കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇനി രാമായണപാരായണത്തിന്റെ ദിവസങ്ങള്‍

  • By Staff
Google Oneindia Malayalam News

ഇനി രാമായണപാരായണത്തിന്റെ ദിവസങ്ങള്‍

മവറുതിയുടെ കര്‍ക്കടകമാസത്തില്‍ നന്മയുടെയും ഐശ്വര്യത്തിന്റെയും വെളിച്ചം നിറയ്ക്കാന്‍ ഇനി രാമായണപാരായണത്തിന്റെ നാളുകള്‍. കര്‍ക്കടകമാസത്തിന്റെ തുടക്കമായ കാര്‍ത്തികനാള്‍ (2001 ജൂലായ് 17 ചൊവാഴ്ച) മുതല്‍ ഇനി 31 ദിവസം ക്ഷേത്രങ്ങളിലും വീടുകളിലും രാമായണസങ്കീര്‍ത്തനം മുഴങ്ങും. കര്‍ക്കടകമാസത്തില്‍ രാമായണംവായിക്കുന്നത് പ്രധാനമായി കരുതുന്നു. അതുകൊണ്ടാണ് ഈ മാസം രാമായണമാസമെന്ന പേരിലും അറിയപ്പെടുന്നു.

കര്‍ക്കടകമാസം വറുതിയുടെ മാസമാണ്. മുഴുപ്പട്ടിണിയുടെകാലം. ഇടമുറിയാതെ പെയ്യുന്ന കാലവര്‍ഷത്തില്‍ കൃഷിയും കൃഷിപ്പണിയുമില്ലാത്ത കാലം. രോഗങ്ങളുടെ കാലം കൂടിയായി കര്‍ക്കടകത്തിനെ കണക്കാക്കുന്നു. അതുകൊണ്ടാകാം പഞ്ഞക്കര്‍ക്കടകം, കള്ളക്കര്‍ക്കടകം എന്നീ വിശേഷണങ്ങളും കര്‍ക്കടത്തിന് വന്നത്. എല്ലാതരം വറുതികളുടെയും കാലമായതിനാലാകാം രക്ഷാമാര്‍മായി ഭക്തിയുടെ വഴിയെ കേരളീയര്‍ കൂടുതലായി ആശ്രയിച്ചത്. തിന്മകളെ വെന്ന് നന്മകളെ വാഴിച്ച രാമന്റെ കഥ വായിക്കുന്നത് പുണ്യമായി കേരളീയര്‍ കരുതുന്നു. എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണമാണ് കൂടുതലായി പാരായണത്തിന് ഉപയോഗിക്കുന്നത്.

കേരളത്തിലെ മിക്കവാറും ക്ഷേത്രങ്ങളില്‍ രാമായണമാസം ആചരിക്കുന്നുണ്ട്. ഒരുമാസം മുഴുവന്‍ ക്ഷേത്രത്തില്‍ രാമനാമം അലയടിക്കും. കേരളത്തിലെ ശ്രീരാമക്ഷേത്രങ്ങളില്‍ രാമായണമാസം വിപുലമായി കൊണ്ടാടാറുണ്ട്. തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ രാമായണപാരായണമുള്‍പ്പെടെ വിപുലമായ പരിപാടികള്‍ നടക്കും.

കര്‍ക്കടക സംക്രാന്തി

മിഥുനമാസത്തില്‍ നിന്നും കര്‍ക്കടകമാസത്തിലേക്കുള്ള സംക്രമമാണ് കര്‍ക്കടകസംക്രാന്തി. പൊട്ടിയെ അഥവാ ചേട്ടയെ കളഞ്ഞ് കര്‍ക്കടകസംക്രാന്തി ആഘോഷിക്കാന്‍ കേരളീയര്‍ തയ്യാറെടുക്കുന്നു. വീട്ടിലെ എല്ലാ തിന്മകളെയും ഒരു മണ്‍കലത്തിലേക്കാവാഹിച്ച് ഏതെങ്കിലും കാട്ടില്‍ കൊണ്ടുപോയിക്കളയുന്നു.

ചേട്ടയെ പുറത്ത് കളയുക എന്ന ചടങ്ങാണ് ഇത്. അതിന് ശേഷം സംക്രാന്തി നാള്‍ വൈകുന്നേരം ശീപോതിക്കു-ശ്രീഭഗവതിയ്ക്ക്- വയ്ക്കുന്നു. സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും പ്രതീകമായ മഹാലക്ഷ്മിയെ- ശ്രീഭഗവതിയെ- വീട്ടില്‍ കുടിയിരുത്തുന്നുവെന്നാണ് വിശ്വാസം. ഇതിന്റെ ഭാഗമായി വീടും മുറ്റവും അടിച്ചുതളിച്ചു ശുദ്ധമാക്കും. രാവിലെ എല്ലാവരും കുളിച്ച് കുറിതൊടും. മച്ചില്‍ നിലവിളക്കുകൊളുത്തി അതിനു പിന്നിലാണ് ശീപോതിക്കുവയ്ക്കുന്നത്.

കണ്ണാടി, വാല്‍ക്കണ്ണാടി, ദശപുഷ്പം, അഷ്ടമംഗല്യം, നിറപറ, നിറനാഴി, ചാന്ത്, സിന്ദൂരച്ചെപ്പ്, കണ്മഷിക്കൂട്, വെറ്റില, കളിയടയ്ക്ക എന്നിവ ഒരുക്കിവയ്ക്കും. ശ്രീഭഗവതി വീട്ടില്‍ എഴുന്നള്ളി ചന്ദനക്കുറിതൊട്ട്, കണ്ണെഴുതി ദശപുഷ്പം ചൂടി പോകുന്നുവെന്നാണ് സങ്കല്പം. പണ്ട് കര്‍ക്കടകമാസത്തില്‍ എല്ലാദിവസവും ശ്രീഭഗവതിയ്ക്ക് വയ്ക്കുമായിരുന്നു. പിന്നീടത് ഏഴുദിവസമായി ചുരുങ്ങി. പഞ്ഞക്കര്‍ക്കടകം ഇതോടെ സമ്പല്‍സമൃദ്ധിയുടെ മാസമായി മാറുമെന്നാണ് വിശ്വാസം.

1

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X