കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വ്യാജ രേഖയും അനില്‍ നമ്പ്യാരുടെ പ്രസക്തിയും

  • By Super
Google Oneindia Malayalam News

രേഖ വ്യാജമാണെന്ന് തൊട്ടടുത്ത ദിവസങ്ങളില്‍ തന്നെ തെളിഞ്ഞു. രേഖയുടെ ഉറവിടം കണ്ടെത്താന്‍ ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിക്കുകയും അന്വേഷണ സംഘം സൂര്യാ ടിവി ഓഫീസ് റെയ്ഡ് ചെയ്യുകയും ചെയ്തതോടെ വരുതിയ്ക്കു നില്‍ക്കാത്ത മാധ്യമങ്ങളെ സര്‍ക്കാര്‍ ചൊല്‍പ്പടിയ്ക്ക് നിര്‍ത്താന്‍ ശ്രമിക്കുകയാണെന്ന ആരോപണം ശക്തമായി. സൂര്യയുടെ തിരുവനന്തപുരം ബ്യൂറോ ചീഫ് അനില്‍ നമ്പ്യാരെ ചോദ്യം ചെയ്തതും പിന്നീട് അറസ്റു ചെയ്തതുമൊക്കെ വിവാദത്തിരമാലകളാണ് സൃഷ്ടിച്ചത്.
ഒരു റിപ്പോര്‍ട്ടര്‍ക്കു ലഭിക്കുന്ന വാര്‍ത്തയുടെ ഉറവിടം വെളിപ്പെടുത്തണമോ വേണ്ടയോ എന്നതിനെക്കുറിച്ച് ഇന്ത്യയിലാകമാനം കൊണ്ടു പിടിച്ച ചര്‍ച്ചകള്‍ നടക്കുകയാണ്. ഉറവിടം രഹസ്യമാക്കി വയ്ക്കുന്നത് മാധ്യമ പ്രവര്‍ത്തകരുടെ മൗലികാവകാശമായി ഇവിടെ അംഗീകരിക്കപ്പെട്ടിട്ടില്ല. പരസ്പര വിശ്വാസത്തിന്റെ പേരില്‍ വാര്‍ത്ത ചോര്‍ത്തുന്നവരെ പലപ്പോഴും പത്രലേഖകര്‍ വെളിപ്പെടുത്താറില്ല. വാട്ടര്‍ഗേറ്റ് സംഭവത്തിന്റെ ഉറവിടം ഇന്നും അജ്ഞാതമായി തുടരുന്നത് ഈ വിശ്വാസത്തിന്റെ ഏറ്റവും വലിയ ഉദാഹരണമായി ചൂണ്ടിക്കാണിക്കപ്പെടുകയും ചെയ്യുന്നു.

എന്നാല്‍ ഇവിടെ മുന്‍പിന്‍ നോക്കാതെ കിട്ടിയ രേഖ അപ്പാടെ സത്യമെന്ന മട്ടില്‍ സൂര്യ പുറത്തുവിട്ടത് ഒരു വിഭാഗം മാധ്യമപ്രവര്‍ത്തകരുടെ എതിര്‍പ്പിനും കാരണമായി. ഒരു വാര്‍ത്ത കിട്ടിയാല്‍ അതിന്റെ സത്യാവസ്ഥ പരിശോധിച്ച് ഉറപ്പുവരുത്തണമെന്നത് മാധ്യമ പ്രവര്‍ത്തകരില്‍ ആരും കാണിക്കാത്ത ഒരു നിഷ്ഠയാണ്. പത്രപ്രവര്‍ത്തനത്തിന്റെ പ്രഥമപാഠം മറന്ന് ഒരു കളളരേഖ പുറത്തുവിടാനും മന്ത്രിയെ കരിവാരിത്തേയ്ക്കാനും സൂര്യാ ടിവി കൂട്ടുനിന്നു എന്ന് കുറ്റപ്പെടുത്തുന്ന മാധ്യമ പ്രവര്‍ത്തകരുണ്ട്.

എന്നാല്‍ ഈ രേഖ അസത്യമാണെന്നു കരുതി സൂര്യ അവഗണിച്ചിരുന്നെങ്കിലോ? മന്ത്രി തോമസിന് അധോലോക ബന്ധമുണ്ടെന്ന് ആരോപിക്കുന്ന ഒരു വ്യാജ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഒരു വിഭാഗം കോണ്‍ഗ്രസുകാരുടെ അതിബുദ്ധിയുടെ യാഗശാലയില്‍ പിറവി കൊണ്ടു എന്ന് എങ്ങനെ നാട്ടുകാരറിയുമായിരുന്നു? പുത്രീ വാല്‍സല്യം മൂത്തു നില്‍ക്കുന്ന കരുണാകരക്കാരവണരുടെ ദുഷ്ടബുദ്ധിയുടെ ആഴം എങ്ങനെ പുറംലോകമറിയുമായിരുന്നു?

അന്വേഷണ സംഘത്തിനു കിട്ടിയ വിവരങ്ങള്‍ വച്ച് സംശയസൂചി നീളുന്നത് ശോഭനാ ജോര്‍ജിനു നേരെ തന്നെയാണ്. തന്റെ ഉറവിടത്തെ ഒറ്റികൊടുക്കാന്‍ ചോദ്യം ചെയ്യല്‍ വേളയില്‍ അനില്‍ നമ്പ്യാര്‍ തയ്യാറായതു മുതല്‍ ഐ ഗ്രൂപ്പിലുയര്‍ന്ന പരിഭ്രാന്തിയാണ് അവരെ കൂട്ടത്തോടെ ഹൈക്കമാന്‍ഡ് സമക്ഷത്തേയ്ക്ക് ഓടിയെത്താന്‍ പ്രേരിപ്പിച്ചത്. അന്വേഷണം ഇന്നത്തെ നിലയില്‍ മുന്നോട്ടു പോയാല്‍ പ്രതികള്‍ കുടുങ്ങുമെന്നത് ആരെക്കാളും നന്നായി അറിയാവുന്നത് ലീഡര്‍ക്കു തന്നെയാണ്.

ജനത്തെ സത്യമറിയിക്കാനാണല്ലോ മാധ്യമങ്ങള്‍. അങ്ങനെയാണ് പറഞ്ഞു കേള്‍ക്കുന്നത്. ജന പക്ഷത്തു നിന്നും ചിന്തിച്ചാല്‍ അനില്‍ നമ്പ്യാര്‍ ചെയ്തത് ശരിയോ തെറ്റോ എന്നതാണ് ചോദ്യം. മിക്കവാറും എല്ലാ പത്രമോഫീസിലും ഈ രേഖ എത്തിയിരുന്നു എന്ന് ആദ്യകാലത്ത് വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍ രേഖയുടെ വിശ്വാസ്യത സംബന്ധിച്ച് സംശയമുണ്ടായിരുന്നതിനാല്‍ ദേശാഭിമാനിയും കൈരളിയുമടക്കം വാര്‍ത്ത സംപ്രേക്ഷണം ചെയ്യാന്‍ തയ്യാറായില്ല. സൂര്യയുടെ വെളിപ്പെടുത്തലും തോമസിന്റെ വിശദീകരണവും ഒപ്പം നല്‍കി വാര്‍ത്തയില്‍ മിതത്വം കാണിക്കാനും മാര്‍ക്സിസ്റ് ജിഹ്വകള്‍ തയ്യാറായി.

തുടര്‍ന്നു നടന്ന വിവാദങ്ങളും ചോദ്യം ചെയ്യലുകളും ചര്‍ച്ചകളും കണ്ണീര്‍ക്കഥകളും ആക്രോശങ്ങളും കേട്ട ജനം അനില്‍ നമ്പ്യാര്‍ക്ക് നന്ദി പറയുകയാണ്. കാരണം അനില്‍ നമ്പ്യാരില്ലായിരുന്നെങ്കില്‍ ഈ ചതിയുടെ, വഞ്ചനയുടെ, പകയുടെ പ്രതികാരത്തിന്റെ, അധികാരദുരയുടെ , പിന്നെ പേരില്ലാത്ത എന്തൊക്കെയോ വികാരങ്ങളുടെ അധമഗീതം ജനമറിയുമായിരുന്നോ?

മന്ത്രി കെ. വി. തോമസിനെ ഏതുവിധേനയും മന്ത്രിസ്ഥാനത്തു നിന്നും ഇറക്കിവിടാന്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗം തയ്യാറാക്കിയതാണ് ഈ രേഖ എന്ന് അസന്നിഗ്ദ്ധമായി പുറത്തു വന്നിട്ടുണ്ട്. ക്രൈംബ്രാഞ്ചിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനും മുന്‍ ഡിജിപിയും ഈ രേഖയുടെ നിര്‍മ്മിതിയ്ക്കു പിന്നിലുണ്ടെന്നും അന്വേഷണ സംഘത്തിന് വ്യക്തമായി. ഇതൊക്കെ തന്നെയല്ലേ ഈ വാര്‍ത്തയുടെ ന്യൂസ് വാല്യു?

മന്ത്രിയെ പുറത്താക്കാന്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിക്കാര്‍, പോര ഗ്രൂപ്പുകാര്‍, മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ അദ്ദേഹത്തിന് അധോലോക ബന്ധമുണ്ടെന്നാരോപിക്കുന്ന വ്യാജ രേഖ തയ്യാറാക്കി എന്ന വാര്‍ത്ത പുറത്തെത്തിച്ചത് അനില്‍ നമ്പ്യാര്‍ തന്നെയാണ്. ഉദ്ദേശിച്ച വഴിയേ അല്ലെങ്കില്‍ പോലും. സത്യമല്ലെന്ന് കരുതി അനില്‍ നമ്പ്യാരും ഇത് അവഗണിച്ചിരുന്നെങ്കില്‍ കേരളം കണ്ട ഒരു കൊടും ചതിയുടെ കഥ ജനം അറിയാതെ പോകുമായിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X