കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാഴാക്കരുതേ ആ ഒരു മണിക്കൂര്‍

  • By Lakshmi
Google Oneindia Malayalam News

Earth Hour
ആര്‍ക്ക് വേണ്ടിയാണ് ജീവിക്കുന്നതെന്നൊരു ചോദ്യം ചോദിച്ചാല്‍ പ്രിയ്യപ്പെട്ടവര്‍ക്ക് വേണ്ടിയെന്ന് നമ്മളെല്ലാം ഉത്തരം നല്‍കും. ഓരോരുത്തരും ജീവിക്കുന്നത് അവനവനുവേണ്ടിത്തന്നെയാണെന്നതാണ് പരമമായ സത്യമെങ്കിലും മറ്റുള്ളവര്‍ക്ക് വേണ്ടി ജീവിക്കുന്നുവെന്ന് പറയാനാണ് നമുക്കിഷ്ടം.

ഇതിനായി നമ്മള്‍ പല സാഹസങ്ങളും ചെയ്തുവെന്നിരിക്കും. അപ്പോള്‍ നമ്മള്‍ ജീവിക്കുന്ന ഭൂമിയ്ക്കുവേണ്ടിയും പലതും ചെയ്യാന്‍ നമ്മള്‍ക്ക് കടപ്പെട്ടവരാണ്. കാരണം തിരിച്ചൊന്നും പ്രതീക്ഷിക്കാതെ ഭൂമി നമ്മളെ നിലനിര്‍ത്തുകയാണ്.

മനുഷ്യന്റെയും മനുഷ്യന്റെ പുരോഗതിയുടെയും ചൂഷണത്തിന്റെയുമെല്ലാം ഭാരം പേറി എല്ലാവരെയും സുരക്ഷിതരാക്കി നിര്‍ത്തുന്ന ഭൂമിയെക്കുറിച്ച് നമുക്ക് ഓര്‍ക്കാനെവിടെ നേരം. ഒരു ആഗോള താപനം, അല്ലെങ്കില്‍ ഒരു പ്രകൃതി ദുരന്തം എന്നെല്ലാം കേള്‍ക്കുമ്പോള്‍ ഒരിട ഭൂമിയുടെ വിധിയെക്കുറിച്ച് നമ്മളോര്‍ക്കും പിന്നീട് എല്ലാം മറന്ന് വീണ്ടും സ്വന്തം കാര്യങ്ങളിലായി ശ്രദ്ധ.

വലിയ വലിയ കാര്യങ്ങളൊന്നും ഭൂമിയ്ക്കുവേണ്ടി ചെയ്യാന്‍ നമുക്ക് കഴിഞ്ഞുവെന്ന് വരില്ല. എങ്കിലും കഴിയും ചില ചെറിയ കാര്യങ്ങള്‍. അതേ ഒരിത്തിരി നേരം ഇരുട്ടിലിരിക്കാം, വെറുതെ ഭൂമിയ്ക്കുവേണ്ടി അത്രയെങ്കിലും നമുക്ക് ചെയ്യാം. ലോകംമുഴുവന്‍ ഒരു മണിക്കൂര്‍ ഇരുട്ടിലാണ്ട് എര്‍ത്ത് അവര്‍ ആചരിക്കുമ്പോള്‍ നമുക്ക് മാത്രമെങ്ങനെ വെളിച്ചത്തിരിക്കാന്‍ കഴിയും.

125 രാജ്യങ്ങളിലായി ആയിരക്കണക്കിന് നഗരങ്ങള്‍ ശനിയാഴ്ച(മാര്‍ച്ച് 27, 2010) രാത്രി ഭൂമിയ്ക്കുവേണ്ടി കണ്ണടയ്ക്കും. അമേരിക്കയെന്നോ ഇന്ത്യയെന്നോ വ്യത്യാസമില്ലാതെ എല്ലാവരും ഭൂമിയെക്കുറിച്ച് ഓര്‍ക്കും. ഇത് നാലാം വര്‍ഷമാണ് ഭൂമിയെ നശിപ്പിച്ചുകൊണ്ടിരിക്കുന്ന ദുരന്തങ്ങള്‍ക്കെതിരെ എര്‍ത്ത് അവര്‍ ആചരിക്കുന്നത്.

മുന്‍ വര്‍ഷങ്ങളിലേക്കാളും ഇപ്പോള്‍ ജനങ്ങള്‍ ഇക്കാര്യങ്ങളില്‍ ബോധവാന്മാരാണെന്നും അതുകൊണ്ട് തന്നെ എല്ലാവരും ഇതിനോട് സഹകരിക്കുമെന്നുമാണ് എര്‍ത്ത് അവറിന്റെ ഉപജ്ഞാതാവായ ആന്റി റ്ഡ്‌ലി പറയുന്നത്. മുമ്പ് 88 രാജ്യങ്ങള്‍ മാത്രമേ ഇതില്‍ പങ്കുചേര്‍ന്നിരുന്നുള്ളു.

എന്നാല്‍ 2010ലെ എര്‍ത്ത് അവറില്‍ ഇന്ത്യയുള്‍പ്പെടെ 125 രാജ്യങ്ങളാണ് വെളിച്ചമണയ്ക്കാന്‍ പോകുന്നത്. 2007ലാണ് ആദ്യമായി എര്‍ത്ത് അവര്‍ ആചരിച്ചത്. സിഡ്‌നിയിലായിരുന്നു ഇതിന്റെ തുടക്കം. വൈദ്യുതി ഉപയോഗം, കാര്‍ബണ്‍ പുറന്തള്ളല്‍ എന്നിവ കുറയ്ക്കുക അതുവഴി ഭൂമിയെ രക്ഷിയ്ക്കുകയെന്നാണ് എര്‍ത്ത് അവര്‍ നല്‍കുന്ന സന്ദേശം.

ഓര്‍ക്കുക ബഹിരാകാശത്തും ചന്ദ്രനിലും താമസമാക്കാമെന്ന് നമ്മള്‍ സ്വപ്‌നം കാണുന്നുണ്ടെങ്കിലും തല്‍ക്കാലം ഭൂമിയില്ലാതെ നമുക്ക് ജീവിക്കാന്‍ തരമില്ല. പ്ലാസ്റ്റിക് വലിച്ചെറിഞ്ഞും വിഷപ്പുക വമിപ്പിച്ചും കുന്നുകള്‍ ഇടിച്ചുനിരത്തിയും നദികള്‍ വഴിതിരിച്ചുവിട്ടും നമ്മള്‍ ഭൂമിയെ കൊല്ലാക്കൊല ചെയ്യുകയാണ്. അതിന്റെ സ്വച്ഛന്ദമായ ആവാസവ്യവസ്ഥ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്.

അനേകായിരം ജീവിവര്‍ഗങ്ങള്‍ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്. വിശേഷബുദ്ധിയുള്ളവര്‍ എന്നഹങ്കരിക്കുന്ന മനുഷ്യര്‍ മാത്രമാണ് ഈ ദോഷകരമായ പരിണാമത്തിന് കാരണക്കാര്‍. അതുകൊണ്ടുതന്നെ നമ്മള്‍ കടപ്പെട്ടവരാണ്. ഒരു മണിക്കൂറെങ്കിലും ഇരുട്ടിലിരിക്കാന്‍.

വെറുതെ വിളക്കണച്ച്, നമ്മുടെ നേട്ടങ്ങളെയും അഹങ്കാരങ്ങളെയും താങ്ങിനിര്‍ത്തുന്ന ഈ അടിത്തറയെക്കുറിച്ചൊന്ന് ഓര്‍ക്കുക. മനസ്സിലാകും അതിന്റെ മഹത്വം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X