ഹൃത്വിക് റോഷന്‍ നായകനാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മലയാളത്തിലെ സൂപ്പര്‍ സ്റ്റാറോ?
ബെംഗളൂരു: ഇന്ത്യയിലെ ഏറ്റവും വലിയ നിര്‍മാണക്കമ്പനികളില്‍ ഒന്നായ ഹോംബാലെ ഫിലിംസും ബോളിവുഡിലെ സൂപ്പര്‍ സ്റ്റാര്‍ ഹൃത്വിക് റോഷനും കൈകോര്‍ത്തത് ദക്ഷിണേന്ത്യന്‍ സിനിമാ ലോകത്തെ വലിയ വാര്‍ത്തയായിരുന്നു. പ്രേക്ഷകര്‍ സങ്കല്‍പ്പിക്കുന്നതിലപ്പുറമുള്ള സിനിമാനുഭവം സമ്മാനിക്കുമെന്ന ഉറപ്പാണ് ഹൃത്വിക് റോഷനും ഹോംബാലെ ഫിലിംസും നല്‍കുന്നത്. ഇപ്പോഴിതാ, ആരാധകര്‍ക്ക് അവിശ്വസനീയമായ ഒരു ഗംഭീര കൂട്ടുകെട്ട് ഉണ്ടാകുമോ എന്നാണ് സിനിമാ ലോകം ഉറ്റുനോക്കുന്നത്.
ഹോംബാലെ ഫിലിംസിന്റെ അടുത്ത പ്രോജക്ടിന് നടനും സംവിധായകനുമായ പൃഥ്വിരാജ് നേതൃത്വം നല്‍കിയേക്കുമെന്ന അഭ്യൂഹങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. ഹൃത്വിക് റോഷന്റെ അടുത്ത ചിത്രം പൃഥ്വിരാജ് സംവിധാനം ചെയ്യുന്നുണ്ടോ? എന്നാണ് ദക്ഷിണേന്ത്യയിലെ സിനിമാ പ്രവര്‍ത്തകരും ആരാധകരും ഒരേ സ്വരത്തില്‍ ചോദിക്കുന്നത്. ഇപ്പോള്‍ സിനിമാ ലോകത്ത് പ്രചരിക്കുന്ന ഏറ്റവും വലിയ അഭ്യൂഹങ്ങളില്‍ ഒന്നാണ് പൃഥ്വിരാജ് ഈ പാന്‍-ഇന്ത്യ സംരംഭത്തിന്റെ സംവിധായകന്റെ കുപ്പായം അണിയുമെന്നത്.

ഹോംബാലെ ഫിലിംസ് നിര്‍മിച്ച, പ്രഭാസ് നായകനായ വമ്പന്‍ ചിത്രം സലാറില്‍ പൃഥ്വിരാജും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ഇതാണ് അഭ്യൂഹങ്ങള്‍ പരക്കാനുള്ള ഒരു കാരണം. ഇതുകൂടാതെ ലൂസിഫര്‍, എല്‍2: എമ്പുരാന്‍ എന്നീ ചിത്രങ്ങളിലൂടെ പൃഥ്വിരാജിന്റെ സംവിധാന മികവ് ആഗോള തലത്തില്‍ പ്രശംസിക്കപ്പെട്ടിരുന്നു.
ഹോംബാലെ ഫിലിംസുമായുള്ള ഹൃത്വിക് റോഷന്റെ പ്രോജക്ടിനെ താല്‍ക്കാലികമായി #HrithikxHombale എന്നാണ് വിശേഷിപ്പിക്കുന്നത്. ഈ പ്രോജക്ടുമായി ബന്ധപ്പെട്ട് വലിയ ഊഹാപോഹങ്ങളാണ് പ്രചരിക്കുന്നത്.
അതേസമയം, അഭ്യൂഹങ്ങള്‍ക്ക് യാതൊരു സ്ഥിരീകരണവും ഇല്ലെന്നതാണ് ശ്രദ്ധേയം. 'ഇതുവരെ ഒരു സംവിധായകനും തങ്ങളുമായി കരാറില്‍ ഏര്‍പ്പെട്ടിട്ടില്ലെന്നും ദയവായി കിംവദന്തികളില്‍ വിശ്വസിക്കരുതെന്നും പദ്ധതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും പ്രോജക്ടിന്റെ വക്താവ് വ്യക്തമാക്കിയിട്ടുണ്ട്.
സംവിധായകന്‍ ആരാണെന്നു തീരുമാനിച്ചിട്ടില്ലെങ്കിലും, ഈ അഭ്യൂഹങ്ങള്‍ സത്യമായിരുന്നെങ്കില്‍ എന്നാണ് ആരാധകര്‍ ആഗ്രഹിക്കുന്നത്. അങ്ങനെയെങ്കില്‍ ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ഹൃത്വിക് റോഷനും മോളിവുഡ് സൂപ്പര്‍സ്റ്റാര്‍ പൃഥ്വിരാജും സഹകരിക്കുമ്പോള്‍ ഉണ്ടാകുന്ന പാന്‍ ഇന്ത്യന്‍ സിനിമാറ്റിക് അനുഭവത്തിനായാണ് പ്രേക്ഷകര്‍ ഉറ്റുനോക്കുന്നത്.
കെജിഎഫ് സീരീസ്, കാന്താര, സലാര്‍ എന്നിവയുടെ വമ്പന്‍ വിജയത്തിന് ശേഷമാണ് ഹൃതിക് റോഷനുമായി ഹോംബാലെ ഫിലിംസ് സഹകരിക്കുന്നത്. എന്നാല്‍ കരാറിന്റെ വിശദാംശങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.
സ്വാതന്ത്ര്യ ദിനത്തിന്റെ തലേന്ന് തിയറ്ററുകളിലെത്തുന്ന വാര്‍ 2 എന്ന ചിത്രത്തിലാണ് ഹൃതിക് റോഷന്റെ പ്രതീക്ഷ. ഹൃതിക് നായകനും ജൂനിയര്‍ എന്‍ടിആര്‍ വില്ലനുമാണ് ഈ ചിത്രത്തില്‍. ജൂനിയര്‍ എന്‍ടിആറിന്റെ ബോളിവുഡ് എന്‍ട്രി കൂടിയാണ് വാര്‍ 2. അതേസമയം, പൃഥ്വിരാജാകട്ടെ രാജമൗലി സംവിധാനം ചെയ്യുന്ന ആക്ഷന്‍ തെലുങ്ക് ചിത്രമായ എസ്എസ്എംബി 29ന്റെ തിരക്കിലാണ്. മഹേഷ് ബാബു, പൃഥ്വിരാജ്, പ്രിയങ്ക ചോപ്ര എന്നിവരാണ് ഇതിലെ പ്രധാന താരങ്ങള്‍.












Click it and Unblock the Notifications