പൃഥ്വിരാജിന്റേത് സർപ്രൈസുകൾ, മഞ്ജു വാര്യർക്ക് പോലും അതറിയില്ല, എമ്പുരാന് എന്ത് പറ്റി? നന്ദു പറയുന്നു
സമീപകാലത്തൊന്നും മലയാള സിനിമ കണ്ടിട്ടില്ലാത്ത അത്രയും ഹൈപ്പോട് കൂടിയാണ് ലൂസിഫറിന്റെ രണ്ടാം ഭാഗമായ എല്‍2 എമ്പുരാന്‍ മാര്‍ച്ച് 27ന് തിയറ്ററുകളിലേക്ക് എത്തുന്നത്. കൂറ്റന്‍ ബജറ്റില്‍ ഒരുങ്ങിയിരിക്കുന്ന ചിത്രം പാന്‍ ഇന്ത്യന്‍ ഹിറ്റ് അടിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
എന്നാല്‍ എമ്പുരാന്റെ റിലീസിനെ സംബന്ധിച്ച് ചില അഭ്യൂഹങ്ങളും ആശങ്കകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. നിര്‍മ്മാതാക്കളായ ആശിര്‍വാദും ലൈക പ്രൊഡക്ഷനും തമ്മില്‍ ചില പ്രശ്‌നങ്ങള്‍ ഉടലെടുത്തതായും ഇത് റിലീസിനെ തന്നെ ബാധിച്ചേക്കും എന്നുമാണ് പ്രചരിക്കുന്നത്. എമ്പുരാന്റെ ടീസറും കാരക്ടര്‍ പോസ്റ്ററുകളും ഇതിനകം വന്നു കഴിഞ്ഞു. എന്നാല്‍ റിലീസിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ ട്രെയിലര്‍ ഇതുവരെ പുറത്തിറക്കിയിട്ടില്ല.

ലൈകുമായി ബന്ധപ്പെട്ട അഭിപ്രായ വ്യത്യാസങ്ങളാണ് ഇതിന് കാരണമെന്നാണ് സോഷ്യല്‍ മീഡിയ സംശയിക്കുന്നത്. അതിനിടെ ലൂസിഫറില്‍ പ്രധാന വേഷങ്ങളിലൊന്ന് കൈകാര്യം ചെയ്ത നടന്‍ നന്ദു ഇതേക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ്. എമ്പുരാനിലും വേഷമിട്ടിരിക്കുന്ന നന്ദു ന്യൂസ് 18 കേരളത്തോടാണ് പ്രതികരിച്ചിരിക്കുന്നത്.
എമ്പുരാന്റെ ട്രെയിലര്‍ എപ്പോഴായിരിക്കും എന്നതിനെ കുറിച്ച് ഒരു സൂചനയും ഇല്ലെന്ന് നടന്‍ നന്ദു പറയുന്നു. അറിയാമായിരുന്നുവെങ്കില്‍ പറയാമായിരുന്നു. പൃഥ്വിരാജിന്റെത് എല്ലാം സര്‍പ്രൈസുകള്‍ ആണ്. അതുപോലെ എന്തെങ്കിലും വരും. നേരത്തെ ടീസര്‍ ലോഞ്ച് ചടങ്ങ് ഉണ്ടായിരുന്നു. തന്നെ വിളിച്ചിരുന്നു, പക്ഷേ പോകാന്‍ പറ്റിയില്ല. അതുപോലെ ട്രെയിലര്‍ ലോഞ്ച് ഉണ്ടാകുമായിരിക്കും.
അത് എപ്പോഴാണ്, എങ്ങനെയാണ് എന്ന് അറിയില്ല. ഇനി കുറച്ച് ദിവസങ്ങളാണ് ഉളളത്. രണ്ടാഴ്ച കൂടിയേ സിനിമ റിലീസ് ചെയ്യാനുളളൂ. എല്ലാവരേയും പോലെ താനും വലിയ പ്രതീക്ഷകളിലാണ്. ബാക്കിയെല്ലാം ജനങ്ങളുടെ കയ്യിലാണ്.
എമ്പുരാന് ലഭിക്കുന്ന ഈ ഹൈപ്പിന് കാരണം ലൂസിഫര്‍ എന്ന സിനിമയ്ക്ക് ലഭിച്ച വിജയമാണ്. ലൂസിഫര്‍ ജനത്തിന് ഇഷ്ടപ്പെട്ടു. രണ്ടാം ഭാഗം നന്നായിരിക്കണം എന്നാണ് എല്ലാവരേയും പോലെ താനും ആഗ്രഹിക്കുന്നത്. എംപുരാന്റെ കഥ തനിക്ക് അറിയില്ല. അത് ആര്‍ക്കും അറിയില്ല. സിനിമയുടെ ആരംഭകാലങ്ങളില്‍ കഥ അറിയാവുന്നതായി നാലഞ്ച് പേര്‍ മാത്രമേ ഉളളൂ. ലാലേട്ടന്‍, പൃഥ്വിരാജ്, കഥ എഴുതിയ മുരളി ഗോപി, ആന്റണി പെരുമ്പാവൂര്‍ പിന്നെ ക്യാമറാമാന്‍ സുജിത് വാസുദേവ്. പിന്നെ ഒരുപക്ഷേ അസോസിയേറ്റായ വാവയ്ക്കും.
അങ്ങനെ കുറച്ച് പേര്‍ക്ക് മാത്രം അറിയാവുന്ന കഥ, ഇപ്പോള്‍ ഷൂട്ടും ബാക്കി ജോലികളുമെല്ലാം പൂര്‍ണമായി കഴിഞ്ഞത് കൊണ്ട് മറ്റ് ടെക്‌നീഷ്യന്‍സിനും സൗണ്ട് എഞ്ചിനീയേഴ്‌സിനും എഡിറ്റര്‍ക്കും ഒക്കെ അറിയാമായിരിക്കും. പക്ഷേ ആരും അത് വെളിയില്‍ പറഞ്ഞിട്ടില്ല. ഞങ്ങളാരും ചോദിക്കാനും പോയിട്ടില്ല. മഞ്ജു വാര്യര്‍ക്ക് പോലും അറിയില്ല. താന്‍ മഞ്ജുവിനോട് ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞു, എനിക്കും അറിയില്ല ചേട്ടാ, ഞാന്‍ ചോദിക്കാനും പോയിട്ടില്ല എന്ന്.
എഡിറ്റര്‍ ഉളളപ്പോള്‍ ഏതെങ്കിലും സീന്‍ ഇട്ട് കാണിച്ച് തരൂ എന്ന് ചോദിച്ചാല്‍ രാജു തീര്‍ച്ചയായും പറയും, കാണിച്ച് കൊടുക്കൂ എന്ന്. പക്ഷേ അതിന് പോലും താന്‍ ശ്രമിച്ചിട്ടില്ല. കാരണം സിനിമ മുഴുവനായി തീയറ്ററില്‍ കാണുന്ന സുഖം അവിടെ തന്നെ അനുഭവിക്കണം. ഡബ്ബ് ചെയ്യുന്ന സമയത്ത് ഏതെങ്കിലും ഒരു സീന്‍ കാണണം എന്ന് പറഞ്ഞാല്‍ അവര്‍ക്ക് സുഖമായിട്ട് ഇട്ട് കാണിച്ച് തരാം. പക്ഷേ താന്‍ ചോദിച്ചിട്ടില്ല. തങ്ങളാരും ചോദിച്ചിട്ടില്ല എന്നതാണ് സത്യം. എല്ലാവരും ഒരുപോലെയാണ് സിനിമ എന്തായിരിക്കും എന്നറിയാന്‍ കാത്തിരിക്കുന്നത്. നേരത്തെ അറിഞ്ഞാല്‍ പിന്നെ അതിന്റെ സുഖം പോയി എന്നും നന്ദു പറയുന്നു.












Click it and Unblock the Notifications