കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൊബൈല്‍ വിവാദം: തീരുമാനങ്ങള്‍ ജനകീയമാവണം...2

  • By Staff
Google Oneindia Malayalam News

അടിസ്ഥാന ഫോണ്‍സര്‍വീസ് മേഖലയിലേക്ക് കടന്നുവരുന്ന ടാറ്റാ, റിലയന്‍സ് എന്നിവരുടെ ജനപ്രീതി കുറയ്ക്കാനാണ് മൊബൈല്‍ കമ്പനികളുടെ ശ്രമം. മാത്രമല്ല, ഇപ്പോള്‍ കയ്യിലുള്ള സ്വന്തം വരിക്കാര്‍ ടാറ്റയുടെയും റിലയന്‍സിന്റെയും പിന്നാലെ പോകരുതെന്നും മൊബൈല്‍ കമ്പനികള്‍ക്ക് നിര്‍ബന്ധമുണ്ട്. അതേ സമയം ടെലിഫോണ്‍ നിരക്കില്‍ വന്‍സൗജന്യങ്ങള്‍ പ്രഖ്യാപിച്ചുകൊണ്ടാണ് റിലയന്‍സും ടാറ്റയും രംഗത്തേക്ക് കടന്നുവന്നിരിക്കുന്നത്.

റിലയന്‍സിന്റെ അടിസ്ഥാനഫോണ്‍ മേഖലയിലേക്കുള്ള വരവ് മാധ്യമങ്ങള്‍ ഏറെ ആഘോഷിച്ചിരുന്നു. വളരെ സൗജന്യനിരക്കുകള്‍ പ്രഖ്യാപിച്ചുകൊണ്ടാണ് റിലയന്‍സ് എത്തിയത്. ഇതിനെ തുടര്‍ന്ന് സ്വകാര്യമൊബൈല്‍ കമ്പനികള്‍ക്ക് തങ്ങളുടെ നിരക്ക് വന്‍തോതില്‍ കുറയ്ക്കേണ്ടി വന്നു. ഇതിലെ അമര്‍ഷം മാറുന്നതിന് മുമ്പേയാണ് ബിപിഎല്‍, ഹച്ച്, എസ്കോടെല്‍, ഭാരതി തുടങ്ങിയ സ്വകാര്യ മൊബൈല്‍ കമ്പനികളുടെ ഫോണില്‍ നിന്നും ടാറ്റാ ടെലിസര്‍വീസ് പോലെയുള്ള അടിസ്ഥാന ഫോണ്‍ സര്‍വീസിലേക്ക് കാളുകള്‍ അനുവദിക്കണമെന്ന് ട്രായ് നിര്‍ദേശിച്ചത്. ഇതോടെ സര്‍ക്കാരിനെതിരെ ശക്തമായി പ്രതികരിക്കാന്‍ സ്വകാര്യമൊബൈല്‍ കമ്പനികളുടെ ഉടമസ്ഥരുടെ സംഘടന തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് തീരുമാനം മാറ്റാനായി ട്രായ് കമ്പനികള്‍ക്ക് 24 മണിയ്ക്കൂര്‍ സമയം അനുവദിച്ചു. അതുകഴിഞ്ഞപ്പോഴാണ് ട്രായ് ദിവസം ഒരു ലക്ഷം രൂപ വീതം പിഴ ഈടാക്കാന്‍ വിധിച്ചത്.

സ്വകാര്യ നിക്ഷേപകരുടെ കടന്നുവരവ് ഇന്ത്യയുടെ ടെലികോം മേഖലയില്‍ വന്‍വിപ്ലവത്തിന് തിരികൊളുത്തി. ധാരാളമായി ടെലികോം മേഖലയിലേക്ക് മൂലധനം ഒഴുകി. പരസ്പരം ബന്ധപ്പെടുന്നതിന് നേരത്തെയുണ്ടായിരുന്ന ഭീമമായ ഫോണ്‍ ബില്ല് കുറഞ്ഞത് ഉപഭോക്താക്കള്‍ക്ക് ആശ്വാസവുമായി.

മൊബൈല്‍ ഫോണ്‍ രംഗത്ത് ഒട്ടേറെ സ്വകാര്യകമ്പനികള്‍ മോഹിപ്പിക്കുന്ന വാഗ്ദാനങ്ങളുമായി ഉപഭോക്താക്കളെ ആകര്‍ഷിച്ചു. കേരളത്തില്‍ എസ്കോട്ടെല്ലും ബിപിഎല്ലുമായിരുന്നു ആദ്യം എത്തിയത്. പിന്നീട് വന്നത് എയര്‍ടെല്ലും ബി എസ് എന്‍ എല്ലുമാണ്. ഇന്ത്യയിലാകെ മൊബൈല്‍ ഫോണ്‍ ശരാശരിക്കാരന്റെ പോലും ജീവിതത്തില്‍ അത്യാവശ്യമാക്കി മാറ്റാന്‍ മൊബൈല്‍ കമ്പനികള്‍ക്ക് കഴിഞ്ഞു.

ഒരു രാജ്യത്തിന്റെ സാമൂഹ്യവളര്‍ച്ചാനിരക്ക് പരിശോധിക്കുമ്പോള്‍ അതില്‍ ജനങ്ങള്‍ക്ക് പരസ്പരം ബന്ധപ്പെടാനുള്ള ടെലിഫോണ്‍ സംവിധാനത്തിന്റെ സൗകര്യവും കണക്കിലെടുക്കാറുണ്ട്. ഈ മേഖലയില്‍ പല രാജ്യങ്ങളേക്കാള്‍ മുന്നിലാണ് ഇന്ത്യയുടെ സ്ഥാനം. ഇത് സോഫ്റ്റ്വെയര്‍ രംഗത്ത് വിദേശക്കമ്പനികള്‍ക്ക് ഇന്ത്യയിലേക്ക് വരാനുള്ള പ്രചോദനവുമാണ്.

കാറ്റും കോളും നീക്കണം

പക്ഷെ ഇപ്പോള്‍ ഈ ടെലികോം മേഖലയിലാണ് കാറ്റും കോളും നിറഞ്ഞിരിക്കുന്നത്. ടെലികോം മേഖലയില്‍, ഇന്ത്യയില്‍ എന്തൊക്കെ പരിഷ്കാരങ്ങള്‍ വരണം എന്ന് തീരുമാനിക്കാന്‍ അധികാരമുള്ള സമിതിയാണ് ട്രായ്. ട്രായിയുടെ നിലപാട് ടെലഫോണ്‍ സേവനം ഉപയോഗിയ്ക്കുന്ന ജനങ്ങള്‍ക്ക് അനുകൂലമാവണം. ഒപ്പം ഈ രംഗത്തെ വ്യവസായികളെ പിണക്കുകയുമരുത്.

ഇവിടെ ഉപഭോക്താവിനെ സംബന്ധിച്ചിടത്തോളം സ്വതന്ത്രമായി ബന്ധപ്പെടാനുള്ള അവകാശം നിഷേധിക്കപ്പെട്ടുകൂടാ. ഏത് മൊബൈല്‍ ഫോണില്‍ നിന്നും എവിടേക്കും വിളിക്കാനുള്ള അവകാശം ഉപഭോക്താവിനുണ്ടവണം. ഇത് നിഷേധിക്കുന്ന മൊബൈല്‍ കമ്പനികളെ ട്രായ് ശിക്ഷിക്കുന്നതില്‍ തെറ്റില്ല. മൊബൈല്‍ കമ്പനികള്‍ ഉപഭോക്താക്കളില്‍ നിന്നും അമിതലാഭം ഈടാക്കിയിരുന്നു എന്ന ഒരു ആരോപണം നിലവിലുണ്ട്. ഇന്‍കമിംഗ് കാള്‍ വരെ സൗജന്യമാക്കിക്കൊണ്ടുള്ള റിലയന്‍സിന്റെ നിരക്ക് പ്രഖ്യാപനം സ്വകാര്യമൊബൈല്‍ കമ്പനികളുടെ കള്ളി വെളിച്ചത്താക്കിയെന്ന് ഉപഭോക്താക്കള്‍ക്കിടയില്‍ ശക്തമായ അഭിപ്രായം ഉയര്‍ന്നിരുന്നു. എയര്‍ടൈം ചാര്‍ജ്ജ്, ഇന്‍കമിംഗ് ചാര്‍ജ്ജ് എന്നൊക്കെ പറഞ്ഞ് ഉപഭോക്താക്കളെ പിഴിയുന്നു എന്ന ചീത്തപ്പേര് ഒഴിവാക്കാന്‍ മൊബൈല്‍ കമ്പനികളും തയ്യാറാവണം.

അതേ സമയം മൊബൈല്‍ കമ്പനികളോട് സര്‍ക്കാര്‍ കാണിക്കുന്നതായി ആരോപിക്കപ്പെടുന്ന വിവേചനം പുന:പരിശോധിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. ഇതിലൊന്ന് മൊബൈല്‍ കമ്പനികളില്‍ നിന്ന് സര്‍ക്കാര്‍ ഫീസിനത്തിലും മറ്റും വാങ്ങുന്ന വന്‍തുകയാണ്. ഇത് കാരണം ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സൗജന്യനിരക്ക് അനുവദിക്കാനാവുന്നില്ലെന്നാണ് മൊബൈല്‍ കമ്പനികളുടെ പരാതി. മറ്റൊന്ന് മൊബൈല്‍ ഫോണില്‍ നിന്നും അടിസ്ഥാനഫോണുകളിലേക്ക് വിളിക്കുമ്പോള്‍ സര്‍ക്കാര്‍ മൊബൈല്‍ കമ്പനികളില്‍ നിന്ന് ഒരു കാളിന് 1.20 രൂപ ഈടാക്കുന്ന സ്ഥിതിവിശേഷത്തില്‍ മാറ്റമുണ്ടായേ മതിയാവൂ. (അതേ സമയം അടിസ്ഥാനഫോണില്‍ നിന്ന് മൊബൈലിലേക്ക് പോകുന്ന കാളുകള്‍ക്ക് സര്‍ക്കാര്‍ തിരിച്ച് മൊബൈല്‍ കമ്പനികള്‍ക്ക് പണം നല്കുന്നുമില്ല. ഇത് വിവേചനമല്ലേ?)

എന്തായാലും ഇരുവിഭാഗത്തിനും ഇപ്പോള്‍ വേണ്ടത് സമവായത്തിലെത്താനുള്ള സന്മനസ്സാണ്. ടെലികോം മേഖലയിലെ കോടിക്കണക്കിന് വരുന്ന ഉപഭോക്താക്കളെ അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിടുന്ന സ്ഥിതിവിശേഷമുണ്ടാകരുത്. ചൈനയും മറ്റ് വികസിത പാശ്ചാത്യരാജ്യങ്ങളും ടെലികോം രംഗത്ത് ഇന്ത്യയേക്കാള്‍ എത്രയോ മുന്നിലാണ്. അവിടെ മൊബൈല്‍ ഫോണിലൂടെ ടെലി കോണ്‍ഫറന്‍സ് വരെ നടത്താനുള്ള സംവിധാനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് കിട്ടിത്തുടങ്ങി. ആ ലക്ഷ്യത്തിലെത്താന്‍ ഇത്തരം വിവാദങ്ങള്‍ ഉപകരിക്കില്ലെന്ന് സര്‍ക്കാരും മൊബൈല്‍ കമ്പനികളും ഓര്‍ക്കുന്നത് നന്ന്.

2

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X