മുൻ ഇന്ത്യൻ ക്രിക്കറ്റ് നായകൻ കപിൽ ദേവ് അന്തരിച്ചെന്ന് വ്യാജ പ്രചരണം; പ്രതികരിച്ച് മദൻ ലാൽ
ദില്ലി; ഇക്കഴിഞ്ഞ ദിവസമാണ് ഹൃദയാഘാതത്തെ തുടർന്ന് ഇന്ത്യൻ ഇതിഹാസ താരം കപിൽ ദേവിനെ ആശുപത്രിയൽ പ്രവേശിപ്പിച്ചത്.അദ്ദേഹത്തെ ആൻജിയോപ്ലാസ്റ്റി സർജറിക്ക് വിധേയനാക്കിയിരുന്നു. ഇപ്പോഴിതാ അദ്ദേഹം മരിച്ചെന്ന തരത്തിലുള്ള വ്യാജ പ്രചരണം കൊഴുക്കുകയാണ്. ഇതോടെ ഇത്തരം പ്രചരണങ്ങളിൽ പ്രതികരിച്ച് മുൻ ക്രിക്കറ്റ് താരം മദൻ ലാൽ രംഗത്തെത്തി.
കപിൽ ദേവിന്റെ ആരോഗ്യം സംബന്ധിച്ച് പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണ്. അദ്ദേഹം സുഖം പ്രാപിച്ച് വരികയാണ്.മറിച്ചുള്ള പ്രചപണങ്ങളെല്ലാം അടിസ്ഥാന രഹിതമാണെന്നും മദൻ ലാൽ പറഞ്ഞു.
ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് കപിൽ ദേവിനെ ഹൃദയാഘാതത്തെ തുടർന്ന് ദില്ലിയിലെ ഫോർടിസ് എസ്കോർട്സ് ആശുപത്രിയിലൽ പ്രവേശിപ്പിച്ചത്.ഉടന്‍ തന്നെ അദ്ദേഹത്തെ ആന്‍ജിയോപ്ലാസ്റ്റി ശസ്ത്രക്രിയക്കു വിധേയനാക്കുകയും ചെയ്തിരുന്നു. പിന്നീട് ആശുപത്രി വാസത്തിന് ശേഷം കഴിഞ്ഞ ദിവസം ഡിസ്ചാർജ്ജ് ആയതായി അദ്ദേഹം അറിയിച്ചിരുന്നു. എല്ലാവരുടേയും സ്നേഹത്തിനും കരുതലിനും നന്ദി അറിയിച്ച് താരം ട്വിറ്ററിലൂടെ പ്രതികരിച്ചിരുന്നു.
61കാരനായ കപിൽ ദേവ് ഇന്ത്യ കണ്ട ഏറ്റവും മികച്ച ഓൾറൗണ്ടറാണ്. 1983ൽ ഇന്ത്യ ആദ്യമായി ക്രിക്കറ്റ് ലോകകപ്പ് നേടുമ്പോൾ കപിൽ ആയിരുന്നു ഇന്ത്യയുടെ നായകൻ.400ലധികം വിക്കറ്റുകളും 5000ലധികം റൺസുകളും നേടിയ ഒരേയൊരു ക്രിക്കറ്ററാണ് കപിൽ. 434 വിക്കറ്റുകളും 5248 റൺസുമാണ് അദ്ദേഹത്തിനുള്ളത്.

Fact Check
വാദം
മുൻ ഇന്ത്യൻ ക്രിക്കറ്റ് നായകൻ കപിൽ ദേവ് അന്തരിച്ചെന്ന്
നിജസ്ഥിതി
മുൻ ഇന്ത്യൻ ക്രിക്കറ്റ് നായകൻ കപിൽ ദേവ് പൂർണ ആരോഗ്യവാനാണ്