കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിലെ നദികള്‍ മരിക്കുന്നു

  • By Staff
Google Oneindia Malayalam News

നാട്ടില്‍ പുഴയുള്ളവര്‍ക്കറിയാം മറുനാട്ടില്‍ നിന്നും ഓരോ തവണ തിരിച്ചെത്തുമ്പോഴും നിങ്ങളുടെ പുഴയ്ക്കുണ്ടാകുന്ന മാറ്റങ്ങള്‍. ഒരു വേനല്‍ക്കാലത്തെത്തുമ്പോള്‍ മെലിഞ്ഞിരിക്കുന്ന പുഴയെ കാണുമ്പോള്‍ വിഷമം തോന്നും. വരണ്ട മണല്‍ത്തട്ടില്‍ പുഴയുടെ പതിഞ്ഞ നെടുവീര്‍പ്പുകള്‍ കേള്‍ക്കാം. പിന്നെ അത് വേനല്‍ക്കാലമെന്ന് കരുതി ആശ്വസിക്കാം.

എന്നാല്‍ മഴക്കാലത്തും നിറയാത്ത പുഴകളാണ് ഇന്ന് കേരളത്തിലുള്ളത്. നീണ്ടു പരന്നുകിടക്കുന്ന നദിയില്‍ ആഴമില്ലാതെ വെള്ളമൊഴുകുന്നു. തീരം ഇടിഞ്ഞിടിഞ്ഞ് പുഴയില്ലാതാകുന്നു. പിന്നെ പതുക്കെ പതുക്കെ മരിക്കുന്നു. ഇതുവഴിയൊരു പുഴയൊഴുകിയിരുന്നുവെന്ന് ആരെങ്കിലും പറഞ്ഞാലായി......

കേരളത്തില്‍ ആകെ 44 നദികളാണുള്ളത് . മലിനീകരണവും മണല്‍വാരലും ഇതിലെ ഭൂരിഭാഗം നദികള്‍ക്കും ഭീഷണിയായിരിക്കുന്നു. നിയന്ത്രണങ്ങള്‍ കാറ്റില്‍പ്പറത്തി നിര്‍ബാധം നടക്കുന്ന മണല്‍വാരല്‍ കേരളത്തിലെ പുഴകളുടെ ചരമഗീതം കുറിക്കുകയാണ്.

നിളയുടെ നോവുകള്‍

നിത്യസുന്ദരിയായ നിളയുടെ മരണദിനം അടുത്തടുത്ത് വരികയാണ്. നിളയുടെ മണല്‍ത്തട്ടിലൂടെ മഞ്ഞും നിലാവും പുണര്‍ന്നുറങ്ങിയ രാവുകളില്‍ കവിത പാടിപ്പോയ കവികളെ മലയാളിക്ക് മറക്കാനാവുമോ ? നിളയുടെ നിത്യകാമുകന്മാരായ പി. കുഞ്ഞിരാമന്‍ നായരും എം. ടി. വാസുദേവന്‍ നായരും വൈലോപ്പിള്ളിയുമെല്ലാം നടന്ന നിളാ തീരം മരിക്കുകയാണ്. പറയിപെറ്റ പന്തിരുകുലം വളര്‍ന്ന ഭാരതപ്പുഴയുടെ തീരം വരും തലമുറയ്ക്ക് അന്യമാവുകയാണ്.

ഭാരതപ്പുഴയുടെ 18 കടവുകളില്‍ മണല്‍ വാരുന്നതിനായി സര്‍ക്കാര്‍ അനുവാദം നല്‍കിയിട്ടുണ്ട്. എന്നാല്‍ അനുവാദമില്ലാത്ത കടവുകളില്‍ നിന്നും മണല്‍വാരല്‍ നടക്കുന്നുണ്ട്. കടവുകള്‍ വര്‍ഷം തോറും മാറ്റണമെന്ന വിദഗ്ധ നിര്‍ദേശത്തിനും അധികൃതര്‍ ചെവികൊടുക്കുന്നില്ല. 50 അടി ആഴമുണ്ടായിരുന്ന ഉമ്മത്തൂര്‍ കടവില്‍ ഇപ്പോള്‍ ഒരാള്‍ താഴ്ച പോലുമില്ലെന്നാണ് സ്ഥലവാസികള്‍ പറയുന്നത്.

ദേശാടനപക്ഷികള്‍ ഏറ്റവുമധികമെത്തുന്ന ഭാരതപ്പുഴയുടെ പാരത്തൂര്‍ മേഖലയില്‍ മണല്‍വാരല്‍ പൂര്‍ണ്ണമായും നിരോധിക്കണമെന്ന് പരിസ്ഥിതി പ്രേമികള്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും അതിന് വേണ്ട നടപടിയൊന്നുമായിട്ടില്ല. പട്ടാമ്പിക്കും തിരുവനാവായ്ക്കുമിടയിലുള്ള തീരം പൂര്‍ണ്ണമായും ഇല്ലാതാകാന്‍ അധികകാലം വേണ്ടിവരില്ലെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇവിടെയാണ് അനധികൃത മണല്‍വാരല്‍ കൂടുതലും നടക്കുന്നത്.

പെരിങ്ങോട്ടുകുറിശ്ശിയിലെ നാവാലിന്‍ കടവ് ചെക്ക്ഡാമില്‍ നിന്നും വന്‍തോതിലാണ് അനധികൃത മണല്‍വാരല്‍ നടക്കുന്നത്. മണല്‍ നീക്കം ചെയ്യുമ്പോള്‍ നദിയിലൂടെ ഒഴുകുന്ന വെള്ളത്തിന്റെ അളവ് കുറയുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ഭാരതപ്പുഴയുടെ തീരത്തുള്ളവര്‍ ഇപ്പോള്‍ കടുത്ത കുടിവെള്ളക്ഷാമമാണ് നേരിടുന്നത്. അനാഥമായി കിടക്കുന്ന പമ്പ് ഹൗസുകള്‍ നാട്ടുകാര്‍ക്ക് ഇന്നൊരു വേദനയാണ്.

ഭാരതപ്പുഴയ്ക്ക് കുറുകെയുള്ള പാലങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയുയര്‍ത്തിക്കൊണ്ടാണ് മണല്‍വാരല്‍ നടക്കുന്നത്. തിരുനാവായ വരെ ഭാരതപ്പുഴയിലെ ജലത്തിന് ഉപ്പുരസം കലര്‍ന്നത് മണല്‍വാരല്‍ മൂലമാണെന്ന് വിദഗ്ധര്‍ പറയുന്നു.

നദിയുടെ തീരത്തുള്ള കൃഷി വലിയൊരളവു വരെ പുഴ മലിനമാകുന്നതിന് കാരണമാകുന്നുണ്ട്. യാതൊരു നിയന്ത്രണവുമില്ലാത്ത കീടനാശിനി പ്രയോഗം ഭാരതപ്പുഴയെ വിഷമയമാക്കുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു.

1

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X