കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്‍ഡിഎ നേടുമെന്ന് പോള്‍ഫലം

  • By Staff
Google Oneindia Malayalam News

ദില്ലി: ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ എത്തുമെന്ന് എന്‍ഡിടിവി- ഇന്ത്യന്‍ എക്സ്പ്രസ് സര്‍വേകള്‍ സൂചിപ്പിയ്ക്കുന്നു. ഇരുകൂട്ടര്‍ക്കും വേണ്ടി എസി നീല്‍സന്‍ ആണ് അഭിപ്രായസര്‍വേ നടത്തിയത്.

എന്‍ഡിഎ ഏകദേശം 287നും 307നും ഇടയില്‍ സീറ്റുകള്‍ നേടുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അതേ സമയം കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മുന്നണിയ്ക്ക് വെറും 143നും 163നും ഇടയില്‍ സീറ്റുകളേ ലഭിയ്ക്കുകയുള്ളൂ.

207 ലോക്സഭാ മണ്ഡലങ്ങളിലായി 45,000 പേരില്‍ നിന്നുള്ളഅഭിപ്രായം തേടുകയുണ്ടായി. സര്‍വേയ്ക്ക് വേണ്ടി ചെന്ന സ്ഥലങ്ങളില്‍ 80 ശതമാനവും ഗ്രാമപ്രദേശങ്ങളാണ്. ഇതുവരെ നടന്നതില്‍ വച്ചേറ്റവും വലിയ അഭിപ്രായസര്‍വേയാണിതെന്ന് എസി നീല്‍സന്‍ അഭിപ്രായപ്പെടുന്നു.

പടിഞ്ഞാറന്‍ മേഖലയില്‍ ബിജെപി തൂത്തുവാരുമെന്ന് സര്‍വേ ഫലം സൂചിപ്പിയ്ക്കുന്നു. ഇവിടെ നിന്ന് ബിജെപി 190നും 210നും ഇടയില്‍ സീറ്റുകള്‍ നേടും. കോണ്‍ഗ്രസിനാകട്ടെ 95നും 105നും ഇടയില്‍ സീറ്റുകളേ ലഭിയ്ക്കൂ. മഹാരാഷ്ട്രയില്‍ ബിജെപി സഖ്യം 27 സീറ്റുകള്‍ നേടുമ്പോള്‍ കോണ്‍ഗ്രസിന് 20 സീറ്റുകളേ ലഭിയ്ക്കൂ. മധ്യപ്രദേശില്‍ ബിജെപി ആകെയുള്ള 29 സീറ്റുകളില്‍ 26ഉം സ്വന്തമാക്കും. കോണ്‍ഗ്രസിന് ലഭിയ്ക്കുക മൂന്ന് സീറ്റുകള്‍ മാത്രം.

ഛത്തീസ്ഗഢില്‍ ബിജെപി ആകെയുള്ള 11 സീറ്റുകളും സ്വന്തമാക്കും. രാജസ്ഥാനില്‍ 25ല്‍ 23ഉം ബിജെപി നേടും. കോണ്‍ഗ്രസിന് ഇവിടെ രണ്ടു സീറ്റുകൊണ്ട് തൃപ്തിപ്പെടേണ്ടിവരും.

പ്രധാനമന്ത്രി വാജ്പേയിയും ഉപപ്രധാനമന്ത്രി എല്‍.കെ. അദ്വാനിയും സൂചിപ്പിച്ചതുപോലെ ഗുജറാത്തില്‍ സുഖാനുഭൂതിയുടെ ഫലം ബിജെപി അനുകൂലമായ കാറ്റായി വീശുമെന്നാണ് സര്‍വേ നല്കുന്ന സൂചന. ഇവിടെ 26 സീറ്റുകളില്‍ 24ഉം ബിജെപിയിലേക്ക് ചായും. കോണ്‍ഗ്രസ് രണ്ടില്‍ ഒതുങ്ങും.

തെക്കേയിന്ത്യയില്‍ തമിഴ്നാട്ടില്‍ കോണ്‍ഗ്രസ് നേട്ടമുണ്ടാക്കും. ഇവിടെ കോണ്‍ഗ്രസ്-ഡിഎംകെ സഖ്യം 34 സീറ്റുകള്‍ നേടും. കഴിഞ്ഞവര്‍ഷത്തേതിനേക്കാള്‍ കോണ്‍ഗ്രസിന് 21 സീറ്റുകള്‍ അധികം ലഭിയ്ക്കും. എഐഎഡിഎംകെ-ബിജെപി സഖ്യം അഞ്ച് സീറ്റുകളില്‍ ഒതുങ്ങും.

കേരളത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫ് സഖ്യം ആകെയുള്ള 20ല്‍ 14 സീറ്റുകള്‍ സ്വന്തമാക്കും. മുഖ്യമന്ത്രിയുടെ ജനപ്രീതിയുടെ കാര്യത്തില്‍ ആന്റണിയ്ക്ക് 27 ശതമാനം പിന്തുണയേ ഉള്ളൂവെങ്കിലും അതൊന്നും വോട്ടെടുപ്പില്‍ കോണ്‍ഗ്രസിനെ തളര്‍ത്തില്ലെന്ന് സര്‍വേഫലം സൂചിപ്പിയ്ക്കുന്നു. കര്‍ണ്ണാടകയില്‍ ബിജെപി ലോക്സഭാ തിരഞ്ഞടുപ്പില്‍ നേട്ടമുണ്ടാക്കും. ആന്ധ്രയില്‍ തെലുഗുദേശവും ബിജെപിയും 34 സീറ്റുകള്‍ നേടും. കോണ്‍ഗ്രസ്-തെലുങ്കാനരാഷ്ട്രസമിതി സഖ്യം ഏഴില്‍ നില്ക്കും.

കിഴക്കന്‍ മേഖലയില്‍ ബിജെപി നേട്ടമുണ്ടാക്കുമെന്നാണ് സൂചന. പശ്ചിമബംഗാളില്‍ ഇടതുപക്ഷം 34 സീറ്റുകള്‍ നേടും. കോണ്‍ഗ്രസ് മൂന്നാം തൃണമൂല്‍-ബിജെപി സഖ്യം അഞ്ചും സീറ്റുകള്‍ നേടും. അസമില്‍ ബിജെപി നാലും കോണ്‍ഗ്രസ് ഏഴും മറ്റുള്ളവര്‍ മൂന്നും സീറ്റുകള്‍ നേടും.

ഒറീസയില്‍ ബിജെപി-ബിജുജനതാദള്‍ സഖ്യം 19 സീറ്റുകള്‍ നേടും. കോണ്‍ഗ്രസിന് രണ്ട് സീറ്റുകള്‍ കിട്ടും.

ബിഹാറില്‍ ബിജെപി-ജനതാദള്‍ സഖ്യം ആകെയുള്ള 40ല്‍ 26ഉം സ്വന്തമാക്കും. ആര്‍ജെഡി സഖ്യം 13ല്‍ ഒതുങ്ങും. ജാര്‍ഖണ്ഡില്‍ ബിജെപി ആറ്സീറ്റും കോണ്‍ഗ്രസ്-ജെഎംഎം സഖ്യം ഏഴ് സീറ്റും നേടും.

വടക്കന്‍ മേഖലയില്‍ പഞ്ചാബില്‍ കോണ്‍ഗ്രസ് ഏഴ് സീറ്റ് നേടും. ശിരോമണി അകാലിദള്‍ ആറ് സീറ്റും നേടും. ഹര്യാനയില്‍ കോണ്‍ഗ്രസ് ആറ് സീറ്റുകള്‍ പിടിയ്ക്കും. ബിജെപി-ഇന്ത്യന്‍ നാഷണല്‍ ലോക്ദള്‍ സഖ്യം നാല് സീറ്റുകള്‍ നേടും. ദില്ലിയില്‍ കോണ്‍ഗ്രസ് ഇക്കുറി നേട്ടമുണ്ടാക്കും. ഇവിടെ കോണ്‍ഗ്രസ് അഞ്ച് സീറ്റുകള്‍ നേടും. ബിജെപി രണ്ടില്‍ ഒതുങ്ങും. യുപിയില്‍ സമാജ്വാദി പാര്‍ട്ടിയും ബിജെപിയും 32 സീറ്റുകള്‍ വീതം നേടും. ബഹുജന്‍സമാജ്വാദി പാര്‍ട്ടി 11 സീറ്റുകളും കോണ്‍ഗ്രസ് അഞ്ച് സീറ്റുകളും നേടും.

എന്‍ഡിഎ ആകെ നേടുന്ന സീറ്റുകളില്‍ ഏഴ്പത് ശതമാനവും ബിജെപി വകയായുള്ളതായിരിക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X