'സൗദി രാജാവിന്റെ കാലുപിടിച്ച് നരേന്ദ്ര മോദി': വൈറലായി ചിത്രം, എന്താണ് യാഥാർത്ഥ്യം
ഇന്ത്യയും ഗള്‍ഫ് രാജ്യങ്ങളുമായുള്ള ബന്ധം അടുത്തിടെ വലിയ തോതില്‍ ശക്തിപ്പെട്ടുകൊണ്ടിരിക്കുകയാണ്. യുഎഇ, സൗദി തുടങ്ങിയ രാജ്യങ്ങളുമായി പരമ്പരാഗതമായി തന്നെയുള്ള ശക്തമായ ബന്ധം നിരവധി കരാറുകളിലൂടെ ഇന്ത്യ കൂടുതല്‍ മെച്ചപ്പെട്ടതാക്കുന്നു. യുഎഇയുമായി സ്വതന്ത്ര വ്യാപാര കരാർ നടപ്പിലാക്കിയ രാജ്യം സൗദിയുമായി പ്രതിരോധ മേഖലയില്‍ ഉള്‍പ്പടെ സഹകരിക്കുന്നു.
ഇരു രാജ്യങ്ങളിലേയും നേതാക്കളുമായും ശക്തമായ ബന്ധമാണുള്ളത്. ഇതിനിടയിലാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും സൗദി രാജാവ് സല്‍മാന്റേയും ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള വ്യാജ പ്രചരണം സമൂഹമാധ്യമങ്ങളില്‍ ശക്തമായത്. ഒരു പൊതുപരിപാടിയിൽ വെച്ച് സൗദി അറേബ്യൻ രാജാവ് സൽമാൻ രാജാവിന്റെ പാദങ്ങളിൽ തൊട്ടു വണങ്ങുന്ന നരേന്ദ്ര മോദിയുടെ ചിത്രങ്ങളാണ് പ്രചരിക്കുന്നത്.

2016 ലും 2022 ലും വൈറലായ ചിത്രമാണ് ഇപ്പോള്‍ വീണ്ടും വൈറലായി മാറുന്നുവെന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം. എന്നാല്‍ മികച്ച രീതിയില്‍ എഡിറ്റ് ചെയ്യപ്പെട്ട ഒരു ചിത്രമാണ് ഇത്. നരേന്ദ്ര മോദി കാല്‍തൊട്ട് വണങ്ങി എന്നുള്ളത് സത്യമാണ്. എന്നാല്‍ അത് സല്‍മാന്‍ രാജാവിന്റെ കാലുകളിലല്ല, നേരേ മറിച്ച് പ്രമുഖ ബി ജെ പി നേതാവായ എല്‍കെ അദ്വാനിയുടെ കാലില്‍ തൊട്ടാണ് മോദി വണങ്ങുന്നത്.
2013 ലാണ് ഒരു ചടങ്ങില്‍ വെച്ച് മോദി അദ്വാനിയുടെ കാല്‍തൊട്ട് വണങ്ങുന്നത്. ഗൂഗിളിലെ റിവേഴ്സ് ഇമേജ് സംവിധാനത്തിന്റെ സഹായത്തോടെ പരിശോധിച്ചാല്‍ വ്യാജ പ്രചരണത്തിന്റെ യാഥാർത്ഥ്യം നിങ്ങള്‍ക്കും മനസ്സിലാക്കാന്‍ സാധിക്കും. യഥാർത്ഥ ചിത്രത്തില്‍ നിന്നും അദ്വാനിയെ മാത്രം മാറ്റി സല്‍മാന്‍ രാജാവിന്റെ ചിത്രം എഡിറ്റ് ചെയ്ത് ചേർക്കുകയായിരുന്നു. ബാക്കി ചിത്രത്തിലുള്ള ആളുകളും ഭാഗങ്ങളുമൊക്കെ അതുപോലെയുണ്ട്.

2015 മുതൽ സൽമാൻ രാജാവ് സൗദി ഭരിക്കുമ്പോൾ 2014 ൽ പ്രധാനമന്ത്രി മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയായി തുടരുന്നു. ഇപ്പോള്‍ പ്രചരിപ്പിക്കപ്പെടുന്ന ചിത്രത്തിന്റെ യാഥാർത്ഥ ചിത്രം എടുക്കപ്പെടുന്ന 2013ൽ ഇരു നേതാക്കളും നിലവിലെ അധികാര സ്ഥാനങ്ങളിൽ ഉണ്ടായിരുന്നുമില്ല. സെപ്റ്റംബർ 25ന് മധ്യപ്രദേശിലെ ഭോപ്പാലിൽ നടന്ന പാർട്ടി റാലിയിൽ നിന്നും എടുത്ത ചിത്രമാണ് ഇതെന്ന് പിടിഐയും വ്യക്തമാക്കുന്നു.
മധ്യപ്രദേശിലെ ഭോപ്പാലിൽ നടന്ന പാർട്ടി റാലിയിൽ ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായ നരേന്ദ്ര മോദി മുതിർന്ന നേതാവായ അദ്വാനിയുടെ അനുഗ്രഹം തേടുന്നുവെന്ന അടിക്കുറിപ്പോടെയാണ് പി ടി ഐ അന്ന് ചിത്രം പ്രസിദ്ധീകരിച്ചത്. ഫലത്തില്‍ നരേന്ദ്ര മോദി സല്‍മാന്‍ രാജാവിന്റെ കാലുപിടിച്ചു എന്ന പ്രചരണം വ്യാജമാണ്.

Fact Check
വാദം
നരേന്ദ്ര മോദി സല്‍മാന്‍ രാജാവിന്റെ കാലുപിടിച്ചു
നിജസ്ഥിതി
നരേന്ദ്ര മോദി സല്‍മാന്‍ രാജാവിന്റെ കാലുപിടിച്ചു എന്ന പ്രചരണം വ്യാജമാണ്.












Click it and Unblock the Notifications