കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്രിക്കറ്റില്‍ കൊടുങ്കാറ്റായി കരാര്‍ വിവാദം ...2

  • By Staff
Google Oneindia Malayalam News

ഒളിംപിക്സിലും ലോകകപ്പ് ഫുട്ബാളിലുമുളള പരസ്യ നിയന്ത്രണങ്ങള്‍ തന്നെയാണ് ക്രിക്കറ്റിലും ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് ഐസിസി ചെയര്‍മാന്‍ മാല്‍ക്കം സ്പീഡ് പറയുന്നു. സ്പോണ്‍സര്‍മാരുടെ താല്‍പര്യങ്ങള്‍ ബലികഴിച്ച് കളിക്കാരുടെ വ്യക്തിഗത ഇഷ്ടങ്ങള്‍ക്ക് ഐസിസി വഴങ്ങില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചാമ്പന്‍സ് ട്രോഫിയിലും ലോകകപ്പിനും കളിക്കണമെന്നുണ്ടെങ്കില്‍ കരാര്‍ ഒപ്പിടണം എന്ന് അദ്ദേഹം വ്യക്തമാക്കി.

എന്നാല്‍ മാല്‍ക്കം സ്പീഡിന്റെ ഈ വാദങ്ങള്‍ തെറ്റാണെന്ന് പ്രമുഖ സ്പോര്‍ട്ട്സ് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ ഫുട്ബാള്‍ ലോകകപ്പിന്റെ ഔദ്യോഗിക സ്പോണ്‍സര്‍മാര്‍ അഡിഡാസ് ആയിരുന്നു. എന്നാല്‍ ബ്രസീല്‍ ടീമിന്റെ സ്പോണ്‍സര്‍മാര്‍ നൈക്കി ആയിരുന്നു. ഇതുപോലെ ഒട്ടേറെ ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടാമെന്ന് അവര്‍ പറയുന്നു. മറ്റൊരാള്‍ ഉണ്ടാക്കിയ കരാര്‍ ലംഘിക്കണമെന്നാവശ്യപ്പെടാന്‍ ഐസിസിയ്ക്ക് എന്തധികാരമാണുളളതെന്നും ചോദ്യം ഉയരുന്നു.

വിവാദത്തില്‍ സച്ചിനൊപ്പം നില്‍ക്കുമെന്ന് മാര്‍ക്കറ്റിംഗ് ഏജന്റായ വേള്‍ഡ് ടെല്‍ അറിയിച്ചു. ചാമ്പ്യന്‍സ് ട്രോഫിയില്‍ കളിക്കേണ്ട എന്ന് സച്ചിന്‍ തീരുമാനിച്ചാലും അദ്ദേഹത്തിന്റെ സ്പോണ്‍സറിംഗ് കമ്പനികളെല്ലാം അദ്ദേഹത്തോടൊപ്പം ഉണ്ടാകും.

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഔദ്യോഗിക സ്പോണ്‍സര്‍മാരായ സഹാറ ഇന്ത്യ എയര്‍ലൈന്‍സിന്റെ ലോഗോ ധരിക്കാന്‍ പാടില്ലെന്ന പ്രശ്നമാണ് ബിസിസിഐയെ അലട്ടുന്നത്. ബോര്‍ഡു തന്നെ പുതിയ കരാറിന്റെ ഇരകളാകുമ്പോള്‍ കോടികള്‍ നഷ്ടപ്പെടുന്ന കരാര്‍ ലംഘനത്തിന് കളിക്കാരെ നിര്‍ബന്ധിക്കാനും വയ്യെന്ന അവസ്ഥയിലാണ് ബിസിസിഐ. ബോര്‍ഡ് പ്രസിഡന്റ് ജഗ്മോഹന്‍ ഡാല്‍മിയയുമായി നിരന്തരം ചര്‍ച്ച ചെയ്തിട്ടും ഇതുവരെ കളിക്കാര്‍ വഴങ്ങിയിട്ടില്ല.

കളിക്കാര്‍ക്കുണ്ടാകുന്ന നഷ്ടത്തിന് ബിസിസിഐ നഷ്ടപരിഹാരം നല്‍കുമെന്ന വാര്‍ത്തയും മുതിര്‍ന്ന കളിക്കാരന്‍ നിഷേധിച്ചു. ബോര്‍ഡിന് പരിഹരിക്കാവുന്ന നഷ്ടമല്ല കളിക്കാര്‍ക്കുണ്ടാകുന്നത്. തര്‍ക്കം രൂക്ഷമാകവെ, ചാമ്പ്യന്‍സ് ട്രോഫിയില്‍ പ്രമുഖരായ കളിക്കാര്‍ ഉണ്ടാകുന്ന കാര്യം സംശയത്തിലായിരിക്കുകയാണ്. സച്ചിനും ഗില്‍ക്രിസ്റും ഗിബ്സും ഗാംഗൂലിയും ഇല്ലാത്ത ഒരു ടൂര്‍ണമെന്റാവുമോ നടക്കാന്‍ പോകുന്നതെന്ന അങ്കലാപ്പിലാണ് ക്രിക്കറ്റ് പ്രേമികള്‍.

2

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X