യുട്യൂബ് വരുമാനമെത്ര? ഫിറോസ് ചുട്ടിപ്പാറ പറയുന്നു..ഫോളോവേഴ്സിനെ കൂട്ടാൻ എന്ത് ചെയ്യണമെന്നും
കൊച്ചി: മലയാളി യൂട്യൂബര്‍മാരില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള വ്ലോഗറിൽ ഒരാളാണ് ഫിറോസ് ചുട്ടിപ്പാറ. അദ്ദേഹത്തിന്റെ കുക്കിംഗ് വീഡിയോകൾ എല്ലാം വളരെ വേഗത്തിലാണ് വൈറൽ ആകാറുള്ളത്. മില്യൺ കണക്കിനാണ് പല വീഡിയോകളുടേയും വ്യൂസ്. ഇന്ന് മലയാളത്തിൽ യുട്യൂബ് വരുമാനം കൂടുതലായി വാങ്ങുന്നവരിൽ ഒരാൾ കൂടിയാണ് ഫിറോസ്.
ഇപ്പോഴിതാ ആദ്യ വരുമാനത്തെ കുറിച്ചും എങ്ങനെയാണ് കൂടുതൽ വരുമാനം ഉണ്ടാക്കേണ്ടെന്നതിനെ കുറിച്ചുമൊക്കെ പറയുകയാണ് ഫിറോസ്. 360 റേഡിയോവിനോടാണ് ഫിറോസിന്റെ പ്രതികരണം.വായിക്കാം

'2013 ലാണ് യുട്യൂബിൽ നിന്ന് ആദ്യ വരുമാനം ലഭിക്കുന്നത്. 8400 രൂപയായിരുന്നു ലഭിച്ചത്. അതൊരു മൂന്ന് മാസത്തെ പണിക്കൂലിയായിരുന്നു. ആകെ 50 പേരായിരുന്നു അന്നേരം കണ്ടുകൊണ്ടിരുന്നത്. ബാങ്കിൽ പോയി യുട്യൂബിൽ നിന്ന് അക്കൗണ്ടിൽ പൈസ എത്തിയിട്ടുണ്ടെന്ന് പറഞ്ഞെങ്കിലും ക്രെഡിറ്റ് ആയില്ലെന്നായിരുന്നു ആദ്യം ബാങ്കുകാർ അറിയിച്ചത്. ഇതോടെ വലിയ വിഷമമായി. അന്ന് വൈകീട്ടായിട്ടും പൈസ ക്രെഡിറ്റായതിനെ കുറിച്ച് വിവരമില്ല. അങ്ങനെ ഇത് മതിയാക്കാം എന്ന് മനസിൽ ചിന്തിച്ചിരിക്കുമ്പോഴാണ് പൈസ ക്രെഡിറ്റായ മെസേജ് വരുന്നത്.
പിന്നെ വെച്ചടി വെച്ചടി കയറ്റമായിരുന്നു. അടുത്ത മാസം അത് 30,000 ആയി, പിന്നീട് 40 കിട്ടി,60 കിട്ടി, അങ്ങനെ വരുമാനം ഉയർന്നു', ഫിറോസ് പറഞ്ഞു. ഇപ്പോൾ എത്ര വരുമാനം ലഭിക്കുന്നുണ്ടെന്ന ചോദ്യത്തിന് മറുപടി ഇങ്ങനെയായിരുന്നു. 'അത് ഓരോന്നിനേയും ആശ്രയിച്ചിരിക്കും. എന്നിരുന്നാലും വരുമാനം വെളിപ്പെടുത്താൻ സാധിക്കില്ല. യുട്യൂബിന് ചില ടേംസ് ആന്റ് കണ്ടീഷൻസ് ഉണ്ട്', ഫിറോസ് പറഞ്ഞു.
കഴിവുള്ളവർ യുട്യൂബിലേക്ക് വരണം. കഴിവുള്ള നിരവധി പേർ പുറത്തുണ്ട്. അവരും യുട്യൂബ് എന്ന പ്ലാറ്റ്ഫോം ഉപയോഗപ്പെടുത്തണം. അത്യാവശ്യം വരുമാനമൊക്കെ ലഭിക്കും,നമ്മുടെ കാര്യങ്ങൾ മറ്റുള്ളവർക്ക് പഠിപ്പിച്ചും കൊടുക്കാം',ഫിറോസ് പറഞ്ഞു.
ഫോളോവേഴ്സിനെ കൂട്ടാൻ എന്ത് ചെയ്യണമെന്ന ചോദ്യത്തിന് പ്രത്യേകിച്ച് ഒന്നും ശ്രദ്ധിക്കേണ്ടതില്ലെന്നും നമ്മൾ ചെയ്യുന്ന പ്രവൃത്തി കൃത്യമായി ചെയ്താൽ മതിയെന്നും ഫിറോസ് പറഞ്ഞു. 'ഫോളോവേഴ്സിനെ കൂട്ടാൻ വേണ്ടി ഒന്നും ചെയ്യാതിരിക്കുക. നമ്മൾ ചെയ്യുന്നത് ജനങ്ങൾക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ ചെയ്യുക. ജനങ്ങളുടെ ഇന്നത്തെ ആവശ്യങ്ങൾ മനസിലാക്കുക,അവരെ എങ്ങനെ എന്റർടെയിൻ ചെയ്യണമെന്നതൊക്കെയാണ് അറിയേണ്ടത്. അപ്പോൾ ആളുകൾ താനെ വന്ന് ഫോളോ ചെയ്യും. ഫോളോവേഴ്സിനെ കൂട്ടാൻ എന്തെങ്കിലും കാണിച്ച് കൂട്ടുമ്പോൾ ആളുകൾക്ക് അത് മനസിലാകും. നമ്മൾ നമ്മളായിരിക്കുക. നമ്മുടെ മുന്നിലുള്ളവർ നമ്മളെക്കാൾ ബുദ്ധിയുള്ളവരാണെന്ന് മനസിലാക്കണം.
നമ്മുക്ക് എല്ലാം അറിയാം, ഞാൻ വലിയ എന്തോ സംഭവമാണെന്ന ധാരണയൊക്കെ ഉണ്ടെങ്കിൽ വലിയ ബുദ്ധിമുട്ടാവും. സോഷ്യൽ മീഡിയയിലേക്ക് സ്ത്രീകൾ വരുമ്പോൾ ഒരുപക്ഷേ കടുത്ത സൈബർ ആക്രമണം ഉണ്ടായേക്കാം. എന്നാൽ അതിലൊന്നും തളരരുത്. ചീത്ത വിളി നേരിടാനുള്ള ധൈര്യം മനസിൽ കണ്ടുകൊണ്ട് ആണ് യുട്യൂബിലേക്ക് ഇറങ്ങേണ്ടത്'












Click it and Unblock the Notifications