നിങ്ങള്‍ ആർക്കൊപ്പം? കർഷകർ ചോദിക്കുന്നു; ടിയർ ഗ്യാസ്, റബ്ബർ ബുള്ളറ്റ്, കർഷക വീര്യം: ശംഭു അതിർത്തിയില്‍ നിന്ന്
ഹരിയാന-ഡല്‍ഹി അതിർത്തിയായ സിംഗു.. സമയം ചൊവ്വാഴ്ച രാവിലെ എട്ട് മണി ,ദേശീയ പാത 44 ല്‍ ഹരിയാനക്ക് അഭിമുഖമായി നിലയുറപ്പിച്ച ഡല്‍ഹി പൊലീസ് സർവസജ്ജരായിക്കൊണ്ടിരിക്കുകയാണ്. മേല്‍പ്പാലത്തിന് മുകളിലും താഴേയുമായി റോഡുകളില്‍ വലിയ തടസ്സങ്ങള്‍. ഏറ്റവും പുറകില്‍ കണ്ടെയ്നറുകള്‍, അതിന് മുന്നില്‍ പൊലീസിന്റെ ഇരുമ്പ് ബാരിക്കേഡുകള്‍. മുകളിലായി മുള്ള് കമ്പിവേലികള്‍ നിരത്തിക്കൊണ്ടിരിക്കുന്ന തൊഴിലാളി..
ഏറ്റവും മുന്നിലായി വലിയ കോണ്‍ക്രീറ്റ് ബാരിക്കേഡുകള്‍. ബാരിക്കേഡുകള്‍ക്കിടയിലായി തലേദിവസം നിറച്ച കോണ്‍ക്രീറ്റ് മിശ്രിതം ഉറച്ച് വരുന്നതേയുള്ളു. കോണ്‍ക്രീറ്റ് ബാരിക്കേഡുകള്‍ക്കിടയിലെ വിടവുകളിലാണ് റാപ്പിഡ് ആക്ഷന്‍ ഫോഴ്സ് തോക്കുകള്‍, ടിയർ ഗ്യാസ് തുടങ്ങിയ എല്ലാവിധ സംവിധാനങ്ങളുമായി നിലയുറപ്പിച്ചിരിക്കുന്നത്. വീണ്ടും നിരവധി വാഹനങ്ങളിലായി പൊലീസുകാർ എത്തിക്കൊണ്ടിരിക്കുന്നു. മേലുദ്യോഗ്യസ്ഥർ എല്ലാവർക്കും നിർദേശങ്ങള്‍ നല്‍കുന്നു.

സിംഗു അതിർത്തിയിലെ സന്നാഹങ്ങള്‍
ദില്ലി ചലോ
കർഷക സംഘടനകള്‍ പ്രഖ്യാപിച്ച ദില്ലി ചലോ മാർച്ച് രാജ്യതലസ്ഥാനത്തേക്ക് കടക്കാതിരിക്കാനുള്ള തയ്യാറെടുപ്പുകളാണ്. സിംഗുവില്‍ മാത്രമല്ല ഡല്‍ഹിയുടെ പ്രധാനപ്പെട്ട എല്ലാ അതിർത്തികളിലും നിയന്ത്രണങ്ങളുണ്ട്. 2020-21 ല്‍ രാജ്യം കണ്ട സമാനതകളില്ലാത്ത കർഷക സമരത്തില്‍ പഞ്ചാബില്‍ നിന്നും ഹരിയാനയില്‍ നിന്നുമുള്ള കർഷകർ വന്‍തോതില്‍ തമ്പടിച്ചത് സിംഗു അതിർത്തിയിലാണ്. അതുകൊണ്ട് തന്നെ ഇവിടെ ഇത്തവണ വന്‍ സുരക്ഷാ സന്നാഹങ്ങളാണ് പൊലീസ് തീർത്തിരിക്കുന്നത്. സമാനമായ രീതിയിലുള്ളതല്ലെങ്കിലും ഡല്‍ഹി-യുപി അതിർത്തിയായ ഗാസിപ്പൂരിലും പൊലീസ് നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തിയത് കഴിഞ്ഞ ദിവസം വൈകീട്ട് തന്നെ കണ്ടിരുന്നു.
വിവിധ കേന്ദ്രങ്ങളില്‍ നിന്നും പുറപ്പെടുന്ന കർഷകർ ഉച്ചയോടെ സിംഗുവില്‍ എത്തുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ പഞ്ചാബ്-ഹരിയാന അതിർത്തിയായ ശംഭുവില്‍ വെച്ച് കർഷകരെ ഹരിയാന പൊലീസ് തടഞ്ഞതായും അവിടെ ഏറ്റുമുട്ടല്‍ നടക്കുന്നതുമായുള്ള വാർത്തകള്‍ വരുന്നു. പഞ്ചാബില്‍ നിന്നും ഹരിയാന കടന്ന് വേണം കർഷകർക്ക് ഡല്‍ഹിയിലേക്ക് എത്താന്‍. എന്നാല്‍ ഒരു കാരണവശാലും കർഷകരെ ഹരിയാനയിലൂടെ കടത്തിവിടില്ലെന്ന നിലപാടിലാണ് ഹരിയാന സർക്കാർ.

സമരം നയിക്കുന്നവർ
സംയുക്ത കിസാൻ മോർച്ച (രാഷ്ട്രീയേതരം), കിസാൻ മസ്ദൂർ മോർച്ച (കെഎംഎം) എന്നിവരാണ് നിലവിലെ സമരത്തിന് നേതൃത്വം നല്‍കുന്നത്. സംയുക്ത കിസാൻ മോർച്ചയ്ക്ക് കീഴിലായി 150 ലേറെ കർഷക സംഘടനകളും കിസാൻ മസ്ദൂർ മോർച്ചയ്ക്ക് കീഴിലായി 250ലേറെ കർഷക യൂണിയനുകളും അണിനിരക്കുന്നു. 2020-21 കാലത്തെ സമരത്തിനു നേതൃത്വം നൽകിയ സംയുക്ത കിസാൻ മോർച്ച (എസ്കെഎം) 2022 ജൂലൈയിൽ പിളർന്നിരുന്നു. എങ്കിലും സംയുക്ത കിസാന്‍ മോർച്ചയിലെ സംഘടനകളും സമരക്കാരുടെ ആവശ്യങ്ങള്‍ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.
ശംഭു.. ടിയർ ഗ്യാസും വെടിവെയ്പ്പും
ഡല്‍ഹിയില്‍ നിന്നും ശംഭുവിലേക്കുള്ള യാത്ര.. ഏറ്റവും വേഗത്തില്‍ എത്തുന്നതും പ്രധാനപ്പെട്ടതുമായ പാത നാഷണല്‍ ഹൈവേ 44 ആണ്. അതിർത്തികള്‍ പൊലീസ് അടച്ചതിനാല്‍ ഗാസിപ്പൂർ, ഛണ്ഡീഗഡ് വഴി പഞ്ചാബില്‍ കടന്നാണ് കർഷകർക്ക് സമീപത്തേക്ക് എത്തുന്നത്. ശംഭു അതിർത്തിയിലേക്ക് എത്തുന്നതിന് കിലോമീറ്ററുകള്‍ക്ക് മുമ്പ് തന്നെ കർഷകരുടെ വാഹനങ്ങള്‍ കണ്ട് തുടങ്ങും. ട്രാക്ടറുകളും അതില്‍ ഘടിപ്പിച്ചിരിക്കുന്ന ട്രോളികളും. ട്രോളികളില്‍ രാത്രി കിടക്കാനുള്ള സൗകര്യങ്ങളാണ്.

ശംഭുവിലെത്തി നേരെ പോയത് കർഷകരും പൊലീസും മുഖാമുഖം നില്‍ക്കുന്ന പാലത്തിന് സമീപത്തേക്ക്. ശംഭുവില്‍ ഹരിയാനയേയും പഞ്ചാബിനേയും വേർതിരിക്കുന്ന ഗഗ്ഗർ നദി. ഇരു സംസ്ഥാനങ്ങളേയും ബന്ധിപ്പിക്കുന്ന രണ്ട് പാലങ്ങള്‍. പാലങ്ങളുടെ ഒത്ത നടുവിലായി ഹരിയാന പൊലീസ് നിലയുറപ്പിച്ചിരിക്കുന്നു. താഴെ നദിക്ക് ഇരുകരയിലുമായീ പൊലിസും കർഷകരുമുണ്ട്. പാലം തുടങ്ങുന്നതിന് സമീപത്ത് സ്ഥാപിച്ച ചെറിയ ബാരിക്കേഡുകള്‍ക്ക് ഇപ്പുറമാണ് കർഷകരുള്ളത്.
പൊലീസ് തീർത്ത ബാരിക്കേഡുകളില്‍ ചിലത് കർഷകർ തള്ളി മുന്നോട്ട് കൊണ്ടുപോകുന്നു. താഴെ വയലിലും എന്തോ ഒരു പ്രകോപനം ഉണ്ടായി. പെട്ടെന്ന് തുടരെ തുടരെ കർഷകർക്ക് നേരെ പൊലീസിന്റെ ടിയർ ഗ്യാസ് പ്രയോഗം. റബ്ബർ ബുള്ളറ്റ് വെടിവെയ്പ്പും. എല്ലാവരും ചിതറിയോടുന്നു. ഒരു ടിയർ ഗ്യാസ് ഷെല്‍ വീണ് പൊട്ടിയത് എന്റെ തൊട്ട് അരികില്‍. രൂക്ഷമായ ഗന്ധം കാരണം അല്‍പ നേരം ശ്വാസം തടസ്സം നേരിട്ടു, കണ്ണുകള്‍ എരിയുന്നു. ഉടന്‍ തന്നെ ഒരു കർഷകന്‍ വന്ന് പിടിച്ച് ബാരിക്കേഡിന് സമീപത്തേക്ക് മാറ്റി, കുറച്ച് ഉപ്പ് തന്ന് കഴിക്കാനും മുഖം വെള്ളം കൊണ്ട് കഴുകാനും പറഞ്ഞു.

അപ്പോഴും ചുറ്റും ടിയർ ഗ്യാസ് പ്രയോഗം തുടരുകയാണ്. നിലത്ത് പതിച്ചിട്ടും പൊട്ടാത്ത ടിയർ ഗ്യാസുകള്‍ കർഷകർ നനഞ്ഞ ചാക്കുകൊണ്ട് മൂടി നിർവീര്യമാക്കുന്നുണ്ട്. മുഖത്തും പേസ്റ്റ്, സ്വിമ്മിങ് കണ്ണടകള്‍, അതും അല്ലെങ്കില്‍ നനഞ്ഞ തുണികൊണ്ട് മുഖം മൂടിയാണ് കർഷകർ ടിയർ ഗ്യാസ് പ്രയോഗത്തെ നേരിടുന്നത്. അല്‍പ സമയം കഴിഞ്ഞതോടെ സമരമുഖം ശാന്തമായി. ഇരുവശത്ത് നിന്നും ഇടക്കിടെയുള്ള പ്രകോപനങ്ങള്‍ക്കൊടുവില്‍ രാത്രി വീണ്ടും ടിയർ ഗ്യാസ് പ്രയോഗവും റബ്ബർ ബുള്ളറ്റ് വെച്ചുള്ള വെടിവെയ്പ്പുമുണ്ടായി. ആദ്യ ദിവസം ഡ്രോണ്‍വഴിയും കർഷകർക്ക് നേരെ പൊലീസ് ടിയർഗ്യാസ് പ്രയോഗിച്ചിരുന്നു. പട്ടം പറത്തിക്കൊണ്ട് ഡ്രോണുകളെ വീഴ്ത്തിക്കൊണ്ടാണ് കർഷകർ ഇതിനെ നേരിട്ടത്.
ആവശ്യങ്ങള്‍ നേടിയെടുക്കാതെ പിന്നോട്ടില്ല
ഹരിയാന പൊലീസ് ടിയർ ഗ്യാസല്ല വെടിവെയ്പ്പ് തന്നെ നടത്തിയാലും പിന്‍വാങ്ങില്ലെന്നാണ് പരിചയപ്പെട്ട ഓരോ കർഷകർക്കും പറയാനുള്ളത്. " ഈ ടിയർ ഗ്യാസ് പ്രയോഗം കണ്ടൊന്നും ഭയപ്പെടുന്നവരല്ല ഞങ്ങള്‍. ഞങ്ങള്‍ കർഷകരാണ്. പാകിസ്താനികളെ നേരിടുന്നത് പോലെയാണ് ഹരിയാന സർക്കാരും കേന്ദ്ര സർക്കാരും ഞങ്ങളെ നേരിടുന്നത്. ഞങ്ങളുടെ നേതാക്കള്‍ പറഞ്ഞതുകൊണ്ട് മാത്രമാണ് ഇപ്പോള്‍ ഇവിടെ തുടരുന്നത്. മറിച്ച് മുന്നോട്ട് പോകണം എന്നാണ് നേതാക്കള്‍ പറയുന്നതെങ്കില്‍ എന്ത് വിലകൊടുത്തും മുന്നോട് പോകും" കർഷകനായ ലപ്രീത് സിങ് പറയുന്നു.

'കാർഷകരുടെ കടങ്ങള്‍ എഴുതിതള്ളുക, ലഖിംപുർ ഖേരി അതിക്രമത്തിലെ എല്ലാ പ്രതികളെയും ശിക്ഷിക്കുക, നേരത്തെ നടന്ന കർഷക സമരത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ജോലിയും നഷ്ടപരിഹാരവും നല്‍കുക. തൊഴിലുറപ്പ് ദിനങ്ങള്‍ 200 ആക്കുകയും മിനിമം കൂലി വർധിപ്പിക്കുകയം ചെയ്യുക. കുറഞ്ഞ താങ്ങുവിലയ്ക്ക് പുറമെ സ്വാമിനാഥന്‍ കമ്മിഷന്റെ നിര്‍ദേശങ്ങള്‍ നടപ്പാക്കുക' തുടങ്ങിയ ആവശ്യങ്ങളാണ് തങ്ങള്‍മുന്നോട്ട് വെക്കുന്നതെന്നും കർഷകന്‍ കൂട്ടിച്ചേർത്തു.
ചർച്ചയുടെ ദിനം, ആശുപത്രിയില്‍ കണ്ടത്
ഇന്ന് സമരമുഖം പൊതുവെ ശാന്തമാണ്. വൈകീട്ട് ഛണ്ഡിഗഡില്‍ കേന്ദ്ര സർക്കാരുമായുള്ള മൂന്നാം ഘട്ട ചർച്ചകള്‍ നടക്കുന്നുണ്ട്. കഴിഞ്ഞ ദിവസം നിന്നതിനും അല്‍പം പിറകിലായിട്ടാണ് കർഷകർ നിലയുറപ്പിച്ചിരിക്കുന്നത്. വളണ്ടിയർമാർ വലിയ കയർ കെട്ടി അവരെ നിയന്ത്രിച്ചിരിക്കുകയാണ്. എങ്കിലും ചില സമയങ്ങളില്‍ കർഷകർ നിയന്ത്രണങ്ങള്‍ ലംഘിച്ച് പാലത്തിന് സമീപത്തേക്ക് നീങ്ങുന്നുണ്ട്.
പരിക്കേറ്റ കർഷകരെ പ്രവേശിപ്പിച്ചിരിക്കുന്ന രാജ് പുരയിലെ ആശുപത്രിയിലെത്തി. ജനറല്‍ വാർഡില്‍ നിരവധി കർഷകർ. കൈക്കും കാലിനും മുഖത്തുമെല്ലാം പരിക്കേറ്റവർ ആശുപത്രിയില്‍ ചികിത്സയിലുണ്ട്. ആദ്യ രണ്ട് ദിവസങ്ങളില്‍ പരിക്കേറ്റ ഇരുന്നോളം പേരെ ഇവിടെ പ്രവേശിപ്പിച്ചിരുന്നുവെന്നാണ് പരിക്കേറ്റ കർഷകർ പറയുന്നത്. മൂന്നാം ദിനമായ ഇന്ന് ചുരുക്കം കർഷകർ മാത്രമാണുള്ളത്. 'ഹരിയാന പൊലീസ് ശത്രുക്കളെ നേരിടുന്നത് പൊലെയാണ് കർഷകരെ നേരിടുന്നത്' പരിക്കേറ്റ ഒരു കർഷകന്‍ പറയുന്നു.

സമര ഭൂമിയിലെ ജീവിതം
മുന്‍ സമരത്തിലേത് എന്നപോലെ എല്ലാ വിധ സന്നാഹങ്ങളുമായിട്ടാണ് കർഷകർ അതിർത്തിയിലേക്ക് എത്തിയിരിക്കുന്നത്. ആഴ്ചകളോളം കഴിയാന്‍ ആവശ്യമായ ഭക്ഷണം, വെള്ളം, വസ്ത്രം തുടങ്ങിയ എല്ലാവിധ അവശ്യ സംവിധാനങ്ങളും കരുതിയിട്ടുണ്ട്. അതിരാവിലെ ചായക്കൊപ്പം ബിസ്ക്കറ്റും റസ്കുമായാണ് സമര മുഖത്തെ ഒരു ദിവസം ആരംഭിക്കുന്നത്. കുളിക്കാനും മറ്റും സമീപത്ത് തന്നെ സൗകര്യങ്ങളുണ്ട്. രാവിലത്തെ ചായകഴിയുമ്പോഴേക്കും ചപ്പാത്തിയും വിവിധ തരത്തിലുള്ള കറികളും തയ്യാറാകും. നിരവധി കേന്ദ്രങ്ങളിലായി ഭക്ഷണ വിതരണമുണ്ട്. ഒരിടത്ത് ലഭിക്കുന്ന കറിയായിരിക്കില്ല, മറ്റൊരിടത്ത് നല്‍കുന്നത്. ചുരുക്കി പറഞ്ഞല്‍ ഭക്ഷണം സുഭിക്ഷം.
കുപ്പിവെള്ളം ഏത് സമയത്തും എവിടേയും ലഭിക്കുന്നു. ലെസ്സി, പഞ്ചാബികളുടെ പായസമായ രുചികരമായ ഖീർ, മധുരപലഹാരങ്ങള്‍ എന്നിവയും വിവിധ സ്ഥലങ്ങളില്‍ വിതരണം ചെയ്യുന്നു. ഉച്ചക്ക് ചപ്പാത്തി, വെജിറ്റബിള്‍ ബിരിയാണി, ചോറ് തുടങ്ങിയവയാണ്. ഇടക്ക് ട്രാക്ടറുകളിലായി ഓറഞ്ച് വിതരണം ചെയ്യുന്നു. ഭക്ഷണം ഏത് സമയത്തും എവിടേയും ലഭിക്കും എന്നതാണ് പ്രത്യേകത. രാത്രിയിലും ഭക്ഷണത്തിന് കുറവൊന്നുമില്ല.

രാത്രിയാകുമ്പോള്‍ കലാപരിപാടികളുമുണ്ട്. പഞ്ചാബി ഗാനങ്ങള്‍ക്കൊപ്പം എല്ലാവരും ഒരുപോലെ ചുവട് വെക്കുന്നു. ടിയർ ഗ്യാസ് ആക്രമണത്തിലും മറ്റും പരിക്കേല്‍ക്കുന്നവരെ ചികിത്സിക്കാനുള്ള താല്‍ക്കിലിക ചികിത്സാ സൗകര്യങ്ങളും ശംഭൂ അതിർത്തിയിലുണ്ട്. സാരമായ പരിക്കേല്‍ക്കുന്നവരെ രാജ്പുരയിലെ ആശുപത്രിയിലാണ് പ്രവേശിക്കുന്നത്.
വ്യാഴാഴ്ച വൈകീട്ട് ആരംഭിച്ച ചർച്ച തീരുമാനമാകാതെ പിരിയുന്നത് അർദ്ധരാത്രിയോടെയാണ്. വെള്ളിയാഴ്ച രാവിലെ സമരമുഖത്തുണ്ടായിരുന്ന ഗ്യാൻ സിങ് (65) എന്ന കർഷകന്‍ മരിച്ചുവെന്ന വാർത്തകളും പുറത്ത് വരുന്നു. പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചപ്പോഴുണ്ടായ ആരോഗ്യ പ്രശ്നങ്ങളെ തുടർന്നാണ് ഗ്യാൻ സിങ് മരണപ്പെട്ടതാണ് കർഷക സംഘടന നേതാക്കള്‍ വ്യക്തമാക്കുന്നത്. സംഘർഷത്തിനിടെ റബ്ബർ ബുള്ളറ്റ് പ്രയോഗിച്ചപ്പോൾ കിസാൻ മസ്ദൂർ സംഘർഷ് കമ്മിറ്റി പ്രവർത്തകനായിരുന്ന ഗ്യാൻ സിങിന് പരിക്കേറ്റതായും കുടുംബം പറയുന്നു. സംഘര്‍ഷത്തില്‍ പരിക്കേറ്റ മൂന്ന് കര്‍ഷകര്‍ക്ക് കാഴ്ച്ച നഷ്ടപ്പെട്ടതായി പഞ്ചാബ് ആരോഗ്യമന്ത്രി ബല്‍ബീര്‍ സിങും വ്യക്തമാക്കുന്നുണ്ട്.

പൊട്ടാത്ത ടിയർ ക്യാസ് ഷെല്ലുകളുമായി കർഷകന്‍
നാലാം ദിനം സംഘർഷമുഖരിതം
നാലം ദിനം സമര മുഖം കുറേക്കൂടി സംഘർഷ മുഖരിതമാണ്. പ്രകോപനങ്ങള്‍ക്കൊടുവില്‍ പൊലീസ് രൂക്ഷമായ ടിയർ ഗ്യാസ് പ്രയോഗം നടത്തുന്നു. കർഷകർ ചാക്കുകള്‍ കൂട്ടിയിട്ട് കത്തിച്ച് ട്രാക്ടറില്‍ ഘടിപ്പിച്ച വലിയ ഫാന്‍ പ്രവർത്തിപ്പിച്ച് പുക പൊലീസുകാർക്ക് നേരെ തിരിച്ച് വിടുന്നു. ഇതിന് ഇടയില്‍ പാലത്തിന് മുകളില്‍ നിന്ന പ്രതിഷേധക്കാരെ നേരിടാനായി ഹരിയാനാ പൊലീസ് ബാരിക്കേഡ് കടന്ന് മുന്നോട്ട് കുതിച്ചെത്തുന്നു. കർഷകരില്‍ ചിലർ പിന്തിരിഞ്ഞ് ഓടിയെങ്കിലും മറ്റ് ചിലർ മുഖാമുഖം നിന്ന് പൊലീസിനെ വെല്ലുവിളിക്കുന്നു. പ്രവർത്തകർ പാലത്തില്‍ നിന്ന് പിന്‍വാങ്ങിയതോടെ പൊലീസും പിന്‍വാങ്ങുന്നു. രംഗം ശാന്തമായതോടെ പൊട്ടാത്ത ടിയർ ഗ്യാസ് ഷെല്ലുകളും റബ്ബർ ബുള്ളറ്റുകളും പ്രവർത്തകർ എടുത്ത് കാണിച്ച് തന്നു. പലതും കാലാവധി കഴിഞ്ഞവ.
സമരമുഖത്ത് നിന്നാണ് സംയുക്ത കിസാൻ മോർച്ച (രാഷ്ട്രീയേതരം) വിഭാഗം അഖിലേന്ത്യ കോർഡിനേഷന്‍കമ്മിറ്റി മെമ്പറും മലയാളിയുമായ വികെ ബിജുവിനെ കാണുന്നത്. "കഴിഞ്ഞ ദിവസം രാത്രി രണ്ട് മണിവരെ ചർച്ച നടന്നിരുന്നു. ആദ്യമായി സർക്കാർ ഒന്ന് അയഞ്ഞതായി തോന്നുന്നു. കർഷകരുടെ കടം എഴുതി തള്ളല്‍, എംഎസ്പി തുടങ്ങിയ വിഷയങ്ങളില്‍ ഒരു പദ്ധതി എഴുതി തയ്യാറാക്കി ഞായറാഴ്ച വീണ്ടും ചർച്ചയ്ക്ക് എത്താമെന്നാണ് സർക്കാർ പ്രതിനിധികള്‍ വ്യക്തമാക്കിയത്. ആദ്യമായിട്ട് സർക്കാറിന്റെ ഭാഗത്ത് നിന്നും ഒരു അയവ് ഉണ്ടായതായി തോന്നുന്നു. അതുകൊണ്ടാണ് ഞായറാഴ്ച വരെ സമാധാനപരമായി ഇവിടെ സമരം തുടരാനാണ് തീരുമാനിച്ചിരിക്കുന്നത്." വികെ ബിജു പറഞ്ഞു.

നിങ്ങള്‍ ആർക്കൊപ്പം?
വെള്ളിയാഴ്ച രാജ്പുരിലെ താമസ സ്ഥലത്ത് നിന്നും ശംഭുവിലേക്ക് എത്തുന്നത് കർഷകരുടെ ട്രാക്ടറിലാണ്. മാധ്യമപ്രവർത്തകനാണ് എന്ന് പറഞ്ഞപ്പോള്‍ "നിങ്ങള്‍ കർഷകർക്കൊപ്പം നില്‍ക്കുന്ന മാധ്യമപ്രവർത്തകനാണോ അതോ, സർക്കാറിനൊപ്പം നില്‍ക്കാനുന്ന മാധ്യമപ്രവർത്തകനാണോ" എന്നാണ്. സമരവേദിയില്‍വെച്ച് പരിചയപ്പെട്ട പലരും ഇതേ ചോദ്യം ചോദിച്ചുകൊണ്ടിരുന്നു. നിങ്ങള്‍ ആർക്കൊപ്പമാണ്?
-
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം -
ബെംഗളൂരു യെമലൂർ-ഔട്ടർ റിംഗ് റോഡ്; വടിയെടുത്ത് ഈസ്റ്റ് സിറ്റി കോർപറേഷൻ,മാർച്ച് 15 നകം പൂർത്തിയാക്കണം












Click it and Unblock the Notifications