കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എയ്ഡ്സിലും ഇന്ത്യ മുന്‍പന്തിയില്‍...

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം : കേരളത്തിലെ ഏറ്റവും വലിയ കേഡര്‍ പാര്‍ട്ടിയായ സിപിഐ എം ആന്തരിക സംഘര്‍ഷം മൂത്ത് പിളര്‍പ്പിലേയ്ക്ക് നീങ്ങുകയാണോ?

അതിശക്തമായി പാര്‍ട്ടിയില്‍ നിലനില്‍ക്കുന്ന വിഭാഗീയതയുടെ തോതും ഇരുവിഭാഗത്തിന്റെയും നിശ്ചയ ദാര്‍ഢ്യവും വച്ചു നോക്കുമ്പോള്‍ സിപിഎമ്മിലെ പിളര്‍പ്പ് വെറുമൊരു ഊഹമായി തളളിക്കളയാനാവില്ല.

മറ്റൊരു പാര്‍ട്ടിയുണ്ടാക്കാന്‍ തീരുമാനിച്ചുറപ്പിച്ചതു പോലെയാണ് വിഎസ് വിഭാഗത്തിന്റെ പോക്ക്. സിപിഎം സംസ്ഥാനക്കമ്മിറ്റിയില്‍ പിണറായി വിഭാഗത്തിനുളള മൃഗീയ ഭൂരിപക്ഷം തുടരുന്ന സാഹചര്യത്തില്‍ കേന്ദ്രനേതൃത്വത്തില്‍ നിന്നും അനുകൂലമായതൊന്നും അവര്‍ പ്രതീക്ഷിക്കുന്നില്ല.

സമാന്തര പാര്‍ട്ടിയുണ്ടാക്കാന്‍ ആവശ്യമായ നീക്കങ്ങള്‍ അണിയറയില്‍ നടക്കുന്നുണ്ട്. എം വി രാഘവനും ഗൗരിയമ്മയും പാര്‍ട്ടിയില്‍ നിന്നും പുറത്തുപോയ സാഹചര്യമല്ല ഇപ്പോള്‍ നിലനില്‍ക്കുന്നത്. സിപിഎമ്മില്‍ തുടരവെ തന്നെ മറ്റൊരു പാര്‍ട്ടിയ്ക്കുളള അടിസ്ഥാന സൗകര്യങ്ങള്‍ വിഎസ് വിഭാഗം ഒരുക്കിത്തുടങ്ങിയിരുന്നു.

ദേശാഭിമാനിക്കു പകരം ജനശക്തി

ദേശാഭിമാനിയ്ക്കു പകരം ജനശക്തി പ്രചരിപ്പിക്കുകയാണ് വിഎസ് വിഭാഗം. സംസ്ഥാന വ്യാപകമായി ഈ കാമ്പയിന്‍ നടക്കുന്നുണ്ട്. പുരോഗമന കലാസാഹിത്യ സംഘത്തിനു ബദലായി മറ്റൊരു സംഘടന തൃശൂരില്‍ രൂപം കൊണ്ടതും വിഎസിന്റെ അനുഗ്രഹാശിസുകളോടെയാണ്.

കൈരളി ടിവിയില്‍ നിന്നും തങ്ങളുടെ അനുയായികളെക്കൊണ്ട് ഓഹരി പിന്‍വലിപ്പിക്കാനുളള ശ്രമം തുടങ്ങിക്കഴിഞ്ഞു. കൈരളി ഓഹരിയുടമകളില്‍ വിഎസിനോട് അനുഭാവം പ്രകടിപ്പിക്കുന്നവരുടെ യോഗം ഉടന്‍ വിളിച്ചു ചേര്‍ക്കും.

മാതൃഭൂമിയും മാധ്യമവും വിഎസിന് അനുകൂലമായി പരസ്യനിലപാട് സ്വീകരിച്ചിരിക്കുന്നത് പരമാവധി മുതലാക്കാനാണ് നീക്കം. പൊതുജനങ്ങളില്‍ നല്ലൊരു വിഭാഗം വിഎസിന്റെ നടപടികളോട് കൂറുപുലര്‍ത്തുന്നവരാണ്. പാര്‍ട്ടിയുടെ ഉരുക്കുമുഷ്ടിയില്‍ കിടന്നു പിടയുന്ന നല്ലമനുഷ്യന്റെ പരിവേഷം വിഎസ് നന്നായി ഉപയോഗപ്പെടുത്തുമുണ്ട്.

സിപിഎം പിളരുമോ...?

ഏറെപ്പേരും ഉറ്റുനോക്കുന്നത് ഈ ചോദ്യത്തിനുളള ഉത്തരമാണ്. പിണറായി വിജയനും വി എസ് അച്യുതാനന്ദനും തമ്മില്‍ ഇനിയൊരിക്കലും പൊരുത്തപ്പെടാനാവാത്ത വിധം മാനസികമായി അകന്നു കഴിഞ്ഞു. സിപിഎമ്മിന്റെ സ്വഭാവമനുസരിച്ച് പാര്‍ട്ടിക്ക് വിധേയനല്ലാത്തയാള്‍ പുറത്തു പോയേ മതിയാകൂ. പൊന്നുകായ്ക്കുന്ന മരമായാലും പുരയ്ക്കു മീതെ ചാഞ്ഞാല്‍ മുറിച്ചു മാറ്റണമെന്നാണ് പാര്‍ട്ടി ശാഠ്യം.

എന്നാല്‍ സിപിഎമ്മില്‍ നിന്നും പുറത്തു പോകാന്‍ വിഎസിനോടൊപ്പം നില്‍ക്കുന്ന എത്രപേര്‍ തയ്യാറാകുമെന്ന കാര്യത്തില്‍ ഉറപ്പില്ല. ജീവിതത്തിന്റെ നല്ല പങ്കും പാര്‍ട്ടിക്കു വേണ്ടി കഷ്ടപ്പെട്ട് ഉന്നതങ്ങളിലെത്തിയവരാണ് പല നേതാക്കളും‍. പുറത്തു പോയി മറ്റൊരു പാര്‍ട്ടിയുണ്ടാക്കി പച്ചപിടിക്കാനുളള കായബലവും മനോശക്തിയും ജീവിതദൈര്‍ഘ്യവും അവര്‍ക്കില്ല. ഇനിയെന്ത് എന്ന ചോദ്യത്തിനു മുന്നില്‍ പതറുന്നവരെയും കൊണ്ടാണ് വിഎസ് അങ്കം നയിക്കുന്നത്.

ഒരങ്കം പോയിട്ട് അരയങ്കത്തിനു പോലുമുളള ശേഷി നഷ്ടപ്പെട്ട് ശിഷ്ടകാലം അധികാരത്തിന്റെ തണലില്‍ കഴിയാമെന്നു കരുതുന്നവര്‍ സിപിഎമ്മിന്റെ കുടക്കീഴില്‍ത്തന്നെ നില്‍ക്കും. എത്ര ആട്ടും തുപ്പുമേറ്റാലും. അതു നന്നായി അറിഞ്ഞു കൊണ്ടാണ് പിണറായി വിജയന്‍ തന്റെ തന്ത്രങ്ങള്‍ മെനയുന്നത്.

ചരിത്രത്തിനു മുന്നില്‍ ഭയക്കുന്നവര്‍..

സിപിഎമ്മില്‍ പുറത്തു പോയവര്‍ ഗതിപിടിച്ചിട്ടില്ലെന്ന് പാര്‍ട്ടി വീമ്പിളക്കുന്നത് വെറുതെയല്ലെന്ന് സമ്മതിച്ചേ തീരൂ. അത്രമാത്രം സംഘടിതമാണ് പാര്‍ട്ടി ഘടന. അതിലൊരു വിളളലുണ്ടാക്കാന്‍ പോന്നവരാരും ഇതുവരെ ഉണ്ടായിട്ടില്ല.

കെ പി ആര്‍ ഗോപാലന്‍ മുതല്‍ കെ ആര്‍ ഗൗരിയമ്മ വരെയുളളവരുടെ ചരിത്രം രാഷ്ട്രീയ കേരളത്തെ ഓര്‍മ്മിപ്പിക്കുന്നതും മറ്റൊരു കഥയല്ല. ആദര്‍ശത്തിന്റെയും ലാളിത്യത്തിന്റെയും സംഘാടന വൈഭവത്തിന്റെയും മുന്നില്‍ കെപിആറിനോട് കിടപിടിച്ചവരാരും ഉണ്ടായിരുന്നില്ല അദ്ദേഹത്തിന്റെ കാലത്ത്. കെ പി ആറിന്റെ ചങ്കൂറ്റമാണ് ദേശാഭിമാനി പത്രം സിപിഎമ്മിന് നേടിക്കൊടുത്തത്.

എന്നാല്‍ പാര്‍ട്ടിയില്‍ നിന്നും പുറത്തുപോയ കെപിആറിന് സിപിഎമ്മിന്റെ സംഘടനാ ചട്ടക്കൂടിനെ നുളളിനോവിക്കാന്‍ പോലുമായില്ല. അദ്ദേഹം രൂപം നല്‍കിയ ബോള്‍ഷെവിക് പാര്‍ട്ടി ചരിത്രത്തിലെ ഒരു ഫലിതമായി ഒടുങ്ങിയമര്‍ന്നു. ഇന്ന് രാഷ്ട്രീയവിദ്യാര്‍ത്ഥികളല്ലാതെ ആരും ആ പാര്‍ട്ടിയെ ഓര്‍ക്കുന്നതു പോലുമില്ല.

കെ. വേണുവിന്റെയും ഫിലിപ് എം പ്രസാദിന്റെയും നക്സല്‍ മുന്നേറ്റങ്ങളും ആദ്യകാലത്ത് സിപിഎമ്മിന്റെ സംഘടനാ ചട്ടക്കൂടിനെ വെല്ലുവിളിച്ചിരുന്നെങ്കിലും പതിയ പാര്‍ട്ടി അത് അതിജീവിക്കുന്നതാണ് കേരളം കണ്ടത്. അടിയന്തരാവസ്ഥയും കരുണാകരന്റെയും ജയറാം പടിക്കലിന്റെയും കാട്ടാളത്തരം മാത്രമല്ല നക്സലുകാരെ പരാജയപ്പെടുത്തിയത്. സിപിഎമ്മിന്റെ സമര്‍ത്ഥമായ ഇടപെടലും അതിനൊരു കാരണമായിരുന്നു.

എം വി രാഘവന്റെയും കെ ആര്‍ ഗൗരിയമ്മയുടെയും അനുഭവത്തിനും പഴക്കമേറെയില്ല. രാഘവനൊപ്പം പോയ ചാത്തുണ്ണി മാസ്റ്ററും പുത്തലത്ത് നാരായണനും പാട്യം രാജനും സി പി ജോണുമൊന്നും മോശക്കാരായിരുന്നില്ല. എന്നാല്‍ സിപിഎമ്മിനെ വെല്ലുവിളിക്കും വിധം സംസ്ഥാന രാഷ്ട്രീയത്തിലെ ശ്രദ്ധേയമായി വളരുന്ന ഒരു പ്രസ്ഥാനത്തിന് ജന്മമേകാന്‍ കണ്ണൂരിന്റെ രാഷ്ട്രീയകളരിയില്‍ സര്‍വ അടവും പഠിച്ചിറങ്ങിയ രാഘവന് കഴിഞ്ഞില്ല.

വര്‍ഗരാഷ്ട്രീയം ഉപേക്ഷിച്ച് ജാതി സംഘടനയുടെ പദവിയുളള രാഷ്ട്രീയപ്പാര്‍ട്ടിക്ക് ജന്മം നല്‍കാനായിരുന്നു കെ ആര്‍ ഗൗരിയമ്മയുടെ വിധി. പഴയ എസ് ആര്‍ പി നിലവാരമുളള ഒരു രാഷ്ട്രീയപ്പാര്‍ട്ടിക്കപ്പുറം എന്തെങ്കിലും വില ജെഎസ്എസിന് കേരളം നല്‍കിയിരുന്നോ എന്ന് സംശയമാണ്.

ചുരുക്കത്തില്‍ പാര്‍ട്ടിയില്‍ നിന്നും പുറത്തുപോയവരുടെ അനുഭവം പിളര്‍പ്പിനെ അനുകൂലിക്കുന്നതല്ല. ജീവിതകാലം മുഴുവന്‍ എതിര്‍ത്തു വന്ന പ്രസ്ഥാനങ്ങളുടെയും മുന്നണിയുടെയും തൊഴുത്തില്‍ കാടി കുടിക്കാന്‍ ഒരു പാത്രം കൂടി കിട്ടുമെന്നതിനപ്പുറം സമൂഹത്തില്‍ ഒരു ചലനവുമുണ്ടാക്കാന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ല.

എന്നാല്‍ വി എസ് അച്യുതാനന്ദനെ ഇവരുമായി താരതമ്യം ചെയ്യുന്നതും അത്ര യുക്തിസഹമല്ല. വിപുലമായ ജനപിന്തുണയും സാംസ്ക്കാരിക പ്രവര്‍ത്തകരുടെ ആഭിമുഖ്യവും വിഎസിനുണ്ട്. ഗൗരയമ്മയോടോ രാഘവനോടോ ഉണ്ടായിരുന്ന മനോഭാവമല്ല സാമാന്യ ജനത്തിന് വിഎസിനോടുളളത്. തന്റെ സമരത്തിന് പ്രത്യയശാസ്ത്രപരമായ മാനം നല്‍കാന്‍ അച്യുതാനന്ദന്‍ തുടക്കം മുതല്‍ ശ്രദ്ധിച്ചിരുന്നുവെന്നതും പരിഗണിക്കേണ്ടതുണ്ട്.

സാമാന്യജനത്തിന്റെ മനസിലുളള വീരപരിവേഷത്തെ മറ്റൊരു സംഘടനയായ്ക്കി വളര്‍ത്താനുളള കര്‍മശേഷിയും സാമ്പത്തിക സ്ത്രോതസും വിഎസ് പക്ഷത്തിനുണ്ടോ എന്നതിനെ ആശ്രയിച്ചാണ് സിപിഎം പിളരുമോ എന്ന ചോദ്യത്തിനുളള ഉത്തരവും നിര്‍വചിക്കപ്പെടുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X