കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എയ്ഡ്സിലും ഇന്ത്യ മുന്‍പന്തിയില്‍...

  • By Staff
Google Oneindia Malayalam News

അങ്കം പുതിയ ഭാഗം തിരക്കഥ ഇങ്ങനെ.
വെറുക്കപ്പെട്ടവനാണെന്ന് വിഎസ് അച്യുതാനന്ദന്‍ ചാപ്പകുത്തിയ ഫാരിസ് അബൂബേക്കറിന്റെ രണ്ടു മണിക്കൂര്‍ നീളുന്ന അഭിമുഖം കൈരളി ടിവിയില്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് ഇരുവിഭാഗങ്ങളും തമ്മിലുളള പോര് നിയന്ത്രണാതീതമായത്.

കൈരളി എംഡി ജോണ്‍ ബ്രിട്ടാസിന്റെ വീടിനു മുന്നില്‍ പോസ്റ്റര്‍ പതിച്ചും കൈരളിയ്ക്കെതിരെ പ്രകടനം നടത്തിയും ഓഫീസിനു കല്ലെറിഞ്ഞുമാണ് ആദ്യദിവസങ്ങളില്‍ വിഎസ് വിഭാഗം പ്രതിഷേധിച്ചത്. ഈ പ്രശ്നത്തിന്റെ പേരില്‍ നേതാക്കള്‍ പരസ്പരം തെരുവില്‍ ഏറ്റുമുട്ടിയതോടെ സിപിഎമ്മിനുളളിലെ അന്തരീക്ഷം സ്ഫോടനാത്മകമായി.

പാര്‍ട്ടി എറണാകുളം ജില്ലാ കമ്മിറ്റി കൈരളി ടിവിയ്ക്കെതിരെ പ്രമേയം പാസാക്കി കേന്ദ്ര നേതൃത്വത്തിനയച്ചത് വി എസ് വിഭാഗം പിന്നോട്ടില്ലെന്നതിന്റെ വ്യക്തമായ സൂചനയാണ്. അറിയപ്പെടുന്ന വി എസ് പക്ഷക്കാരനാണ് ജില്ലാ സെക്രട്ടറി ഗോപി കോട്ടമുറിക്കല്‍. പ്രമേയം പാസാക്കുന്നതിനു മുമ്പ് ഗോപിയും വിഎസും തമ്മില്‍ കൂടിക്കാഴ്ച നടന്നിരുന്നു

പാര്‍ട്ടി നേതാക്കളെയും മന്ത്രിമാരെയും വിഎസ് അച്യുതാനന്ദന്‍ പരസ്യമായി ആക്ഷേപിക്കുകയും കളിയാക്കുകയും ചെയ്യുന്നത് തുടരുന്നു. എതിര്‍ഗ്രൂപ്പിലെ മന്ത്രിമാരെ കളിയാക്കാന്‍ കിട്ടുന്ന ഒരവസരവും വിഎസ് കളയാറില്ല. മാധ്യമങ്ങള്‍ ഇത് നന്നായി ആഘോഷിക്കുകയും ചെയ്യുന്നു.

പിണറായി ബുദ്ധിപരമായ നിശബ്ദതയില്‍

വിഎസ് ഫാരിസിനെ വെറുക്കപ്പെട്ടവന്‍ എന്നു വിളിച്ചത് ശരിയായില്ലെന്ന് മന്ത്രി സുധാകരന്‍ തുറന്നടിച്ചതിനു പിന്നാലെ പാലൊളിയും കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്കുളള മുന്നറിയിപ്പുമായി രംഗത്തെത്തി. ആക്രമണം തന്നെയാണ് ഏറ്റവും നല്ല പ്രതിരോധം എന്ന് പിണറായി വിഭാഗം തീരുമാനിച്ചതിന്റെ സൂചനയാണിത്. പാര്‍ട്ടി കേന്ദ്രക്കമ്മിറ്റി അംഗം കൂടിയാണ് പാലൊളി മുഹമ്മദ് കുട്ടി. പിണറായി അറിയാതെ പാലൊളിയും സുധാകരനും വിഎസിനെതിരെ പരാമര്‍ശങ്ങള്‍ നടത്തില്ല.

വാര്‍ത്താ സമ്മേളനങ്ങള്‍ വിളിച്ചു കൂട്ടി പരസ്പരം പോര്‍വിളിച്ചതിനാണ് പിണറായിയെയും വിഎസിനെയും പൊളിറ്റ് ബ്യൂറോയില്‍ നിന്നും പുറത്താക്കിയത്. ഇപ്പോള്‍ പിണറായി അണിയറയില്‍ നിന്ന് ചരടുവലിക്കുകയും ഗ്രൂപ്പിലെ മറ്റുളളവര്‍ പരസ്യമായി വിഎസിനെ എതിര്‍ക്കുകയും ചെയ്യുന്നു. ആസൂത്രിതമായി അച്യുതാനന്ദനെ പാര്‍ട്ടിയില്‍ നിന്നും പുറത്തു ചാടിക്കാന്‍ പിണറായി തന്ത്രം മെനഞ്ഞു കഴിഞ്ഞു എന്നു വേണം അനുമാനിക്കാന്‍.

ഇതുവരെ പിണറായി ഈ വിഷയത്തില്‍ പരസ്യമായ അഭിപ്രായം പറഞ്ഞിട്ടില്ല. വിവാദ വിഷയങ്ങള്‍ പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്ത് വ്യക്തത വരുത്തിയ ശേഷം പ്രതികരിക്കാം എന്നതാണ് അദ്ദേഹത്തിന്റെ നിലപാട്. ഈ നിലപാട് തന്നെ വിഎസിനെതിരെയുളള കുറ്റപത്രമാണ്.

വിവാദവിഷയങ്ങളില്‍ പാര്‍ട്ടിയോടാലോചിക്കാതെ എടുത്തുചാടി അഭിപ്രായം പറയുകയാണ് വിഎസ് എന്നാണ് പിണറായി ധ്വനിപ്പിക്കുന്നത്. ഇതുവഴി പൊളിറ്റ് ബ്യൂറോയുടെ മുന്നില്‍ നല്ലപിളളയാവാനും പിണറായിക്കു കഴിയുന്നു. പിണറായിയെ പിബിയില്‍ തിരിച്ചെടുത്താലും അച്യുതാനന്ദനെ തിരിച്ചെടുക്കാന്‍ കഴിയാത്ത തരത്തില്‍ കാര്യങ്ങള്‍ എത്തി.പിണറായിയെ പൊളിറ്റ് ബ്യൂറോവില്‍ തിരിച്ചെടുത്താല്‍ പാര്‍ട്ടിയില്‍ അച്യുതാനന്ദനേക്കാള്‍ മീതെയാവും അദ്ദേഹം.

പ്രത്യാക്രമണം കൈരളി വഴി

ഗ്രൂപ്പു പോരില്‍ ഇത്രയും കാലം പാര്‍ട്ടിക്കകത്തുളള കളികളിലാണ് പിണറായി പക്ഷം ശ്രദ്ധിച്ചിരുന്നത്. മുഖ്യധാരാ മാധ്യമങ്ങളൊന്നാകെ വിഎസിന് പിന്തുണ നല്‍കുമ്പോഴും പാര്‍ട്ടിക്കുളളില്‍ അദ്ദേഹത്തിന്റെ അനുയായികളുടെ എണ്ണം ചുരുങ്ങിച്ചുരുങ്ങി വരികയായിരുന്നു. കോട്ടയത്ത് പാര്‍ട്ടിയുടെ സംസ്ഥാന സമ്മേളനം നടക്കുമ്പോള്‍ പാര്‍ട്ടി സംഘടനയൊന്നാകെ പിണറായി വിജയന്റെ ഉളളം കൈയിലാണ്.

സമ്മേളനങ്ങള്‍ തുടങ്ങുന്നതിന് തൊടുമുമ്പ് മാധ്യമങ്ങളിലൂടെയുളള ആക്രമണത്തിന് തങ്ങളും മടിക്കില്ലെന്ന് പിണറായി വിഭാഗം വ്യക്തമാക്കിയത് പാര്‍ട്ടി മാധ്യമങ്ങളിലൂടെത്തന്നെയാണ്. കൈരളി എംഡി ജോണ്‍ ബ്രിട്ടാസ്, എം എ ബേബിയുടെയും തോമസ് ഐസക്കിന്റെയും ഉറ്റസുഹൃത്താണ്. ദേശാഭിമാനിയുടെ എഡിറ്റ് പേജിന്റെ ചുമതലയുളള പി എം മനോജാകട്ടെ, പിണറായി വിജയന്റെ വിശ്വസ്തനും.

കൈരളിയെ ഉപയോഗിച്ച് വിഎസിനെ പ്രകോപിപ്പിക്കുക എന്ന തന്ത്രം ഫലിച്ചുവെന്നു വേണം കരുതാന്‍. വെറുക്കപ്പെട്ടവന്‍ എന്ന് വിഎസ് മുദ്രകുത്തിയപ്പോള്‍ വിഎസിന്റെ മനസാക്ഷി സൂക്ഷിപ്പുകാരായ മാതൃഭൂമി ഒരു പടികൂടി മുന്നോട്ടു പോയി. ഒരു ഫോട്ടോ പോലും പുറത്തു കാട്ടാത്ത വിധം ദുരൂഹതയുടെ ആവരണത്തിലാണ് ഫാരിസെന്ന് മാതൃഭൂമി വിധിയെഴുതി.

ഫോട്ടോ പോലുമില്ലാത്തവനെന്ന് പിണറായി ഗ്രൂപ്പിന്റെ പ്രഖ്യാപിത എതിരാളിയായ മാതൃഭൂമി വിശേഷിപ്പിച്ചയാളിനെ രണ്ടുമണിക്കൂര്‍ കാമറയ്ക്കു മുന്നിലിരുത്തിയാണ് കൈരളി തിരിച്ചടിച്ചത്. എന്നാല്‍ ഫാരിസിനെ ഇതിനകം വെറുക്കപ്പെട്ടവന്‍ എന്നു മുദ്രകുത്തിക്കഴിഞ്ഞ വിഎസ് അച്യുതാനന്ദനെ സമര്‍ത്ഥമായി ഈ കെണിയില്‍ കുരുക്കാന്‍ മാതൃഭൂമിക്ക് കഴിഞ്ഞു. മാതൃഭൂമിയെ കൊച്ചാക്കാന്‍ കൈരളി തുനിഞ്ഞിറങ്ങിയപ്പോള്‍ പൊളളിയത് വിഎസ് അച്യുതാനന്ദന്റെ ചങ്കാണ്.

പാലോളി പ്രതികരിച്ചതിന്റെ അര്‍ത്ഥം

സ്വന്തം ചെയ്തികളുടെ ഫലമാണ് വിഎസ് അനുഭവിച്ചു കൊണ്ടിരിക്കുന്നതെന്ന് സ്വതവേ മിതഭാഷിയായ പാലൊളി മുഹമ്മദ് കുട്ടിയാണ് തുറന്നടിച്ചത്. പാര്‍ട്ടിയോട് വിഎസ് ചെയ്തുകൊണ്ടിരിക്കുന്നതിന് ആനുപാതികമായ പിന്തുണ വിഎസ് പാര്‍ട്ടിയില്‍ നിന്നും പ്രതീക്ഷിച്ചാല്‍ മതിയെന്ന പാലൊളിയുടെ മുന്നറിയിപ്പ് ഒന്നും കാണാതെയല്ല. പിണറായി വിജയന്റെ ഭാഷയില്‍ സംസാരിക്കാന്‍ പാലൊളിയെ ആ വിഭാഗം ചുമതലപ്പെടുത്തിയിരിക്കുന്നു എന്നൂഹിക്കുന്നത് തെറ്റാവില്ല.

ഇവിടം കൊണ്ടും നിര്‍ത്താതെ ദീപികയുടെ സ്വഭാവത്തില്‍ മാറ്റം വന്നെന്നും പാലൊളി ചൂണ്ടിക്കാട്ടി. ദീപികയുടെ മാനേജ് മെന്റിലുണ്ടായ മാറ്റമാണ് അവരുടെ കമ്മ്യൂണിസ്റ്റ് വിരോധം കുറയുന്നതിന് കാരണമായതെന്ന് പറയുമ്പോള്‍ തന്നെ വിഎസിന് വ്യക്തമായ മുന്നറിയിപ്പും പാലോളി നല്‍കുന്നു. തന്നെ എല്ലാവരും പിന്തുണയ്ക്കണമെന്ന നിര്‍ബന്ധബുദ്ധി വിഎസിനുണ്ടാകുന്നത് ശരിയല്ലെന്നും ദീപികയ്ക്ക് വിഎസിനെ വിമര്‍ശിക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്നുമാണ് അദ്ദേഹത്തിന്റെ നിലപാട്.

തന്നെയും കുടുംബത്തെയും തകര്‍ക്കാനാണ് ദീപിക ശ്രമിക്കുന്നത് എന്ന് വി എസ് പറയുമ്പോള്‍, കൊടുത്താല്‍ കൊല്ലത്തും കിട്ടുമെന്നോര്‍മ്മിപ്പിക്കുകയാണ് എതിര്‍പക്ഷം.

വിഭാഗീയതയുടെ അരിവാളും പകയുടെ ചുറ്റികയുമേന്തിയാണ് പാര്‍ട്ടി കോട്ടയം സംസ്ഥാന സമ്മേളനത്തിനൊരുങ്ങുന്നത്. ആ പോക്ക് ഒരു പിളര്‍പ്പിലേയ്ക്കാണോ എന്ന് ശങ്കിക്കുന്നത് ഒട്ടും അസ്ഥാനത്തല്ല എന്ന സന്ദേശം നല്‍കുന്നത് പാര്‍ട്ടിയുടെ തന്നെ നേതാക്കളും. അധികാരം പരമമായി നശിപ്പിച്ച കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ശേഖരത്തില്‍ മറ്റൊന്നു കൂടി ചരിത്രത്തിന്റെ അനിവാര്യതയ്ക്ക് കീഴടങ്ങുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X