കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒമ്പത് കോടി വോട്ടര്‍മാര്‍ ബൂത്തിലേക്ക്

  • By Staff
Google Oneindia Malayalam News

ദില്ലി: രാജ്യത്തെ നാല് സംസ്ഥാനങ്ങളില്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഡിസംബര്‍ ഒന്ന് തിങ്കളാഴ്ച ഒമ്പത് കോടി വോട്ടര്‍മാര്‍ വോട്ട് രേഖപ്പെടുത്തും. ദില്ലി, രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. തിങ്കളാഴ്ച തിരുവല്ല നിയമസഭാസീറ്റിനു വേണ്ടിയുള്ള ഉപതിരഞ്ഞെടുപ്പാണ് പക്ഷെ കേരളം ഉറ്റുനോക്കുന്നത്.

അടുത്ത വര്‍ഷത്തെ പൊതുതിരഞ്ഞെടുപ്പിനുള്ള രാഷ്ട്രീയകൂട്ടുകെട്ടുകള്‍ നിര്‍ണ്ണയിക്കുന്നതില്‍ നിയമസഭാതിരഞ്ഞെടുപ്പുകള്‍ നിര്‍ണ്ണായകമാവും. ഈ നാല് സംസ്ഥാനങ്ങളും കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്. കാരണം കോണ്‍ഗ്രസ് അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങളാണിവ.

എന്നാല്‍ ഭരണമാറ്റം ആവശ്യപ്പെട്ടുകൊണ്ട് വോട്ട് ചോദിയ്ക്കുന്ന ബിജെപി ആണ് കോണ്‍ഗ്രസിന്റെ മുഖ്യഎതിരാളി. കേന്ദ്രത്തിലെ ബിജെപിയുടെ അഴിമതിയും സംസ്ഥാനങ്ങളിലെ സല്‍ഭരണവും ആയിരുന്നു കോണ്‍ഗ്രസിന്റെ മുഖ്യപ്രചാരണായുധങ്ങള്‍. കേന്ദ്രമന്ത്രി ദിലീപ് സിംഗ് ജുദേവ് കൈക്കൂലി വാങ്ങുന്നതായുള്ള ഇന്ത്യന്‍ എക്സ്പ്രസിന്റെ വീഡിയോടേപ്പ് കോണ്‍ഗ്രസിന് നല്ല പ്രചാരണായുധമായി. ബിജെപിയ്ക്ക് കോണ്‍ഗ്രസ് ഒരു പുതിയ പേരും നല്കി- ബംഗാരു ലക്ഷ്മണ്‍, ജുദേവ് പാര്‍ട്ടി.

മധ്യപ്രദേശില്‍ 3.79 കോടി വോട്ടര്‍മാരുണ്ട്. 230 നിയമസഭാ സീറ്റുകളിലേക്കാണ് മത്സരം. 2171 സ്ഥാനാര്‍ത്ഥികള്‍ മത്സരിയ്ക്കുന്നു. ഇവിടെ കോണ്‍ഗ്രസ് മുഖ്യമന്ത്രി ദിഗ്വിജയ്സിംഗിനെതിരെ ബിജെപിയെ നയിക്കുന്നത് ഉമാഭാരതിയാണ്. തീ പാറുന്ന പോരാട്ടമാണിവിടെ. മധ്യപ്രദേശിന്റെ വികസനം മുരടിപ്പിച്ചുവെന്ന പ്രധാനകുറ്റമാണ് ഉമാഭാരതി ദിഗ്വിജയ് സിംഗിനെതിരെ ഉയര്‍ത്തുന്നത്.

രാജസ്ഥാനില്‍ 3.40 കോടി വോട്ടര്‍മാര്‍. 200 നിയമസഭാ മണ്ഡലങ്ങളിലേക്കായി 1541 സ്ഥാനാര്‍ത്ഥികള്‍ മത്സരിയ്ക്കുന്നു. കോണ്‍ഗ്രസ് മുഖ്യമന്ത്രി അശോക് ഗെലോട്ടിനെതിരെ വസുന്ധര രാജെസിന്ധ്യയാണ് ബിജെപിയുടെ പട നയിക്കുന്നത്. രാജസ്ഥാനിലെ വരള്‍ച്ച തന്നെയാണ് ഇക്കുറി മുഖ്യചര്‍ച്ചാ വിഷയം. മുഖ്യമന്ത്രിയുടെ മുഖം രക്ഷിയ്ക്കാന്‍ വരള്‍ച്ച ബാധിത പ്രദേശത്ത് നാല് തവണ സോണിയാ ഗാന്ധി സന്ദര്‍ശിച്ചിരുന്നു. പക്ഷെ ഇക്കുറി രാജസ്ഥാനില്‍ വരള്‍ച്ചകൊണ്ട് പൊറുതിമുട്ടിയ കര്‍ഷകര്‍ക്ക് ഗോതമ്പ് നല്കിയത് കേന്ദ്രത്തിലെ ബിജെപിയാണെന്ന വാദമാണ് വസുന്ധരരാജെ സിന്ധ്യ ഉയര്‍ത്തുന്നത്.

ഛത്തീസ്ഗഢില്‍ 90 നിയമസഭാ സീറ്റുകള്‍ക്കായി 919 പേര്‍ മത്സരിയ്ക്കുന്നു. 1.35 കോടി വോട്ടര്‍മാരുണ്ട്. മുഖ്യമന്ത്രി അജിത് ജോഗി തന്നെയാണ് ഇവിടെ കോണ്‍ഗ്രസിന്റെ സൂപ്പര്‍ സ്റാര്‍. ഇവിടെ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടിയിരുന്നത് ദിലീപ് സിംഗ് ജുദേവിനെയായിരുന്നു. പക്ഷെ ജുദേവ് കൈക്കൂലി വാങ്ങുന്നതായുള്ള വീഡിയോടേപ്പ് ഇന്ത്യന്‍ എക്സ്പ്രസ് പുറത്തുവിട്ടതോടെ ജുദേവിന് കേന്ദ്രമന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടിവന്നു. ജുദേവ് തന്നെയായിരിക്കും ഛത്തീസ്ഗഢില്‍ പടനയിക്കുകയെന്ന് അദ്വാനി മുഖം രക്ഷിയ്ക്കാന്‍ പ്രഖ്യാപിച്ചെങ്കിലും ഇവിടെ ബിജെപിയുടെ നില പരുങ്ങലിലാണ്. ജോഗിയ്ക്ക് വേണ്ടി പ്രവര്‍ത്തനങ്ങളുടെ ചുക്കാന്‍ പിടിയ്ക്കാന്‍ മകന്‍ അമിത് ജോഗിയുമുണ്ട്. അജിത് ജോഗിയെ അഴിമതിക്കേസില്‍കുടുക്കാന്‍ ബിജെപി ശ്രമിച്ചെങ്കിലും അവസാനനിമിഷം കോടതിയുടെ ബലത്തില്‍ ജോഗി പുറത്തുവരികയായിരുന്നു.

ദില്ലിയില്‍ 70 നിയമസഭാ സീറ്റുകളിലായി 917 സ്ഥാനാര്‍ത്ഥികള്‍ മത്സരിയ്ക്കുന്നു. 90 ലക്ഷം വോട്ടര്‍മാര്‍ ഇവിടെയുണ്ട്. ഇവിടെ കോണ്‍ഗ്രസ് മുഖ്യമന്ത്രി ഷീലാ ദീക്ഷിത് ഭരണ നേട്ടങ്ങള്‍ നിരത്തിയാണ് ഒരുവട്ടം കൂടി അധികാരത്തിലേറാന്‍ ജനങ്ങളെ സമീപിയ്ക്കുന്നത്. മദന്‍ലാല്‍ ഖുറാനയുടെ നേതൃത്വത്തിലാണ് ബിജെപി ഇവിടെ ഷീലാദീക്ഷിതിനെതിരെ പടനയിക്കുന്നത്. വൈദ്യുതി, വിദ്യാഭ്യാസം, കൃഷി, വ്യവസായം തുടങ്ങിയ മേഖലയില്‍ കോണ്‍ഗ്രസ് ഒന്നും ചെയ്തില്ലെന്ന ആരോപണമാണ് ബിജെപി ഉയര്‍ത്തുന്നത്.

നാല് സംസ്ഥാനങ്ങളില്‍ സുരക്ഷാനടപടികള്‍ക്കായി 19,500 സിആര്‍പിഎഫുകാരെയാണ് നിയോഗിച്ചിരിക്കുന്നത്. പ്രധാനമന്ത്രിയും ഉപപ്രധാനമന്ത്രിയും പ്രതിപക്ഷനേതാവ് സോണിയാഗാന്ധിയും ഉള്‍പ്പെടെ ഒരു വന്‍താരനിര തന്നെ പ്രചാരണരംഗത്തുണ്ടായിരുന്നു. പ്രചാരണം ചൂടുപിടിപ്പിക്കാന്‍ ഹേമമാലിനി, സുനില്‍ ഷെട്ടി, മഹിമ ചൗധരി എന്നിവരുള്‍പ്പെടെ ബോളിവുഡ് താരനിരയും രംഗത്തിറങ്ങിയിരുന്നു.

വിവിധ സര്‍വേകള്‍ പ്രകാരം മധ്യപ്രദേശ് ബിജെപി പിടിയ്ക്കുമെന്നും ദില്ലി, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ കോണ്‍ഗ്രസ് നിലനിര്‍ത്തുമെന്നും പറയുന്നു. ഛത്തീസ്ഗഢില്‍ തൂക്കുമന്ത്രിസഭയായിരിക്കുമെന്നും സര്‍വേ പറയുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X