കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എയ്ഡ്സിലും ഇന്ത്യ മുന്‍പന്തിയില്‍...

  • By Staff
Google Oneindia Malayalam News

മെയ്‌ 13ന്‌ ഞായറാഴ്‌ച കേരളത്തിന്റെ മനസ്സ്‌ മുഴുവന്‍ തിരുവനന്തപുരം മസ്‌കറ്റ്‌ ഹോട്ടലിലായിരുന്നു. കേരളത്തിന്റെ വികസനത്തിന്‌ ആക്കം കൂട്ടുന്ന പുതിയൊരു കരാറിന്റെ പിറവിയ്‌ക്കാണ്‌ ഞായറാഴ്‌ച മസ്‌കറ്റ്‌ ഹോട്ടല്‍ സാക്ഷ്യംവഹിച്ചത്‌.

ഉച്ചതിരിഞ്ഞ്‌ 1.23ന്‌ ഹോട്ടലിലെ സൊണാറ്റ ഹാളില്‍ മുഖ്യമന്ത്രിയെയും മറ്റു മന്ത്രിമാരെയും ദുബയ്‌ ടീകോം എക്‌സിക്യൂട്ടീവ്‌ ചെയര്‍മാന്‍ അഹമ്മദ്‌ ബിന്‍ ബിയാത്തയും ചീഫ്‌ സെക്രട്ടറി ലിസി ജേക്കബും സ്‌മാര്‍ട്‌ സിറ്റി പദ്ധതി കരാറില്‍ ഒപ്പുവെച്ചതോടെ കേരളത്തിന്റെ ഐടി മോഹങ്ങള്‍ക്ക്‌ ചിറക്‌ മുളയ്‌ക്കുകയായിരുന്നു. സ്വന്തം ബയോഡാറ്റയില്‍ എതിരാളികള്‍ എഴുതിച്ചേര്‍ത്ത വികസനവിരുദ്ധനെന്ന വിശേഷണമാണ്‌ ഇതോടെ മുഖ്യമന്ത്രി വി.എസ്‌ അച്യുതാനന്ദന്‍ മായ്‌ചുകളഞ്ഞത്‌.

അധികാരത്തിലേറി പത്തുമാസം നീണ്ട ചര്‍ച്ചകള്‍ക്കും തര്‍ക്കങ്ങള്‍ക്കും വാഗ്‌ദാനങ്ങള്‍ക്കും ശേഷമാണ്‌ വിട്ടുവീഴ്‌ചകളില്ലാത്ത വി.എസിന്റെ മനോഭാവത്തിന്റെ വഴിയേ ടീംകോം അധികൃതര്‍ എത്തിയത്‌. ഇടതുസര്‍ക്കാര്‍ അധികാരത്തില്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്ന കാലത്തുതന്നെ ഒട്ടേറെ ചര്‍ച്ചകള്‍ക്കും ആരോപണങ്ങള്‍ക്കും വഴിവെച്ച സ്‌മാര്‍ട്‌ സിറ്റി പദ്ധതി കരാറില്‍ ഒപ്പുവെയ്‌ക്കാന്‍ കഴിഞ്ഞുവെന്ന കാര്യം പൊതുവില്‍ ഇടതുപക്ഷത്തിനും പ്രത്യേകിച്ച്‌ വി.എസിനും നേട്ടമാണെന്ന്‌ പറയാതിരിക്കാന്‍ കഴിയില്ല.

കേരളത്തെപ്പോലെതന്നെ ടീകോമിന്റെയും ആവശ്യമാണ്‌ സ്‌മാര്‍ട്‌ സിറ്റി പദ്ധതിയെന്ന തിരിച്ചറിവില്‍ നിന്നുകൊണ്ടാണ്‌ പലകാര്യങ്ങളിലും വിട്ടുവീഴ്‌ചക്കില്ലെന്ന്‌ വി.എസ്‌ തീരുമാനിച്ചത്‌. അദ്ദേഹത്തിന്റെ ഈ സമീപനം വിജയിച്ചുവെന്നതില്‍ തര്‍ക്കമില്ല.

ലോക ഐടി ഭൂപടത്തില്‍ കൊച്ചിയ്‌ക്ക്‌ നിര്‍ണ്ണായക സ്ഥാനം ലഭിയ്‌ക്കുമെന്ന കണ്ടപ്പോള്‍ ബഹുരാഷ്ട്രകന്പനികള്‍ പലതും കൊച്ചിയില്‍ കാലുറപ്പിയ്‌ക്കാന്‍ മുന്നോട്ടുവന്നു. 2004ല്‍ യുഡിഎഫ്‌ സര്‍ക്കാര്‍ അധികാരത്തിലിരിയ്‌ക്കുന്പോഴാണ്‌ കൊച്ചിയില്‍ ഐടി കേന്ദ്രം സ്ഥാപിയ്‌ക്കുകയെന്ന മോഹവുമായി ദുബയ്‌ ടെക്‌നോളജി ആന്റ്‌ മീഡീയ ഫ്രീസോണ്‍ അതോറിറ്റി( ടീകോം) മുന്നോട്ടുവന്നത്‌.

അന്നത്തെ ഐടി മന്ത്രിയായിരുന്ന കുഞ്ഞാലിക്കുട്ടി ഇത്‌ യാഥാര്‍ത്ഥ്യമാക്കാന്‍ വേണ്ട നീക്കങ്ങള്‍ നടത്തിയെങ്കിലും അവ ഫലം കണ്ടില്ല. പിന്നീട്‌ എ.കെ ആന്റണി മുഖ്യമന്ത്രി സ്ഥാനം രാജിവെയ്‌ക്കുകയും മുഖ്യമന്ത്രിയായി സ്ഥാനമേറ്റ ഉമ്മന്‍ ചാണ്ടി ഐടി വകുപ്പ്‌ മുസ്ലിം ലീഗില്‍ നിന്നും ഏറ്റെടുക്കയും ചെയ്‌തതോടെയാണ്‌ സ്‌മാര്‍ട്‌ സിറ്റിയെന്ന ആശയം ഉറച്ചത്‌.

2005 മെയ്‌ 30ന്‌ കരട്‌ കരാര്‍ അംഗീകരിച്ചുകൊണ്ട്‌ ഉമ്മന്‍ ചാണ്ടി തുടര്‍ പ്രവര്‍ത്തനങ്ങളാരംഭിച്ചു. ഈ സമയത്താണ്‌ പ്രതിപക്ഷ നേതാവായിരുന്ന സാക്ഷാല്‍ വി.എസ്‌ അച്യുതാനന്ദന്‍ കരടുകരാറില്‍ ജനവിരുദ്ധ വ്യവസ്ഥകളുണ്ടെന്നാരോപിച്ച്‌ രംഗത്തെത്തിയത്‌. തുടര്‍ന്ന്‌ വാഗ്‌ദാനം ചെയ്യുന്ന തൊഴിലവസരങ്ങള്‍ ഉണ്ടായില്ലെങ്കില്‍ ഭൂമി തിരിച്ചെടുക്കാമെന്ന വ്യവസ്ഥകൂടി കരാറില്‍ എഴുതിച്ചേര്‍ത്തു. എന്നാല്‍ പദ്ധതിയ്‌ക്കായി ഇന്‍ഫോപാര്‍ക്ക്‌ വിട്ടുകൊടുക്കരുതെന്ന്‌ കൂടി വി.എസ്‌ ആവശ്യപ്പെട്ടതോടെ നടപടികള്‍ കൂടുതല്‍ സങ്കീര്‍ണമാവുകയായിരുന്നു.

ഇത്തരം പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നതിനിടയിലും സെപ്‌തംബര്‍ 9ന്‌ കൊച്ചിയില്‍ നടന്ന ചടങ്ങില്‍ സകര്‍ക്കാറും ടീകോമുമായി ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. എന്നാല്‍ പിന്നീട്‌ അന്തിമകരാറില്‍ ഒപ്പുവെയ്‌ക്കാനുള്ള ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന്റെ നീക്കം നിയസഭാ തിരഞ്ഞെടുപ്പ്‌ പ്രഖ്യാപനം വന്നതിന്‌ശേഷമായതിനാല്‍ തിരഞ്ഞെടുപ്പ്‌ കമ്മിഷന്‍ അനുമതി നല്‍കിയില്ല. ഇതോടെ സ്‌മാര്‍ട്‌ സിറ്റി സ്വന്തം ക്രഡിറ്റില്‍ കൊണ്ടുവരുകയെന്ന യുഡിഎഫിന്റെ മോഹത്തിന്‌ അസ്‌തമനമായി.

തിരഞ്ഞെടുപ്പ്‌ കഴിഞ്ഞ്‌ വി.എസ്‌ അധികാരത്തിലേറിയതോടെ സ്‌മാര്‍ട്‌ സിറ്റിയെന്ന സ്വപ്‌നം ഒരു ദുസ്വപ്‌നമായിരുന്നുവെന്നും അത്‌ നടക്കാന്‍ പോകുന്നില്ലെന്നും കേരള സമൂഹം സ്വയം വിശ്വസിപ്പിച്ചു. കൂടെയുള്ളവര്‍തന്നെ വികസനവിരുദ്ധനെന്ന്‌ വിശേഷിപ്പിയ്‌ക്കുന്ന ഒരു മുഖ്യമന്ത്രിയും കന്പ്യൂട്ടര്‍വല്‍ക്കരണത്തെ വരെ എതിര്‍ത്തുനിന്ന തൊഴിലാളി വര്‍ഗ പാര്‍ട്ടിയും ചേര്‍ന്ന്‌ ഇതില്‍ കൂടുതല്‍ ഒന്നും ചെയ്യില്ലെന്നു തന്നെയായിരിക്കും ഓരോ കേരളീയനും ചിന്തിച്ചിട്ടുണ്ടാവുക.

എന്നാല്‍ എല്ലാ മുന്‍വിധികളെയും അസ്ഥാനത്താക്കിക്കൊണ്ട്‌ ഐടി ഉപദേഷ്ടാവായി ജോസഫ്‌ മാത്യുവിനെ നിയമിച്ചുകൊണ്ട്‌ വി.എസ്‌ സ്‌മാര്‍ട്‌ സിറ്റി സംബന്ധിച്ച തുടര്‍ ചര്‍ച്ചകള്‍ക്ക്‌ വഴിയൊരുക്കി. ഇക്കാര്യത്തില്‍ യുഡിഎഫ്‌ തുടങ്ങിവെച്ച ചര്‍ച്ചകളും മുന്നോട്ടുവെച്ച വ്യവസ്ഥകളും അതേരീതിയില്‍ കൊണ്ടുപോകില്ലെന്ന്‌ വി.എസ്‌ ആദ്യമേ തന്നെ വ്യക്തമാക്കിയിരുന്നു. പിന്നീട്‌ സ്‌മാര്‍ട്‌ സിറ്റിയ്‌ക്കായി ഇന്‍ഫോപാര്‍ക്ക്‌ വിട്ടുകൊടുക്കില്ലെന്നും മറ്റു കാര്യങ്ങള്‍ ചര്‍ച്ചകളിലൂടെ തീരുമാനിയ്‌ക്കാമെന്നും വി.എസ്‌ ടീകോം അധികൃതരെ അറിയിച്ചു.

2006 സെപ്‌തംബറില്‍ കേരള ഉദ്യോഗസ്ഥസംഘം ദുബയില്‍ പോയി ചര്‍ച്ച നടത്തി. ഇതിന്‌ ശേഷമാണ് സംയുക്ത സംരംഭം എന്ന ആശയം സര്‍ക്കാര്‍ മുന്നോട്ടുവെച്ചത്‌. ഇക്കാര്യത്തില്‍ ആദ്യം ടീകോം എതിര്‍പ്പുപ്രകടിപ്പിച്ചു. എന്നാല്‍ 2007 ഫെബ്രുവരിയായപ്പോള്‍ സര്‍ക്കാറിന്റെ നിര്‍ദ്ദേശത്തോട്‌ യോജിയ്‌ക്കാമെന്നായി ടീകോം. സര്‍ക്കാര്‍ ഓരോ നിര്‍ദ്ദേശങ്ങളും മുന്നോട്ടുവെച്ചപ്പോള്‍ അതിലും ശക്തമായ എതിര്‍പ്പുകള്‍ ടീകോമിന്റെ ഭാഗത്തുനിന്നുണ്ടായി. ഭൂമിയുടെ പാട്ടവ്യവസ്ഥയുള്‍പ്പെടെ ഒട്ടേറെകാര്യങ്ങളില്‍ രൂക്ഷമായ അഭിപ്രായ ഭിന്നതകള്‍ പൊങ്ങിവന്നു. എന്നാല്‍ സര്‍ക്കാറിന്റെ വ്യവസ്ഥകള്‍ അംഗീകരിയ്‌ക്കാനില്ലെങ്കില്‍ സ്‌മാര്‍ട്‌ സിറ്റി പദ്ധതി ഉപേക്ഷിച്ചേയ്‌ക്കൂവെന്ന്‌ ടീകോമിനെ അറിയിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക്‌ നിര്‍ദ്ദേശം നല്‍കാന്‍ വി.എസ്‌ മടച്ചില്ല.

ഇവിടെയാണ്‌ പദ്ധതി കേരളത്തിന്‌ മാത്രമല്ല ടീകോമിനും നേട്ടമുണ്ടാക്കുമെന്ന വി.എസിന്റെ നിലപാട്‌ വിജയിച്ചത്‌. വീണ്ടും ചര്‍ച്ചകള്‍ക്കായി ടീകോം മുന്നോട്ടുവന്നത്‌ ഇതിന്‌ തെളിവാണ്‌. ഒടുവില്‍ കേരളത്തിന്റെ മണ്ണ്‌ തീറെഴുതിയും പരമാധികാരം പണയപ്പെടുത്തിയും ഒരു പദ്ധതിയും വേണ്ടെന്ന വി.എസിന്റെ നിര്‍ബന്ധബുദ്ധിതന്നെയാണ്‌ വിജയം കണ്ടത്‌.

പദ്ധതി പ്രദേശമായ കാക്കനാട്ടെ സ്വാഭാവിക പിരിസ്ഥിതിയ്‌ക്ക്‌ കോട്ടം തട്ടാത്ത രീതിയിലായിരിക്കണം പദ്ധതി പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതെന്ന്‌ കാരാര്‍ ഒപ്പിടും മുന്പ് നടത്തിയ പ്രസംഗത്തില്‍ മുഖ്യമന്ത്രി ടീകോം അധികൃതരോട്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌. വികസന വിരോധിയെന്ന്‌ ആക്ഷേപിച്ചവരോട്‌ എന്താണ്‌ പറയാനുള്ളതെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്‌ നിങ്ങള്‍ ഉചിതമായ രീതിയില്‍ മറുപടി എഴുതിയാല്‍ മതിയാകുമെന്നാണ്‌ വി.എസ്‌ പ്രതികരിച്ചത്‌.

തിരുവനന്തപുരത്ത്‌ ടെക്‌നോപാര്‍ക്കും കൊച്ചിയില്‍ ഇന്‍ഫോപാര്‍ക്കും ഇപ്പോള്‍ത്തന്നെയുണ്ടെങ്കിലും രാജ്യാന്തര ഐടി ഭൂപടത്തില്‍ കേരളത്തിന്റെ സ്ഥാനം ഉറപ്പിയ്‌ക്കുന്നത്‌ സ്‌മാര്‍ട്‌ സിറ്റിയായിരിക്കും. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ബിസിനസ്‌ പാര്‍ക്കായി മാറാന്‍ പോകുന്ന സ്‌മാര്‍ട്‌ സിറ്റിയ്‌ക്ക്‌ പ്രാരംഭ ഘട്ടത്തില്‍ 800 കോടി രൂപയാണ്‌ പദ്ധതിചെലവ്‌ കണക്കാക്കിയിരിക്കുന്നത്‌.

ദുബയ്‌ ഇന്റര്‍നെറ്റ്‌ സിറ്റിയുടെയും ദുബയ്‌ മീഡിയ സിറ്റിയുടെയും മാതൃകയില്‍ വിവിരസാങ്കേതിക രംഗത്തെ പ്രമുഖ കന്പനികളെ ഉള്‍പ്പെടുത്തിയായിരിക്കും സ്‌മാര്‍ട്‌ സിറ്റിയുടെ വികസനം. 1400 കോടി രൂപയുെ നിക്ഷേപം പദ്ധതിയിലേയ്‌ക്ക്‌ ആകര്‍ഷിയ്‌ക്കാന്‍ കഴിയുമെന്നാണ്‌ പ്രതീക്ഷ. സ്‌മാര്‍ട്‌ സിറ്റിയില്‍ ടീകോം 88 ലക്ഷം ചതുരശ്രയടി വിസ്‌തീര്‍ണമുള്ള കെട്ടിടങ്ങള്‍ പത്തുവര്‍ഷത്തിനകം നിര്‍മ്മിയ്‌ക്കണമെന്നാണ്‌ കരാര്‍. ഇതില്‍ 70 ശതമാനം കെട്ടിടങ്ങള്‍ ഐടി വ്യവസായങ്ങള്‍ക്കും ബാക്കിയുള്ളവ താമസസൗകര്യം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കും വേണ്ടി വിനിയോഗിയ്‌ക്കും. നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ 90,000 തൊഴില്‍ ലഭിയ്‌ക്കും. ഇത്രയും ബൃഹത്തായ ഒരു വികസനപദ്ധതിയ്‌ക്കു കേരളം വേദിയാകുന്നത്‌ ഇതാദ്യമാണ്‌.

പദ്ധതി പൂര്‍ത്തിയാകുന്നതോടെ രാജ്യത്തെ ആദ്യ വിജ്ഞാനാധിഷ്‌ഠിത വ്യവസായ നഗരമായി കൊച്ചി മാറുകയാണ്‌. വളര്‍ച്ചയുടെ പാതയില്‍ എവിടെയെങ്കിലുമൊക്കെ സ്‌മാര്‍ട്‌ സിറ്റിയെന്ന വാക്കിനൊപ്പം വി.എസ്‌ അച്യുതാനന്ദന്‍ എന്ന പേരും കേരള ജനത ഓര്‍ത്തുവെച്ചേയ്‌ക്കും. അത്രയേറെ എതിര്‍പ്പുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കുമിടിയല്‍ നിന്നാണ്‌ വി.എസ്‌ സ്‌മാര്‍ട്‌ സിറ്റി കരാറിനെ യാഥാര്‍ത്ഥ്യത്തിലെത്തിച്ചിരിയ്‌ക്കുന്നത്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X