Fact Check: യേശുദാസ് അത്യാസന്ന നിലയില്‍, ദിവസവും ഡയാലിസിസ്..? പ്രചരിക്കുന്ന വാര്‍ത്തയുടെ സത്യമിതാണ്
കോഴിക്കോട്: കഴിഞ്ഞ കുറെ നാളുകളായി അമേരിക്കയില്‍ മകനോടൊപ്പം കഴിയുകയാണ് മലയാളികളുടെ പ്രിയപ്പെട്ട ഗാനഗന്ധര്‍വ്വന്‍ കെ ജെ യേശുദാസ്. കേരളത്തിലെത്തിയിട്ട് നാളേറെയായെങ്കിലും മലയാളികള്‍ അദ്ദേഹത്തിന്റെ ഒരു പാട്ടെങ്കിലും കേള്‍ക്കാത്ത ദിവസങ്ങള്‍ വിരളമായിരിക്കും. ദിവസങ്ങള്‍ക്ക് മുന്‍പാണ് യേശുദാസ് തന്റെ 83-ാം ജന്മദിനം ആഘോഷിച്ചത്. എല്ലാ ജന്മദിനത്തിലും കൊല്ലൂര്‍ മൂകാംബിക സന്നിധിയില്‍ ഗാനാര്‍ച്ചന നടത്തുന്ന പതിവുണ്ട് അദ്ദേഹത്തിന്.
എന്നാല്‍ നാട്ടിലില്ലാത്തതിനാല്‍ ഇതിനും കുറച്ച് നാളായി മുടക്കം വന്നിട്ടുണ്ട്. ജനുവരി 10 ന് യേശുദാസിന്റെ പിറന്നാള്‍ ദിനത്തില്‍ നടന്‍ മമ്മൂട്ടി അടക്കമുള്ളവര്‍ പങ്കെടുത്ത ആഘോഷ ചടങ്ങ് കൊച്ചിയില്‍ നടന്നിരുന്നു. ഇതില്‍ യേശുദാസ് വീഡിയോ കോളിലൂടെ പങ്കെടുക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ യേശുദാസിന് അസുഖമാണ് എന്നും അദ്ദേഹം ഡയാലിസിസ് ചെയ്യുകയാണ് എന്നും ഉള്ള വാര്‍ത്തയും പ്രചരിക്കാന്‍ തുടങ്ങി.

സോഷ്യല്‍ മീഡിയയില്‍ ഈ വാര്‍ത്ത കാട്ടുതീ പോലെയാണ് പടര്‍ന്നത്. ചിലര്‍ യേശുദാസ് നാട്ടിലേക്ക് വരാത്തതിന് പിന്നില്‍ ഗുരുതരരോഗം ബാധിച്ചതിനാലാണ് എന്നും പറഞ്ഞിരുന്നു. എന്നാല്‍ ഈ പ്രചരിക്കുന്ന വാര്‍ത്ത കള്ളമാണ് എന്നുള്ളതാണ് വസ്തുത. യേശുദാസിന് നിലവില്‍ രോഗമൊന്നുമില്ല. വാര്‍ധക്യസഹജമായ ചില പ്രയാസങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍ പൂര്‍ണ ആരോഗ്യവാനാണ് അദ്ദേഹം.

അമേരിക്കയില്‍ മൂന്നാമത്തെ മകന്‍ വിശാല്‍ യേശുദാസിനൊപ്പമാണ് യേശുദാസ് കഴിയുന്നത്. ടെക്‌സാസിലെ ഡാലസിലാണ് വിശാല്‍ താമസിക്കുന്നത്. പിറന്നാളാഘോഷത്തിനിടെ ദാസേട്ടന്‍ ഡാലസിലായതിനാല്‍ വരാന്‍ കഴിഞ്ഞില്ല എന്ന് ചിലര്‍ പറഞ്ഞിരുന്നു. ഇതില്‍ ഡാലസ് എന്ന് പറഞ്ഞത് ഡയാലിസിസ് ആണെന്ന് കരുതി തെറ്റിദ്ധരിച്ചാണ് വാര്‍ത്ത പ്രചരിക്കാന്‍ തുടങ്ങിയത്. എന്നാല്‍ ഇത് തെറ്റാണെന്ന് യേശുദാസുമായി അടുത്ത വൃത്തങ്ങള്‍ തന്നെ സ്ഥിരീകരിക്കുന്നുണ്ട്.

യേശുദാസ് ഡയാലിസിസ് ചെയ്യുന്നില്ല എന്നും അദ്ദേഹം പൂര്‍ണ ആരോഗ്യവാനാണ് എന്നുമാണ് അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തും ഗാനരചയിതാവുമായ ആര്‍ കെ ദാമോദരന്‍ വ്യക്തമാക്കുന്നത്. ഇത്തരം വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ട ദാസേട്ടന്റെ ആത്മിത്രം ചേര്‍ത്തല ഗോവിന്ദന്‍കുട്ടി മാഷ് അന്വേഷിച്ച് വാര്‍ത്ത വ്യാജമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട് എന്നാണ് ദാമോദരന്‍ പറയുന്നത്.

മാത്രമല്ല 'കൃതിമണിമാലൈ' എന്ന സംഗീതഗ്രന്ഥം പരിശോധിച്ച് 72 രാഗങ്ങളെ ശുദ്ധീകരിക്കുന്ന പ്രവൃത്തിയിലേര്‍പ്പെട്ടിരിക്കുകയാണ് യേശുദാസ് എന്നും അദ്ദേഹം വ്യക്തമാക്കി. മകനും ഗായകനുമായ വിജയ് യേശുദാസിന്റെ മേല്‍നോട്ടത്തിലാണ് കൊച്ചിയില്‍ യേശുദാസിന്റെ ജന്മദിനാഘോഷം നടന്നത്. ഈ പരിപാടിയില്‍ ഓണ്‍ലൈനായി യേശുദാസ് മുഴുവന്‍ സമയവും പങ്കെടുക്കുകയും ചെയ്തിരുന്നു.

Fact Check
വാദം
യേശുദാസിന് ഗുരുതര രോഗമാണെന്നും ഡയാലിസിസ് ചെയ്യുന്നു എന്നും പ്രചരണം
നിജസ്ഥിതി
യേശുദാസിന് നിലവില്‍ രോഗമൊന്നുമില്ല. അദ്ദേഹം ഡാലസിലാണ് എന്നുള്ളത് ഡയാലിസിസിലാണ് എന്ന് തെറ്റായി കേട്ടതാണ് പ്രചരണത്തിമന് കാരണം












Click it and Unblock the Notifications