കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കിട്ടാത്ത മുന്തിരി പുളിയ്ക്കും

  • By <b>ഹരി</b>
Google Oneindia Malayalam News

Grapes
ഈയിടെ നടത്തിയ ഒരു ഹിമാലയ യാത്രയില്‍ ഒപ്പം ഉണ്ടായിരുന്നത് പഞ്ചാബ്‍കാരനായ ഒരു യുവാവ് ആയിരുന്നു. സുമുഖന്‍, ഊര്‍ജ്ജ്വസ്വലന്‍. നിറുത്താതെ സംസാരിയ്ക്കും. കുട്ടികളെപ്പോലെ എന്തിനും സംശയമാണ്. ഞങ്ങള്‍ തമ്മില്‍ ആദ്യം കാണുകയാണ്. പക്ഷേ മലകയറ്റക്കാര്‍ തമ്മില്‍ പരിചയപ്പെടാനും അടുക്കാനും ഏറെ സമയം ഒന്നും വേണ്ട. അതുകൊണ്ട് തന്നെ പെട്ടെന്ന് സുഹൃത്തുക്കളായി.

ഇദ്ദേഹത്തെ ബല്‍വന്ത് എന്ന് വിളിയ്ക്കാം. ഞാനത് ചുരുക്കി അങ്ങ് ബാലു എന്നാക്കി. ഞാന്‍ ബാലുവിന് ചേട്ടനും. ബാലുവിന്റെ ആദ്യത്തെ മലകയറ്റമായിരുന്നു അത്. അതുകൊണ്ട് തന്നെ ചോദ്യങ്ങള്‍ കൂടുതലും. എന്തിനേക്കുറിച്ചും ബാലുവിന് സംശയമാണ്. മരം പൂക്കുന്നതിനെക്കുറിച്ച് സംശയം. മണ്ണ് ഒലിയ്ക്കുന്നതിനെക്കറിച്ച് സംശയം. മാനത്തെ മേഘങ്ങളുടെ നിറത്തെക്കുറിച്ച് സംശയം. എനിയ്ക്ക് പലപ്പോഴും ഇത് കേട്ട് അതിശയം തോന്നിയിട്ടുണ്ട്. 25 കാരനായ ഈ യുവാവിന് ഇതൊന്നും അറിയില്ലേ??

ഉത്തര്‍ഘണ്ഡിലെ ഒരു മരുന്ന് കമ്പനിയില്‍ ജോലി ചെയ്യുകയാണ് ഈ എം ഫാം കാരന്‍. ബാലു അതിന് മുമ്പ് മല നടന്ന് കയറിയിട്ടില്ലെങ്കിലും ഉത്തരഘണ്ഡിലെ പല സ്ഥലങ്ങളും സ്വന്തം ബൈക്കില്‍ യാത്ര ചെയ്തിട്ടുണ്ട്. സ്വന്തം ചുവന്ന പള്‍സറില്‍. ഉത്തര ഘണ്ഡിലെ മലയോരങ്ങള്‍ എന്ന് പറഞ്ഞാല്‍ അത്ര എളുപ്പപ്പെട്ട മലയോരങ്ങളല്ല. ബദരീ നാഥിലേയ്ക്കും മുസൂറിയിലെ ഉള്‍നാടന്‍ ഗ്രാമങ്ങളിലേയ്ക്കും ഒക്കെ ഈ കുട്ടന്‍ ഹരിദ്വാറിനടുത്തുള്ള അയാളുടെ നഗരത്തില്‍ നിന്ന് പോകുന്നത് സ്വന്തം ബൈക്കിലാണ്. ആ യാത്രകളെ കുറിച്ച് വാചാലനാവുകയും ചെയ്യും ബാലു ചിലപ്പോള്‍. ആ ചുവന്ന മോട്ടോര്‍ ബൈക്കിന്റെ മേന്മയും ബാലു നിറുത്താതെ പറയും.

എപ്പോഴും ബാലു എന്നോട് ചോദ്യങ്ങള്‍ ചോദിയ്ക്കുന്നതല്ലേ. അങ്ങോട്ടും രണ്ടെണ്ണം ആവാമെന്ന് ഞാന്‍ കരുതി. ഞാന്‍ ചോദിച്ചു. ബാലു എന്താ ഈ മലയൊക്കെ ബജാജ് പള്‍സര്‍ ബൈക്കില്‍ യാത്ര ചെയ്യുന്നത്? വരുന്നു ബാലുവിന്റെ മറുപടി. മലകയറാന്‍ ബജാജിന്റെ 150 സിസി പള്‍സര്‍ പോലെ പറ്റിയ മറ്റൊരു ബൈക്കില്ലത്രെ. ‍ഞാനാണെങ്കില്‍ സ്ഥിരമായി ഈ ബൈക്ക് മലയോരങ്ങളില്‍ ഓട്ടിച്ചിട്ടില്ല. അതുകൊണ്ട് അതിന്റെ ഗുണവും അറിയില്ല.

പഠിച്ചുകൊണ്ടിരുന്നപ്പോള്‍ ഏത് ബൈക്ക് വാങ്ങണമെന്നായിരുന്നു സ്വപ്നം? ബാലു ഒന്ന് സംശയിച്ചു. കുട്ടിക്കാലത്ത് ഒരു റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് വാങ്ങണമെന്നായിരുന്നു സ്വപ്നം. ജനിച്ച് വളര്‍ന്ന നഗരമായ അമൃത്‍സറില്‍ ഒട്ടേറെ പേര്‍ അത് ഓടിച്ച് നടക്കുന്നത് കണ്ടിട്ടുണ്ട്. അങ്ങനെ തുടങ്ങിയതാണ് ആഗ്രഹം. വളര്‍ന്നപ്പോള്‍ അത് കവസാക്കി നിഞ്ജയിലേയ്ക്ക് മാറി. വിദേശ ബൈക്കല്ലേ. ആണത്തമുള്ളവള്‍. ജോലി കിട്ടിയ കാലത്ത് ഈ ബൈക്ക് ഓടിച്ച് നടക്കുന്നത് സ്വപ്നം പോലും കണ്ടിട്ടുണ്ട്.

പിന്നെ എന്തേ ബുള്ളറ്റോ നിഞ്ജയോ വാങ്ങിയില്ല? അതെങ്ങനെ പറ്റുമെന്ന് ബാലു. നിഞ്ജയുടെ വില മൂന്ന് ലക്ഷത്തിലേറെ വരും. അത് താങ്ങുക അത്ര എളുപ്പമല്ല. മാസാമാസം അടവ് തുകയെക്കുറിച്ച് മറന്നുകൊണ്ട് ബൈക്ക് വാങ്ങാന്‍ പറ്റുമോ. മാത്രമല്ല വിദേശ പഠനത്തനായി ഇപ്പോള്‍ നടത്തുന്ന നിക്ഷേപം അപ്പടി നിറുത്തേണ്ടിയും വരും. മാത്രമല്ല ഇന്ത്യന്‍ റോ‍ഡുകള്‍ക്ക് അത്ര പറ്റിയതല്ല ഈ ബൈക്ക്. എന്തായാലും അങ്ങനെ നിഞ്ജ വാങ്ങണ്ടെന്ന് ബാലു തീരുമാനിച്ചു.

എന്നാല്‍ പിന്നെ ബുള്ളറ്റ് വാങ്ങികൂടായിരുന്നോ, ഇന്ത്യന്‍ റോഡുകള്‍ക്ക് പറ്റിയതല്ലേ ഇത്? ഇവള്‍ക്കുമുണ്ടല്ലോ പൗരുഷം... ചേട്ടാ, അത് റോഡിലുറങ്ങുമ്പോള്‍ ഒരു ലക്ഷം രൂപയില്‍ കവിയും. എന്റെ ബജറ്റ് 60,000 രൂപയാണ്. പിന്നെ ഒരു 45,000 രൂപ കൂടി കൊടുക്കാന്‍ പറ്റില്ല. കാര്യം ഒക്കെ ശരി തന്നെ. പിന്ന മൈലേജ് പള്‍സര്‍ പോലെ ഇല്ല. ബുള്ളറ്റിന്റെ പണി നന്നായി അറിയുന്ന ആളുകളും ചെറു നഗരങ്ങളില്‍ കുറഞ്ഞ് വരുകയാണ്. ഞാനാണെങ്കില്‍ ഉത്തര ഘണ്ഡിലെ ഒരു ചെറു നഗരത്തിലും. അതുകൊണ്ട് അതും വേണ്ടെന്ന് വച്ചു.

ബജറ്റിലെ 60,000 ല്‍ നിന്നില്ല. കുറച്ച് കൂടി കൊടുക്കേണ്ടി വന്നു. പക്ഷേ എങ്കിലെന്താ, ബെല്ലേ ബെല്ലേ.. തകര്‍പ്പന്‍ ബൈക്ക്. നല്ല മൈലേജ്. ഈ മലയോര യാത്രകളില്‍ പറ്റിച്ചിട്ടേയില്ല. മാത്രമല്ല ചെറിയ പ്രശ്നം ഉണ്ടായപ്പോഴൊക്കെ നന്നാക്കാനറിയുന്ന മെക്കാനിക്കിനെ അടുത്ത് നിന്ന് തന്നെ കണ്ടെത്താനും പറ്റി. ഇതിന്റെ ഷോക്ക് അബ്സോര്‍ബറിന്റെ സുഖം ഓടിച്ച് തന്നെ അറിയണം. ഉത്തര ഘണ്ഡിലെ മലയോരത്തെ കച്ച റോഡുകളില്‍ ഞാനത് ശരിയ്ക്കും അറിഞ്ഞതാണ്. ബൈക്ക് വേറെ വല്ലതുമായിരുന്നെങ്കില്‍ ‍ഞാന്‍ ഇപ്പോള്‍ എന്റെ നടുവിന്റെ ആയുര്‍വേദ ചികിത്സയ്ക്കായി നിങ്ങളുടെ നാട്ടിലെത്തിയേനെ.. ബാലു ഊര്‍ജ്ജ്വസ്വലനായി തുടര്‍ന്നു.

അപ്പോള്‍ ബാലുവിനെ പരിചയപ്പെട്ടല്ലോ. ഇതാണ് നമ്മുടെ എല്ലാം സ്വഭാവം. കിട്ടാത്ത മുന്തിരി പുളിയ്ക്കും. കിട്ടിയതിന്റെ പുളിപ്പിനും മധുരം. സാമൂഹ്യ മനശാസ്ത്രം അനുസരിച്ച് ഇത് മനുഷ്യന്റെ പൊതു സ്വഭാവമാണ്. ഇതാണ് കൊഗ്‍നിറ്റീവ് ഡിസൊണന്‍സ്.

രണ്ട് ആശയങ്ങളോട് അല്ലെങ്കില്‍ വസ്തുക്കളോട് നമുക്ക് ഇഷ്ടമുണ്ട്. പക്ഷേ ഒന്നിനോട് അത്ര ഇഷ്ടമില്ല. എന്നാല്‍ അവസാനം ഇതില്‍ ഇഷ്ടമില്ലാത്തതിനേയോ അല്ലെങ്കില്‍ ഇതു് രണ്ടുമല്ലാതെ വലിയ ഇഷ്ടം ഒരിയ്ക്കലും തോന്നിയിട്ടില്ലാത്ത മൂന്നാമതൊന്നിനേയോ നാം സ്വീകരിയ്ക്കേണ്ടി വരുന്നു. അതോടെ നാം ആകെ മാറും നേരത്തേ ഉണ്ടായിരുന്ന അഭിപ്രായങ്ങളും നിലപാടുകളും മാറ്റി കുറിയ്ക്കും. ഒരു പക്ഷേ നേരത്തേ ഇഷ്ടപ്പെട്ടിരുന്നതിനെ കുറ്റപ്പെടുത്താന്‍ തുടങ്ങും. ഇഷ്ടമില്ലാതിരുന്നതിന്റെ ഗുണഗണങ്ങള്‍ വര്‍ണിയ്ക്കാനും.

താനെടുത്ത തീരുമാനം മികച്ചതാണ്, തന്‍ മിടുക്കനാണ് എന്ന തിരിച്ചറിയാത്ത സ്വന്തം നിലപാട് ഊട്ടി ഉറപ്പിയ്ക്കുകയാണ് ഇതിന്റെ പിന്നിലെ മനസാസ്ത്രം. ഈ ചിന്തകള്‍ എപ്പോഴും ശരിയായിരിയ്ക്കണമെന്നൊന്നുമില്ല. പക്ഷേ നാം ഇങ്ങനെയൊക്കെയാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X