കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സി പി എമ്മില്‍ കൊടുങ്കാറ്റിനു മുമ്പുള്ള നിശബ്ദത ..?

  • By Staff
Google Oneindia Malayalam News

ഇഎംഎസിനു ശേഷം പാര്‍ട്ടിയില്‍ സമര്‍ത്ഥമായി കാര്യങ്ങള്‍ വിശദീകരിക്കാന്‍ ആളില്ലെന്നത് നേര്. എങ്കിലും വോട്ടെടുപ്പ് ദിവസം വൈകുന്നേരം തന്നെ സംസ്ഥാന കമ്മിറ്റി യോഗം ചേര്‍ന്ന് വിജയസാധ്യത വിലയിരുത്തി, 75-85 സീറ്റുകള്‍ നേടുമെന്ന് പ്രവചനം നടത്തിയ സിപിഎം പരാജയത്തെ വിലയിരുത്താന്‍ ഇതു വരെ തയ്യാറായിട്ടില്ലെന്നത് ശ്രദ്ധേയമാകുന്നു. പാര്‍ട്ടിയുടെ ചരിത്രത്തില്‍ ഇതാദ്യമായാണ് ജനാഭിപ്രായത്തെ വിലയിരുത്താന്‍ പോലും സിപിഎം മടിക്കുന്നത്.

തന്ത്രങ്ങള്‍ പിഴച്ചു,അടി തെറ്റി

പാര്‍ട്ടിയില്‍ ആഞ്ഞുവീശാന്‍ പോകുന്ന കൊടുങ്കാറ്റിന്റെ സൂചനയായി ഈ നിശബ്ദതയെ കണക്കാക്കാം. തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ തന്ത്രങ്ങളെല്ലാം അമ്പേ പിഴച്ചുവെന്നാണ് ഫലങ്ങള്‍ തെളിയിക്കുന്നത്.

മത-സാമുദായിക ശക്തികളെ കൂടെ നിര്‍ത്താന്‍ പാര്‍ട്ടിയും മുന്നണിയും പരാജയപ്പെട്ടു. മാത്രമല്ല, മുസ്ലീം വോട്ടുകളില്‍ വിള്ളലുണ്ടാക്കാമെന്ന ലക്ഷ്യത്തോടെ ഐഎല്‍എല്ലിനെ കൂട്ടുപിടിച്ചത് ഒരു ഗുണവും ചെയ്തിട്ടില്ല. പിഡിപിയെ പിണക്കിയത് പാര്‍ട്ടിയ്ക്ക് വന്‍ദോഷമായെന്ന് തിരഞ്ഞെടുപ്പ് കണക്കുകള്‍ വ്യക്തമാക്കുന്നു.

അബ്ദുല്‍ നാസര്‍ മദനിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച തനി വര്‍ഗീയ സംഘടന പിഡിപി എന്ന പേരില്‍ രാഷ്ട്രീയ പ്രസ്ഥാനമായി വേഷം മാറിയെത്തിയപ്പോള്‍ അവരുടെ പിന്തുണ സ്വീകരിക്കാന്‍ സിപി എമ്മിന് യാതൊരു സങ്കോചവുമുണ്ടായിരുന്നില്ല.

1991 ലെ വിവാദമായ ഗുരുവായൂര്‍ ഉപതിരഞ്ഞെടുപ്പിലാണ് പിഡിപി ആദ്യമായി എല്‍ ഡി എഫിനെ പിന്തുണച്ചത്. പിന്നീട് നടന്ന ലോക്സഭാ തിരഞ്ഞെടുപ്പുകളിലും 1996 നിയമസഭാ തിരഞ്ഞെടുപ്പിലും പിഡിപി പിന്തുണ എല്‍ഡിഎഫിന് ഏറെ ഗുണം ചെയ്തിരുന്നു. എന്നാല്‍, ഇത്തവണ പിഡിപി യെ തുടക്കത്തില്‍ തന്നെപിണക്കിയ എല്‍ഡിഎഫ് നേതാക്കളാണ് ആ പ്രസ്ഥാനത്തെ യുഡിഎഫ് പാളയത്തില്‍ കൊണ്ടു കെട്ടിയത്.

ഐ എല്‍ എല്‍ ലൈന്‍ പാളി

വര്‍ഗീയപാര്‍ട്ടിയല്ലെന്നും ആണെന്നുമൊക്കെ നേതാക്കള്‍ക്ക് തോന്നുന്നതു പോലെ വിശദീകരിച്ച് കൂടെ കൂട്ടിയ ഐഎല്‍എല്ലില്‍ നിന്നും സിപിഎമ്മിനോ ഇടതമുന്നണിയ്ക്കോ ഒരു ഗുണവുമുണ്ടായില്ല. ദോഷം ഉണ്ടാവുകയും ചെയ്തു. ഐ എന്‍എല്ലിനെതിരേ മുസ്ലീംലീഗും പിഡിപി യും ചേര്‍ന്ന് മുസ്ലീം വോട്ടുബാങ്കുകള്‍ക്ക് ശക്തമായ പ്രതിരോധം ഉയര്‍ത്തി.

ഐഎന്‍ എല്ലിനെ കൂടെ കൂട്ടുന്നത് സംബന്ധിച്ച് പാര്‍ട്ടിയിലുണ്ടായിരുന്ന അഭിപ്രായവ്യത്യാസം ഇനി മറനീക്കി പുറത്തുവരാനാണ് സാദ്ധ്യത. വി.എസ്. അച്യുതാനന്ദനും അദ്ദേഹത്തിന്റെ കൂടെ നില്‍ക്കുന്നവരും ഐഎന്‍എല്ലിനെ മുന്നണിയുടെ ഭാഗമാക്കുന്നതിനോട് ഒട്ടും യോജിച്ചിരുന്നില്ല.

എന്നാല്‍, പിണറായി വിജയന്റെയും നായനാരുടെയും നേതൃത്വത്തിലുള്ള ഔദ്യോഗിക പക്ഷം ഐഎല്‍എല്ലിനെ മുന്നണിയുടെ ഭാഗമാക്കുന്നതില്‍ വിജയിച്ചു. പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന്റെ ആശീര്‍വാദവും അവര്‍ക്കുണ്ടായിരുന്നു. ഇപ്പോള്‍, നായനാര്‍- പിണറായി ലൈന്‍ പരാജയപ്പെട്ടത് ചൂണ്ടിക്കാട്ടി അച്യുതാനന്ദന്‍ പാര്‍ട്ടിയുടെ അടുത്ത കാലത്തെ നയങ്ങള്‍ക്കെതിരേ ആഞ്ഞടിച്ചേക്കാം.

വിമോചനദൈവശാസ്ത്രത്തിന്റെ അരി വെന്തില്ല

പാര്‍ട്ടിയുടെ മറ്റൊരു തന്ത്രം പിഴച്ചത് വയനാട് ജില്ലയിലെ സുല്‍ത്താന്‍ബത്തേരി മണ്ഡലത്തിലാണ്. സി പി എം ചരിത്രത്തിലാദ്യമായി ഒരു ക്രിസ്തീയ പുരോഹിതനെ തങ്ങളുടെ സ്ഥാനാര്‍ത്ഥിയാക്കിയപ്പോള്‍ പാര്‍ട്ടിബുദ്ധികേന്ദ്രങ്ങളുടെ മനസില്‍ ചില കണക്കുകൂട്ടലുകളൊക്കെയുണ്ടായിരുന്നു.

എക്കാലവും സിപിഎമ്മിന് അയിത്തം കല്‍പ്പിച്ചിരുന്ന ഒരു സമുദായത്തെ ഒട്ടാകെ തങ്ങളിലേയ്ക്ക് ആകര്‍ഷിക്കുക. ഫാദര്‍ മത്തായി നൂറനാലിന് സീറ്റു നല്‍കിയതിലൂടെ തങ്ങള്‍ വിമോചന ദൈവശാസ്ത്രം കേരളത്തില്‍ നടപ്പാക്കുന്നതിന് തുടക്കമിടുകയാണെന്ന് സി പി എം സ്വയം വിശ്വസിച്ചും അണികളെ വിശ്വസിപ്പിച്ചും തിരഞ്ഞെടുപ്പ് പ്രചാരണകാലത്തുടനീളം കഴിഞ്ഞു.

എന്നാല്‍, വിമോചനദൈവശാസ്ത്രം തത്കാലം പ്രയോഗത്തില്‍ വരുത്താനാവില്ലെന്ന മുന്നറിയിപ്പാണ് സുല്‍ത്താന്‍ ബത്തേരിക്കാര്‍ സിപിഎമ്മിന് നല്‍കിയ ചരിത്രപാഠം. പള്ളീലച്ചന്‍ തങ്ങളുടെ പിന്തുണയോടെ നിയമസഭയിലെത്തുമെന്നും കേരളത്തിലങ്ങോളമിങ്ങോളം അരമനകളില്‍ സിപിഎം നേതാക്കള്‍ അത്താഴം കഴിച്ച് കുഞ്ഞാടുകളെ മേയിക്കാന്‍ പിതാക്കന്മാരെ സഹായിക്കുമെന്നുമുള്ള വിമോചനദൈവശാസ്ത്ര സ്വപ്നം തകര്‍ന്നതിന്റെ ഞെട്ടലില്‍ നിന്നും വിമോചിതരായിട്ടില്ല സിപിഎം നേതൃത്വം ഇപ്പോഴും.

1

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X