കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലയാളി കുടിയേറ്റത്തില്‍ കുതിച്ചുചാട്ടം

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തില്‍ നിന്ന് വിദേശത്തേക്കുള്ള കുടിയേറ്റക്കാരുടെ എണ്ണത്തില്‍ കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളില്‍ 35 ശതമാനം വര്‍ധനവുണ്ടായതായി സിഡിഎസിന്റെ സഹായത്തോടെ നടത്തിയ പഠനം വ്യക്തമാക്കുന്നു.

അതേ സമയം വിദേശങ്ങളിലേക്ക് കുടിയേറുന്ന മലയാളികളില്‍ കൂടുതല്‍ പേര്‍ ഇപ്പോള്‍ ക്രിസ്ത്രീയസമുദായത്തില്‍ നിന്നുള്ളവരാണ്. നേരത്തെ ഇക്കാര്യത്തില്‍ മുസ്ലിങ്ങളായിരുന്നു മുന്നില്‍. ഗള്‍ഫ് രാഷ്ട്രങ്ങളില്‍ വിദഗ്ധത്തൊഴിലാളികള്‍ക്കുള്ള ഡിമാന്റ് വര്‍ധിച്ചതാണ് ക്രിസ്തീയ സമുദായത്തില്‍ നിന്നുള്ള ഈ കുതിച്ചുചാട്ടത്തിന് കാരണമെന്ന് കരുതുന്നു.

1999ല്‍ വിദേശങ്ങളിലേക്ക് കുടിയേറിയ മലയാളിയുടെ എണ്ണം 13.6 ലക്ഷമായിരുന്നെങ്കില്‍ 2004ഓടെ അത് 18.4 ലക്ഷമായി വര്‍ധിച്ചു. 1999ല്‍ നടത്തിയ പഠനത്തിന്റെ തുടര്‍ച്ചയെന്ന നിലയില്‍ സിഡിഎസിന്റെ സഹായത്തോടെ കെ. എസ്. സക്കറിയ, എസ്. ഇരുദയരാജന്‍ എന്നിവരാണ് പഠനം നടത്തിയത്. പഠനത്തിനായി കേരളത്തിലെ 125 ഗ്രാമപഞ്ചായത്തുകളില്‍ നിന്നുള്ള 10,000 കുടുംബത്തെയാണ് പഠനത്തിന് ആധാരമാക്കിയത്.

മലയാളി കുടിയേറ്റക്കാരില്‍ നിന്നും കേരളത്തിലെത്തുന്ന പണത്തിലും 35 ശതമാനം വര്‍ധനവുണ്ടായി. 1999ല്‍ ഇത് 13, 652 കോടി രൂപയായിരുന്നെങ്കില്‍ 2004ല്‍ 18,465 കോടിയായി ഇത് ഉയര്‍ന്നു.

കേരളത്തിലെ 17.6 ശതമാനം വീടുകളിലും കുറഞ്ഞത് ഒരു കുടിയേറ്റക്കാരനെങ്കിലുമുണ്ട്. കുടിയേറ്റക്കാരില്‍ ഏറ്റവും കൂടുതല്‍ മുസ്ലീങ്ങളാണ്- 43.7 ശതമാനം. കുടിയേറ്റക്കാരില്‍ ഹിന്ദുക്കള്‍ 31.2 ശതമാനവും ക്രൈസ്തവര്‍ 25.1 ശതമാനവുമാണ്.

കേരളത്തിലെ 36 ശതമാനം മുസ്ലിം കുടുംബങ്ങള്‍ ഒരു അംഗത്തെയെങ്കിലും വിദേശത്തേക്ക് അയക്കുന്നുണ്ട്. 16 ശതമാനം ക്രൈസ്തവ കുടുംബങ്ങളില്‍ നിന്നും 10 ശതമാനം ഹിന്ദു കുടുംബങ്ങളില്‍ നിന്നും ഒരാളെങ്കിലും വിദേശത്തേക്ക് പോവുന്നുണ്ട്.

കുടിയേറ്റക്കാരുടെ എണ്ണത്തിലെ വളര്‍ച്ചാനിരക്ക് കൂടുതല്‍ ക്രൈസ്തവര്‍ക്കിടയിലാണ്- 53.9 ശതമാനം. മുസ്ലിങ്ങള്‍ക്കിടയില്‍ ഇത് 17.3 ശതമാനമാണ്. 2004ല്‍ കുടിയേറ്റം നടത്തിയ സ്ത്രീകളുടെ എണ്ണം 16.8 ശതമാനമായി ഉയര്‍ന്നു. 1999ല്‍ ഇത് ഒമ്പത് ശതമാനമായിരുന്നു. വിദേശത്തേക്ക് പോവുന്ന സ്ത്രീകളില്‍ മിക്കവരും അവിവാഹിതരായ യുവതികളാണ്.

ക്രൈസ്തവര്‍ക്കിടയിലാണ് കുടിയേറ്റക്കാരില്‍ നിന്ന് കൂടുതല്‍ വരുമാനം ലഭിക്കുന്നത്. ഒരു ക്രൈസ്തവകുടിയേറ്റകുടുംബത്തിന് വര്‍ഷത്തില്‍ ശരാശരി 26,098 രൂപ ലഭിയ്ക്കുന്നുണ്ട്. ഒരു മുസ്ലിം കുടുംബത്തിന് ശരാശരി വര്‍ഷത്തില്‍ 24,000 രൂപ ലഭിയ്ക്കുന്നുണ്ട്. ഹിന്ദുക്കളില്‍ ഇത് വെറും 6,134 രൂപ മാത്രമാണ്.

കുടിയേറ്റക്കാരില്‍ നിന്നുള്ള ആളോഹരി വരുമാനം വര്‍ഷത്തില്‍ കൂടുതല്‍ ലഭിയ്ക്കുന്നത് തൃശൂര്‍ ജില്ലയ്ക്കാണ്. ഇവിടെ ഏകദേശം 10,654 രൂപ ലഭിയ്ക്കുമ്പോള്‍ മലപ്പുറത്ത് 7,677 രൂപ ലഭിയ്ക്കുന്നു.

കുടിയേറ്റക്കാരില്‍ നിന്നും ലഭിക്കുന്ന വരുമാനം ബജറ്റ് സഹായമെന്ന നിലയില്‍ കേരളത്തിന് കേന്ദ്രത്തില്‍ നിന്ന് ലഭിക്കുന്ന തുകയുടെ ഏഴിരട്ടിയാണ് ലഭിയ്ക്കുന്നത്. ഇത് കശുവണ്ടിയുടെ കയറ്റുമതിയില്‍ നിന്ന് കേരളത്തിന് ലഭിയ്ക്കുന്ന തുകയുടെ 5 ഇരട്ടിയും സമുദ്രോത്പന്ന കയറ്റുമതിയില്‍ നിന്നും ലഭിയ്ക്കുന്ന തുകയുടെ 19 ഇരട്ടിയും വരും.

കുടിയേറ്റക്കാരില്‍ നിന്നും ലഭിക്കുന്ന പണത്തിന്റെ 50 ശതമാനവും വിനിയോഗിക്കുന്നത് ജീവനോപാധിക്കായാണ്. 20 ശതമാനം കുട്ടികളെ പഠിപ്പിക്കുന്നതിന് ഉപയോഗിക്കുന്നു.

കുടിയേറ്റത്തിന്റെ 95 ശതമാനവും നേരത്തെ ഗള്‍ഫിലേക്കായിരുന്നെങ്കില്‍ ഇപ്പോള്‍ അത് 90 ശതമാനമായി കുറഞ്ഞു. യുഎസ്, യൂറോപ്പ്, ആഫ്രിക്ക എന്നിവിടങ്ങളിലേക്കുള്ള കുടിയേറ്റം അഞ്ച് ശതമാനത്തില്‍ നിന്ന് 10 ശതമാനമായി വര്‍ധിച്ചു. ഗള്‍ഫ് രാജ്യങ്ങളില്‍ യുഎഇയിലേക്കാണ് കൂടുതല്‍ പേര്‍ പോകുന്നത്. നേരത്തെ സൗദി അറേബ്യയിലേക്കായിരുന്നു ഈ സ്ഥാനം.

കുടിയേറ്റം 35 ശതമാനം വര്‍ധിച്ചെങ്കിലും കേരളത്തിലെ തൊഴിലില്ലായ്മ കൂടുകയല്ലാതെ കുറഞ്ഞിട്ടില്ലെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്. 1999ലെ പഠനത്തില്‍ 12 ലക്ഷം മലയാളികളാണ് തൊഴില്‍രഹിതരായുള്ളതെന്നാണ് പറയുന്നത്. എന്നാല്‍ പുതിയ പഠനത്തില്‍ തൊഴിലില്ലാത്തവരുടെ എണ്ണം 24 ലക്ഷമായി കൂടിയിട്ടുണ്ടെന്ന് പറയുന്നു.

വിദ്യാഭ്യാസയോഗ്യതയുള്ളവര്‍ക്കിടയില്‍ ജോലിക്കായി കാത്തിരിക്കുന്ന കാലയളവ് കൂടിയെന്നതും അവിദഗ്ധ തൊഴില്‍ മേഖലകളില്‍ കുറഞ്ഞ കൂലിക്ക് ജോലി ചെയ്യാന്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ആളുകളെത്തുന്നുവെന്നതും തൊഴില്‍രഹിതരുടെ എണ്ണം കൂടാന്‍ കാരണമായിട്ടുണ്ടെന്ന് പ്രൊഫ. സക്കറിയ പറഞ്ഞു. കുടിയേറ്റം ഒരു താല്ക്കാലിക പ്രതിഭാസമല്ലെന്നും അത് മലയാളി ജീവിതത്തിന്റെ സ്ഥിരംഭാഗമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കുടിയേറ്റക്കാരായ മലയാളികളുടെ വരുമാനം കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ ഉപയോഗിക്കുന്നതിന് നയങ്ങള്‍ക്ക് രൂപം നല്‍കേണ്ടതുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X