കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വാമി വിവേകാനന്ദന്‍ - പ്രചോദനത്തിന്റെ അക്ഷയ ഖനി

  • By കൃഷ്ണകുമാര്‍
Google Oneindia Malayalam News

Swami Vivekananda
സ്വാമി വിവേകാനന്ദന്റെ ജന്മ ദിനമായ ജനുവരി 12, ദേശീയ യുവജന ദിനമായി ഭാരതം ആഘോഷിയ്ക്കുന്നു. ഭാരതീയ യുവത്വത്തിനു ഇതിനേക്കാള്‍ വലിയൊരു പ്രതിനിധിയെ ചൂണ്ടിക്കാനിക്കാനില്ല. അദ്ദേഹത്തിന്റെ 150 ആം ജന്മ വാര്‍ഷികം 2013 ജനുവരി 12 നാണ്. ദേശീയ തലത്തില്‍ സര്‍ക്കാര്‍ തന്നെ ആഘോഷ പരിപാടികള്‍ തുടങ്ങുകയാണ്. പ്രധാന മന്ത്രി മന്‍മോഹന്‍ സിംഹാണ് ദേശീയ ആഘോഷങ്ങള്‍ക്ക് ദില്ലിയില്‍ തുടക്കം കുറിച്ചത്. ഈ വേളയില്‍ ഒരു അനുസ്മരണം.

ആധുനിക ഭാരതത്തിന്‍റെ മനസ്സിനെ കഴിഞ്ഞ ഒരു നൂറ്റാണ്ടിലേറെയായി സ്വാധീനിച്ചു കൊണ്ടിരിക്കുന്ന ഏറ്റവും വലിയ പ്രചോദകന്‍ ആര് എന്ന ചോദ്യത്തിന് രണ്ടാമതൊരു ഉത്തരം ഉണ്ടാവാനിടയില്ല. ഒരു ഇടിമിന്നല്‍ പോലെ ഭാരതത്തിന്റെ നഭോ മണ്ഡലത്തില്‍ ഉദയം ചെയ്ത്‌, ലോകത്തിനാകെ വെളിച്ചം വിതറിയിട്ട് നാല്പതു വയസ്സ് പോലും തികക്കാതെ ആ പ്രഭാ പൂരം കടന്നുപോയി. തനിക്കു ശേഷം കടന്നു വരാനിരിക്കുന്ന അനേകം തലമുറകള്‍ക്ക് ഊര്‍ജം പകര്‍ന്നു നല്‍കിയിട്ടാണ് അദ്ദേഹം മടങ്ങിയത്.

ആയിരത്തോളം വര്‍ഷങ്ങള്‍ നീണ്ടു നിന്ന വൈദേശിക അടിമത്തത്തിനെതിരെയുള്ള ഒരന്തിമ സമരത്തിനു ഭാരതം സജ്ജമായിക്കൊണ്ടിരുന്ന സമയത്തായിരുന്നു നമുക്കിടയിലെ അദ്ദേഹത്തിന്റെ ജീവിതം. അനാചാരങ്ങളിലും, അന്ധവിശ്വാസങ്ങളിലും, കൊടിയ ദാരിദ്രിയത്തിലും, രോഗങ്ങളിലും ആണ്ടു കിടന്നിരുന്ന ഒരു ജനത. ആത്മനിന്ദയും, ദൌര്‍ബല്യവും രക്തത്തില്‍പോലും പടര്‍ന്നു കഴിഞ്ഞ ഒരു വലിയ ജനക്കൂട്ടം.

ലക്ഷ്യബോധം നഷ്ട്ടപ്പെട്ട്, വൈദേശികമായതെന്തും മഹത്തരമെന്നു കരുതി അനൈക്യത്തില്‍ മുഴുകി കഴിഞ്ഞിരുന്ന നേതൃത്വ രഹിതരായ ഒരു മഹാ ജനതതി. എല്ലാം വിധിയെന്ന് പഴിച്ച് നാള്‍ കഴിച്ചുകൊണ്ടിരുന്ന അവരുടെ ആ കാള രാത്രിയെ അവസാനിപ്പിച്ചുകൊണ്ടാണ് ഭാരതത്തിന്റെ കിഴക്ക് ദിക്കില്‍ സ്വാമി വിവേകാനന്ദന്‍ എന്ന സൂര്യന്‍ ഉദിച്ചുയര്‍ന്നത്‌. അതുയര്‍ത്തി വിട്ട മഴ മേഘങ്ങള്‍ ഭാരതത്തിന്റെ ഊഷര ഭൂമികളില്‍ ആത്മജ്ഞാനത്തിന്റെ തെളിനീരായി പെയ്തിറങ്ങി. ആ ദിവ്യോദയം ഭാരതത്തില്‍ അങ്ങോളമിങ്ങോളം അനേകായിരം ഹൃദയ താമരകളെ വിരിയിച്ചു. വെറും ചേര്‍ക്കളമെന്നു ലോകം പുച്ചിച്ചു തള്ളിയ ഭാരതഭൂമി പൊടുന്നനവേ ഒരു മലര്‍വാടിയായി മാറി. ജീവോര്‍ജം കിട്ടാതെ നശിച്ചുപോകുമായിരുന്ന, മണ്ണിനടിയില്‍ അറിയപ്പെടാതെ മറഞ്ഞു കിടന്നിരുന്ന അനേകായിരം വിത്തുകള്‍ പൊട്ടി മുളച്ചു വളര്‍ന്നു വന്‍ ഫലവൃക്ഷങ്ങളായി മാറി.

അദ്ദേഹം തന്നെ അവതാര പുരുഷന്മാരെപ്പറ്റി ഒരിക്കല്‍ പറഞ്ഞമാതിരി, ആദ്ധ്യാത്മികതയുടെ ഒരു വന്‍ തിരമാല - ഒരു സുനാമി - കരയിലേക്ക് അടിച്ചുകയറി കുളങ്ങളെയും, കിണറുകളെയും, ഉണങ്ങികിടന്നിരുന്ന മറ്റെല്ലാ ജലാശയങ്ങളെയും തട്ടൊപ്പം നിറച്ചു. ഭാരതത്തിന്റെ അന്നത്തെ ദേശീയ പ്രസ്ഥാനത്തിന്റെ നേതാക്കളെപ്പറ്റി പഠിക്കുമ്പോള്‍ വ്യക്തമാകുന്ന ഒരു വസ്തുത അവരില്‍ ഒട്ടുമിക്ക പേരുടെയും പ്രചോദനകേന്ദ്രം സ്വാമി വിവേകാനന്ദനായിരുന്നു എന്നതാണ്. സുഭാഷ് ചന്ദ്ര ബോസും, ഗാന്ധിജിയും മുതല്‍ ഡോ ഹെട്ഗേവാരും , അരവിന്ദ ഘോഷും വരെ. സ്വാമി രാമതീര്ഥന്‍ മുതല്‍ സ്വാമി ചിന്മയാനന്ദന്‍ വരെ. ഡോ സി വി രാമന്‍ മുതല്‍ ജംഷദ്ജി ടാറ്റ വരെ. ആ അതുല്യ പ്രചോദന പ്രവാഹം, അനേകായിരം ഹൃദയങ്ങളെ സ്പര്‍ശിച്ചു കൊണ്ട് ഇന്നും ഒഴുകിക്കൊണ്ടെയിരിക്കുന്നു.

ഭാരതത്തിന്റെ പ്രാചീന വേദ വിജ്ഞാനത്തിന്റെയും, യുവത്വത്തിന്റെ കര്മശേഷിയുടെയും ഒരു സമഞ്ജസ സമ്മേളനമായിരുന്നു സ്വാമിജിയുടെ വ്യക്തിത്വം. പാശ്ചാത്യരുടെ ശാസ്ത്ര, സാമ്പത്തിക, രാഷ്ട്രീയ ശക്തി പ്രകടനം കണ്ടു അന്ധാളിച്ചു നിന്ന ലോകത്തിനു മുന്‍പില്‍ ഭാരതീയ വൈദിക ജ്ഞാന വൈഭവത്തിന്റെ അജയ്യമായ പ്രകാശഗോപുരമായി അദ്ദേഹം നിലകൊണ്ടു. പുരാണങ്ങളിലൂടെ മാത്രം കേട്ടരിഞ്ഞിട്ടുള്ള തരം വ്യക്തി പ്രഭാവമായിരുന്നു അദേഹത്തിനുന്ടായിരുന്നത്. മഹാപ്രതിഭകളും, ചിന്തകന്മാരും ആ ധിഷണക്ക് മുന്‍പില്‍ നമ്ര ശിരസ്കരായി.

ലോകത്തിലെ ആദ്യത്തെ മിഷനറി മതം ഭാരതത്തിലുദയം ചെയ്ത ബുദ്ധമതമായിരുന്നു. എങ്കിലും വൈദേശിക ആക്രമണങ്ങളുടെ അതിപ്രസരത്താലും, സ്വതവേയുള്ള പ്രചാരണ വൈമുഖ്യത്താലും ഭാരതീയതയുടെ പഠനത്തിനും, പ്രചാരണത്തിനും സംഘടിതമായ ഒരു ശ്രമം പിന്നീടുണ്ടായില്ല. അതേ സമയം ഏതാനും നൂറ്റാണ്ടുകള്‍ക്കുള്ളില്‍ ജനതതികളെ തന്നെ അപ്പാടെ വിഴുങ്ങിക്കൊണ്ട് വൈദേശിക മിഷനറി പ്രവര്‍ത്തനങ്ങള്‍ ലോകമെമ്പാടും പടര്‍ന്നു പന്തലിക്കുകയും ചെയ്തു. ഈശ്വരന്‍ ബ്രഹ്മ തത്വമാനെന്നും, ബോധ സ്വരൂപമാനെന്നും ഒക്കെയുള്ള ആഴമേറിയ ജ്ഞാനം ഉദ്ഘോഷിക്കുമ്പോഴും, ജനങ്ങള്‍ക്ക്‌ സ്നേഹ മസൃണമായ സന്ദ്വനം നല്‍കാനുള്ള കടമ ഹിന്ദുമതം ഏതാണ്ട് പാടെ വിസ്മരിച്ചിരുന്നു.

ശ്രീ രാമകൃഷ്ണമിഷന്‍ എന്ന ആധ്യാത്മിക, സാമൂഹ്യ സേവന സംഘടനയിലൂടെ സ്വാമിജി നമ്മുടെ ആ കുറവ് നികത്തി. കോടിക്കണക്കിനു വരുന്ന ദരിദ്ര നാരായണന്മാരുടെ ജീവിതങ്ങളിലേക്ക് ഭാരതീയ ആധ്യാത്മികതയുടെ സാന്ത്വനം വാരി വിതറി. അതേ തുടര്‍ന്ന് ആ പാത പിന്തുടരുന്ന അനേകായിരം സംഘടനകളും പ്രവര്‍ത്തനങ്ങളും വേറെയും ഉണ്ടായി വന്നു. ഇപ്പോഴും ഉണ്ടായിക്കൊണ്ടേയിരിക്കുന്നു. ബാബ ആംതെ മുതല്‍ നാനാജി ദേശ്മുഖും, എകനാത് രാനഡെയും വരെയുള്ള മഹാ വൃക്ഷങ്ങള്‍ ആ പ്രവാഹത്താല്‍ നനച്ചു വളര്‍ത്തപ്പെട്ടു.

ദേശീയതയുടെ കണ്ണികള്‍ വളരെ ദുര്‍ബലമായ ഭാരതത്തിന്റെ വടക്ക് കിഴക്കന്‍ മേഖലയില്‍, ഇന്ന് ആ ജന വിഭാഗങ്ങളെ ദേശീയ മുഖ്യ ധാരയിലേക്കടുപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ചുരുക്കം സംഘടനകളില്‍ ഒന്ന് വിവേകാനന്ദ കേന്ദ്രമാനെന്നത് ഒരു വസ്തുത മാത്രമാണ്. വിഘടന വാദത്തിലേക്ക് എളുപ്പത്തില്‍ കൂപ്പുകുത്താന്‍ പാകത്തിലുള്ള സാഹചര്യങ്ങളില്‍ ജീവിക്കുന്ന അവിടങ്ങളിലെ ജനത, സ്വാമിജിയുടെ നാമത്തില്‍ ഈ ദേശത്തിന്റെ മഹത്തായ സാംസ്കാരിക വൈഭവത്തിലേക്കും ദേശീയ ധാരയിലെക്കും പതിയെ നയിക്കപ്പെടുന്നു.

നമ്മുടെ ഇന്നത്തെ രാഷ്ട്രീയ സാമൂഹ്യ വ്യവസ്ഥിതികളുടെ നേര്‍ക്ക്‌ കണ്ണോടിക്കുന്ന ഒരു സാധാരണ പൌരനു സമൂഹത്തിന്റെ ഭാവിക്ക് വേണ്ടി പ്രവര്‍ത്തിക്കാനോ ത്യാഗം ചെയ്യാനോ ഉള്ള പ്രചോദനം ലഭിക്കാന്‍ സാധ്യതയില്ല. എന്നാല്‍ സ്വാമിജി സ്വന്തം വ്യക്തി പ്രഭാവത്തിന്റെ സ്വാധീനമൊന്നു കൊണ്ട് മാത്രം എണ്ണമറ്റ ദേശസ്നേഹികളെയും, ത്യാഗികളെയും ഇപ്പോഴും സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. അന്ധ വിശ്വാസങ്ങളുടെയും, രോഗങ്ങളുടെയും, പട്ടിണിയുടെയും നാടെന്ന ധാരണ മാറ്റി ആധ്യാത്മിക ജ്ഞാനത്തിന്റെ അക്ഷയ ഖനിയെന്ന് ഭാരതത്തെ ലോകമിന്ന് നോക്കിക്കാണുന്നു.

വര്‍ദ്ധിച്ച ആവേശത്തോടെ യോഗയും, പ്രാണായാമവും, സംസ്കൃതവും, ധ്യാനവും പഠിക്കുന്നു. 'പ്രകൃതിയെ കീഴടക്കാ' മെന്നോക്കെയുള്ള ധാര്‍ഷ്ട്യം നിറഞ്ഞ അവകാശ വാദങ്ങള്‍ പാശ്ചാത്യര്‍ ഏതാണ്ട് ഉപേക്ഷിച്ചു കഴിഞ്ഞിരിക്കുന്നു. ബാഹ്യവും ആന്തരികവുമായ പ്രകൃതികള്‍ ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളാണെന്ന് തിരിച്ചറിഞ്ഞ് പുറത്തുള്ളത്രയും ആവേശത്തോടെ അകത്തേക്കും അന്വേഷണം വ്യാപിപ്പിച്ചു കൊണ്ടിരിക്കുന്നു. ലോകത്തെല്ലായിടത്തും കുറച്ചു പേരെങ്കിലും ഭാവിയെ പ്രതീക്ഷയോടെ ഉറ്റു നോക്കുന്നു.

മതവിശ്വാസിയെയും, ശാസ്ത്രജ്ഞനേയും അദ്ദേഹം ഒരുപോലെ പ്രചോദിപ്പിച്ചു. ശാസ്ത്രവും മതവും രണ്ടു മാര്‍ഗങ്ങളിലൂടെയാനെങ്കിലും സത്യാന്വേഷണം തന്നെയാണ് നടത്തുന്നതെന്ന് ഭാരതീയ തത്വ ചിന്തയുടെ ആഴങ്ങളെ കാട്ടിക്കൊടുത്തു കൊണ്ട് അദ്ദേഹം ലോകത്തിനു മനസ്സിലാക്കിക്കൊടുത്തു. സംന്യാസിയും, ഗൃഹസ്ഥനും, സാമൂഹ്യസേവകനും, സൈനികനുമെല്ലാം തന്റെ സത്തയെ സാക്ഷാത്ക്കരിക്കാനുള്ള പ്രയാണത്തിലാനെന്നു നിരന്തരം ഓര്‍മിപ്പിച്ചു. സൂര്യന് താഴെയുള്ളതെന്തും തങ്ങളുടെ വ്യവസ്ഥകള്‍ക്കും നിയമങ്ങള്‍ക്കും വിധേയമായിരിക്കണം എന്ന മട്ടിലുള്ള പൗരോഹിത്യത്തിന്റെ മൂഢ സങ്കല്‍പ്പങ്ങളെ അദ്ദേഹം പൊളിച്ചെഴുതി.

തങ്ങളുടെ ചുറ്റും കെട്ടി പൊക്കിയിരിക്കുന്ന മതില്‍ക്കെട്ടുകള്‍ക്ക് പുറത്തു വന്നു ലോകമെമ്പാടും നിന്നുള്ള നന്മകളെ സ്വീകരിക്കുവാനുള്ള വേദങ്ങളുടെ ശരിയായ ആഹ്വാനതിലേക്ക് അദ്ദേഹമവരെ മടക്കി വിളിച്ചു. ബ്രഹ്മയ്ക്യം ലക്ഷ്യമാക്കി പ്രവഹിക്കുന്ന മഹാ പ്രവാഹമാണ് ഈ പ്രാപഞ്ചിക ജീവിതമെന്ന് പഠിപ്പിക്കുമ്പോഴും ആ വളര്‍ച്ചയിലെ വ്യക്തി, കുടുംബം, രാഷ്ട്രം എന്നീ പ്രധാന പടികളെ വിസ്മരിക്കാതിരിക്കാന്‍ പ്രത്യേകം ഓര്‍മിപ്പിച്ചു. ബ്രഹ്മവാദിയെന്നും യോഗാരൂഢനെന്നും അറിയപ്പെടുമ്പോഴും 'India's Patriotic Saint' എന്ന വിശേഷണവും അദ്ദേഹത്തിന് സ്വാഭാവികമായ അലങ്കാരമായിരുന്നു. 1893 സെപ്തംബര്‍ 11 ആം തിയതി, ചിക്കാഗോയിലെ ലോക മത പാര്‍ലമെന്റിലൂടെ കിഴക്കിന്റെ സന്ദേശം പടിഞ്ഞാറിന്റെ മുന്നിലെത്തിച്ചു.

തുടര്‍ന്ന് പടിഞ്ഞാറ് നിന്നു കിഴക്കോട്ടേയ്ക്ക് അനേകായിരം സത്യാന്വേഷികളുടെ ഒരു നിരന്തര പ്രവാഹമാണ് അതുയര്‍ത്തി വിട്ടത്. ഹിമാലയ സാനുക്കളിലെ അപ്രാപ്യമായ ഗുഹാന്തരങ്ങളിലേക്ക് വരെ ആ പ്രവാഹം ഇന്നും വന്നലച്ചു കൊണ്ടിരിക്കുന്നു. ഒരു നൂറ്റാണ്ടിനു ശേഷം, മറ്റൊരു സെപ്തംബര്‍ 11 നു, മറ്റൊരു സംഘം യുവാക്കള്‍ പടിഞ്ഞാറിന്റെ മുന്നിലേക്ക്‌ മറ്റൊരു സന്ദേശം എത്തിച്ചു. മത വിശ്വാസത്തിന്റെ മറ്റൊരു മുഖമായിരുന്നു അത്. ഇതും പടിഞ്ഞാറ് നിന്നും കിഴക്കൊട്ടെക്ക് മറ്റൊരു വലിയ മനുഷ്യ പ്രവാഹത്തെ ഉണര്‍ത്തി വിട്ടു. ഇത്തവണ അത് അടിമുടി ആയുധവല്‍ക്കരിക്കപ്പെട്ട സൈനികരുടെ വന്‍ പ്രവാഹമായിരുന്നു.

തീവ്രവാദ കേന്ദ്രങ്ങളെ തേടിയുള്ള ആ സംഘങ്ങള്‍ ഹിമവാന്റെ തന്നെ ഭാഗമായ ഹിന്ദുകുഷ് മലനിരകളിലെ ഗുഹാന്തരങ്ങള്‍ വരെ വീണ്ടുമെത്തി. ഇപ്പോഴും എത്തിക്കൊണ്ടിരിക്കുന്നു. ഭാരതവും നമ്മുടെ സംസ്കാരവും ലോകത്തിന്റെ നിലനില്‍പ്പിനു എത്രമാത്രം അത്യന്താപേക്ഷിതമാണെന്ന് ഈ സംഭവങ്ങള്‍ നമ്മെ ഓര്‍മിപ്പിച്ചു കൊണ്ടിരിക്കുന്നു.

സ്വാമി വിവേകാനന്ദന്റെ ജന്മ ദിനമായ ജനുവരി 12, ദേശീയ യുവജന ദിനമായി ഭാരതം കൊണ്ടാടുന്നു. ഭാരതീയ യുവത്വത്തിനു ഇതിനേക്കാള്‍ വലിയൊരു പ്രതിനിധിയെ ചൂണ്ടിക്കാനിക്കാനില്ല. അദ്ദേഹത്തിന്റെ 150 ആം ജന്മ വാര്‍ഷികം 2013 ജനുവരി 12 നു് ആണു്. ഒരു വര്‍ഷത്തോളം നീണ്ടു നില്‍ക്കുന്ന വലിയ ആഘോഷ പരിപാടികള്‍ ഭാരത സര്‍ക്കാറും ഒട്ടേറെ സംഘടനകളും ആവിഷ്ക്കരിച്ചുകൊണ്ടിരിക്കുന്നു. ശ്രീ രാമകൃഷ്ണമിഷന്‍ ഈ ജനുവരി 12 മുതല്‍ നാല് വര്‍ഷം നീണ്ടു നില്‍ക്കുന്ന പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്.

ഇന്ത്യയിലെ 150 സര്‍വകലാശാലകളില്‍ വിവേകാനന്ദ പഠന കേന്ദ്രങ്ങള്‍, 150 സ്വയം പര്യാപ്ത ഗ്രാമങ്ങള്‍, ആഗോള തലത്തിലുള്ള പ്രേക്ഷകരെ ലക്ഷ്യമിട്ട് കോടിക്കണക്കിനു രൂപ ചെലവു ചെയ്തു നിര്‍മിക്കുന്ന സിനിമ, ടി വി സീരിയലുകള്‍, സബ്സിടിയില്‍ ലഭ്യമാക്കുന്ന ലക്ഷക്കണക്കിന്‌ വിവേകാനന്ദ പുസ്തകങ്ങള്‍ അങ്ങനെ ഒട്ടനവധി പദ്ധതികള്‍ വരുന്നു. ചിലതിനെല്ലാം ഇതിനോടകം തന്നെ തുടക്കമിട്ടും കഴിഞ്ഞു. അദ്ദേഹത്തിന്റെ നൂറാം ജന്മ വാര്‍ഷികം നമുക്ക് കന്യാകുമാരിയില്‍ ഒരു ലോകോത്തര സ്മാരകത്തെയും, വിവേകാനന്ദ കേന്ദ്രം പോലുള്ള ഒരു സേവന സംഘടനയെയും പ്രദാനം ചെയ്തു. രാജ്യമെമ്പാടുമുള്ള സാധാരണക്കാര്‍ ഒരു രൂപ മുതലുള്ള എളിയ സംഭാവനകള്‍ നല്‍കി അന്ന് ആ മഹാ സംരംഭത്തില്‍ പങ്കാളികളായി. ഇത്തവണ അതേ ആവേശത്തോടെ ഒന്നിച്ചു വന്നാല്‍ അതിലും എത്രയോ മഹത്തായ മറ്റൊരു സ്മരണാഞ്ജലി അദ്ദേഹത്തിന്റെ മുന്നില്‍ അര്‍പ്പിക്കുവാന്‍ നമുക്ക് കഴിയും. നാം അത് ചെയ്യുമോ?

*The author Krishnakumar is a Citizen Journalist of Oneindia Malayalam. The views expressed in this article are solely that of the author and do not necessarily represent those of Oneindia.in or of Greynium Information Technologies Pvt Ltd. *

English summary
The Prime Minister, Dr Manmohan Singh, will inaugurated the nationwide celebrations to mark the 150th birth anniversary of Swami Vivekananda in Delhi on 12 Jan 2011. National Youth Day is celebrated in India on 12 January on the birthday of Swami Vivekananda. In 1984, the Government of India declared and decided to observe the birthday of Swami Vivekananda as a National Youth Day every year from 1985 onwards. 2013 is the 150th birth day of Swami Vivekananda.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X