'കാതൽ പോലൊരു സിനമയിൽ മോഹൻലാൽ അഭിനയിക്കുമോ?'; ഒടുവിലിതാ മോഹൻലാലിന്റെ മറുപടി
കൊച്ചി: 'കാതൽ' ഇറങ്ങിയപ്പോൾ സോഷ്യൽ മീഡിയയിലെ സിനിമ ഗ്രൂപ്പുകളിൽ ഏറ്റവും കൂടുതൽ ചർച്ചയായ ചോദ്യം മമ്മൂട്ടി അവതരിപ്പിച്ചത് പോലൊരു ഹോമോസെക്ഷ്വൽ കഥാപാത്രത്തെ സ്ക്രീനിൽ അവതരിപ്പിക്കാൻ മോഹൻലാൽ തയ്യാറാകുമോയെന്നാണ്. അല്ലെങ്കിൽ ഇക്കാലത്ത് ഒരു ഗ്രേ ഷേഡ് കഥാപാത്രം അവതരിപ്പിക്കാനുള്ള ധൈര്യം മോഹൻലാൽ കാണിക്കുമോയെന്നും. ഇപ്പോഴിതാ ആരാധകരുടെ ഈ ചോദ്യങ്ങൾക്ക് മറുപടി നൽകുകയാണ് അദ്ദേഹം. തന്റെ പുതിയ സിനിമയായ മലൈകോട്ടൈ വാലിബന്റെ പ്രമോഷൻ പരിപാടിയുമായി ബന്ധപ്പെട്ട് ക്യൂ സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് മോഹൻലാലിന്റെ പ്രതികരണം വായിക്കാം
'നമ്മളെ പോലെ മോശമായ കഥാപാത്രം ചെയ്ത ആരുമുണ്ടാവില്ല. പണ്ട് കാലങ്ങളിലെല്ലാം ഞാൻ ഒരു വില്ലനായിട്ട് വന്ന ആളാണ്. ഉയരങ്ങളിൽ, സദയം തുടങ്ങിയ സിനിമകളൊക്കെ അങ്ങനെയല്ലേ. ഞാൻ നാളെ ഇരുന്നിട്ട് ഗ്രേ ഷെഡ് ഉള്ള കഥാപാത്രം ചെയ്യാമെന്ന് ചിന്തിക്കുകയല്ലലോ. ഞാൻ അദ്ദേഹത്തിന്റെ സിനിമ കണ്ടു. എനിക്ക് വളരെ ഇഷ്ടപ്പെട്ട സിനിമയാണ് കാതൽ. മമ്മൂട്ടിക്ക വളരെ മനോഹരമായി അഭിനയിച്ച സിനിമയാണ്. അങ്ങനെയൊരു സിനിമ ചെയ്യുമോയെന്ന് ചോദിച്ച് കഴിഞ്ഞാൽ അതിന് എനിക്കൊരുത്തരം ഇപ്പോൾ പറയാൻ പറ്റില്ല. അങ്ങനെ ഒരു സിനിമ നമ്മുടെ അടുത്തേക്ക് വരികയാണ്. അങ്ങനെയൊരു സിനിമ ഒരു ആക്ടറിനെ സംബന്ധിച്ച് ഒരു ചലഞ്ച് ആണ്.

അങ്ങനെ ചെയ്യാൻ പാടില്ല എന്നൊന്നുമില്ല. ഇവിടെയാണല്ലോ അങ്ങനത്തെ കുറെ കാര്യങ്ങളൊക്കെ ഉള്ളത്. പുറത്തൊക്കെ പോയി സിനിമ കണ്ട് കഴിഞ്ഞാൽ അങ്ങനെയുള്ള സിനിമകൾ നമ്മുക്ക് ഇവിടെ ചെയ്യാൻ പറ്റില്ല. പക്ഷേ പറ്റുമെന്ന് തെളിയിച്ച സിനിമകളാണ് ഇതെല്ലാം. സിനിമയിലുള്ള മാറ്റങ്ങളിലൂടെ സഞ്ചരിക്കാൻ സാധിക്കുമ്പോഴാണ് അത്തരം ആളുകളെ ആൾക്കാർ അംഗീകരിക്കുന്നത്. വീണ്ടും ഞാൻ പറയുകയാണ് അത്തരത്തിലുള്ള കഥാപാത്രങ്ങൾ കിട്ടുന്നത് ഒരു ആക്ടറിനെ സംബന്ധിച്ച് ഒരു ചലഞ്ചാണ് അതുപോലെ ഭാഗ്യമാണ്. കാതൽ ഞാൻ കഴിഞ്ഞ ദിവസമാണ് കാണുന്നത്. സാധാരണ മികച്ച സിനിമകൾ ചെയ്യുമ്പോൾ പരസ്പരം വിളിച്ച് അഭിനന്ദിക്കുന്നവർ കൂടിയാണ് ഞങ്ങൾ', മോഹൻലാൽ പറഞ്ഞു.
അതേസമയം മോഹൻലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശേരി ഒരുക്കുന്ന മലൈക്കോട്ടെ വാലിബനായി വളരെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. ഇന്ത്യയിൽ ഇങ്ങനെയൊരു സിനിമ ഉണ്ടായിട്ടുണ്ടോ എന്നത് തന്നെ സംശയമാണെന്നാണ് മോഹൻലാൽ ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയത്. ഒരു യോദ്ധാവ് ആയിട്ടാണ് ചിത്രത്തിൽ അഭിനയിക്കുന്നത് എന്നും സിനിമയിൽ പ്രത്യേക കാലമോ സമയമോ ഒന്നും പ്രതിപാദിക്കുന്നില്ലെന്നും മോഹൻലാൽ വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications