
ഇടത് സ്ഥാനാര്‍ത്ഥി ഡോ. ജോ ജോസഫ് ട്വന്റി ട്വന്റി സ്ഥാനാർത്ഥിയായിരുന്നോ? പ്രചാരണത്തിന് പിന്നിൽ
കൊച്ചി: തൃക്കാക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ പോര് കനക്കുകയാണ്. ഡോ. ജോ ജോസഫിനെ ഇടത് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ എതിരാളികള്‍ അദ്ദേഹത്തിന് എതിരെയുളള പ്രചാരണം സോഷ്യല്‍ മീഡിയയില്‍ ആരംഭിച്ച് കഴിഞ്ഞു. ജോ ജോസഫ് ട്വന്റി ട്വന്റി അംഗമാണെന്നും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോതമംഗലത്ത് ട്വന്റി ട്വന്റിയുടെ സ്ഥാനാര്‍ത്ഥി ആയിരുന്നു എന്നുമാണ് പ്രചാരണം.
നേരത്തെ ഇടതുപക്ഷ സഹയാത്രികനായിരുന്ന ചെറിയാന് ഫിലിപ്പ് ഇക്കാര്യം ആരോപിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ഇടതിന്റെ എതിരാളികള്‍ പോസ്റ്റിന് വന്‍ പ്രചാരം തന്നെ സോഷ്യല്‍ മീഡിയയില്‍ നല്‍കുകയും ചെയ്തു. എന്താണ് വസ്തുതയെന്ന് പരിശോധിക്കാം.
43 വർഷത്തെ കൂട്ട്, വിവാഹ വാർഷികം ആഘോഷിച്ച് മമ്മൂട്ടിയും സുൽഫത്തും, അപൂർവ ചിത്രങ്ങൾ കാണാം
2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ട്വന്റി ട്വന്റി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച വ്യക്തിയുടെ പേര് ഡോ. ജോ ജോസഫ് എന്നാണ്. ഈ ജോ ജോസഫ് അല്ല ഇടതുപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥിയായ ഡോ. ജോ ജോസഫ്. പേരുകള്‍ ഒന്നാണെങ്കിലും ആള് വേറെയാണ്. ട്വന്റി ട്വന്റി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഡോ. ജോ ജോസഫ് കേരള കോണ്‍ഗ്രസ് നേതാവ് പിജെ ജോസഫിന്റെ മരുമകനാണ്. കോതമംഗലം സ്വദേശിയായ ജോ ജോസഫിന്റെ കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്തെ പ്രചാരണ പോസ്റ്ററുകളും വീഡിയോകളുമെല്ലാം സോഷ്യല്‍ മീഡിയില്‍ ലഭ്യമാണ്.
തൃക്കാക്കരയിലെ ഇടത് മുന്നണി സ്ഥാനാര്‍ത്ഥിയായി ഡോ. ജോ ജോസഫിനെ പ്രഖ്യാപിച്ചതിന് പിന്നാലെ സിപിഎമ്മിലെ ചില നേതാക്കള്‍ക്കും അണികള്‍ക്കും തന്നെ ആളാരാണെന്ന കാര്യത്തില്‍ ആശക്കുഴപ്പമുണ്ടായിരുന്നു. മുന്‍ മന്ത്രി ടിപി രാമകൃഷ്ണന് തൃക്കാക്കരയിലെ ഇടത് സ്ഥാനാര്‍ത്ഥിക്ക് അഭിവാദ്യം അര്‍പ്പിച്ച് കൊണ്ട് പോസ്റ്റ് ചെയ്ത ചിത്രത്തിലുണ്ടായിരുന്നത് ട്വന്റി ട്വന്റി സ്ഥാനാര്‍ത്ഥി ആയിരുന്ന ജോ ജോസഫ് ആയിരുന്നു. തൃക്കാക്കരയിലെ ഡോ. ജോ ജോസഫ് എറണാകുളം ലിസി ആശുപത്രിയിലെ ഹൃദ്രോഗ വിദഗ്ധനാണ്.
43 കാരനായ ഡോ ജോ ജോസഫ് തൃക്കാക്കര മണ്ഡലത്തിലെ വാഴക്കാല സ്വദേശിയാണ്. കോട്ടയം മെഡിക്കൽ കോളേജിൽ നിന്നും എംബിബിഎസ് ബിരുദം നേടിയ ഡോക്ടർ ജോ , കട്ടക്ക് എസ് സിബി മെഡിക്കൽ കോളേജിൽ നിന്നും ജനറൽ മെഡിസിനിൽ എംഡിയും ഡൽഹി ആൾ ഇന്ത്യ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും കാർഡിയോളജിയിൽ ഡിഎമ്മും നേടി. ഡോ ജോസ് ചാക്കോ പെരിയപ്പുറത്തിനൊപ്പം നിരവധി ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയകൾക്ക് നേതൃത്വം നൽകി. പ്രളയ കാലത്ത് നടത്തിയ പ്രവർത്തനങ്ങൾക്ക് പുരസ്കാരം ലഭിച്ചിട്ടുണ്ട്.

Fact Check
വാദം
ജോ ജോസഫ് ട്വന്റി ട്വന്റി സ്ഥാനാര്‍ത്ഥി ആയിരുന്നു
നിജസ്ഥിതി
ട്വന്റി ട്വന്റി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഡോ. ജോ ജോസഫ് കേരള കോണ്‍ഗ്രസ് നേതാവ് പിജെ ജോസഫിന്റെ മരുമകനാണ്