കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാജ്പേയി, അരുന്ധതിറോയി.....പിന്നെ കേരളവും

  • By Staff
Google Oneindia Malayalam News

വാജ്പേയി കുമരകത്ത് അവധിക്കാലം ചെലവഴിക്കാന്‍ എത്തിയതോടെ ഈ കായലോര പ്രദേശം രാജ്യം മുഴുവന്‍ പ്രശസ്തമായിരിക്കുകയാണ്. കേരളത്തിലെ കായലോര ടൂറിസത്തിന്റെ വിപണന സാധ്യതകള്‍ ഇതുവഴി വര്‍ദ്ധിക്കുമെന്നാണ് വിനോദസഞ്ചാര വകുപ്പ് അധികൃതരുടെ കണക്കുകൂട്ടല്‍.

അടുത്ത കാലം വരെ കായലോര ടൂറിസത്തിന്റെ വിപണനം പ്രധാനമായും വിദേശ ടൂറിസ്റുകളെയായിരുന്നു ലക്ഷ്യം വച്ചിരുന്നത്. ഇന്ത്യയില്‍ ഉയര്‍ന്നു വരുന്ന പുതിയ ഉന്നത മധ്യവര്‍ഗത്തെയും ഇനി കേരളത്തിലെ കായലോര ടൂറിസത്തിലേക്ക് ആകര്‍ഷിക്കാനാണ് ശ്രമം.

അഞ്ചക്ക ശമ്പളം വാങ്ങുന്ന കമ്പ്യൂട്ടര്‍ പ്രൊഫഷണലുകളും മാനേജ്മെന്റ് വിദഗ്ദരും അടങ്ങുന്ന നഗരമധ്യവര്‍ഗത്തിലെ പുതിയ തലമുറ അവധിക്കാല സുഖം നുണയാന്‍ എത്ര കാശെറിയാനും ഒരുക്കമാണെന്നത് ആഭ്യന്തര ടൂറിസത്തില്‍ പുത്തനുണര്‍വ് പകര്‍ന്നിട്ടുണ്ട്. പ്രധാനമന്ത്രിയുടെ കുമരകം സന്ദര്‍ശനം ആഘോഷമാക്കിയ മാധ്യമങ്ങള്‍ അതു വഴി കായലോര ടൂറിസത്തെയും പ്രോത്സാഹിപ്പിക്കുകയായിരുന്നു.

കരുനാഗപ്പള്ളിക്കടുത്തുള്ള ആലുംകടവിലെ കായലോര സുഖവാസ കേന്ദ്രം തുടങ്ങുന്നതോടെ അഷ്ടമുടിക്കായലിന്റെ ടൂറിസം സാധ്യതകള്‍ വര്‍ദ്ധിക്കുമെന്ന് ടൂറിസം ഡയറക്ടര്‍ ഡോ.വി.വേണു ചൂണ്ടിക്കാട്ടുന്നു. കുമരകം, തണ്ണീര്‍മുക്കം, ആലപ്പുഴ എന്നിവിടങ്ങളില്‍ നിര്‍മ്മിക്കുന്ന ടെര്‍മിനലുകള്‍ വേമ്പനാട് കായലിലെ ബോട്ട് സര്‍വീസ് കൂടുതല്‍ കാര്യക്ഷമമാക്കും.

ഏഷ്യയിലെ ഏറ്റവും വലിയ ശുദ്ധജല തടാകമായ വേമ്പനാട്ട് കായലാണ് കുമരകത്തിന്റെ പ്രധാന ആകര്‍ഷണം. എങ്കിലും സാധാരണക്കാരന് താമസിക്കാന്‍ പറ്റിയ ചെറുകിട ഹോട്ടലുകളൊന്നും ഇവിടെയില്ല. വന്‍കിട ഹോട്ടല്‍ ചെയിനുകളാണ് ഇപ്പോള്‍ കുമരകം കൈയടക്കിയിരിക്കുന്നത്. കുമരകത്തെ റിസോര്‍ട്ട് വില്ലേജാക്കുന്ന ചുമതലയും സ്വകാര്യ കമ്പനിക്കാണ് നല്‍കിയിരിക്കുന്നത്. ചെറുകിട ഹോട്ടലുകള്‍ ഉയര്‍ന്നുവന്നാല്‍ ആഭ്യന്തര ടൂറിസ്റുകളുടെ വരവ് വര്‍ദ്ധിക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

അരുന്ധതി റോയിയുടെ ബുക്കര്‍ സമ്മാനാര്‍ഹമായ ഗോഡ് ഓഫ് സ്മോള്‍തിംഗ്സ് എന്ന നോവലില്‍ കേരളത്തിലെ കായലുകളെയും മഴക്കാലത്തെയും ഹൃദയഹാരിയായി വര്‍ണ്ണിച്ചിട്ടുണ്ട്. അന്താരാഷ്ട്ര പ്രശസ്തിയാര്‍ജ്ജിച്ച ഈ നോവലും ഈ വിധത്തില്‍ കേരളത്തിലെ കായലോര ടൂറിസത്തെ മാധ്യമശ്രദ്ധയില്‍ കൊണ്ടുവന്നുവെന്ന് കരുതപ്പെടുന്നു.

ആരും അറിയാതെ ഉള്‍നാടുകളിലെ വൈദ്യശാലകളില്‍ ഒതുങ്ങിപ്പോയിരുന്ന പിഴിച്ചിലും തിരുമ്മലും തിരക്കുപിടിച്ച നിത്യജീവിതത്തിന്റെ പിരിമുറുക്കം കുറയ്ക്കാനെത്തുന്ന വിനോദ സഞ്ചാരിക്ക് പുതിയൊരനുഭവമായിരുന്നു. ആയുര്‍വേദ ചികിത്സയും കായലോര ടൂറിസവും ചേര്‍ന്നാല്‍ പിന്നെ തിരിഞ്ഞുനോക്കേണ്ടി വരില്ലെന്ന് ടൂറിസം ബിസിനസ് രംഗത്തുള്ളവര്‍ മനസിലാക്കി. വാജ്പേയിയുടെ കുമരകം സുഖവാസത്തില്‍ ആയുര്‍വേദ ചികിത്സയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

എന്തായാലും കെട്ടുവള്ളം യാത്രയും കരീമീന്‍ കറിയും കുമരകത്തെത്തുന്ന ദേശാടനപ്പക്ഷികളും വാജ്പേയിയുടെ അവധിക്കാലത്തോടൊപ്പം ഇന്ത്യയിലെ മാധ്യമങ്ങളില്‍ നിറഞ്ഞുകഴിഞ്ഞു. ഈ വിഐപി അവധിക്കാല വെള്ളത്തില്‍ ചൂണ്ടയിട്ടാല്‍ ധാരാളം മീനുകള്‍ കുടുങ്ങുമെന്ന് വിനോദസഞ്ചാര രംഗത്തുള്ളവര്‍ മനസിലാക്കിയിട്ടുണ്ടെന്ന് വേണം കരുതാന്‍.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X