എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സൗജന്യമായി ലാപ്‌ടോപ്പ്? പ്രചരിക്കുന്ന സന്ദേശത്തിന്റെ സത്യമെന്ത്
സോഷ്യല്‍ മീഡിയ പലതരത്തിലുള്ള തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കപ്പെടുന്ന ഇടമാണ്. സാധാരണക്കാരായ പലരും ഇതിനാല്‍ തന്നെ ഈ ചതിക്കുഴിയില്‍ വീണ് പോകാറുമുണ്ട്. ഇപ്പോഴിതാ അത്തരത്തിലുള്ള ഒരു പ്രചരണമാണ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നത്. സംസ്ഥാനത്തെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സൗജന്യമായി ലാപ്‌ടോപ്പ് വിതരണം ചെയ്യുന്നു എന്ന തരത്തിലാണ് പ്രചരണം.
ഒറ്റനോട്ടത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവാണ് എന്ന് തോന്നിപ്പിക്കും വിധമാണ് സന്ദേശം പ്രചരിക്കുന്നത്. ഇതിനൊപ്പം കൊടുത്തിരിക്കുന്ന ലിങ്കില്‍ കയറി കഴിയുമ്പോള്‍ പൊതുവിദ്യാഭ്യാസ വകുപ്പ്, കേരള സര്‍ക്കാര്‍ എന്ന തലക്കെട്ടും ലോഗോയും അടക്കം പേര്, മൊബൈല്‍ നമ്പര്‍, വിദ്യാഭ്യാസം, പ്രായം എന്നിവ കൊടുക്കാനുള്ള കോളം കാണാം. ഇതെല്ലാം കൊടുത്ത് കഴിഞ്ഞ് നിങ്ങളുടെ അപേക്ഷയുടെ രജിസ്റ്റര്‍ നമ്പറും കാണാം.

മാത്രമല്ല ഇതിന് താഴെ തങ്ങള്‍ക്ക് ലാപ്‌ടോപ്പ് കിട്ടി എന്ന് അവകാശപ്പെട്ട് കൊണ്ടുള്ള നിരവധി കമന്റുകളും കാണാം. സാധാരണക്കാരെ സംബന്ധിച്ചിടത്തോളം പെട്ടെന്ന് പ്രചരണത്തില്‍ വീണ് പോകുന്ന തരത്തിലാണ് സന്ദേശം തയ്യാറാക്കി വെച്ചിരിക്കുന്നത്. എന്നാല്‍ സമാനമായി നിരവധി തട്ടിപ്പുകള്‍ സംസ്ഥാനത്തിന് അകത്തും പുറത്തും നടന്നിട്ടുണ്ട്. ഇതിന്റെ ഒടുവിലത്തെ ഉദാഹരണം മാത്രമാണ് ഇത്.
എന്നാല്‍ ഇത് വ്യാജപ്രചരണമാണ് എന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി തന്നെ വ്യക്തമാക്കിയിരിക്കുകയാണ്. വ്യാജ പ്രചരണത്തില്‍ ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു. 'എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സൗജന്യ ലാപ്‌ടോപ്പ് എന്ന് അറിയിച്ചുകൊണ്ട് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പേരില്‍ അപേക്ഷകരുടെ പേരു വിവരങ്ങള്‍ അടക്കം ശേഖരിച്ചുകൊണ്ട് ഒരു സൈബര്‍ തട്ടിപ്പിന് ശ്രമം നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.
സാധാരണ ജനങ്ങളിലേക്ക് വാട്‌സാപ്പ് സന്ദേശം വഴിയാണ് ഈ ലിങ്ക് എത്തുന്നത്. പൊതുജനങ്ങള്‍ തട്ടിപ്പിന് ഇരയാകുന്നത് തടയാന്‍ അതിവേഗം നടപടികള്‍ കൈക്കൊള്ളാന്‍ ഡിജിപിയ്ക്ക് പരാതി നല്‍കി,' മന്ത്രി പറഞ്ഞു.

Fact Check
വാദം
കേരളത്തിലെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സൗജന്യമായി ലാപ്‌ടോപ്പ് വിതരണം ചെയ്യുന്നു
നിജസ്ഥിതി
സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് വസ്തുതാവിരുദ്ധമായ കാര്യം












Click it and Unblock the Notifications