കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാജ്പേയി സര്‍ക്കാര്‍ താഴെവീഴുമോ?

  • By Staff
Google Oneindia Malayalam News

എവിടെ വേണമെങ്കിലും ആവശ്യമുണ്ടെങ്കില്‍ ഭൂരിപക്ഷം തെളിയിക്കാമെന്ന ആത്മവിശ്വാസത്തിലാണ് വാജ്പേയിയും ബിജെപിയും. അത്തരം കണക്കുകൂട്ടലിന്റെ ബലത്തിലാണ് ബിജെപി ദേശീയ അധ്യക്ഷന്‍ ജന കൃഷ്ണമൂര്‍ത്തി തെലുഗുദേശം പാര്‍ട്ടിയെ പരസ്യമായി വെല്ലുവിളിച്ചത്. തെലുങ്ക്ദേശം പിന്തുണ പിന്‍വലിച്ചാലും സര്‍ക്കാര്‍ നിലനില്ക്കുകതന്നെ ചെയ്യുമെന്നായിരുന്നു കൃഷ്ണമൂര്‍ത്തി ഗോവയില്‍ ബിജെപി ദേശീയഎക്സിക്യൂട്ടീവ് യോഗത്തില്‍ നടത്തിയ വെല്ലുവിളി. മാത്രമല്ല, ബിജെപിയുടെ ആഭ്യന്തരകാര്യങ്ങള്‍ തെലുങ്ക്ദേശം അന്വേഷിക്കേണ്ടെന്ന് ഒരു ഭീഷണിയും! (ഗുജറാത്ത് പ്രശ്നം ബിജെപിയുടെ ആഭ്യന്തരപ്രശ്നമാണോ?)

ഇത് തന്നെയാണ് ബിജെപിയുമായുള്ള ബന്ധം പുനപരിശോധിക്കാന്‍ തെലുഗുദേശത്തെ പ്രേരിപ്പിച്ചതും. ഗുജറാത്തിലെ വര്‍ഗ്ഗീയകലാപത്തിന് ഉത്തരവാദിയായ നരേന്ദ്രമോഡിയെ മാറ്റമെന്നായിരുന്നു തെലുങ്ക്ദേശം പാര്‍ട്ടിയുടെ ആവശ്യം. എന്‍ഡിഎ ഘടകകക്ഷികളില്‍ മൂന്നുപേര്‍ നേരത്തെ ഇതേ ആവശ്യം ഉന്നയിച്ചിരുന്നു. മമതാബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ്, ശരദ് യാദവിന്റെ ജനതാദള്‍ (യുണൈറ്റഡ്), രാം വിലാസ് പസ്വാന്റെ ലോക് ജനശക്തി പാര്‍ട്ടി എന്നീ എന്‍ഡിഎ ഘടകകക്ഷികളാണ് ഇതിനകം മോഡിയുടെ രാജി ആവശ്യപ്പെട്ടത്.

എന്നാല്‍ ഗോവയില്‍ ബിജെപി ദേശീയ എക്സിക്യൂട്ടീവ് യോഗത്തില്‍ നരേന്ദ്രമോഡി രാജിവയ്ക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചെങ്കിലും ബിജെപി നേതാക്കള്‍ മോഡിയെ പിന്തിരിപ്പിക്കുകയായിരുന്നു. ഗുജറാത്തിലെ വര്‍ഗ്ഗീയ കലാപത്തിന്റെ പേരില്‍ മോഡി രാജിവയ്ക്കേണ്ടതില്ലെന്നായിരുന്നു ബിജെപിയുടെ പരസ്യനിലപാട്. പകരം ഗുജറാത്തിലെ സര്‍ക്കാരിനെ പിരിച്ചുവിട്ട് വീണ്ടും നിയമസഭാ തിരഞ്ഞെടുപ്പ് നടത്താമെന്ന നിര്‍ദേശമാണ് ബിജെപി മോന്നോട്ടുവച്ചത്.

ഈ തീരുമാനം പ്രധാനമന്ത്രി ഏറ്റുപാടിയത് തെലുങ്ക്ദേശത്തെ കൂടുതല്‍ വേദനിപ്പിച്ചു. ആന്ധ്രയിലെ 20 ശതമാനം വരുന്ന ന്യൂനപക്ഷവോട്ടില്‍ കണ്ണുനട്ടാണ് ഇപ്പോള്‍ തെലുങ്ക്ദേശത്തിന്റെ നീക്കം. ഗുജറാത്തില്‍ വീണ്ടും തിരഞ്ഞെടുപ്പ് നടത്തുന്നത് പാവങ്ങളുടെ കണ്ണീരില്‍ നിന്ന് രാഷ്ട്രീയസാമ്രാജ്യം പണിയുന്നതിന് തുല്ല്യമാണെന്നായിരുന്ന തെലുങ്ക്ദേശം നേതാവ് ചന്ദ്രബാബു നായിഡുവിന്റെ പ്രതികരണം.

പക്ഷെ എന്തൊക്കെ വിമര്‍ശനങ്ങള്‍ വാരിച്ചൊരിഞ്ഞാലും ചന്ദ്രബാബുനായിഡുവിന് ബിജെപി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കാന്‍ കഴിയുമോ? പാടെ പിന്തുണ പിന്‍വലിക്കാന്‍ ചന്ദ്രബാബുവിന് ബുദ്ധിമുട്ടാണ്. കാരണം ആന്ധ്രയില്‍ തെലുങ്ക് ദേശത്തിന്റെ പ്രധാന പ്രതിയോഗി കോണ്‍ഗ്രസാണെന്നതാണ് പ്രധാന പ്രശ്നം. അതേ സമയം ആന്ധ്രയിലെ 20 ശതമാനം വരുന്ന ന്യൂനപക്ഷ വോട്ടുകള്‍ നഷ്ടപ്പെടുത്താന്‍ തെലുങ്ക്ദേശം തയ്യാറല്ല. പിന്തുണ പൂര്‍ണമായും പിന്‍വലിച്ചാല്‍ അത് ഫലത്തില്‍ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തലായിരിക്കുമെന്നും തെലുങ്ക്ദേശം ഭയപ്പെടുന്നു. അതുകൊണ്ട് എന്‍ഡിഎ സര്‍ക്കാരിനുള്ള പിന്തുണ പൂര്‍ണ്ണമായും പിന്‍വലിക്കാതെ പുറത്തുനിന്നും പിന്തുണ നല്കുകയായിരിക്കും തെലുങ്ക്ദേശം പരമാവധി ചെയ്യുക.

ഇനി ഗുജറാത്ത് പ്രശ്നത്തിന്റെ പേരില്‍ തെലുങ്ക്ദേശം പിന്തുണ പാടെ പിന്‍വലിച്ചാല്‍ തന്നെ വാജ്പേയി സര്‍ക്കാര്‍ നിലംപൊത്തുമോ?തെലുങ്ക് ദേശമാണ് എന്‍ഡിഎ സര്‍ക്കാരിലെ രണ്ടാമത്തെ വലിയ കക്ഷി. ഇവര്‍ക്ക് പാര്‍ലമെന്റില്‍ 27 അംഗങ്ങളുണ്ട്.

എന്നാല്‍ ആരൊക്കെ പിന്തുണ പിന്‍വലിച്ചാലും വാജ്പേയി സര്‍ക്കാര്‍ നിലം പതിക്കില്ലെന്ന ആത്മവിശ്വാസത്തിലാണ് ബിജെപി. അതിന് കാരണം മറ്റു പലരും സര്‍ക്കാരില്‍ ഘടകകക്ഷികളായി ചേരാന്‍ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നതാണ്.

ഉത്തര്‍ പ്രദേശില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ സഹായിച്ചാല്‍ പിന്തുണ നല്കാമെന്ന് കന്‍ഷിറാമിന്റെ ബഹുജന്‍ സമാജ് പാര്‍ട്ടി പ്രഖ്യാപിച്ചിട്ടുണ്ട്. അതുപോലെ ജയലളിതയും ഇപ്പോള്‍ ബിജെപി സര്‍ക്കാരുമായി കൂടുതല്‍ അടുത്തുകൊണ്ടിരിക്കുകയാണ്. ശരത്പവാറിന്റെ എന്‍സിപി യും ബിജെപി സര്‍ക്കാരിന് പിന്തുണ നല്കാന്‍ അര്‍ധസമ്മതം നല്കിയിട്ടുള്ളതായി അറിയുന്നു. ഇതിനായി എന്‍ ഡി എ അദ്ധ്യക്ഷന്‍ ജോര്‍ജ്ജ് ഫെര്‍ണാണ്ടസ് ചര്‍ച്ചകള്‍ തുടങ്ങികഴിഞ്ഞു.

തെലുഗുദേശത്തിന് പുറമെ മമതയും കരുണാനിധിയുടെ ഡിഎംകെയും പിന്തുണപിന്‍വലിച്ചാല്‍ തന്നെ ബിജെപിയ്ക്ക് നഷ്ടപ്പെടുന്നത് 45 അംഗങ്ങളാണ്. ഈ 45 അംഗങ്ങള്‍ എന്‍ഡി എ യില്‍ നിന്ന് പോയാല്‍ 24 അംഗങ്ങള്‍ എങ്കിലും എന്‍ ഡി എ യിലേയ്ക്ക് വരും.

184 അംഗങ്ങളാണ് ബി ജെ പി യ്ക്ക് ഉള്ളത്. ബഹുജന്‍ സമാജ് പാര്‍ട്ടിയ്ക്ക് 14 അംഗങ്ങളും എ ഐ എഡി എം കെയ്ക്ക് പത്തും അംഗങ്ങളും ഉണ്ട്. ഇതിനു പുറമെ ശരത്പവാറിന്റെ കൂടി പിന്തുണ നേടിയെടുക്കാന്‍ കഴിഞ്ഞാല്‍ ബിജെപിയ്ക്ക് കേവല ഭൂരിപക്ഷത്തിന് വേണ്ട 271 തികയ്ക്കാന്‍ വിഷമമുണ്ടാവില്ല. അതെ, ഗുജറാത്ത് പ്രശ്നത്തിന്റെ പേരില്‍ ഘടകകക്ഷികളില്‍ നിന്ന് എന്തൊക്കെ ഭീഷണികളുണ്ടായാലും തല്ക്കാലം വാജ്പേയിയുടെ നില സുരക്ഷിതമാണെന്നര്‍ത്ഥം. അതുകൊണ്ടാകാം ഈ പ്രായത്തിലും തനിക്ക് മറ്റുള്ളവരേക്കാള്‍ നന്നായി ഇനിയും ഭരിക്കാന്‍ കഴിയുമെന്ന് വാജ്പേയി ഗോവയില്‍ ബിജെപി ദേശീയയോഗത്തില്‍ തുറന്നടിച്ചതും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X