കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആന്റണിയെന്ന വിഗ്രഹം ഉടഞ്ഞുവോ?

  • By Staff
Google Oneindia Malayalam News

കോണ്‍ഗ്രസിനെ കേരളത്തില്‍ സംപൂജ്യമാക്കിയ ജനവിധിയില്‍ ആന്റണിയെന്ന വിഗ്രഹം ഉടഞ്ഞുവെന്ന് പറഞ്ഞാല്‍ അതിശയോക്തിയാകുമോ? കരുണാകരന്റെ ഗ്രൂപ്പുകളിയേക്കാള്‍ അതിനോട് ഒത്തുകളിച്ച ആന്റണിയുടെ അവസരവാദത്തോടുള്ള കടുത്ത ജനരോഷമാണ് തിരഞ്ഞെടുപ്പ് വിധിയില്‍ പ്രതിഫലിച്ചത്. ഇത് സംഭവിച്ചത് ആന്റണിയും സംഘവും നിയമസഭയിലേയ്ക്ക് തിരഞ്ഞൈടുക്കപ്പെട്ട് മൂന്ന് വര്‍ഷം തികയുന്ന ദിവസമാണെന്നത് അതിശയകരമായ കാര്യമാണ്. 2001 മേയ് 13 നായിരുന്നു ആന്റണി സര്‍ക്കാരിലേറ്റിക്കൊണ്ടുള്ള തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിയ്ക്കപ്പെട്ടത്. ലോക്സഭയിലേയ്ക്ക് ഒരു കോണ്‍ഗ്രസ് കാരന്‍ പോലും ജയിയ്ക്കാത്ത 2004 ലെ തിരഞ്ഞെടുപ്പ് ഫലം വന്നതും മേയ് 13ന് തന്നെയാണ്.

Antonyകരുണാകരന്‍ എന്ന തന്ത്രശാലിയായ രാഷ്ട്രീയക്കാരനെതിരെ ജനരോഷം തിരിഞ്ഞുവെന്ന് പറഞ്ഞാല്‍ അതില്‍ അതിശയോക്തിയില്ല. കരുണാകരന്റെ കളികള്‍ക്കും ഒത്തുകളികള്‍ക്കും കുടുംബരാഷ്ട്രീയത്തിനും മറുപടി നല്കാന്‍ ജനം കാത്തിരിയ്ക്കുകയായിരുന്നു. പക്ഷെ അവസാനനിമിഷം നവോത്ഥാനയാത്രയിലൂടെ കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ കളങ്കം മായ്ക്കാനുള്ള ആന്റണിയുടെ ശ്രമം പരാജയപ്പെട്ടുവെന്നതാണ് ഏറെ ശ്രദ്ധേയം. താന്‍ കൂടി പങ്കാളിയായ ഗ്രൂപ്പ് കളിയുടെ അഴുക്കുകള്‍ കളയാന്‍ തന്റെ ഇമേജ് പോരെന്ന് ആന്റണി മനസ്സിലാക്കേണ്ടിയിരിക്കുന്നു.

സത്യത്തിന്റെയും ധര്‍മ്മത്തിന്റെയും പ്രതീകമാണെന്ന ആന്റണിയുടെ ഇമേജ് ഈ ജനവിധിയുടെ മുമ്പില്‍ പാടേ തകര്‍ന്നിരിയ്ക്കുന്നു. കരുണാകരന്റെ ഗ്രൂപ്പ് കളികളെ തുറന്നെതിര്‍ക്കാതെ സ്വന്തം താല്പര്യങ്ങള്‍ സംരക്ഷിയ്ക്കുന്ന കൗശലമാണ് ആന്റണി എക്കാലത്തും പ്രയോഗിച്ചിട്ടുള്ളത്. ഇക്കുറിയും ആന്റണി അത് തന്നെ ആവര്‍ത്തിച്ചു. ഐ ഗ്രൂപ്പ് പൊളിയ്ക്കുക എന്ന ഒരു ഗൂഢ ലക്ഷ്യം കൂടി ആന്റണി തന്റെ നീക്കത്തില്‍ കണ്ടിരുന്നു. അത് ഒരു പരിധിവരെ വിജയിയ്ക്കുകയും ചെയ്തു. മുരളിയെ മന്ത്രിയാക്കിയും പത്മജ വേണുഗോപാലിന് മുകുന്ദപുരത്ത് സീറ്റ് നല്‍കിയും കരുണാകരന്‍ പറയുന്നതൊക്കെ കേട്ട് ഐ വിഭാഗത്തിലുള്ള പ്രവര്‍ത്തകരില്‍ കരുണാകര വിദ്വേഷം പരത്താനാണ് ആന്റണി ശ്രമിച്ചത്. പക്ഷെ ജനം ആന്റണിയുടെ ഈ അവസരവാദത്തെയും തിരിച്ചറിഞ്ഞു എന്ന് വേണം കരുതാന്‍. മക്കള്‍ രാഷ്ട്രീയത്തിന് മറുപടി പറഞ്ഞ ജനം ആന്റണിയ്ക്കും ഒരു മറുപടി കൊടുക്കുകയായിരുന്നു. പക്ഷേ ഐ ഗ്രൂപ്പ് പൊളിയ്ക്കുക എന്ന ആന്റണിയുടെ തന്ത്രം പാളിയെന്ന് വേണം കരുതാന്‍. ഗ്രൂപ്പില്ലെന്ന് പറഞ്ഞ് നടന്ന മുരളി വടക്കാഞ്ചേരിയില്‍ തോറ്റ് മണിയ്ക്കൂര്‍ കഴിഞ്ഞപ്പോള്‍ തന്നെ ഐ ഗ്രൂപ്പുകാരുമായി ആശയ വിനിമയം നടത്താനുള്ള ശ്രമം തുടങ്ങി. ഇതിന്റെ അര്‍ത്ഥം ഐ ഗ്രൂപ്പ് വീണ്ടും സജീവമാകുന്നു എന്നാണ്. എല്ലാ ജോലിയും നഷ്ടപ്പെട്ട മുരളിയ്ക്ക് ഇനി എന്തെങ്കിലും പണി വേണ്ടേ. അതിന് ഗ്രൂപ്പ് പ്രവര്‍ത്തനം നടത്താതെ രക്ഷയില്ലല്ലൊ.

ആന്റണിയുടേയും കരുണാകരന്റേയും കളി തിരിച്ചറിഞ്ഞതുകൊണ്ടാണ് ഇന്ത്യയാകെ കോണ്‍ഗ്രസിലേക്ക് ചാഞ്ഞപ്പോള്‍ കോണ്‍ഗ്രസിന്റെ കൂടാരമായ കേരളം ഇടതുമുന്നണി തൂത്തുവാരിയത്. മറ്റൊരു ന്യായവും ഇതിന് കണ്ടെത്താനാവില്ല. ബിജെപിയുടെ ഹിന്ദുത്വത്തിനെതിരായി, സോണിയയ്ക്ക് അനുകൂലമായി കേരളത്തിലെ ക്രിസ്ത്യാനികള്‍ ഒറ്റക്കെട്ടായി വോട്ടുചെയ്തിട്ടും എറണാകുളം മണ്ഡലം പോലും ഇടതുമുന്നണിയ്ക്കൊപ്പം നിന്നു. ഇടതുമുന്നണി സ്ഥാനാര്‍ത്ഥികള്‍ ആയിരത്തിനോ പതിനായിരത്തിനോ അല്ല ജയിച്ചത്. ഭൂരിഭാഗം സ്ഥലങ്ങളിലും അവരുടെ വിജയം 50,000ല്‍ മുകളിലായിരുന്നു. പക്ഷ ഇതില്‍ മറ്റൊരു രഹസ്യം കൂടിയുണ്ട്. വോട്ട് കോണ്‍ഗ്രസിനായാലും ബി ജെ പിയ്ക്കായാലും അത് സോണിയയ്ക്ക് അനുകൂലം തന്നെ എന്ന് എറണാകുളത്തെ വോട്ടര്‍മാര്‍ മനസ്സിലാക്കിയിരുന്നു.

മുകുന്ദപുരത്ത് പത്മജയ്ക്കെതിരെ ലോനപ്പന്‍ നമ്പാടന്റെ ഭൂരിപക്ഷം ഒരു ലക്ഷത്തിലും മുകളിലായിരുന്നു. ഇവിടെ ഏഴ് നിയമസഭാമണ്ഡലങ്ങളിലും ലോനപ്പന്‍ നമ്പാടനായിരുന്നു ഭൂരിപക്ഷം. കരുണാകരന്‍ 50,000 വോട്ടുകള്‍ക്ക് ജയിച്ച മണ്ഡലമാണ് മുകുന്ദപുരമെന്ന് ഓര്‍ക്കുക. ആദ്യമായി മുസ്ലിംലീഗിന് മഞ്ചേരി പോലും കൈവിട്ടുപോയി. മഞ്ചേരി ഇടതുപക്ഷത്തിനൊപ്പം നില്ക്കുക എന്നത് മുസ്ലിംലീഗിനെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ മുറിവാണ്.

കോണ്‍ഗ്രസിലെ ഗ്രൂപ്പ് വഴക്കും കപടനാടകങ്ങളും അവസരവാദവും ഇനിയും വച്ചുപൊറുപ്പിയ്ക്കില്ല എന്ന് കേരളത്തിലെ ജനങ്ങള്‍ ഒന്നടങ്കം തീരുമാനിച്ചു എന്നതാണ് അതിശയോക്തിപരമായ കാര്യം. ന്യൂനപക്ഷങ്ങള്‍ക്കെതിരെ പ്രസംഗിച്ച ആന്റണിയ്ക്കെതിരെ പ്രസംഗിച്ച കരുണാകരന്‍ ഒടുവില്‍ മകന് മന്ത്രിസ്ഥാനം നല്കിയപ്പോള്‍ ആന്റണിയുടെ തോളില്‍ കയ്യിട്ടു. കോണ്‍ഗ്രസിന്റെ മുഖം രക്ഷിയ്ക്കാന്‍ കാസര്‍കോട് നിന്നും ആന്റണി നവോത്ഥാനയാത്ര നടത്തിയപ്പോള്‍ ആന്റണിയും കരുണാകരനും ഒരു സ്റേജില്‍ പ്രസംഗിച്ചു. അവസരവാദ രാഷ്ട്രീയത്തിന് ഇതിനേക്കാള്‍ മികച്ച ഒരു ഉദാഹരണം രാഷ്ട്രീയചരിത്രത്തില്‍ തപ്പിയെടുക്കുക എളുപ്പമല്ല.

മുസ്ലിങ്ങള്‍ക്കെതിരെ പ്രസംഗിച്ച ആന്റണിയ്ക്കെതിരെ ശബ്ദിച്ച ലീഗ് പിന്നീട് നിശ്ശബ്ദരായെങ്കിലും മുസ്ലിം വോട്ടര്‍മാര്‍ ഈ അവസരവാദത്തിനെതിരെയും ശക്തമായി പ്രതികരിച്ചു.

ആന്റണി തന്റെ നവോത്ഥാനയാത്രയില്‍ ഉടനീളം പ്രസംഗിച്ചത് സിപിഎമ്മിനെതിരെയാണ്. സിപിഎം കാലഹരണപ്പെട്ട പാര്‍ട്ടിയാണെന്ന് പോലും ആന്റണി ആവര്‍ത്തിച്ചു. പക്ഷെ ജനവിധി എന്തായിരുന്നു? ഈ ജനവിധി കണ്ട് ഒളിച്ചോടാന്‍ തയ്യാറല്ലെന്ന് പറയുന്ന ആന്റണി വീണ്ടും തന്റെ ആദര്‍ശരാഷ്ട്രീയത്തിന്റെ പൊള്ളത്തരം ജനങ്ങള്‍ക്ക് മുന്നില്‍ തുറന്ന് കാണിയ്ക്കുകയാണ്. കൃഷിനശിച്ചവര്‍ക്ക് ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചും ജപ്തിനടപടികള്‍ ഒരു വര്‍ഷത്തേയ്ക്ക് നിര്‍ത്തിവച്ചും കര്‍ഷകരെ സ്വാധീനിയ്ക്കാന്‍ ആന്റണി നടത്തിയ ശ്രമവും വിജയിച്ചില്ല. കര്‍ഷകരുടെ ആത്മഹത്യ കൂടുതല്‍ നടന്ന വയനാട് ജില്ലയില്‍ കോണ്‍ഗ്രസിന് ശക്തമായ തിരിച്ചടിയാണ് കിട്ടിയത്.

ആന്റണി മന്ത്രിസഭയില്‍ 100 ഐക്യമുന്നണി നിയമസഭാംഗങ്ങളാണ് ഉണ്ടായിരുന്നത്. (അത് 2004 മേയ് 10 ന് നടന്ന വടക്കാഞ്ചേരി നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ കെ. മുരളീധരന്‍ പരാജയപ്പെട്ടതോടെ 99 ആയി) 2004 മേയ് 10ന് നടന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഈ 100ല്‍ 76 എണ്ണത്തിലും കോണ്‍ഗ്രസിന് ഭൂരിപക്ഷം നഷ്ടപ്പെടുകയാണുണ്ടായത്. അതായത് സംസ്ഥാനത്തെ 111 നിയമസഭാ മണ്ഡലത്തില്‍ ഐക്യമുന്നണിയ്ക്ക് ഭൂരിപക്ഷം നഷ്ടപ്പെട്ടു. ഇത് ഫലത്തില്‍ ആന്റണി മന്ത്രിസഭയ്ക്കെതിരായ ജനവിധിയല്ലേ?

2001 മേയ് 13 ന് ഐക്യമുന്നണി നിയമസഭയിലേയ്ക്ക് വന്‍ വിജയം നേടിയപ്പോള്‍ എ.കെ. ആന്റണി പറഞ്ഞത് ഇതായിരുന്നു. -

അങ്ങനെയാണെങ്കില്‍ ഐക്യമുന്നണിയുടെ ഈ പരാജയം ആന്റണി സര്‍ക്കാരിന്റെ ഭരണ പരാജയത്തിനുള്ള മറുപടികൂടിയാണെന്ന് എങ്ങനെ ആന്റണിയ്ക്ക് സമ്മതിയ്ക്കാതിരിയ്ക്കാനാവും. ആന്റണി രാജിവയ്ക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞത്, ഞാന്‍ അധികാരത്തിലെത്തിയതുമുതല്‍ അവര്‍ അത് പറയുകയാണ്. പിന്നെ ഇപ്പോള്‍ പറയുന്നതില്‍ എന്ത് അതിശയമാണ് എന്നാണ്.

ആദര്‍ശശാലിയാണെന്ന് അവസരം കിട്ടുമ്പോഴൊക്കെ സമര്‍ത്ഥിയ്ക്കാന്‍ കഴിയുന്നതൊക്കെ (സ്വന്തം തടിയ്ക്ക് കേട് പറ്റാതെ) ചെയ്യുന്ന ആന്റണിയില്‍ നിന്ന് ഇത്തരം പ്രതികരണമല്ല ജനം പ്രതീക്ഷിയ്ക്കുന്നത്.

സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികത്തില്‍ മുഖത്തടിയ്ക്കുംപോലെ പുറത്തുവന്ന ഈ ജനവിധി കണ്ടെങ്കിലും ആന്റണി തന്റെ കപട ആദര്‍ശത്തിന്റെ മുഖംമൂടി മാറ്റുമോ?

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X