ബാങ്ക് ബറോഡയുടെ യുഎഇ ബ്രാഞ്ചിലെ അക്കൗണ്ടുകള്‍ കൂട്ടത്തോടെ ക്ലോസ് ചെയ്യുന്നു; സത്യാവസ്ഥ ഇതാണ്!!
ചിത്രം വൈറലായതിന് പിന്നാലെ ബാങ്ക് ഓഫ് ബറോഡ വിശദീകരണം നല്‍കിയിരുന്നു. അവരുടെ അല്‍ ഐനിലെ ബ്രാഞ്ച് മാര്‍ച്ച് 22ന് അടച്ചുപൂട്ടുകയാണെന്ന് അറിയിച്ചിരുന്നു.

ദില്ലി: ഗൗതം അദാനിയുമായി ബന്ധപ്പെട്ട ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് ഇന്ത്യയില്‍ അടക്കം വലിയ ചര്‍ച്ചയായി കൊണ്ടിരിക്കുകയാണ്. എന്നാല്‍ അതുകൊണ്ട് ഏതെങ്കിലും ബാങ്കുകളെ ബാധിക്കുമോ? സോഷ്യല്‍ മീഡിയയില്‍ കുറച്ച് ദിവസമായി പ്രചരിച്ച് കൊണ്ടിരിക്കുന്ന ഒരു ചിത്രത്തെ കുറിച്ചാണ് പറഞ്ഞ് വരുന്നത്.
ബാങ്ക് ഓഫ് ബറോഡയുടെ യുഎഇയിലെ അല്‍ ഐനിലുള്ള ശാഖയ്ക്ക് പുറത്ത് ആളുകള്‍ ക്യൂ നില്‍ക്കുന്നതാണ് ചിത്രത്തിലുള്ളത്. അദാനി വിഷയത്തെ തുടര്‍ന്ന് ആളുകള്‍ തങ്ങളുടെ പണമെല്ലാം ബാങ്കില്‍ നിന്ന് പിന്‍വലിച്ച് അക്കൗണ്ട് ക്ലോസ് ചെയ്യാന്‍ വേണ്ടി നില്‍ക്കുന്നവരാണെന്നായിരുന്നു ഒരു ട്വീറ്റില്‍ അവകാശപ്പെട്ടിരുന്നത്.
റിഷു പ്രകാശ് എന്ന ട്വിറ്റര്‍ അക്കണ്ടില്‍ നിന്നായിരുന്നു ഇത്തരമൊരു ട്വീറ്റ് പ്രചരിച്ചത്. അദാനി ഗ്രൂപ്പിന് കൂടുതല്‍ തുക വായ്പ അനുവദിക്കാനുള്ള തീരുമാനത്തില്‍ ഇന്ത്യന്‍ ജനത കടുത്ത രോഷത്തിലാണെന്നും നിരവധി സോഷ്യല്‍ മീഡിയ യൂസര്‍മാര്‍ അവകാശപ്പെട്ടിരുന്നു. അദാനി ഗ്രൂപ്പിന്റെ അഴിമതി തുറന്നുകാണിക്കപ്പെട്ടിട്ടും ബാങ്ക് ബറോഡ സിഇഒ അവര്‍ക്ക് കൂടുതല്‍ ഫണ്ടുകള്‍ അനുവദിച്ചുവെന്നും പ്രചാരണമുണ്ടായിരുന്നു.
ഈ ചിത്രം വൈറലായതിന് പിന്നാലെ ബാങ്ക് ഓഫ് ബറോഡ വിശദീകരണം നല്‍കിയിരുന്നു. അവരുടെ അല്‍ ഐനിലെ ബ്രാഞ്ച് മാര്‍ച്ച് 22ന് അടച്ചുപൂട്ടുകയാണെന്ന് അറിയിച്ചിരുന്നു. ഇത് വാണിജ്യപരമായ തീരുമാനമാണെന്നും, കഴിഞ്ഞ വര്‍ഷം എടുത്തതാണെന്നും കമ്പനി പറഞ്ഞു.
അതേസമയം സേവനങ്ങള്‍ തടസ്സപ്പെടാതിരിക്കാന്‍, ഇവിടെയും എല്ലാ അക്കൗണ്ടുകളും അബുദാബി ബ്രാഞ്ചിലേക്ക് മാറ്റിയിരുന്നു. ഈ അക്കൗണ്ട് ക്ലോസ് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മാര്‍ച്ച് 22ന് മുമ്പ് അത് ചെയ്യാമെന്നും കമ്പനി അറിയിച്ചിരുന്നു.
ഒരു വര്‍ഷം മുമ്പ് തന്നെ അല്‍ ഐനിലെ ബ്രാഞ്ച് ബാങ്ക് ഓഫ് ബറോഡ ക്ലോസ് ചെയ്യാന്‍ തീരുമാനിച്ചിരുന്നു. യുഎഇയിലെ സെന്‍ട്രല്‍ ബാങ്ക് ഇതിനുള്ള അനുമതിയും നല്‍കിയിരുന്നു. അതേസമയം ഈ പ്രചാരണം തെറ്റണെന്നും ബാങ്ക് അറിയിച്ചിരുന്നു. സോഷ്യല്‍ മീഡിയയിലെ വ്യാജ പ്രചാരണങ്ങളില്‍ വീഴരുതെന്നും ബാങ്ക് അറിയിച്ചിരുന്നു.

Fact Check
വാദം
്അദാനി ഗ്രൂപ്പിനെതിരായ ആരോപണങ്ങളെ തുടര്‍ന്ന് ബാങ്ക് ഓഫ് ബറോഡയുടെ അല്‍ ഐന്‍ ശാഖയിലെ പണമെല്ലാം ആളുകള്‍ പിന്‍വലിക്കുന്നുവെന്ന് പ്രചാരണം
നിജസ്ഥിതി
ഈ വാദങ്ങളെല്ലാം വ്യാജം. അല്‍ ഐനിലെ ശാഖ ബാങ്ക് ഓഫ് ബറോഡ പൂട്ടുന്നതിനെ തുടര്‍ന്നുള്ള തിരക്കാണ് ചിത്രത്തില്‍ കാണുന്നത്. അതാണ് പണം പിന്‍വലിക്കുന്നുവെന്ന വ്യാജ പ്രചാരണമാക്കി മാറ്റിയത്.












Click it and Unblock the Notifications