിതം അനുഭവിക്കുന്നവർക്കായി പ്രാർത്ഥിക്കുന്നുവെന്നും ദുരിതബാധിതരെ സഹായിക്കുന്ന ജനങ്ങളോടും സർക്കാർ ഏജൻസി അംഗങ്ങളോടും ബഹുമാനം മാത്രമെന്നും സൂര്യ കുറിച്ചു. ഇത് സഹിക്കാൻ കഴിയുന്നതിലും അപ്പുറം എന്നായിരുന്നു രശ്മിക മന്ദാന സോഷ്യൽ മീഡിയയിൽ കുറിച്ചത്. വാർത്ത കണ്ടപ്പോൾ ഹൃദയം നുറുങ്ങിയെന്നും ഭീകരമാണീ കാഴ്ചകൾ എന്നും രശ്മിക പറഞ്ഞു.

അതേസമയം കഴിഞ്ഞ ദിവസം നടൻ വിക്രം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 20 ലക്ഷം രൂപയുടെ സംഭാവന നൽകിയിരുന്നു. മുഖ്യമന്ത്രി തന്നെയാണ് ഇക്കാര്യം പറഞ്ഞത്. അതേസമയം മലയാള താരങ്ങളും വയനാടിനായി കൈകോർത്ത് രംഗത്തുണ്ട്. മമ്മൂട്ടി 20 ലക്ഷവും ദുൽഖർ സൽമാൻ 15 ലക്ഷവും ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയിട്ടുണ്ട്.
ഇതിനോടകം സഹായഹസ്തങ്ങളുമായി എല്ലാ മേഖലയില്‍ നിന്നും സുമനസ്സുകള്‍ മുന്നോട്ടു വന്നിട്ടുണ്ട്. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ ഡോക്ടര്‍ എം എ യൂസഫലി, പ്രമുഖ വ്യവസായി രവി പിള്ള, കല്യാണ്‍ ജ്വല്ലേഴ്സ് ഉടമ കല്ല്യാണ രാമന്‍ എന്നിവര്‍ അഞ്ച് കോടി രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. വിഴിഞ്ഞം പോര്‍ട്ട് അദാനി ഗ്രൂപ്പും അഞ്ച് കോടി രൂപ സഹായ വാഗ്ദാനം നല്‍കിയിട്ടുണ്ട്. കൂടാതെ കെഎസ്എഫ്ഇ അഞ്ചു കോടി രൂപയും കാനറാ ബാങ്ക് ഒരുകോടി രൂപയും കെ എം എം എല്‍ 50 ലക്ഷം രൂപയും വനിത വികസന കോര്‍പ്പറേഷന്‍ 30 ലക്ഷം രൂപയും, ഔഷധി ചെയര്‍ പേഴ്സണ്‍ ശോഭന ജോര്‍ജ്ജ് 10 ലക്ഷം രൂപയും നല്‍കി. തമിഴ്നാട് എംകെ സ്റ്റാലിൻ 5 കോടിയാണ് കേരളത്തിന് നൽകിയത്.
ദുരിതാശ്വാസ നിധിയ്ക്കെതിരെ വിദ്വേഷ പ്രചരണം നടക്കുന്ന സാഹചര്യത്തിൽ ഇതുവരെ വിതരണം ചെയ്ത തുക സംബന്ധിച്ച കണക്കുകൾ സർക്കാർ പുറത്തുവിട്ടിരുന്നു. കണക്കുകൾ ഇങ്ങനെ 2024 ജൂലൈ 24 മുതൽ 30 വരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും 3,33,68,000 രൂപയാണ് വിതരണം ചെയ്തത്. 966 പേരാണ് വിവിധ ജില്ലകളിൽ നിന്നുള്ള ഗുണഭോക്താക്കൾ.
ജില്ലതിരിച്ചുള്ള വിവരങ്ങൾ,
തിരുവനന്തപുരം 88 പേർക്ക് 35,99,000 രൂപ
കൊല്ലം - 24 പേർക്ക് 8,80,000 രൂപ
പത്തനംതിട്ട 23 പേർക്ക് 5,89,000 രൂപ
ആലപ്പുഴ 70 പേർക്ക് 16,93,000 രൂപ
കോട്ടയം 31 പേർക്ക് 12,28,000 രൂപ
ഇടുക്കി 41 പേർക്ക് 13,21,000 രൂപ
എറണാകുളം 24 പേർക്ക് 14,58,000 രൂപ
തൃശ്ശൂർ 379 പേർക്ക് 1,21,62,000 രൂപ
പാലക്കാട് 111 പേർക്ക് 47,46,000 രൂപ
മലപ്പുറം 29 പേർക്ക് 9,28,000 രൂപ
കോഴിക്കോട് 53 പേർക്ക് 9,18,000 രൂപ
വയനാട് 19 പേർക്ക് 10,90,000 രൂപ
കണ്ണൂർ 38 പേർക്ക് 16,22,000 രൂപ
കാസറഗോഡ് 36 പേർക്ക് 11,34,000 രൂപ എന്നിങ്ങനെയാണ് വിതരണം ചെയ്തത്.












Click it and Unblock the Notifications