'എന്നോടല്ല, നിങ്ങൾ അത് അവരോട് പോയി ചോദിക്കൂ', മഞ്ജു വാര്യരെ കുറിച്ചുളള ചോദ്യത്തിന് പാർവ്വതിയുടെ മറുപടി
കൊച്ചി: വിമന്‍ ഇന്‍ സിനിമ കളക്ടീവ് എന്ന പേരിലുളള വനിതാ കൂട്ടായ്മയുടെ ആരംഭം മലയാള സിനിമാ രംഗത്ത് ഒരു വിപ്ലവം തന്നെ ആയിരുന്നു. ആദ്യമായാണ് സ്ത്രീകള്‍ക്ക് മാത്രമായി ഒരു സംഘടന പിറവിയെടുക്കുന്നത്. മഞ്ജു വാര്യര്‍ മുതല്‍ പാര്‍വ്വതി തിരുവോത്തും റിമ കല്ലിങ്കലും അടക്കമുളള പ്രമുഖര്‍ ഡബ്ല്യൂസിസിക്ക് ചുക്കാന്‍ പിടിച്ചവരാണ്.
എന്നാല്‍ കൂട്ടായ്മ രൂപീകരിക്കാന്‍ മുന്നില്‍ നിന്നവരില്‍ മഞ്ജു വാര്യരും വിധു വിന്‍സെന്റും അടക്കമുളളവര്‍ ഇന്ന് ഡബ്ല്യൂസിസിക്കൊപ്പം സജീവമായിട്ട് ഇല്ല. അതേസമയം മഞ്ജു വാര്യര്‍ താരസംഘടനയായ അമ്മയുടെ വേദിയില്‍ സജീവമാകുന്ന കാഴ്ചയും കാണുന്നു. മഞ്ജു ഡബ്ല്യുസിസി അംഗമാണോ ഇപ്പോഴും അതോ രാജി വെച്ചോ എന്നതിന് വ്യക്തതയില്ല.

എന്തുകൊണ്ടാണ് മഞ്ജു വാര്യരും വിധു വിന്‍സെന്റും പോലെ ഡബ്ല്യൂസിസി തുടങ്ങുമ്പോള്‍ ഉണ്ടായിരുന്ന പലരും ഇന്ന് സജീവമല്ലാത്തത് എന്ന ചോദ്യം ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ പാര്‍വ്വതി തിരുവോത്തിന് മുന്നില്‍ ഉയര്‍ന്നിരുന്നു. ഈ ചോദ്യത്തിന് പാര്‍വ്വതി നല്‍കിയ മറുപടി ശ്രദ്ധ നേടുകയാണ്.
''അക്കാര്യം നിങ്ങള്‍ അവരോട് ചോദിക്കണം. അവര്‍ എന്തുകൊണ്ടില്ല, എന്താണ് തീരുമാനം എന്നതൊക്കെ പറയാനുളളള ആള്‍ താനല്ല. ഇത്തരം ചോദ്യങ്ങള്‍ താനാണ് നേരിടേണ്ടി വരുന്നത് എന്നത് ഒട്ടും ശരിയായ കാര്യമല്ല. തന്നോട് ഈ ചോദ്യം ചോദിക്കുന്നത് എങ്ങനെയാണ് ശരിയാകുന്നത്. അത് അവരോടല്ലേ ചോദിക്കേണ്ടത്. നിങ്ങള്‍ക്ക് അവരുടെ അഭിമുഖം ലഭിക്കാതിരിക്കുന്നത് കൊണ്ടൊന്നും അല്ലല്ലോ.
എന്നാല്‍ നിങ്ങള്‍ വളരെ സൗകര്യത്തോടെ ഇത്തരം ചോദ്യങ്ങള്‍ കളക്ടീവിന് വേണ്ടി കഠിനാധ്വാനം ചെയ്യുന്ന ആളുകളോട് വന്ന് ചോദിക്കുന്നു. എല്ലായ്‌പ്പോഴും ഇത്തരം ചോദ്യങ്ങള്‍ തന്നോട് ചോദിക്കുന്നു. എന്നാല്‍ തനിക്ക് അതിന്റെ ഉത്തരം അറിയില്ല. കാരണം അത്തരം സംഭാഷണങ്ങള്‍ അവരുമായി ഉണ്ടായിട്ടില്ല. എന്നാല്‍ മാധ്യമങ്ങളാണ് സത്യം പുറത്ത് കൊണ്ട് വരേണ്ടത്. അല്ലാതെ അത് തന്റെ ഉത്തരവാദിത്തം അല്ല. എനിക്ക് സാധിക്കുന്നത് എന്റെ സത്യങ്ങളെ കുറിച്ച് സംസാരിക്കുക എന്നതാണ്'', പാര്‍വ്വതി പറഞ്ഞു.
ഡബ്ല്യൂസിസി സിനിമാ നയരൂപീകരണത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നത് പോലെ എഎംഎംഎയോ ഫെഫ്കയോ രംഗത്ത് ഇറങ്ങാത്തത് എന്ത് കൊണ്ടായിരിക്കും എന്നുളള ചോദ്യത്തിനും പാര്‍വ്വതി മറുപടി പറയാന്‍ തയ്യാറായില്ല. എഎംഎംഎയെ കുറിച്ചോ ഫെഫ്കയെ കുറിച്ചോ ഇപ്പോള്‍ പറയുന്നില്ല. അവരുമായി എന്തെങ്കിലും ചര്‍ച്ചകളോ മറ്റോ നടക്കുന്നുണ്ടെങ്കില്‍ മാത്രമേ പറഞ്ഞിട്ട് കാര്യമുളളു. അത് മാത്രമല്ല ഇത്തരം ചോദ്യങ്ങള്‍ അവരോട് വേണം ചോദിക്കാന്‍. മാധ്യമങ്ങള്‍ അവരോട് ചോദ്യങ്ങള്‍ ചോദിക്കുന്നില്ല എന്നത് വേദനിപ്പിക്കുന്നതാണെന്ന് പാര്‍വ്വതി പറഞ്ഞു.












Click it and Unblock the Notifications