• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സുവര്‍ണനഗരിയാവുന്ന തിരുവനന്തപുരം

  • By Staff

തിരുവനന്തപുരത്തെ സ്വര്‍ണവ്യാപാരമേഖല അടുത്ത കാലം വരെ വലിയ ബഹളങ്ങളൊന്നുമില്ലാതെ നില്‍ക്കുകയായിരുന്നു. എന്നാല്‍ വന്‍തോക്കുകളായ ജോസ്കോയും ആലുക്കാസും രംഗത്തെത്തിയതോടെ മത്സരം മൂര്‍ഛിച്ചു. കോടിക്കണക്കിന് രൂപയടെ മുതല്‍മുടക്കോടെയാണ് രണ്ടു സ്ഥാപനങ്ങളുടെയും അനന്തപുരിയിലെ അരങ്ങേറ്റം.

കോട്ടയ്ക്കകത്തെ കണ്ണായ സ്ഥലങ്ങള്‍ ഇവര്‍ക്ക് കൈക്കലാക്കാന്‍ കഴിഞ്ഞു. പത്മനാഭസ്വാമി ക്ഷേത്രത്തിലേയ്ക്കുള്ള പ്രവേശനമാര്‍ഗത്തില്‍ നിലവിലുണ്ടായിരുന്ന കെട്ടിടം കേരളീയ ശൈലിയില്‍ നവീകരിച്ചെടുത്താണ് ആലുക്കാസ് രംഗത്തെത്തയിത്.

ഷോറൂമിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ താരനിശയും തിരുവനന്തപുരത്ത് പൊതുജനങ്ങള്‍ക്കായി നിരവധി മത്സരങ്ങളും നടത്തി ജനശ്രദ്ധ പിടിച്ചെടുക്കാന്‍ ആലുക്കാസിന് കഴിഞ്ഞു. പല തരത്തിലുള്ള ആഭരണങ്ങള്‍ക്കും രത്നക്കല്ലുകള്‍ക്കുമായി പ്രത്യേക വിഭാഗങ്ങള്‍ സൃഷ്ടിച്ചെടുത്ത് പുതുമ കാഴ്ച വയ്ക്കാനും അവര്‍ക്ക് കഴിഞ്ഞു.

അതുവരെ പുതുമോടിയില്‍ നില്‍ക്കുകയായിരുന്ന ജോസ്കോയും പെട്ടെന്നു രംഗത്തെത്തി. സ്വര്‍ണവിപണിയില്‍ ഇന്നു പുത്തനായി അവതരിപ്പിക്കപ്പെടുന്ന പല ഡിസൈനുകളും തങ്ങള്‍ ഇതിനകം അണിനിരത്തിക്കഴിഞ്ഞുവെന്ന് ജോസ്കോ അവകാശപ്പെടുന്നു. ആലുക്കാസിനെ വെല്ലുന്ന രീതിയില്‍ പരസ്യപ്രളയവുമായാണ് ജോസ്കോ തങ്ങളുടെ സ്ഥാനമുറപ്പിക്കാന്‍ പാടുപെടുന്നത്.

പരമ്പരാഗത സ്വര്‍ണവ്യാപാരികളായ ആലപ്പാട്ട് ഫാഷന്‍ ജ്വല്ലേഴ്സ് മറ്റൊരു രീതിയിലാണ് ഇവരെ വെല്ലുവിളിച്ചത്. തങ്ങളുടെ ഷോറൂമില്‍ നിന്നും മുമ്പ് വാങ്ങിയ ആഭരണങ്ങള്‍ വിലയിലോ തൂക്കത്തിലോ കുറവു വരുത്താതെ മാറ്റി നല്‍കുമെന്നാണ് ഇവരുടെ വാഗ്ദാനം. ഇതിന് ഗോള്‍ഡ് റഷ് എന്ന പേരും നല്‍കി വിപണിയിലിറങ്ങിയ ആലപ്പാട്ട് വിദേശ ആഭരണങ്ങളുടെ ശേഖരവും ഇതൊടൊപ്പം അവതരിപ്പിക്കുന്നു. കാര്‍വാര്‍, കൊറിയ, കൊല്‍ക്കൊത്ത തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള ശേഖരം തങ്ങള്‍ക്കുണ്ടെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്.

കോട്ടയ്ക്കകത്തു തന്നെയുള്ള കൃഷ്ണന്‍ നായര്‍ ആന്‍ഡ സണ്‍സ് ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ഔദ്യോഗിക ജൂവലര്‍ എന്ന പേരില്‍ പരസ്യങ്ങള്‍ നല്‍കിത്തുടങ്ങിയിരിക്കുകയാണ്. പരസ്യശ്രേണിയുടെ ഒടുവില്‍ മാത്രമേ ജുവലറിയുടെ പേര് നല്‍കുകയുള്ളു എന്നതാണ് ഇവരുടെ പരസ്യതന്ത്രം. ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ പണിക്കൂലി സൗജന്യവും കൃഷ്ണന്‍ നായര്‍ വാഗ്ദാനം ചെയ്യുന്നു.

ഭീമയും ശക്തമായ സാന്നിധ്യമായി രംഗത്തുണ്ട്. ജ്യോത്സ്യന്മാരുമായി ചേര്‍ന്ന് നടത്തിയ വിപുലമായ പരസ്യതന്ത്രങ്ങളിലൂടെ ഭാഗ്യരത്ന വില്‍പ്പനയില്‍ ഭീമാ ജുവലേഴ്സ് ഏറെ മുന്നിലായിക്കഴിഞ്ഞു.

ചെരുപ്പു വ്യാപാരത്തിലും മറ്റും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന ഫാത്തിമാ ഫാഷന്‍ ജ്വല്ലറിയും ഈ അവസരത്തില്‍ തന്നെയാണ് വിപണിയില്‍ ഇടപെട്ടത്. ചാലയിലാണ് ഷോറൂമെങ്കിലും തങ്ങള്‍ മുഖ്യധാരയില്‍ നിന്നും അകലെയല്ലെന്ന് ഫാത്തിമ അവകാശപ്പെടുന്നു. സ്വര്‍ണം വാങ്ങുന്നവര്‍ക്ക് വിദേശത്തേക്ക് വിനോദയാത്ര ഉള്‍പ്പടെയുള്ള ആകര്‍ഷണങ്ങളാണ് ഫാത്തിമ അവതരിപ്പിക്കുന്നത്.

ഇവയ്ക്കെല്ലാം പുറമെ പല തരത്തിലുള്ള ആഭരണശേഖരങ്ങളുമായി ഉത്തരകേരളത്തിലെ ജ്വല്ലറികള്‍ തിരുവനന്തപുരത്തേക്ക് ചേക്കേറിക്കഴിഞ്ഞു. സ്വന്തമായി ഷോറൂമില്ലാത്ത ഇവര്‍ പ്രദര്‍ശനങ്ങള്‍ നടത്തിയാണ് ജനശ്രദ്ധയാകര്‍ഷിക്കുന്നത്. ഹിന്ദു, ക്രിസ്ത്യന്‍ വിവാഹ സീസണ്‍ തുടങ്ങിയെന്നല്ലാതെ മറ്റു പ്രത്യേകതകളൊന്നും തന്നെ ഇപ്പോള്‍ തിരുവനന്തപുരത്തില്ല. പക്ഷേ വിപണിയില്‍ ചുവടുറപ്പിക്കാനുള്ള തത്രപ്പാടാണ് ഈ കോലാഹലത്തിന് പിന്നിലുള്ളത്.

ഈ മത്സരത്തില്‍ നിന്നും പരമാവധി മുതലെടുക്കുന്നത് വന്‍കിട പത്രങ്ങളും ചില ടിവി ചാനലുകളുമാണ്. കോടിക്കണക്കിന് രൂപയാണ് മാധ്യമസ്ഥാപനങ്ങള്‍ക്ക് ജൂവലറികളില്‍ നിന്നും ലഭിക്കുന്നത്. ചാനലുകളിലെ വിഷു, ഈസ്റര്‍, മെയ്ദിന പരിപാടികള്‍ മൊത്തത്തില്‍ ഇവര്‍ സ്പോണ്‍സര്‍ ചെയ്തിരുന്നു. ഇതുവരെ ഈ പരിപാടികള്‍ക്ക് ബഹുരാഷ്ട്ര കമ്പനികളായിരുന്നു പ്രധാന സ്പോണ്‍സര്‍മാര്‍.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X