കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലീഡര്‍ക്കിനി എത്രകാലം?

  • By Staff
Google Oneindia Malayalam News

ജനവരി 28, 2004

എന്തായിരുന്നു ലീഡറുടെ ഉന്നം എന്നത് ഇപ്പോഴും അവ്യക്തം. തിരുവനന്തപുരം ടാഗോര്‍ തീയറ്ററില്‍ നടന്ന ഐ ഗ്രൂപ്പ് യോഗത്തില്‍ അണികളെ മുഴുവന്‍ ആവേശം കൊള്ളിക്കുന്നതായിരുന്നു ലീഡറുടെ പുതിയ പാര്‍ട്ടി പ്രഖ്യാപനം.

കോണ്‍ഗ്രസിന്റെ കൊടിയില്‍ ചര്‍ക്കയുടെ സ്ഥാനത്ത് ഇന്ദിരയുടെ ചിത്രം. പാര്‍ട്ടിയുടെ പേര് നാഷണലിസ്റ് പാര്‍ട്ടി- ഇന്ദിര. ഇത്രയും കൊള്ളാം. പക്ഷെ അദ്ദേഹത്തിന്റെ മകള്‍ ഈ ഗ്രൂപ്പ് സമ്മേളനത്തില്‍ പങ്കെടുത്തപ്പോള്‍ മകന്‍ ആന്റണിയുടെ താവളത്തിലേക്ക് നീങ്ങുകയായിരുന്നു. ഇത് ലീഡര്‍ അറിഞ്ഞുകൊണ്ടുള്ള നാടകമോ അതോ ജീവിതത്തിലെ മറ്റൊരു അധ്യായമോ?

ലീഡര്‍ക്കിപ്പോള്‍ പ്രായം 86 ആയി. ഇനിയും എത്രകാലം അദ്ദേഹത്തിന് പുതിയൊരു പാര്‍ട്ടിയെ നയിക്കാന്‍ ത്രാണിയുണ്ട് എന്ന ചോദ്യമാണ് ഗ്രൂപ്പിനൊപ്പം നില്ക്കുന്നവരുടെയും അണികളുടെയും ഉള്ളില്‍ മുഴങ്ങുന്നത്. ഐ ഗ്രൂപ്പിലെ എംഎല്‍എമാരുടെ എണ്ണം 23ല്‍ നിന്ന് 19 ആയി താഴ്ന്നത് ഈ യാഥാര്‍ത്ഥ്യത്തില്‍ നിന്നാണ്. തേറമ്പില്‍ രാമകൃഷ്ണനെപ്പോലുള്ള ഒരു കാലത്ത് ലീഡറുടെ കടുത്ത ഭക്തരായിരുന്നവര്‍ തന്നെയാണ് അകന്നുപോയതെന്ന് ഓര്‍മ്മിയ്ക്കുക.

ലീഡര്‍ പുതിയ പാര്‍ട്ടി രൂപീകരിയ്ക്കുന്നതായി പ്രഖ്യാപിക്കുമ്പോള്‍ വേദിയില്‍ ഉണ്ടായിരുന്ന ഐ ഗ്രൂപ്പ് മന്ത്രിമാരുടെയും എംഎല്‍എമാരുടെയും മുഖം മങ്ങുന്നത് ടിവി ക്യാമറകള്‍ പകര്‍ത്തിയിരുന്നു. ഈ യോഗത്തിന് ശേഷം മന്ത്രിസഭായോഗത്തില്‍ പങ്കെടുക്കാനെത്തിയ കടവൂര്‍ ശിവദാസനും പി. ശങ്കരനും തീര്‍ത്തും നിരാശരായിരുന്നു. ഒരു ഘട്ടത്തില്‍ പി. ശങ്കരന്‍ പൊട്ടിക്കരയുകയും ചെയ്തു.

അടുത്ത നീക്കം എന്തായിരിക്കണമെന്നത് സംബന്ധിച്ച് ഐ ഗ്രൂപ്പില്‍ ഇപ്പോള്‍ കടുത്ത ആശയക്കുഴപ്പമുണ്ട്. പുതിയ പാര്‍ട്ടിയുണ്ടാക്കുമെന്ന് കരുണാകരന്‍ പ്രഖ്യാപിച്ചെങ്കിലും അതിനോട് ഗ്രൂപ്പിലുള്ള എംഎല്‍എമാര്‍ക്കും മന്ത്രിമാര്‍ക്കും താല്പര്യമില്ലെന്നതാണ് വാസ്തവം.

ഭൂരിഭാഗം പേരും പാര്‍ട്ടിയില്‍ പിളര്‍പ്പ് ഒഴിവാക്കണമെന്ന അഭിപ്രായക്കാരാണ്. സമ്മേളനത്തില്‍ കരുണാകരന്‍ ഇങ്ങിനെ ഒരു പ്രഖ്യാപനം നടത്തുമെന്ന് ആരും കരുതിയിരുന്നില്ല. മന്ത്രിമാരായ കടവൂര്‍ ശിവദാസന്‍, പി. ശങ്കരന്‍ എന്നിവര്‍ക്ക് പുറമെ എംഎല്‍എമാരായ ഇ.എം. ആഗസ്തി, അടൂര്‍ പ്രകാശ്, വി. ബലറാം, ഡി. സുഗതന്‍, എന്‍.ഡി. പ്പച്ചന്‍, ടി.വി. ചന്ദ്രമോഹന്‍, മാലേത്ത് സരളാദേവി, എന്‍. ശക്തന്‍, രാധാ രാഘവന്‍, ടി.യു. രാധാകൃഷ്ണന്‍, എ.പി. അനില്‍കുമാര്‍, ശോഭനാ ജോര്‍ജ്ജ്, കെ. മോഹന്‍കുമാര്‍, എം.എ. ചന്ദ്രശേഖരന്‍ എന്നിവരെല്ലാം പാര്‍ട്ടി പിളരുന്നതിനോട് എതിര്‍പ്പുള്ളവരാണെന്ന് കരുതുന്നു. എത്രയും വേഗം ഒത്തുതീര്‍പ്പുണ്ടാക്കണമെന്ന അഭിപ്രായമാണ് ഇവര്‍ക്കുള്ളത്.

എന്നാല്‍ പി.പി. ജോര്‍ജ്ജ്, എ.ഡി. മുസ്തഫ, സാവിത്രി ലക്ഷ്മണന്‍ എന്നിവര്‍ കരുണാകരന്റെ ഏത് അഭിപ്രായത്തോടും യോജിക്കാന്‍ തയ്യാറുള്ളവരാണ്.

പാര്‍ട്ടി അണികള്‍ക്കിടയിലും ഈ അവ്യക്തത തുടരുന്നുണ്ട്. ജില്ലാ തലത്തിലുള്ള ഗ്രൂപ്പിന്റെ രണ്ടാംകിട നേതാക്കളാരും എടുത്തുചാടി ഒരു അഭിപ്രായപ്രകടനത്തിന് തയ്യാറല്ല.

കരുണാകന്റെ അഭിപ്രായം പാര്‍ട്ടി നെടുകെ പിളര്‍ന്നതിന്റെ സൂചനയാണെന്ന് എറണാകുളം ജില്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ജമാല്‍ മണക്കാട് പറയുന്നു. എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. മുഹമ്മദ് മാസ്ററും കരുണാകരന്റെ പ്രഖ്യാപനത്തെ പൂര്‍ണ്ണമായും അനുകൂലിയ്ക്കുന്നു.

അതേ സമയം കരുണാകരന്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുന്നതായി പ്രഖ്യാപിച്ചിട്ടില്ലെന്നാണ് ജില്ലാ സെക്രട്ടറി കെ.പി. രമേഷ് പറയുന്നത്. ഐ ക്യാമ്പ് നേതാവും കെപിസിസി ജനറല്‍ സെക്രട്ടറിയുമായ എന്‍. വേണുഗോപാലും പാര്‍ട്ടി പിളര്‍പ്പിനെ എതിര്‍ക്കുന്നു. ഭൂരിഭാഗം ഐ ഗ്രൂപ്പ് എംഎല്‍എമാരും കെപിസിസി ഭാരവാഹികളും കെപിസിസി പ്രസിഡന്റിനോടൊപ്പം നില്ക്കുമെന്നും അദ്ദേഹം പറഞ്ഞു.

എല്ലാം കൂട്ടിവായിക്കുമ്പോള്‍ ലീഡര്‍ക്ക് പിണഞ്ഞഒരു അബദ്ധമാണോ കഴിഞ്ഞ ദിവസത്തെ പ്രഖ്യാപനം എന്ന് തോന്നിപ്പോകുന്നു. വാക്കിന് വിലകല്പിയ്ക്കുന്നയാളാണ് കരുണാകരന്‍. ഇത്രയും പ്രഖ്യാപിച്ചശേഷം ഇനി അദ്ദേഹത്തിന് വീണ്ടും കോണ്‍ഗ്രസിലേക്ക് മടങ്ങിപ്പോകാന്‍ കഴിയുമോ? ടിവി ക്യാമറകള്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ മുഴുവന്‍ തള്ളിപ്പറഞ്ഞാല്‍ ഒരു പക്ഷെ നാളെ കേരളം തന്നെ ലീഡറെ തള്ളിപ്പറഞ്ഞേയ്ക്കും. പക്ഷെ തന്ത്രങ്ങളുടെ ആശാനായ കരുണാകരന്‍ ദേശീയതലത്തില്‍ ഉണ്ടാകുന്ന പുതിയ മാറ്റങ്ങള്‍ക്കൊപ്പിച്ച് ചുവടുവയ്ക്കാനാണോ ലക്ഷ്യമിടുന്നത് എന്നതും അറിയില്ല. ഇപ്പോഴത്തെ ലീഡറുടെ ജനപിന്തുണയനുസരിച്ച് കേരളത്തില്‍ ഒരു തൂക്കുമന്ത്രിസഭയുണ്ടാക്കാന്‍ അദ്ദേഹത്തിന് കഴിയും. ഈ വരുന്ന ലോക്സഭാതിരഞ്ഞെടുപ്പില്‍ സിപിഎമ്മുമായി ചേര്‍ന്ന് ആന്റണി വിഭാഗത്തിലെ മുഴുവന്‍ വിഭാഗത്തെയും തോല്പിക്കാനും ലീഡര്‍ക്ക് കഴിയും. പക്ഷെ ലീഡര്‍ക്കിനി എത്ര കാലം? ആ ചോദ്യമാണ് എല്ലാവരേയും കുഴക്കുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X