സായ് പല്ലവി വിവാഹിതയായോ? ചിത്രം വൈറല്‍, സത്യാവസ്ഥ ഇങ്ങനെ
പ്രേമം എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളികളുടെ മനസ്സില്‍ ഇടംപിടിച്ച നടിയാണ് സായ് പല്ലവി. സ്വന്തം നിലപാടുകള്‍ കൊണ്ടും നടി വ്യത്യസ്തയാവാറുണ്ട്. നടിയുടെ വിവാഹം കഴിഞ്ഞോ എന്നാണ് ആരാധകര്‍ ഇപ്പോള്‍ ചോദിക്കുന്നത്. കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ഒരു ചിത്രമാണ് ഇതിനെല്ലാം കാരണം. പൂമാലയണിഞ്ഞ് ഒരു യുവാവിനൊപ്പം നില്‍ക്കുന്ന ചിത്രമായിരുന്നു ഇത്.
നടിയുടെ വിവാഹ ചിത്രമാണിതെന്ന് വ്യാപക പ്രചാരണവും. ഇത്തരത്തിലുള്ള അഭ്യൂഹങ്ങള്‍ സ്ഥിരമായി വരാറുണ്ടെങ്കിലും ഈ ചിത്രം, സായ് പല്ലവിയുടെ വിവാഹം കഴിഞ്ഞുവെന്ന് വിശ്വസിക്കാന്‍ ആരെയും പ്രേരിപ്പിക്കുന്നതാണ്. എന്നാല്‍ എന്താണ് ഇതിന്റെ പിന്നിലെ സത്യാവസ്ഥ. നടി ശരിക്കും വിവാഹിതയായോ? രാജ്കുമാര്‍ പെരിയസാമി എന്ന സംവിധായകനെ നടി രഹസ്യമായി വിവാഹം കഴിച്ചുവെന്നായിരുന്നു ചിത്രത്തിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്.

പ്രണയത്തിന് നിറമൊന്നും പ്രശ്‌നമല്ലെന്നും, സായ് പല്ലവി യഥാര്‍ത്ഥ പ്രണയത്തിലാണ് വിശ്വസിക്കുന്നതെന്നും ഒരു യൂസര്‍ കുറിച്ചിരുന്നു. എന്നാല്‍ ഈ വാദങ്ങള്‍ എല്ലാം തെറ്റാണെന്ന് ട്രേഡ് അനലിസ്റ്റായ ക്രിസ്റ്റഫര്‍ കനകരാജ് വ്യക്തമാക്കി. ഈ ചിത്രങ്ങള്‍ തമിഴ് സൂപ്പര്‍ താരം ശിവ കാര്‍ത്തികേയന്റെ 21ാമത്തെ ചിത്രത്തിന്റെ പൂജ ചടങ്ങുകള്‍ക്കിടയില്‍ നിന്നുള്ള ചിത്രമാണ്. ലോഞ്ചിംഗിനിടെ എടുത്ത ചിത്രമാണ് സായ് പല്ലവിയുടെ വിവാഹമെന്ന പേരില്‍ പ്രചരിക്കുന്നത്.
ചിത്രത്തില്‍ സായ് പല്ലവിക്കൊപ്പം മാലയിട്ട് നില്‍ക്കുന്നത് ശിവ കാര്‍ത്തികേയന്‍ സിനിമയുടെ സംവിധായകനായ രാജ്കുമാര്‍ പെരിയസാമിയാണ്. പൂജാ ചടങ്ങുകളുടെ ഭാഗമായിട്ടാണ് ഇരുവരും മാല ധരിച്ചത്. സംവിധായകന്‍ തന്നെ ഇക്കാര്യത്തില്‍ വിശദീകരണം നല്‍കിയിരുന്നു. ഇതൊരു വിവാഹ ചിത്രമല്ലെന്നും, ചിത്രത്തിന്റെ പൂജയുടെ ഭാഗമായി എടുത്തതാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഈ ചിത്രം മെയ് ഒന്‍പതിന് രാജ്കുമാര്‍ പെരിയസാമി തന്നെ ട്വീറ്ര് ചെയ്തിരുന്നു. സായ് പല്ലവിയുടെ പിറന്നാള്‍ ദിനത്തിലായിരുന്നു ട്വീറ്റ്. അതേസമയം രാജ്കുമാറും, സായ് പല്ലവിയും മാത്രമുള്ള ഭാഗം കട്ട് ചെയ്താണ് ഈ ചിത്രം പ്രചരിപ്പിച്ചത്. പൂജാ ചടങ്ങിന്റെ മറ്റ് ചിത്രങ്ങളും രാജ്കുമാര്‍ ട്വീറ്റ്‌ചെയ്തിട്ടുണ്ട്.

Fact Check
വാദം
സായ് പല്ലവി വിവാഹിതയായെന്ന് സോഷ്യല്‍ മീഡിയ പ്രചാരണം.
നിജസ്ഥിതി
ശിവകാര്‍ത്തികേയന്‍ സിനിമയുടെ പൂജാ ചടങ്ങില്‍ നിന്നുള്ള ചിത്രങ്ങളാണ് സായ് പല്ലവിയുടെ വിവാഹത്തിന്റേതെന്ന പേരില്‍ പ്രചരിക്കുന്നത്.












Click it and Unblock the Notifications