Year Ender 2024: മഞ്ഞുമ്മലും ആവേശവും അല്ല... 2024 ല്‍ വമ്പന്‍ ലാഭം നേടിയത് ആ സിനിമ, ലഭിച്ചത് 745% അധികം!!
ബോക്‌സോഫീസ് കളക്ഷന്റെ കാര്യത്തില്‍ നിരവധി സിനിമകള്‍ വിജയപട്ടികയില്‍ ഇടം നേടിയ വര്‍ഷമായിരുന്നു മലയാളത്തെ സംബന്ധിച്ചിടത്തോളം 2024. ജയറാം നായകനായി എത്തിയ എബ്രഹാം ഓസ്ലര്‍ ആയിരുന്നു 2024 ലെ മലയാളത്തിലെ ആദ്യത്തെ സൂപ്പര്‍ഹിറ്റ്. ഏറെ നാളുകള്‍ക്ക് ശേഷമായിരുന്നു ജയറാമിന്റെ ഒരു സിനിമ ബോക്‌സോഫീസില്‍ മികച്ച വിജയം നേടുന്നത്. 40 കോടിയോളം രൂപയാണ് ഓസ്ലര്‍ കളക്ട് ചെയ്തത്.
ജയറാമിന്റെ കരിയറിലെ തന്നെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ കിട്ടിയ മലയാള സിനിമയും ഇത് തന്നെ. ജയറാം തുടക്കമിട്ട ബോക്‌സോഫീസ് കുതിപ്പ് മറ്റ് താരങ്ങളും ഏറ്റെടുക്കുന്ന കാഴ്ചയായിരുന്നു പിന്നീട് കണ്ടത്. ഇതില്‍ വലിയ ഹൈപ്പില്ലാതെ എത്തിയ മഞ്ഞുമ്മല്‍ ബോയ്‌സ് മലയാളത്തില്‍ ആദ്യമായി 200 കോടി ക്ലബില്‍ നേടുന്ന ചിത്രം എന്ന നേട്ടവും സ്വന്തമാക്കി. ഈ വര്‍ഷത്തെ എന്നല്ല എക്കാലത്തേയും വലിയ ഹിറ്റ് ആണ് മഞ്ഞുമ്മല്‍ ബോയ്‌സ് നേടിയത്.

ആടുജീവിതം (160 കോടി), ആവേശം (154.60 കോടി) എന്നിവ നേടി കളക്ഷനില്‍ രണ്ട്, മൂന്ന് സ്ഥാനങ്ങളും സ്വന്തമാക്കി. എന്നാല്‍ 2024 ല്‍ മലയാളത്തില്‍ പുറത്തിറങ്ങിയ ഏറ്റവും ലാഭകരമായ ചിത്രം ഏതാണ് എന്ന് ചോദിച്ചാല്‍ ഇതൊന്നുമല്ല എന്നാണ് ഉത്തരം. പുത്തന്‍ താരോദയങ്ങളായ നസ്ലനും മമിത ബൈജുവും ഒന്നിച്ച പ്രേമലു ആണ് ഈ വര്‍ഷം മലയാളത്തില്‍ പുറത്തിറങ്ങിയ ഏറ്റവും ലാഭകരമായ ചിത്രം.
ബോക്‌സോഫീസ് കളക്ഷനില്‍ നാലാം സ്ഥാനത്താണ് പ്രേമലുവെങ്കിലും ലാഭകരമായ ചിത്രം എന്നതില്‍ ഒന്നാം സ്ഥാനത്താണ് ഈ ചിത്രം. വെറും ഒമ്പത് കോടി ബജറ്റില്‍ ഒരുങ്ങിയ പ്രേമലു ലോകത്ത് എല്ലായിടത്ത് നിന്നും കളക്ട് ചെയ്തത് 136 കോടി രൂപയാണ്. അതായത് ബോക്സ് ഓഫീസില്‍ 745.5% ലാഭമാണ് പ്രേമലു നേടിയത്. ഇന്ത്യയില്‍ നിന്ന് മാത്രം 76.10 കോടി രൂപയാണ് ചിത്രം കളക്ട് ചെയ്തത്.
പട്ടികയില്‍ രണ്ടാം സ്ഥാനത്ത് മഞ്ഞുമ്മല്‍ ബോയ്‌സാണ്. 20 കോടി ബജറ്റില്‍ ഒരുക്കിയ ഈ ചിത്രം 610 ശതമാനം ലാഭം നേടി. കിഷ്‌കിന്ധ കാണ്ഡം- 493.5%, വാഴ: 369.2%, സൂക്ഷ്മദര്‍ശിനി: 179.2%, തലവന്‍: 135%, അജയന്റെ രണ്ടാം മോഷണം -113.33%, എബ്രഹാം ഓസ്ലര്‍ 110% എന്നിങ്ങനെയാണ് ഏറ്റവും കൂടുതല്‍ ലാഭം നേടിയ മറ്റ് ചിത്രങ്ങള്‍. ഇവ കൂടാതെ വേറേയും ഒരുപാട് സിനിമകള്‍ അവരുടെ ബജറ്റ് തിരിച്ചുപിടിക്കുകയും വിജയിക്കുകയും ചെയ്തു.
അന്വേഷിപ്പിന്‍ കണ്ടെത്തും, ഭ്രമയുഗം, ആടുജീവിതം, വര്‍ഷങ്ങള്‍ക്കുശേഷം, ആവേശം, ഗുരുവായൂര്‍ അമ്പലനടയില്‍, പണി എന്നിവ ഈ വര്‍ഷത്തെ സൂപ്പര്‍ഹിറ്റുകളാണ്. ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ മാര്‍ക്കോയ്ക്കും മികച്ച അഭിപ്രായമാണ് ആദ്യ ദിവസം തന്നെ ലഭിക്കുന്നത്.












Click it and Unblock the Notifications