'വിജയ് യുടെ പ്രവർത്തി പെണ്‍കുട്ടിക്ക് ഇഷ്ടപ്പെട്ടില്ല, തോളില്‍ വെച്ച കൈ എടുത്തുമാറ്റി': എന്താണ് സത്യാവസ്ഥ
പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ച തമിഴ് സൂപ്പർ താരം വിജയ് അടുത്ത നിയമസഭ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുകൊണ്ടുള്ള പ്രവർത്തനങ്ങള്‍ സജീവമാക്കി വരികയാണ്. പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്നത് വർഷങ്ങളായി വിജയ് തുടർന്ന് വരുന്ന കാര്യമാണെങ്കിലും രാഷ്ട്രീയ പാർട്ടി പ്രഖ്യാപനത്തിന് ശേഷം ഈ ചടങ്ങ് വിപുലമായ രീതിയിലാണ് നടത്തി വരുന്നത്.
ജൂൺ 28-ന് ചെന്നൈയിൽ നടന്ന തമിഴക വെട്രി കഴകത്തിൻ്റെ രണ്ടാം വിദ്യാഭ്യാസ അവാർഡ് ദാന ചടങ്ങിൽ പതിവ് പോലെ വിജയ് നേരിട്ട് പങ്കെടുക്കുകയും ചെയ്തു. 0, 12 ക്ലാസുകളില്‍ ഉന്നത വിജയം നേടിയ വിദ്യാർത്ഥികള്‍ക്കായിരുന്നു അനുമോദനം. ഓരോ വിദ്യാർത്ഥികളേയും വേദിയിലേക്ക് വിളിച്ച് വിജയ് തന്നെ ഷാള്‍ അണിയിക്കുകയും അനുമോദന പത്രം കൈമാറുകയും ചെയ്തു.

ചെന്നൈയിലെ അനുമോദന ചടങ്ങില്‍ നിന്നുള്ള ഒരു വീഡിയോ ആണ് ഇപ്പോള്‍ വ്യാപകമായ രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. അനുമോദനത്തിനിടെ വിജയ് ഒരു പെണ്‍കുട്ടിയുടെ തോളില്‍ കൈ വെക്കുമ്പോള്‍ ആ കുട്ടി താരത്തിന്റെ കൈ എടുത്ത് മാറ്റുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഈ വീഡിയോയെ ചുറ്റിപ്പറ്റി താരത്തെ മാത്രമല്ല പെണ്‍കുട്ടിയെ അടക്കം വിമർശിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്ത് വന്നത്.
എന്നാല്‍ യഥാർത്ഥത്തില്‍ വിജയ് തോളില്‍ കൈവെച്ചത് ഇഷ്ടപ്പെടാത്തതുകൊണ്ട് പെണ്‍കുട്ടി കൈ എടുത്ത് മാറ്റുന്നത് അല്ലെന്ന് പുറത്ത് വന്ന മുഴുവന്‍ ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാകും. വളരെ സ്നേഹത്തോടേയും ആദരവോടെയും തോളില്‍ നിന്നും വിജയിയുടെ കൈ എടുത്ത് മാറ്റിയ പെണ്‍കുട്ടി അതേ കൈ തന്നെ ചേർത്ത് പിടിച്ച് താരത്തോട് കൂടുതല്‍ അടുത്ത് നിന്നുകൊണ്ട് ഫോട്ടോയ്ക്ക് പോസ് ചെയ്യുകയായിരുന്നു.
ഏതാനും സമയത്തെ ദൃശ്യങ്ങള്‍ മാത്രം പ്രചരിപ്പിച്ച് വിജയ്ക്കെതിരെ തെറ്റായ പ്രചരണം നടത്തിയതിനെ രൂക്ഷമായ ഭാഷയില്‍ വിമർശിച്ചുകൊണ്ട് വിജയ് ആരാധകർ ഉള്‍പ്പെടേയുള്ളവർ ഇപ്പോള്‍ മുന്നോട്ട് വന്നിട്ടുണ്ട്. "നിങ്ങൾ വീഡിയോ പകുതിക്ക് വെച്ച് കട്ട് ചെയ്തിരിക്കുകയാണ്. മനപ്പൂർവ്വം ഇത്തരം തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ നിങ്ങള്‍ക്ക് എന്ത് സുഖമാണ് ലഭിക്കുന്നത്" തെറ്റായ വിവരം പങ്കുവെച്ച ഒരാളോടെ കമന്റ് ബോക്സില്‍ മറ്റൊരു വ്യക്തി കുറിച്ചു.
പാതി ദൃശ്യങ്ങള്‍ മാത്രം കാണിച്ച് യാഥാർത്ഥ്യത്തെ വളച്ചൊടിക്കാൻ ശ്രമിക്കുന്ന ഇത്തരം രീതി എവിടേയും കാണാന്‍ കഴിയും. എന്നാല്‍ അതിനെല്ലാം നിമിഷ നേരത്തെ ആയുസ്സ് മാത്രമാണ് ഉണ്ടാകുകയെന്ന് മനസ്സിലാക്കാന്‍ ഇനിയെങ്കിലും സാധിക്കണം എന്നായിരുന്നു മറ്റൊരു വ്യക്തിയുടെ പ്രതികരണം.

Fact Check
വാദം
അവാർഡ്ദാന ചടങ്ങില്‍ വെച്ച് വിജയ് യുടെ കൈ പെണ്‍കുട്ടി തോളില്‍ നിന്നും എടുത്ത് മാറ്റി.
നിജസ്ഥിതി
പ്രചരിക്കുന്നത് എഡിറ്റ് ചെയ്ത ദൃശ്യങ്ങള്‍. പെണ്‍കുട്ടി കൈ എടുത്ത് മാറ്റുന്നുണ്ടെങ്കിലും എതിർപ്പോടെയല്ല അത് ചെയ്യുന്നത്.












Click it and Unblock the Notifications