കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പരമേശ്വരന്റെ കുരുമുളക് ബ്രിട്ടനില്‍

  • By Staff
Google Oneindia Malayalam News

16 വര്‍ഷം മുമ്പേ ജൈവകൃഷിക്ക് മാതൃക കാട്ടിയയാളാണ് തിരുനെല്ലി സ്വദേശിയായ പി. പരമേശ്വരന്‍. കഴിഞ്ഞ 10 വര്‍ഷമായി പരമേശ്വരന്‍ ജൈവകൃഷിയിലൂടെ ഉണ്ടാക്കുന്ന കുരുമുളക് കയറ്റുമതി ചെയ്ത് ബ്രിട്ടനിലെ രാജകടുംബത്തില്‍ വരെയെത്തുന്നു.

പരമേശ്വരന്റെ വയനാടന്‍ കുരുമുളക് എന്നത് ഇന്ന് ബ്രിട്ടനില്‍ ഒരു ബ്രാന്റാണ്. 16 വര്‍ഷമായി ബ്രിട്ടനില്‍ നന്നായി വിറ്റുപോരുന്ന ഇനമാണ് പരമേശ്വരന്‍ കൃഷി ചെയ്തുണ്ടാക്കുന്ന കുരുമുളക്. ലണ്ടനിലെ ബക്കിങ്ഹാം കൊട്ടാരത്തിലെ അന്തേവാസികള്‍ ഉപയോഗിക്കുന്നത് പരമേശ്വരന്റെ കുരുമുളകാണ്.

മണ്ണിലെ അമിതമായ രാസവള പ്രയോഗം സൃഷ്ടിച്ച വിന തിരിച്ചറിഞ്ഞ് ജൈവകൃഷിയിലേക്ക് മാറുന്ന കര്‍ഷകര്‍ക്ക് നേരെ അനുതാപപൂര്‍വമായ ഒരു ചിരിയാണ് പരമേശ്വരന്റെ ചുണ്ടില്‍ വിരിയുന്നത്. കാരണം 20വര്‍ഷം മുമ്പേ ജൈവകൃഷി എന്ന മന്ത്രത്തിന്റെ ശക്തി മണ്ണില്‍ തെളിയിച്ചയാളാണ് പരമേശ്വരന്‍.

തിരുനെല്ലിയില്‍ കുടുംബത്തോടൊപ്പം താമസിക്കുന്ന പരമേശ്വരന്‍ 50 ഏക്കര്‍ സ്ഥലത്താണ് കൃഷി നടത്തുന്നത്. ബ്രിട്ടനിലെ സ്കോട്ടുലാന്റുകാരായ ദമ്പതികളാണ് പരമേശ്വരനെ വളര്‍ത്തിയത്. യുവാവായിരുന്നപ്പോള്‍ കേരളത്തിലെത്തിയ പരമേശ്വരന്‍ കൃഷിയ്ക്ക് പറ്റിയ മാതൃകാപരമായ സ്ഥലത്തിനായുള്ള അന്വേഷണത്തിനൊടുവിലാണ് തിരുനെല്ലി ക്ഷേത്രത്തിന് സമീപമുള്ള ബ്രഹ്മഗിരി മലയിലെ 50 ഏക്കര്‍ സ്ഥലത്ത് കൃഷി തുടങ്ങിയത്.

ജൈവകൃഷിക്ക് തന്നെ പ്രേരിപ്പിച്ചത് വിപണിസാധ്യതകളല്ലെന്നും പ്രകൃതിയെ അമിതമായി ചൂഷണം ചെയ്യുന്നതിനോട് എതിരായതു കൊണ്ടാണ് ജൈവകൃഷിരീതി മാത്രം ഉപയോഗിച്ചതെന്നും പരമേശ്വരന്‍ പറയുന്നു. കൃഷി തുടങ്ങിയ കാലത്ത് തനിക്ക് യാതൊരു വരുമാനവുമുണ്ടായിരുന്നില്ലെന്നും അത് തന്നെ സാമ്പത്തിക പ്രശ്നങ്ങളിലെത്തിച്ചിട്ടുണ്ടെന്നും പരമേശ്വരന്‍ പറഞ്ഞു.

കുരുമുളകിന് പുറമെ കാപ്പിയും പലതരം പൂക്കളും ചെടികളും മരങ്ങളും വിവിധഇനം ഈറ്റയും ഔഷധച്ചെടികളും പരമേശ്വരന്റെ കൃഷിയിടത്തില്‍ വളരുന്നുണ്ട്. കാടും കൃഷിഭൂമിയും വേര്‍ത്തിരിക്കാനാവാത്ത വിധത്തിലാണ് പരമേശ്വരന്റെ കൃഷിഭൂമി.

ബ്രിട്ടനിലെ ചില സുഹൃത്തുക്കള്‍ മുന്‍കൈയെടുത്താണ് പരമേശ്വരന്‍ കൃഷി ചെയ്തുണ്ടാക്കിയ കുരുമുളക് അന്താരാഷ്ട്ര വിപണിയിലെത്തിച്ചത്. തന്റെ ഉത്പന്നം അന്താരാഷ്ട്ര വിപണി കീഴടക്കിയെങ്കിലും കുരുമുളക് കൃഷി വിപുലീകരിക്കാന്‍ പരമേശ്വരന് യാതൊരു ഉദ്ദേശ്യവുമില്ല.

കുരുമുളകിനായി കൂടുതല്‍ ആവശ്യം ഉണ്ടാവാതിരിക്കാന്‍ തന്റെ കുരുമുളക് എവിടെയും പ്രദര്‍ശിപ്പിക്കരുതെന്നാണ് പരമേശ്വരന്‍ സ്പൈസസ് ബോര്‍ഡിനോട് പോലും ആവശ്യപ്പെട്ടിരിക്കുന്നത്. ആവശ്യം കൂടുന്നതിന് അനുസരിച്ച് പ്രകൃതിയെ ചൂഷണം ചെയ്യാന്‍ താനൊരുക്കമല്ലെന്ന് പരമേശ്വരന്‍ പറയുന്നു. അതിനാല്‍ ലോകത്തിന്റെ നാനാഭാഗത്ത് നിന്നും വരുന്ന ഓര്‍ഡറുകള്‍ പരമേശ്വരന്‍ നിഷേധിയ്ക്കുകയാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X