മലയാള സിനിമയ്ക്ക് ആരും 'മസ്റ്റ്' അല്ല, പുതിയ ആളുകൾ വരും, കാലം മാറി, ദിലീപിന് ഇനിയും സമയമുണ്ട്: രാജീവ് രംഗൻ
ഏറെക്കാലത്തെ ഇടവേളയ്ക്ക് ശേഷമാണ് ദിലീപിന്റെ ഒരു ചിത്രം തിയറ്ററിൽ മുന്നേറുന്നത്. പ്രിൻസ് ആൻഡ് ഫാമിലി വിജയമാണെന്നാണ് അണിയറ പ്രവർത്തകരുടെ അവകാശവാദം. ഈ ചിത്രം ദിലീപിന്റെ തിരിച്ചുവരവാണെന്ന് പറയുന്നവരും ഉണ്ട്..
നടിയെ ആക്രമിച്ച സംഭവത്തിന് ശേഷമുളള കാലം ദിലീപിന്റെ സിനിമാ ജീവിതത്തിൽ വലിയ തിരിച്ചടികളാണ് സംഭവിച്ചിട്ടുളളത്. ദിലീപിന് ഇനിയും കയറി വരാവുന്നതേ ഉളളൂ എന്ന് പറയുകയാണ് കാൻ ചാനൽ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ നടനും സംവിധായകനുമായ രാജീവ് രംഗന്‍. മലയാള സിനിമയിൽ ആരും മസ്റ്റ് അല്ലെന്നും അദ്ദേഹം പറയുന്നു.

രാജീവ് രംഗന്റെ വാക്കുകൾ: '' ഒരാളുടെ ഭാഗ്യമെന്നോ ഭാഗ്യദോഷമെന്നോ അയാളുടെ അവസ്ഥയെ കുറിച്ച് പറയാന്‍ പറ്റില്ല. നാളെ എന്ത് സംഭവിക്കും എന്ന് നമുക്ക് പറയാന്‍ പറ്റില്ല. രണ്ട് പക്ഷത്തുളള ആളുകളേയും തനിക്ക് വളരെ അടുത്ത് അറിയാം. ഈ പറയുന്ന ബാധിക്കപ്പെട്ട ആര്‍ട്ടിസ്റ്റ് ചെറുപ്പത്തില്‍ ഒരു ടെലിഫിലിമില്‍ തന്റെ മകളായി അഭിനയിച്ച കഥാപാത്രത്തിന്റെ കൂട്ടുകാരിയായി അഭിനയിക്കാന്‍ വന്നിട്ടുണ്ട്. അന്നാണ് ആ കുട്ടിയുടെ അച്ഛനെ പരിചയപ്പെടുന്നത്. അദ്ദേഹം മരിക്കുന്നത് വരെയും തന്റെ അടുത്ത സുഹൃത്ത് ആയിരുന്നു.
നായിക ആയപ്പോഴും അതിന് ശേഷവും ഉളള എല്ലാ വളര്‍ച്ചയും നമ്മള്‍ കണ്ട് കൊണ്ടിരുന്നതാണ്. ദേ മാവേലി കൊമ്പത്തിന് സ്‌ക്രിപ്റ്റുണ്ടാക്കാന്‍ നടക്കുന്നത് മുതല്‍, സൈന്യം മുതല്‍ ദിലീപിന്റെ കരിയറിലെ വളര്‍ച്ച എല്ലാം കണ്ട് കൊണ്ടിരിക്കുന്ന ആളാണ് താന്‍. ദിലീപ് എങ്ങനെ കയറി വന്നാലും സന്തോഷമാണ്. ദിലീപിന്റെ ആ പവറിലും സന്തോഷമായിരുന്നു.
പക്ഷേ എന്താണ് ഇതിനിടയില്‍ സംഭവിച്ചത്, എന്ത് പാകപ്പിഴയാണ് ഉണ്ടായത് എന്ന് നമുക്ക് അറിയില്ല. കേസ് ഇപ്പോള്‍ കോടതിയില്‍ കിടക്കുകയാണ്. നമ്മള്‍ ഏറ്റവും അധികം വിശ്വസിക്കുന്നത് കോടതിയെ ആണ്. അപ്പോള്‍ കോടതി തീരുമാനിക്കട്ടെ. അയാളല്ല തെറ്റുകാരന്‍ ആരാണെങ്കിലും ഈ നാട്ടിലെ നിയമം അനുസരിച്ച് കാര്യങ്ങള്‍ പൊക്കോട്ടെ. നമുക്ക് അതിനകത്ത് തിരുത്തലൊന്നും വരുത്താന്‍ പറ്റില്ല.
ഇതൊക്കെ തിരുത്തി തിരിച്ച് വന്നാല്‍ പ്രേക്ഷകര്‍ സന്തോഷത്തോടെ സ്വീകരിക്കും. കാരണം ദിലീപ് കഴിവുളള നടനാണ്. അദ്ദേഹം ചെയ്യുന്നത് പോലുളള സിനിമകള്‍ ഇനി വിജയിക്കുമോ എന്ന് ചോദിച്ചാല്‍, ശങ്കറിന്റെ പഴയ പടങ്ങള്‍ ഇപ്പോള്‍ എടുക്കാന്‍ സാധിക്കുമോ, ഇല്ലല്ലോ. കാലം മാറി. അപ്പോള്‍ അതിന് അനുസരിച്ച് നമ്മളും മാറണം.
മലയാള സിനിമയ്ക്ക് ആരും ഒരു അവിഭാജ്യഘടകം അല്ല. സിനിമ ഇനിയും മുന്നോട്ട് പോകും.. പുതിയ ആളുകള്‍ വരും. പണ്ട് അഭിനയിച്ച് കൊണ്ടിരുന്ന നസീര്‍ സര്‍ ഇപ്പോഴുണ്ടോ. അവരുടെ കാലം കഴിഞ്ഞപ്പോള്‍ അടുത്ത ആളുകള്‍ വന്നു. ദിലീപിനെ പോലുളളവര്‍ കഴിവ് തെളിയിച്ചവരാണ്. അവര്‍ക്ക് ഇനിയും സമയമുണ്ട്. അവര്‍ വെറുതെ ഇരിക്കേണ്ട കാര്യമില്ല. സാഹചര്യങ്ങള്‍ ഒത്തുവന്നാല്‍ വിജയിക്കാവുന്നതേ ഉളളൂ. പക്ഷേ പഴയത് പോലെ വേണം എന്ന് പറയരുത്.












Click it and Unblock the Notifications