'വീടിന്റെ വാടക കൊടുക്കേണ്ടേ എനിക്ക്..', സിനിമയിലെ പവർ ഗ്രൂപ്പ് ആരാണ്? പാർവ്വതിയുടെ കലക്കൻ മറുപടി
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് മലയാള സിനിമയിലെ പവര്‍ ഗ്രൂപ്പിനെ കുറിച്ചുളള വെളിപ്പെടുത്തല്‍ വലിയ ചര്‍ച്ചയായത്. സിനിമാ രംഗത്ത് 15 പേരുടെ ഒരു പവര്‍ ഗ്രൂപ്പ് ഉണ്ടെന്നും ഇവരാണ് എല്ലാ കാര്യങ്ങളും നിയന്ത്രിക്കുന്നത് എന്നുമായിരുന്നു റിപ്പോര്‍ട്ടിലെ പരാമര്‍ശം.
മലയാള സിനിമയില്‍ പവര്‍ ഗ്രൂപ്പ് ഉണ്ടെന്നും ഇവരുടെ ഇടപെടല്‍ കാരണം അവസരങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ട് എന്നും ചില താരങ്ങളും തുറന്ന് പറഞ്ഞു. ആരൊക്കെയാണ് ഈ പവര്‍ ഗ്രൂപ്പിലെ അംഗങ്ങള്‍ എന്ന ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ കൊടുമ്പിരികൊണ്ടു.

ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ മലയാള സിനിമയിലെ ആ പവര്‍ ഗ്രൂപ്പ് ആരൊക്കെയാണ് എന്ന ചോദ്യത്തിന് മറുപടി നല്‍കിയിരിക്കുകയാണ് നടി പാര്‍വ്വതി തിരുവോത്ത്. പവര്‍ ഗ്രൂപ്പ് ആരാണ് എന്ന് പറയാന്‍ തനിക്ക് സാധിക്കില്ലെന്ന് പാര്‍വ്വതി പറയുന്നു. എന്നാല്‍ പവര്‍ ഗ്രൂപ്പ് എന്നൊന്നുണ്ട്. അതുമാത്രമാണ് തനിക്ക് പറയാന്‍ സാധിക്കുക. അത് ആരൊക്കെയാണ് എന്ന് നമുക്കെല്ലാവര്‍ക്കും അറിയുകയും ചെയ്യാം എന്നും പാര്‍വ്വതി പറഞ്ഞു.
പിന്നോട്ട് വലിക്കുന്നത് ആരൊക്കെ ആണെന്ന് എല്ലാവര്‍ക്കും അറിയാം. ഒന്നുകില്‍ അവര്‍ പവര്‍ ഗ്രൂപ്പിന്റെ ഭാഗമായിട്ടുളളവരാണ്, അല്ലെങ്കില്‍ പവര്‍ ഗ്രൂപ്പിന്റെ സ്വാധീനത്തില്‍പ്പെട്ടവരാണ്. ഇതില്‍ക്കൂടുതല്‍ വ്യക്തത ഇക്കാര്യത്തില്‍ വരുത്തുക തനിക്ക് സാധിക്കില്ല. കാരണം ഞാനിതിനകം തന്നെ കുഴപ്പങ്ങള്‍ വരുത്തി വെച്ചിട്ടുണ്ട്. ഞാന്‍ ജോലി ചെയ്ത് ജീവിക്കണമെന്നും വാടക കൊടുക്കണം എന്നും നിങ്ങള്‍ക്ക് തോന്നുന്നില്ലേ എന്നും പാര്‍വ്വതി ചോദിച്ചു.
വിമന്‍ ഇന്‍ സിനിമ കളക്ടീവിന്റെ രൂപീകരണത്തിന് ശേഷം സിനിമാ സെറ്റുകളില്‍ ആളുകള്‍ തങ്ങളെ സംശയത്തോടെയാണ് നോക്കുന്നതെന്ന് പാര്‍വ്വതി പറയുന്നു. ഞങ്ങളെന്തോ ചാരന്മാരാണ് എന്ന തരത്തിലാണ് ആളുകളുടെ ഭയം. ഒന്നും പറഞ്ഞേക്കല്ലേ, ഡബ്ല്യൂസിസി അവിടെ ഇരിപ്പുണ്ട് എന്ന തരത്തിലുളള തമാശ പറച്ചിലുകളും ഉണ്ട്. അത്തരത്തിലൊരു അലര്‍ട്ട് ഉളളത് നല്ലതാണെന്നാണ് കരുതുന്നത്. ഒരു തെറ്റ് ചെയ്യുന്നതില്‍ നിന്ന് അത് തടയുന്നുണ്ട് എങ്കില്‍ അതില്‍ എന്താണ് കുഴപ്പം. അത്തരം ചര്‍ച്ചകളും തര്‍ക്കങ്ങളും നോര്‍മലാകുന്നുണ്ട് എന്നത് പോസിറ്റീവായ ഒരു മാറ്റം ആണെന്നും പാര്‍വ്വതി പറഞ്ഞു.
ഫെമിനിസ്റ്റ് എന്ന പേര് കാരണം നിരവധി അവസരങ്ങള്‍ തനിക്ക് നഷ്ടപ്പെട്ടിട്ടുണ്ടെന്നും പാര്‍വ്വതി പറയുന്നു.ഡബ്ല്യൂസിസി രൂപീകരിക്കുന്നതിന് മുന്‍പ് ഒന്നിന് പിറകെ ഒന്നായി വിജയ സിനിമകളുടെ ഭാഗമായിരുന്നു താന്‍. തനിക്ക് ചുറ്റും ആളുകളുണ്ടായിരുന്നു, ഒപ്പം സെല്‍ഫികള്‍ എടുത്തിരുന്നു. കളക്ടീവ് രൂപീകരിക്കുകയും അതിന് പിറകേ വിവാദങ്ങള്‍ ഉണ്ടാവുകയും ചെയ്തതോടെ ആരും നേരെ നോക്കാതെയായി. ഒരാളെ നിശബ്ദമാക്കാന്‍ ഏറ്റവും പറ്റിയ വഴി അവരുടെ അന്നം മുടക്കുക എന്നതാണല്ലോ. എന്നാണ് അവര്‍ കരുതിയത്. അവസരം ലഭിക്കാതെ എങ്ങനെയാണ് മികച്ച അഭിനേതാവായി മാറുക, പാര്‍വ്വതി ചോദിച്ചു.












Click it and Unblock the Notifications