ബിഗ് ബോസ് അവതാരകയാകാൻ നയൻതാര?,വമ്പൻ ട്വിസ്റ്റ്..; പ്രതിഫലം 130 കോടി വാങ്ങുമോ?
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സ്വീകാര്യതയുള്ള ടിവി റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഹിന്ദിയിലാണ് ബിഗ് ബോസ് ആദ്യമായി തുടങ്ങിയത്. നിലവിൽ കന്നഡ,തമിഴ് , മലയാളം, തെലുങ്ക് അടക്കമുള്ള നിരവധി ഭാഷകളിൽ ഷോ ഉണ്ട്. ബിഗ് ബോസിൽ മത്സരാർത്ഥികളായി എത്തുന്നവരെ പോലെ തന്നെ ആ ഷോയുടെ വിജയഘടകങ്ങളിൽ ഒന്ന് പരിപാടിയുടെ അവതാരകരാണ്. ഓരോ ഭാഷകളിലേയും സൂപ്പർ താരങ്ങൾ തന്നെയാണ് ഷോയുടെ അവതാരകർ.
ഹിന്ദിയിൽ സൽമാൻ ഖാൻ, തമിഴിൽ കമൽഹാസൻ, കന്നഡയിൽ കിച്ച സുദീപ്, തെലുങ്കിൽ നാഗാർജുന അക്കിനേനി എന്നിങ്ങനെ പോകുന്നു അവതാരകർ. എല്ലാ ഭാഷകളിലു ഷോ തുടങ്ങിയത് മുതൽ ഇതുവരെയുള്ള സീസണുകളിൽ എല്ലാം ഇവർ തന്നെയാണ് പരിപാടി അവതരിപ്പിച്ചിരുന്നത്. എന്നാൽ ഇത്തവണ തമിഴ് ബിഗ് ബോസിൽ വമ്പൻ ട്വിസ്റ്റാണ് ഉണ്ടായിരിക്കുന്നത്. ഷോയുടെ അവതാരകനായ കമൽഹാസൻ ഇത്തവണ അവതാരക സ്ഥാനത്ത് നിന്ന് മാറി നിൽക്കാൻ തീരുമാനിച്ചിരിക്കുകയാണ്. കമൽഹാസൻ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

'7 വർഷം മുൻപു തുടങ്ങിയ ആ യാത്രയിൽ നിന്നും ഞാനൊരു ബ്രേക്ക് എടുക്കുന്നു. മുൻപു ഏറ്റെടുത്ത ചില സിനിമകൾ പൂർത്തിയാക്കാൻ ഉള്ളതിനാൽ ബിഗ് ബോസ് സീസൺ 8 ൽ തനിക്ക് അവതാരകനാകാൻ സാധിക്കില്ല', എന്നാണ് കമൽഹാസൻ ആരാധകരെ അറിയിച്ചത്. സൂപ്പർ താരത്തിന്റെ തീരുമാനം ആരാധകരിൽ വലിയ ആഘാതമാണ് ഉണ്ടാക്കിയിരിക്കുന്നത്. ബിഗ് ബോസ് തമിഴിന്റെ മുഖം തന്നെ കമൽഹാസൻ ആണെന്നിരിക്കെ അദ്ദേഹമില്ലാത്തൊരു ഷോയെ കുറിച്ച് ആലോചിക്കാൻ പോലും സാധിക്കില്ലെന്നാണ് ആരാധകർ പറയുന്നത്. അതേസമയം കമലിന് പകരം ഇനി ആര് എന്ന ചോദ്യവും ആരാധകർ ഉയർത്തുന്നുണ്ട്.
നടി നയൻതാരയുടെ പേരാണ് ഇപ്പോൾ ചർച്ചകളിൽ ഇടംപിടിക്കുന്നത്. ഷോയുടെ അവതാരകയാകാൻ പ്രൊഡക്ഷൻ കമ്പനിയായ എൻഡമോൾ ഷൈൻ ഗ്രൂപ്പ് താരത്തെ സമീപിച്ചിട്ടുണ്ടെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. നടൻ ശരത് കുമാറിന്റെ പേരും ചർച്ചയാകുന്നുണ്ട്. അതേസമയം നയൻതാര ഷോയുടെ അവതാരകയാകാൻ തയ്യാറായാൽ അത് ബിഗ് ബോസ് തമിഴിന്റെ ഹൈപ്പ് ഉയർത്തുകയേ ഉള്ളൂവെന്നാണ് ആരാധകർ ചൂണ്ടിക്കാട്ടുന്നത്.
ബിഗ് ബോസിന്റെ ചരിത്രത്തിൽ ഇതുവരെ ഒരു വനിതാ അവതാരക ഉണ്ടായിട്ടില്ല. തമിഴിലെ സൂപ്പർ സ്റ്റാർ തന്നെയാണ് നയൻതാര. മാത്രമല്ല കൃത്യമായി തന്റെ നിലപാടുകൾ പങ്കുവെയ്ക്കുന്ന താരം കൂടിയാണ് അവർ. ഇതെല്ലാം കൊണ്ട് തന്നെ നയൻസ് എത്തിയാൽ അത് ബിഗ് ബോസിന് ഗുണം ചെയ്യുകയേ ഉള്ളൂവെന്നാണ് ആരാധകർ പറയുന്നത്
അതേസമയം നയൻതാര എത്തിയാൽ അവർക്ക് കൂടുതൽ പ്രതിഫലവും നൽകേണ്ടി വരും. തമിഴിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിയാണ് നയൻസ്. കഴിഞ്ഞ ബിഗ് ബോസ് സീസണിന് 130 കോടിയായിരുന്നു കമൽഹാസൻ വാങ്ങിയ പ്രതിഫലം എന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. നയൻതാരയ്ക്കും ഏകദേശം സമാനമായ പ്രതിഫലം തന്നെ നൽകേണ്ടി വരുമെന്നാണ് ആരാധകർ ചൂണ്ടിക്കാട്ടുന്നത്.
അതിനിടെ മലയാളം ബിഗ് ബോസിന്റെ അടുത്ത സീസണിൽ അവതാരക സ്ഥാനത്ത് നിന്ന് മോഹൻലാൽ മാറി നിൽക്കുമോയെന്ന ചർച്ചകളും കൊഴുക്കുന്നുണ്ട്. സിനിമ തിരക്കുകൾ കാരണം സീസൺ 6 ൽമോഹൻലാൽ ഉണ്ടാകുമെന്നും പകരം മംമ്ത മോഹൻദാസ് അടക്കമുള്ള താരങ്ങളെ പരിഗണിക്കുന്നുണ്ടെന്നുമാണ് അഭ്യൂഹങ്ങൾ.












Click it and Unblock the Notifications