വയനാട്ടിലെത്തിയ പ്രിയങ്കയ്ക്ക് പന്നിയിറച്ചി കഴിക്കാന്‍ ആഗ്രഹം? പ്രചരണത്തിന് പിന്നിലെ വാസ്തവമിത്
രാഹുല്‍ ഗാന്ധിയുടെ എന്‍ട്രിയോട് കൂടി 2019 മുതല്‍ ദേശീയ ശ്രദ്ധയാകര്‍ഷിച്ച ലോക്‌സഭാ മണ്ഡലമാണ് വയനാട്. 2024 ലെ പൊതുതിരഞ്ഞെടുപ്പിലും രാഹുലായിരുന്നു വയനാട്ടില്‍ മത്സരിച്ചിരുന്നത്. എന്നാല്‍ അമേഠിയില്‍ കൂടി മത്സരിച്ച് വിജയിച്ചതോടെ വയനാട് ഒഴിയാന്‍ രാഹുല്‍ നിര്‍ബന്ധിതനായി. രാഹുലിന് പകരം അദ്ദേഹത്തിന്റെ സഹോദരിയും കോണ്‍ഗ്രസിലെ ക്രൗഡ് പുള്ളറുമായ പ്രിയങ്ക ഗാന്ധിയാണ് വയനാട്ടില്‍ മത്സരിക്കുന്നത്.
ആദ്യമായി പാര്‍ലമെന്ററി തിരഞ്ഞെടുപ്പ് രംഗത്തേക്ക് പ്രിയങ്ക ഗാന്ധി മത്സരിക്കുന്നു എന്ന പ്രത്യേകയും ഈ ഉപതിരഞ്ഞെടുപ്പിനുണ്ട്. രാഹുല്‍ കഴിഞ്ഞ രണ്ട് തവണ മത്സരിക്കുമ്പോഴും വയനാട്ടില്‍ നേരിട്ട പ്രധാന പ്രശ്‌നങ്ങളിലൊന്ന് സഖ്യകക്ഷിയായ മുസ്ലീം ലീഗിന്റെ കൊടിയായിരുന്നു. ഉത്തരേന്ത്യയില്‍ വിപരീത ഫലം ഉണ്ടാക്കും എന്നതിനാല്‍ മുസ്ലീം ലീഗിന്റെ കൊടി വയനാട്ടില്‍ രാഹുലിന്റെ പ്രചരണത്തില്‍ വിരളമായിരുന്നു.

എന്നാല്‍ ഉപതിരഞ്ഞെടുപ്പില്‍ സാഹചര്യം വ്യത്യസ്തമായതിനാല്‍ തന്നെ ലീഗിന്റെ കൊടി സംബന്ധിച്ച തര്‍ക്കങ്ങളൊന്നും നിലവില്‍ ഇല്ല. എങ്കിലും മുസ്ലീം വോട്ടര്‍മാര്‍ ഒരുപാടുള്ള വയനാട് മണ്ഡലത്തില്‍ ആ വോട്ട് ബാങ്കിനെ ലക്ഷ്യം വെച്ചുള്ള പലതരത്തിലുള്ള പ്രചരണങ്ങളും നടക്കുന്നുണ്ട്. ഇത്തരത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ച ഒരു കാര്‍ഡില്‍ പ്രിയങ്കയ്ക്ക് പന്നിയിറച്ചി കഴിക്കാന്‍ ആഗ്രഹം എന്നായിരുന്നു വാചകം.
'വയനാട്ടില്‍ എത്തിയ പ്രിയങ്കയ്ക്ക് പോര്‍ക്ക് ഫ്രൈ കഴിക്കാനുള്ള ആഗ്രഹം പങ്കു വച്ചത് ടി സിദ്ദിഖിനോട് വിശ്വസിക്കാനാവാതെ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍', എന്നായിരുന്നു കാര്‍ഡില്‍ ഉണ്ടായിരുന്നത്. വെറുമൊരു കാര്‍ഡ് ആയിരുന്നില്ല ഇത്. കേരളത്തിലെ പ്രമുഖ വാര്‍ത്താചാനലായ 24 ന്യൂസിന്റെ ലോഗോയും പേരും അടക്കമായിരുന്നു ഈയൊരു കാര്‍ഡ് പ്രചരിപ്പിച്ചത്. ഇസ്ലാമില്‍ പന്നിയിറച്ചി നിഷിദ്ധമാണ് എന്നതിനാല്‍ തന്നെ ഈ കാര്‍ഡ് വലിയ രീതിയില്‍ പ്രചരിപ്പിക്കപ്പെടുകയായിരുന്നു.
എന്നാല്‍ പ്രിയങ്ക ഗാന്ധി പോര്‍ക്ക് കഴിക്കാനായി ആഗ്രഹം പ്രകടിപ്പിച്ചു എന്നും സിദ്ദീഖിനോട് ഇക്കാര്യം ആവശ്യപ്പെട്ടു എന്നുമുള്ള കാര്യത്തില്‍ യാതൊരു സ്ഥിരീകരണവുമില്ല. ദേശീയ നേതാവായതിനാല്‍ തന്നെ പ്രിയങ്കയുടെ പ്രചരണത്തിന്റെ എല്ലാ തരത്തിലുമുള്ള വാര്‍ത്തകള്‍ മാധ്യമങ്ങള്‍ ഒന്നൊഴിയാതെ കൊടുക്കുന്നുണ്ട്. എന്നാല്‍ മറ്റ് മാധ്യമങ്ങളൊന്നും തന്നെ ഇത്തരമൊരു കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
മാത്രമല്ല 24 ന്യൂസിന്റെ ഫോണ്ടിലുള്ള അക്ഷരങ്ങളല്ല പ്രചരിപ്പിക്കുന്ന കാര്‍ഡില്‍ ഉള്ളത് എന്നും വ്യക്തമാണ്. കൂടാതെ ഈ കാര്‍ഡ് തങ്ങളുടേത് അല്ല എന്ന 24 ന്യൂസ് തന്നെ അവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ വ്യക്തമാക്കിയിട്ടുമുണ്ട്. ഇതില്‍ നിന്നെല്ലാം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന കാര്‍ഡ് വ്യാജമായി സൃഷ്ടിച്ചതാണ് എന്ന കാര്യം വ്യക്തമാണ്.

Fact Check
വാദം
വയനാട്ടില്‍ എത്തിയ പ്രിയങ്കയ്ക്ക് പോര്‍ക്ക് ഫ്രൈ കഴിക്കാന്‍ ആഗ്രഹം. ഇക്കാര്യം ടി സിദ്ദീഖിനോട് ആവശ്യപ്പെട്ടു
നിജസ്ഥിതി
സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് വ്യാജമായി സൃഷ്ടിച്ച കാര്‍ഡ്.












Click it and Unblock the Notifications