കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെട്ടുവള്ളങ്ങളുടെ മുഖം മിനുങ്ങുമ്പോള്‍...

  • By Staff
Google Oneindia Malayalam News

കെട്ടുവള്ളം എന്ന സങ്കല്പം കേരളത്തിലെ ടൂറിസ്റ് ഭൂപടത്തിലേക്ക് കൊണ്ടുവന്നത് ബാബുവര്‍ഗ്ഗീസ് എന്ന ചെറുപ്പക്കാരനാണ്. പണ്ട് അരിയും സാമാനങ്ങളും ഒരിടത്തുനിന്നും മറ്റൊരിടത്തേക്ക് കൊണ്ടുപോകാന്‍ മലയാളികള്‍ ആശ്രയിച്ചിരുന്നത് കെട്ടുവള്ളങ്ങളെയാണ്. അന്ന് റോഡുമാര്‍ഗ്ഗത്തേക്കാള്‍ പുഴകളും തടാകവും കനാലുകളും ആയിരുന്നു കേരളീയരുടെ പ്രധാനഗതാഗത മാര്‍ഗ്ഗം. അന്ന് കെട്ടുവള്ളങ്ങള്‍ക്ക് ഇടത്താവളങ്ങളുണ്ടായിരുന്നില്ല. വള്ളക്കാരന്‍ പുഴയില്‍ നിന്ന് മീന്‍പിടിച്ച് വള്ളത്തില്‍ തന്നെ പാകംചെയ്ത് കഴിക്കുകയായിരുന്നു പതിവ്. എങ്കിലും വഴിയോരങ്ങളിലെ ചെറിയ ചായക്കടകള്‍ ഉണ്ടായിരുന്നു.

ചരക്ക് കൊണ്ട് പോകാന്‍ മാത്രമല്ല അന്ന് കെട്ടുവള്ളങ്ങള്‍ ഉപയോഗിച്ചിരുന്നത്. യാത്രയ്ക്കും ഇതുതന്നെയായിരുന്നു മാര്‍ഗ്ഗം. പണ്ട് ആലപ്പുഴ വലിയ കമ്പോളമായിരുന്നപ്പോള്‍ വില്കാനും വാങ്ങാനും ആളുകള്‍ എത്തിയിരുന്നത് കെട്ടുവള്ളങ്ങളിലായിരുന്നു. തിരുവനന്തപുരത്ത് ചാക്കയില്‍ നിന്നും കൊച്ചിയില്‍ ഷണ്‍മുഖം റോഡിന് സമീപമുള്ള തോട്ടിലെ കടവില്‍ നിന്നും ആലപ്പുഴയ്ക്ക് കെട്ടുവളളങ്ങള്‍ ഉണ്ടായിരുന്നു.

പലകകള്‍ കയറുകൊണ്ട് കൂട്ടി കെട്ടി ഉണ്ടാക്കിയ കെട്ടുവള്ളങ്ങള്‍, പനമ്പ് മേഞ്ഞവയായിരുന്നു. മരപ്പലകകള്‍ വിരിച്ച് തറയുണ്ടാക്കും. ഇവയുടെ ശരാശരി ഒരു നീളം 70 അടിയായിരുന്നു. 30 ടണ്‍ വരെ ഭാരം വഹിക്കാനുള്ള ശേഷിയുള്ളവയായിരുന്നു ഇവ. പഴയകാല കെട്ടുവള്ളങ്ങളുടെ ഘടന അല്പം മാറ്റി നിര്‍മ്മിച്ചവയാണ് ടൂറിസ്റുകളുടെ ആവശ്യത്തിനുപയോഗിക്കുന്ന ആധുനിക കെട്ടുവള്ളങ്ങള്‍ അഥവാ ഹൗസ് ബോട്ടുകള്‍. ബാബു വര്‍ഗ്ഗീസ് എന്ന ടൂര്‍ ഓപ്പറേറ്ററുടെ മനസ്സിലാണ് ആദ്യമായി ടൂറിസത്തിനുപയോഗിക്കാവുന്ന കെട്ടുവള്ളത്തിന്റെ ആശയം രൂപംകൊണ്ടത്. അതുവരെ കടലോരങ്ങള്‍ കാട്ടിയാണ് കേരളം വിദേശികളെ മാടിവിളിച്ചത്. എന്നാല്‍ കേരളത്തിലെ 38 നദികളും 1500 ഓളം കനാലുകളും അഞ്ച് വന്‍ തടാകങ്ങളും ഉള്‍പ്പെട്ട കേരളത്തിന്റെ കായലുകള്‍ ഉപയോഗിക്കാതെ കിടക്കുകയായിരുന്നു. ഈ കായലുകള്‍ സൗന്ദര്യത്തിന്റെ ഉറവിടങ്ങളായിരുന്നു. ഇവയില്‍ കെട്ടുവള്ളങ്ങളിലൂടെയുള്ള യാത്ര വിനോദസഞ്ചാരികളെ ലഹരിപിടിപ്പിക്കുമെന്ന് ബാബുവര്‍ഗ്ഗീസ് കണക്കുകൂട്ടി.

പഴയകെട്ടുവള്ളങ്ങളുടെ രൂപഘടനമാറ്റി ഉള്ളില്‍ താമസിക്കാന്‍ പറ്റിയ ഒന്നോ രണ്ടോ ബാത്ത് റൂം ഉള്‍പ്പെടെയുള്ള മുറികള്‍ കൂടി ഉള്‍പ്പെടുത്തിയതായിരുന്നു ബാബു വര്‍ഗ്ഗീസ് രൂപകല്പന ചെയ്ത കെട്ടുവള്ളം. ആലുംകടവില്‍ നിന്നാണ് കേരളത്തിന്റെ ടൂറിസ്റ് ഭൂപടത്തിലേക്ക് ആദ്യത്തെ കെട്ടുവള്ളം കായലിലിറങ്ങിയത്. ബാബു വര്‍ഗ്ഗീസിന്റെ കണക്കുകൂട്ടലുകള്‍ പിഴച്ചില്ല. ആദ്യം വിനോദസഞ്ചാരികളെ കാര്യമായി കിട്ടിയില്ലെങ്കിലും പെട്ടെന്ന് കെട്ടുവള്ളങ്ങള്‍ക്ക് പ്രചാരമേറി. തൊഴിലില്ലായ്മ കൊണ്ട് കഷ്ടപ്പെടുന്ന വള്ളംപണിക്കാരുടെ ജീവിതത്തിന് അതൊരു താങ്ങായി മാറി. ഇപ്പോള്‍ ആലപ്പുഴയിലെ വള്ളംപണിക്കാര്‍ക്ക് തിരക്കോട് തിരക്കാണ്. അത്രയധികം കെട്ടുവള്ളങ്ങള്‍ അവര്‍ നിര്‍മ്മിക്കുന്നു. കമനീയരൂപങ്ങളില്‍ , പുതുമയാര്‍ന്ന സൗകര്യങ്ങളോടെ പുതിയ പുതിയ കെട്ടുവള്ളങ്ങള്‍ കേരളത്തിന്റെ കായലുകളില്‍ ഓരോ ദിവസവും യാത്രയ്ക്ക് തയ്യാറായി വന്നെത്തുന്നു. ഇപ്പോള്‍ ഒരു ദിവസം 10,000 രൂപ വരെ വാടക വാങ്ങുന്ന കെട്ടുവള്ളങ്ങളുണ്ട്.

1

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X