കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൈത്തറിയുടെ സ്വന്തം നാട്

  • By Staff
Google Oneindia Malayalam News

ചങ്കൂറ്റമുണ്ടെങ്കില്‍ പറഞ്ഞ നുണ സ്ഥാപിക്കട്ടെ

ദീപിക ദിനപത്രത്തിന്റെ സാരഥ്യം ഏല്‍ക്കുക എന്നത് അക്ഷന്തവ്യമായ ഒരപരാധമാണോ, അഥവാ ദീപിക ചെയര്‍മാന്‍സ്ഥാനം ഏല്‍ക്കുന്നയാള്‍ ക്രിമിനലും കല്ലെറിയപ്പെടേണ്ടവനുമാണോ? ആണെന്ന് ചിത്തസ്ഥിരതയുള്ളവര്‍ പറയില്ല. എന്നാല്‍, അങ്ങനെയാണ് എന്നു സ്ഥാപിച്ചെടുക്കാന്‍ കേരളത്തിലെ മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്ന ചില നീചബുദ്ധികള്‍ക്ക് സദാ നിര്‍ബന്ധമുണ്ട് എന്നുവേണം കരുതാന്‍. ഞങ്ങളുടെ ചെയര്‍മാനായിരുന്ന കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ അഭിവന്ദ്യ പിതാവ് മാര്‍ മാത്യു അറയ്ക്കല്‍ ദീപികയുടെ സാരഥ്യം ഏറ്റ നാള്‍മുതല്‍ക്ക് തന്നെ അദ്ദേഹത്തിനെതിരേ അങ്ങേയറ്റം ഹീനമായ അപവാദപ്രചാരണമാണ് കേരളത്തിലെ ചില നാലാംകിട പ്രസിദ്ധീകരണങ്ങള്‍ അഴിച്ചുവിട്ടത്.

ദീപിക ചെയര്‍മാന്‍ എന്നതിലുപരി, സാമൂഹിക പരിഷ്കര്‍ത്താവും പതിനായിരക്കണക്കിനു നിരാധാരര്‍ക്ക് സഹായഹസ്തവും അനേകലക്ഷം വിശ്വാസികള്‍ക്ക്് ആത്മീയ ഇടയനും ആയ ആ വൈദിക ശ്രേഷ്ഠനെ ആക്ഷേപിക്കാന്‍ തരംതാണ ആരോപണങ്ങളിലൂടെ തുനിഞ്ഞിറങ്ങിയ ചില പ്രസിദ്ധീകരണങ്ങള്‍ അദ്ദേഹം തല്‍്സ്ഥാനം ഒഴിയുംവരെ തങ്ങളുടെ ദുഷ്പ്രചാരണങ്ങളും തുടര്‍ന്നു. ഇന്നിപ്പോള്‍ എം.എ. ഫാരിസ് ദീപികയുടെ ചെയര്‍മാന്‍സ്ഥാനം ഏറ്റ് ഏതാനും ദിവസങ്ങള്‍മാത്രം തികയുമ്പോള്‍ ആക്രമണത്തിന്റെ മുന അദ്ദേഹത്തിനു നേര്‍ക്കും തിരിയുകയാണ്.

ഇങ്ങനെ ദീപിക കുടുംബത്തിനും അതിന്റെ സാരഥ്യം ഏല്‍ക്കുന്ന വ്യക്തിയുടെ നേര്‍ക്കു പ്രത്യേകിച്ചും വ്യാജപ്രചാരണം അഴിച്ചുവിടുക എന്ന ഗൂഢതന്ത്രത്തിന്റെ വൃത്തികെട്ട മുഖവുമായാണ് ഇക്കഴിഞ്ഞ ദിവസത്തെ മാതൃഭൂമി ദിനപത്രം പ്രത്യക്ഷപ്പെട്ടത്.

ആസൂത്രിതവും ലക്ഷണയുക്തവുമായ വ്യക്തിഹത്യാനീക്കത്തിന്റെ എല്ലാ സംശയങ്ങളും സാധൂകരിക്കപ്പെടുംവിധം ഇന്ത്യാവിഷന്‍ തുടങ്ങി ചില ചാനലുകളും, മാതൃഭൂമിയുടെ നിറംപിടിപ്പിച്ച നുണകള്‍ ഏറ്റെടുത്ത് പ്രേക്ഷകര്‍ക്ക് ആവര്‍ത്തിച്ചാവര്‍ത്തിച്ച് എറിഞ്ഞുകൊടുക്കുന്ന നാണംകെട്ട കാഴ്ചയാണ് പിന്നീട് അരങ്ങേറിയത്. ആര്‍ക്കെതിരേയും യാതൊരടിസ്ഥാനവുമില്ലാതെ എന്തു ദുഷ്പ്രചാരണവും നടത്താമെന്ന നെറികെട്ട മാധ്യമധാര്‍ഷ്ട്യത്തിന്റെ മകുടോദാഹരണമായിപ്പോയി ഈ കാഴ്ച.

യശഃശരീരനായ മുന്‍ മുഖ്യമന്ത്രി ഇ.കെ. നായനാരുടെ സ്മരണാര്‍ഥം ഈയിടെ കണ്ണൂരില്‍ നടന്ന ഫുട്ബോള്‍ മത്സരത്തിന്റെ സംഘാടകകമ്മിറ്റിക്ക് ദീപിക ചെയര്‍മാന്‍കൂടിയായ എം.എ. ഫാരിസ്, തന്റെ ചെന്നൈയിലെ വ്യവസായ സ്ഥാപനംവകയായി ഒരു വലിയ തുക സംഭാവന ചെയ്തിരിക്കുന്നു എന്നാണ് ആരോപണത്തിനാധാരമായി മാതൃഭൂമി കാണുന്നത്. തുക നല്കിയിരിക്കുന്നത് കള്ളപ്പണമായല്ലെന്നും ബാങ്ക് അക്കൌണ്ട് വഴി നിയമാനുസൃതം രേഖാമൂലംതന്നെയാണെന്നും മാതൃഭൂമിതന്നെ പറയുന്നുവെങ്കിലും അതില്‍ പക്ഷേ, ദുരൂഹതയുണ്െടന്നും എന്തോ ഗൂഢോദ്ദേശ്യമുണ്െടന്നും സ്വയം ഖണ്ഡനത്തിലൂടെ സ്ഥാപിച്ചെടുക്കുന്നതിലാണ് മാതൃഭൂമിയുടെ കുറ്റാന്വേഷകര്‍ പണിപ്പെട്ടിരിക്കുന്നത്.

പരസ്യമുദ്ദേശിച്ചോ സ്പോണ്‍സര്‍ഷിപ്പ് ആയോ അല്ല ഫാരിസ് പ്രസ്തുത തുക മത്സരകമ്മിറ്റിക്ക് കൊടുത്തിട്ടുള്ളത് എന്നതത്രേ മാതൃഭൂമി മിനക്കെട്ട് ചികഞ്ഞെടുത്ത സാമ്പത്തിക കുറ്റകൃത്യം. ഒരു വ്യക്തി, പ്രത്യേകിച്ച് കേരളത്തിലെ ഫുട്ബോള്‍ കളിയുടെ ഈറ്റില്ലമായ മലബാറില്‍ ജനിച്ചുവളര്‍ന്ന ആള്‍ സ്പോര്‍ട്സ് വികസനത്തിനായി നീക്കിവച്ചിട്ടുള്ള ഒരു തുക വ്യവസ്ഥാപിതവും നിയമാനുസൃതവുമായ മാര്‍ഗത്തിലൂടെ മാത്രം രേഖാമൂലം അതിനു വിനിയോഗിച്ചാല്‍ അതു സാമ്പത്തിക കുറ്റമാവുമോ? അത് ഏതു നിയമപ്രകാരം, അഥവാ അതിനു ദുരൂഹത കല്പിക്കാന്‍ ആര്‍ക്ക് എന്തധികാരം. അതില്‍ ഗൂഢലക്ഷ്യം ആരോപിക്കുന്ന മാതൃഭൂമിക്കും ഇന്ത്യാവിഷന്‍ എന്ന പിണിയാളുകള്‍ക്കും എന്തിനിത്ര ആവേശം.

സ്വന്തം നാട്ടില്‍ നടക്കുന്ന ഒരു സല്‍ക്കാര്യത്തിന് ഒരു വ്യക്തി നിയമങ്ങളെ മാനിച്ചുതന്നെ സഹായമെത്തിക്കുമ്പോള്‍ പ്രസ്തുത സഹായകാര്യം വാര്‍ത്തയോ പരസ്യമോ ആക്കി ജനസമക്ഷം കൊട്ടിഘോഷിക്കേണ്ട എന്ന് ഒരു വ്യക്തി നിര്‍ബന്ധപൂര്‍വം നിഷ്കര്‍ഷിച്ചാല്‍ അതു മാന്യതയായല്ലേ കണക്കാക്കപ്പെടേണ്ടത്. അഥവാ ഒരു വ്യക്തി തന്റെ സ്വന്തം പണംമുടക്കി നിയമവിധേയമായ സഹായം ചെയ്യുമ്പോള്‍ അതില്‍ പരസ്യപ്പെടുത്തലോ മേനിനടിക്കലോ ആവശ്യമില്ലെന്ന് പ്രസ്തുത വ്യക്തി തീരുമാനിച്ചാല്‍ അന്യന്റെ പണച്ചെലവില്‍ നിത്യേന സ്വന്തം മുഖം മാതൃഭൂമിയുടെ മുന്‍പേജില്‍ പൊതുദര്‍ശത്തിനുവയ്ക്കുന്ന മാതൃഭൂമി എം.ഡി.യും കൂട്ടരും അതില്‍ കുണ്ഠിതപ്പെടേണ്ടതുണ്േടാ. ബുദ്ധിയും വിവേചനവും ഉള്ളവര്‍ ചിന്തിച്ചു തീരുമാനിക്കട്ടെ.

സിംഗപ്പൂര്‍ ആസ്ഥാനമായുള്ള നാഷണല്‍ കിഡ്നിഫൌണ്േടഷനുമായി ബന്ധപ്പെടുത്തിയാണു ദീപിക ചെയര്‍മാന്‍ എം.എ. ഫാരിസിനെതിരേ മറ്റൊരു തേജോവധശ്രമം ആരംഭിച്ചിട്ടുള്ളത്. എം.എ. ഫാരിസിനെ കിഡ്നി ഫൌണ്േടഷന്‍ കുംഭകോണത്തില്‍ കുറ്റംചുമത്തി പിഴയടപ്പിച്ചു , മാപ്പുപറയിച്ചു എന്ന നാണംകെട്ട അസത്യം സ്വന്തം പേജില്‍ അച്ചടിച്ച മാതൃഭൂമി എന്ന വലിയ ദിനപത്രം സ്വയം മലീമസമാവുന്നത് എത്രയോ ദയനീയമായ കാര്യമാണ്.

ദേശീയ ദിനപത്രമെന്ന മഹാപാരമ്പര്യത്തിന്റെ പേരില്‍ അവസരത്തിലും അനവസരത്തിലും മേനി നടിക്കുന്ന മാതൃഭൂമിയുടെ നുണക്കൊഴുപ്പില്‍ അവരുടെ ഏതെങ്കിലും നിഷ്കളങ്ക വായനക്കാര്‍ വഞ്ചിക്കപ്പെട്ടുപോയിട്ടുണ്െടങ്കില്‍ അവര്‍ക്കായി മാത്രം ചോദിക്കട്ടെ, സിംഗപ്പൂര്‍ കിഡ്നി ഫൌണ്േടഷനുമായി ബന്ധപ്പെട്ട് ഒരു വ്യാപാരത്തര്‍ക്കം നിലനിന്നിരുന്നു എന്നതല്ലാതെ സിംഗപ്പൂരു പോലെ കഠിന നിയമവ്യവസ്ഥ നിലവിലുള്ള ഒരു രാജ്യത്ത് എം.എ. ഫാരിസിനെതിരേ സിംഗപ്പൂര്‍ ഗവണ്‍ മെന്റോ പോലീസോ ഏതെങ്കിലുമൊരു സര്‍ക്കാര്‍ അന്വേഷണഏജന്‍സിയോ ഏതെങ്കിലുമൊരു കോടതിയോ എന്തെങ്കിലും ഒരു ക്രിമിനല്‍ കുറ്റം ചുമത്തിയിട്ടുള്ളതായോ എന്തിന്, വിചാരണക്കൂട്ടില്‍ നിര്‍ത്തിയതായെങ്കിലുമോ തെളിയിക്കുവാന്‍ മാതൃഭൂമിക്കു കഴിയുമോ?

ഏതെങ്കിലുമൊരു കേസില്‍ ഫാരിസിനെ ശിക്ഷിച്ചതായോ മാപ്പു പറയിച്ചതായോ പിഴയടപ്പിച്ചതായോ എന്തെങ്കിലുമൊരു വിശ്വാസ്യമായ രേഖയുടെ ബലത്തില്‍ വായനക്കാര്‍ സമക്ഷം സ്ഥാപിച്ച് സമര്‍ത്ഥിക്കുവാന്‍ മാതൃഭൂമിക്കു നട്ടെല്ലുണ്ടാവുമോ? ഉണ്ടാവുമെങ്കില്‍ ഇതേ പംക്തിയിലൂടെ മാതൃഭൂമിയോടും അതിന്റെ ദുഷ്പ്രചാരണ ചൂടുചോറു വാരിയ ഇന്ത്യാവിഷനോടും പരസ്യക്ഷമാപണം നടത്താന്‍ മലയാളഭാഷയിലെ ഏറ്റവും പ്രായംചെന്ന ഈ പത്രം സന്നദ്ധമായിരിക്കും. മറിച്ച് അപ്രകാരം തെളിവോ രേഖകളോ ഹാജരാക്കാന്‍ കഴിവില്ലെങ്കില്‍ ഇന്റര്‍നെറ്റിലൂടെ നിമിഷംപ്രതി പ്രചരിക്കുന്ന വ്യാജവൃത്താന്തങ്ങളെ പൊലിപ്പിച്ചെടുത്ത് സ്വന്തം എം.ഡിയുടെയും പുത്രന്റെയും സ്വേച്ഛാപരമായ രാഷ്ട്രീയവൈരനിര്യാതനബുദ്ധിക്കു വഴിപാടര്‍പ്പിക്കുക എന്ന അക്ഷന്തവ്യമായ മൂഢത്വത്തിന് മാപ്പു പറയാനും മാതൃഭൂമിയുടെ വിശ്വാസ്യതയ്ക്കു ഇന്നും വിലകല്പിക്കുന്ന വായനക്കാരോടു ക്ഷമാപണം പറയാനും പോന്ന മാധ്യമ മാന്യത മാതൃഭൂമി പ്രകടിപ്പിക്കുമോ?

ഞങ്ങളുടെ ചെയര്‍മാന്‍ എംഎ ഫാരിസിനെതിരേ മുന്‍പും ചില അധമ പ്രസിദ്ധീകരണങ്ങള്‍ ചില ദുരാരോപണങ്ങള്‍ കെട്ടിച്ചമച്ച് എഴുതിച്ചിട്ടുണ്ട്. ദീപികയില്‍നിന്നു നിത്യേന ലക്ഷക്കണക്കിനു വായനക്കാരിലെത്തുന്ന പ്രഭാതപത്രത്തിലൂടെയോ, രാഷ്ട്രദീപിക സാഹാഹ്നപത്രത്തിലൂടെയോ അത്തരം ആരോപണങ്ങള്‍ക്കു മറുപടി പറയുക ഞങ്ങളെ സംബന്ധിച്ചിടത്തോളം എത്രയും എളുപ്പമായ കാര്യവുമാണ്. എന്നാല്‍, അത്തരം പ്രചാരണങ്ങളെയെല്ലാം അവ അര്‍ഹിക്കുന്ന അവജ്ഞ കല്പിച്ച് അവഗണിക്കുക എന്നതാണ് സമചിത്തതയില്‍ അധിഷ്ഠിതമായ ഞങ്ങളുടെ എഡിറ്റോറിയല്‍ നയം.

എന്നാല്‍, മാതൃഭൂമിയെപ്പോലെ വിശ്വാസ്യതയും ബഹുമാന്യതയുമുണ്െടന്നു ഞങ്ങള്‍ മതിക്കുന്ന പത്രം തികച്ചും നിര്‍ഭാഗ്യവശാല്‍ അതിന്റെ തലപ്പത്തെത്തിപ്പെട്ട ചിലരുടെ ഹീനതാത്പര്യങ്ങളെ മുന്‍നിര്‍ത്തി ഈവിധം വ്യക്തിഹത്യയ്ക്കു മുതിരുമ്പോള്‍ ഞങ്ങളുടെയും അവരുടെയും വായനക്കാരെ സത്യമറിയിക്കേണ്ടത് പത്രധര്‍മം എന്ന് വിശ്വസിക്കുന്നു.

മാതൃഭൂമിയുടെ പിന്നിലായി എം.എ ഫാരിസിനുമേല്‍ നിഗൂഢതയുടെ പരിവേഷം ചാര്‍ത്താന്‍ ഒരുമ്പെട്ടിറങ്ങിയ ഇന്ത്യാ വിഷന്‍ ചാനല്‍ ഫാരിസിന്റെ ഒരു ഫോട്ടോപോലും ലഭ്യമല്ല എന്നത്രേ പ്രേക്ഷകരോട് വിലപിച്ചത്.

പാസ്പോര്‍ട്ടിനും പാന്‍കാര്‍ഡിനും വോട്ടവകാശത്തിനും റേഷന്‍കാര്‍ഡിനും ഡ്രൈവിംഗ് ലൈസന്‍സിനും ബാങ്ക് അക്കൌണ്ട് തുറക്കുന്നതിനും കമ്പനി നടത്തിപ്പിനും എന്തിന്, സെല്‍ ഫോണ്‍ വരിക്കാരാകുന്നതിനുപോലും വ്യക്തികള്‍ തങ്ങളുടെ ഫോട്ടോ ഹാജരാക്കണമെന്നു നിര്‍ബന്ധ നിയമവ്യവസ്ഥയുള്ള ഒരു രാജ്യത്ത് ഇപ്പറഞ്ഞതെല്ലാമുള്ള ഒരാളുടെ ഫോട്ടോ ഇന്ത്യാവിഷനിലെ അപസര്‍പ്പകന്മാര്‍ക്ക് ലഭ്യമാവാതെ പോയത് എങ്ങനെ ഫാരിസിന്റെ കുറ്റമാവും. അഥവാ നിത്യേനയെന്നോണം തങ്ങളുടെ ഫോട്ടോ പത്രത്തിന്റെ മുന്‍പേജില്‍ നിരത്താന്‍ പരസ്പരം മത്സരിക്കുന്ന മാതൃഭൂമി എം.ഡിക്കും അദ്ദേഹത്തിന്റെ പുത്രനും മാത്രം അവകാശപ്പെട്ട ആ നാണംകെട്ട മനോരോഗം ദീപിക ചെയര്‍മാനു പിടിപെട്ടിട്ടില്ല എന്നതാണ് ഇന്ത്യാവിഷന്റെ പരിതാപമെങ്കില്‍ ആ ആക്ഷേപത്തെ ഞങ്ങള്‍ അഭിമാനപൂര്‍വം സ്വാഗതം ചെയ്യുന്നു.

കളങ്കിതമായ അഴിമതിപ്പണംകൊണ്ടും ബ്ളേഡ് പലിശകൊണ്ടും വാര്‍ത്താചാനല്‍ വാണിഭം നടത്തുന്നവര്‍ക്ക് അത്തരമൊരഭിമാനബോധം പക്ഷേ, ദഹിച്ചുകൊള്ളണമെന്നില്ല. എം.എ. ഫാരിസിന്റെ മേല്‍ കുറ്റംചാര്‍ത്തി ശിക്ഷാവിധി നടപ്പിലാക്കാന്‍ വൃഥാ വിയര്‍പ്പൊഴുക്കുന്ന മാതൃഭൂമിയോടും ഇന്ത്യാവിഷനിലെ അതിന്റെ പരിചാരകരോടും ഒരിക്കല്‍ക്കൂടി സധൈര്യം, സുദൃഢം ഞങ്ങള്‍ പറയട്ടെ, ദീപിക ചെയര്‍മാന്‍ എംഎ ഫാരിസിനെതിരേ ഈ രാജ്യത്ത് കേന്ദ്രഗവണ്‍മെന്റോ അതിന്റെ അന്വേഷണ ഏജന്‍സികളോ സെയില്‍സ് ടാക്സ്, ഇന്‍കംടാക്സ്, എക്സൈസ്, കസ്റ്റംസ്, എന്‍ഫോഴ്സ്മെന്റ് തുടങ്ങിയ ഏതെങ്കിലും വകുപ്പോ, ഈ രാജ്യത്തെ ഏതെങ്കിലും സംസ്ഥാനസര്‍ക്കാരോ പോലീസോ ഏതെങ്കിലുമൊരു നീതിപീഠമോ എന്തെങ്കിലും ഒരു കുറ്റാരോപണം നടത്തിയതായി അഥവാ ശിക്ഷിച്ചതായി അഥവാ ഒരന്വേഷണത്തിന് ഉത്തരവിട്ടതായി എന്തിന് ഒരു നോട്ടീസെങ്കിലും അയച്ചതായി രേഖാമൂലം സ്ഥാപിക്കുവാന്‍ നിങ്ങളിലാര്‍ക്കെങ്കിലും ചങ്കൂറ്റമുണ്ടാവുമോ.

അല്ലെങ്കില്‍ നിങ്ങളിലാരെയെങ്കിലുംപോലെ ഈര്‍ക്കിലി രാഷ്ട്രീയ ബലത്തിന്റെയോ അധികാരത്തിന്റെയോ മന്ത്രിപ്പണിയുടെയോ കള്ളക്കരാറുകളുടെയോ പേരില്‍ എന്തെങ്കിലും ഒരു ആനുകൂല്യം നേടിയെടുത്തതായി സ്ഥാപിക്കാന്‍ നിങ്ങള്‍ക്കു കഴിയുമോ.

അങ്ങനെ കഴിയുമെങ്കില്‍ അതു വായനക്കാര്‍ക്കും പൊതുസമൂഹത്തിനും മുന്നില്‍ നിവര്‍ത്തിച്ചെടുക്കാന്‍ മലയാളഭാഷയിലെ ഏറ്റവും പഴക്കവും പാരമ്പര്യവുമുള്ള ഈ ദിനപത്രം നിങ്ങ ളെ വെല്ലുവിളിക്കുന്നു. ഇങ്ങനെ ഒരു തുറന്ന വെല്ലുവിളിക്ക് പോന്ന ധാര്‍മിക ബലവും തന്റേടവും നിങ്ങളിലാര്‍ക്കുണ്ട് അവകാശപ്പെടാന്‍. ഇല്ല എന്നതല്ലേ സത്യം.

എം.എ. ഫാരിസിനെതിരേ വ്യാജവാര്‍ത്താ പ്രചാരണം നടത്തിയ ഓരോരുത്തര്‍ക്കുമെതിരേ സാധ്യമായ എല്ലാ നിയമനടപടികളും വരുംദിനങ്ങളില്‍ സ്വീകരിക്കപ്പെടുമെന്നും അപകീര്‍ത്തി വ്യവസായത്തിന്റെ പ്രതിപുരുഷന്മാരായ മാതൃഭൂമിയിലെയും ഇന്ത്യാവിഷനിലെയും വ്യജവാര്‍ത്താ പ്രചാരകര്‍ക്ക് അര്‍ഹമായ ശിക്ഷ വാങ്ങിക്കൊടുക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും ഇതിനാല്‍ നിസംശയം ഓര്‍മിപ്പിച്ചുകൊള്ളട്ടെ.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X