• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കാമ്പസുകള്‍ വീണ്ടും ചോരയില്‍ മുക്കുന്ന 'അക്രമിസംഘം

സദാചാരത്തിന്റെ പുതിയ കാവല്‍ക്കാര്‍ കേരളത്തിന്റെ കാമ്പസുകളെ വീണ്ടും ചോരയില്‍ മുക്കുന്നതിന്റെ തെളിവാണ് ചെങ്ങന്നൂരിലെ വിശാലിന്‍രെയും കണ്ണൂരിലെ സച്ചിന്റെയും കൊലപാതകങ്ങള്‍. എസ് എഫ് ഐയുടെയും കെ എസ് യുവിന്റെയും എ ബി വി പിയുടെയും പതിറ്റാണ്ടുകള്‍ നീണ്ട പോരുകള്‍ക്കും അക്രമങ്ങള്‍ക്കും കാമ്പസുകളില്‍ ഏതാണ്ട് അന്ത്യമുണ്ടായ ഘട്ടത്തിലാണ് പുതിയ സംഘം കൊലക്കത്തി ഉയര്‍ത്തി വെല്ലുവിളി മുഴക്കുന്നത്. മുന്‍ഗാമികള്‍ തീര്‍ത്ത അതേ പാതയിലൂടെ അക്രമവും കൊലവിളിയും നടത്തി സംഘടന ശക്തിപ്പെടുത്തുകയും എതിരാളികളെ അരിഞ്ഞുവീഴ്ത്തുകയുമാണ് കാമ്പസുകള്‍ കയ്യടക്കുന്ന പുതിയ സംഘവും.

കേരളത്തിലെ മിക്ക കാമ്പസുകളുടെയും പുറംചുവരുകളില്‍ രക്തസാക്ഷികളായ വിദ്യാര്‍ത്ഥി സുഹൃത്തുക്കളുടെ സ്മാരകങ്ങള്‍ ഇപ്പോഴും കാണാം. ഗവണ്‍മെന്റ് കോളെജുകളുടെ ഉള്ളില്‍ തന്നെയാണ് സ്മാരകങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത്. ആദ്യകാലത്ത് എസ് എഫ് ഐ-കെ എസ് യു സംഘട്ടനങ്ങളാണ് കേരളത്തിന്റെ കാമ്പസുകളെ ചോരയില്‍ മുക്കിയിരുന്നത്. നിരവധി വിദ്യാര്‍ത്ഥികള്‍ രക്തസാക്ഷികളാവുകയും സൈമണ്‍ ബ്രിട്ടോ അടക്കം നിരവധിയാളുകള്‍ ജീവിക്കുന്ന രക്തസാക്ഷികളാവുകയും ചെയ്തു.

കെ എസ് യുവിന്റെ കരുത്ത് കെട്ടടങ്ങിയതോടെ കാമ്പസുകളില്‍ എസ് എഫ് ഐ-എ ബി വി പി സംഘടനകള്‍ തമ്മിലായി പോരും അക്രമവും. ഇരുപക്ഷത്തുനിന്നും ഒട്ടേറെ ചെറുപ്പക്കാര്‍ക്ക് ജീവന്‍ കളയേണ്ടി വന്നിട്ടുണ്ട്. വടക്കന്‍ കേരളത്തില്‍ എസ് എഫ് ഐ-എം എസ് എഫ് പ്രവര്‍ത്തകരുടെ സംഘട്ടനങ്ങളും കാമ്പസുകളെ സംഘര്‍ഷത്തിലാക്കിയിരുന്നു. എതിരാളികളെ അടിച്ചൊതുക്കി ഏറെക്കാലമായി എസ് എഫ് ഐ കേരളത്തിലെ കാമ്പസുകളും സര്‍വ്വകലാശാല യൂണിയനുകളും അടക്കി ഭരിച്ചുകൊണ്ടിരിക്കുകയാണ്. അക്രമത്തിന്റെയും അടിപിടിയുടെയും കുത്തക ഇപ്പോഴും എസ് എഫ് ഐയുടെ കയ്യിലാണെങ്കിലും അവരോട് അടിച്ചുനില്‍ക്കാന്‍ കരുത്തുമായാണ് കാമ്പസ് ഫ്രണ്ട് കാമ്പസുകളിലേക്കെത്തിയത്. എ ബി വി പി ശക്തമായിടങ്ങളില്‍ പ്രഖ്യാപിത ശത്രുക്കള്‍ ഇവര്‍ ഇരുവരുമാണ്.

എ ബി വി പി മെമ്പര്‍ഷിപ്പ് കാമ്പയിന് വേണ്ടി ഇക്കഴിഞ്ഞ ജൂലൈ ആറിന് കണ്ണൂര്‍ പള്ളിക്കുന്ന് ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്‌കൂള്‍ പരിസരത്തെത്തിയ സച്ചിന്‍ ഗോപാലിന് കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരുടെ കുത്തേല്‍ക്കുകയായിരുന്നുവെന്നാണ് കേസ്. രണ്ട് മാസം ഗുരുതരാവസ്ഥയില്‍ ജീവനോട് മല്ലടിച്ചുകിടന്ന സച്ചിന്‍ കഴിഞ്ഞ ദിവസം മരണത്തിന് കീഴടങ്ങി. സംഭവത്തില്‍ രണ്ട് കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ അറസ്റ്റിലായിട്ടുണ്ട്. കണ്ണൂരിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ഡിപ്ലോമ കോഴ്‌സ് ചെയ്യുകയായിരുന്നു ഇരുപത്തൊന്നുകാരനായ സച്ചിന്‍.

സച്ചിന് കുത്തേല്‍ക്കുന്നതിന്റെ അതേ ആഴ്ചയിലാണ് ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളെജില്‍ നടന്ന സംഘട്ടനത്തില്‍ പത്തൊമ്പതുകാരനായ വിശാല്‍ മരിച്ചത്. കൊന്നി എന്‍ എസ് എസ് കോളെജിലെ വിദ്യാര്‍ത്ഥിയായിരുന്ന വിശാല്‍ സംഘടനാപ്രവര്‍ത്തനത്തിന് വേണ്ടിയാണ് ചെങ്ങന്നൂരിലെ കോളെജില്‍ എത്തിയത്. സംഘട്ടനത്തില്‍ മറ്റ് പലര്‍ക്കും പരിക്കേറ്റെങ്കിലും ഗുരുതരമായി കുത്തേറ്റ വിശാല്‍ മരിക്കുകയായിരുന്നു. വിശാലിന്റെ മരണത്തിലും നിരവധിയാളുകള്‍ അറസ്റ്റിലായിട്ടുണ്ട്.

ഈ രണ്ട് മരണങ്ങളിലും സംഘപരിവാറും ബി ജെപിയും യുവമോര്‍ച്ചയും അതാത് ജില്ലകളില്‍ ഹര്‍ത്താല്‍ നടത്തി പ്രതിഷേധിച്ചു. ബി ജെ പി നേതാക്കള്‍ എന്‍ ഡി എഫ്-പോപ്പുലര്‍ ഫ്രണ്ട് അക്രമങ്ങള്‍ക്കെതിരെ അതിശക്തമായ ഭാഷയില്‍ പ്രതിഷേധിക്കുകയും ചെയ്തു. ബി ജെ പിയും സംഘപരിവാറും ഈ കൊലപാതകങ്ങള്‍ വര്‍ഗീയമായി തന്നെ മുതലെടുക്കുമെന്നും നവബലിദാനികളുടെ ചോര പ്രസ്ഥാനത്തിന് കരുത്തുപകരാന്‍ ഉപയോഗിക്കുമെന്നതിന് തര്‍ക്കമില്ല.

കൊലക്കത്തിയും അക്രമവും കൈമുതലാക്കി കാമ്പസുകള്‍ വാണിരുന്ന മുന്‍ഗാമികളുടെ അതേ പാതയിലൂടെ തന്നെയാണ് കാമ്പസ് ഫ്രണ്ടിന്റെയും മുന്നേറ്റം. അക്രമത്തിന് പലപ്പോഴും ഇവര്‍ നല്‍കുന്ന ന്യായീകരണം എസ് എഫ് ഐയ്ക്കും എ ബി വി പിക്കും കെ എസ് യുവിനും എം എസ് എഫിനും അക്രമവും കൊലപാതകവും നടത്താമെങ്കില്‍ പിന്നെ തങ്ങള്‍ക്കെന്തുകൊണ്ട് നടത്തിക്കൂടാ എന്നാണ്. ഇത് തന്നെയാണ് കാമ്പസ് ഫ്രണ്ടുകാരുടെ മൂത്താപ്പകളായ എന്‍ ഡി എഫുകാരും എന്‍ ഡി എഫിന്റെ പേരുമാറ്റി മൊഞ്ചാക്കിയ പോപ്പുലര്‍ ഫ്രണ്ടുകാരും ചോദിച്ചുകൊണ്ടിരിക്കുന്നത്.

ഒളിഞ്ഞും തെളിഞ്ഞും അക്രമങ്ങളും കൊലപാതകങ്ങളും നടത്തിയ, അധ്യാപകന്റെ കൈവെട്ടി 'മതസ്‌നേഹവും പ്രവാചകബഹുമാനവും' തെളിയിച്ച, സ്വസമുദായാംഗത്തിന്റെ കാലുവെട്ടി പ്രസ്ഥാന വിരുദ്ധര്‍ക്ക് മുന്നറിയിപ്പ് നല്‍കിയ, സദാചാര സംരക്ഷണത്തിന്റെ മൊത്തക്കച്ചവടക്കാരായ പോപ്പുലര്‍ ഫ്രണ്ടുകാരുടെ 'കുഞ്ഞുങ്ങള്‍' തന്നെയാണ് കാമ്പസ് ഫ്രണ്ടും. മുമ്പ് എസ് എഫ് ഐക്കാരെ ഡി വൈ എഫ്‌ഐക്കാരും സി ഐ ടി യുക്കാരും സഹായിച്ചതുപോലെ എ ബി വി പിക്കാര്‍ക്ക് ആര്‍ എസ് എസുകാരും യുവമോര്‍ച്ചക്കാരും കരുത്തുപകര്‍ന്നതുപോലെ കാമ്പസുകളില്‍ അഴിഞ്ഞാടാന്‍ കാമ്പസ് ഫ്രണ്ടുകാര്‍ക്ക് പോപ്പുലര്‍ ഫ്രണ്ടുകാരുടെ നിര്‍ലോഭമായ സഹകരണമുണ്ട്.

വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ നിന്ന് പുതിയ തലമുറ അകന്നുമാറുന്ന ഈ കാലത്ത് രാഷ്ട്രീയ സ്പിരിറ്റിനെ കവച്ചുവയ്ക്കുന്ന സാമുദായിക-വര്‍ഗീയ സ്പിരിറ്റ് കുത്തിവച്ചാണ് സംഘടനകള്‍ പ്രസ്ഥാനങ്ങളിലേക്ക് ആളെക്കൂട്ടിക്കൊണ്ടിരിക്കുന്നതെന്ന് പച്ചപ്പരമാര്‍ത്ഥമാണ്. കേരളത്തില്‍ മുഖ്യധാരാ രാഷ്ട്രീയം തന്നെ വര്‍ഗീയതയെയും സാമുദായികതയെയും ലക്ഷ്യമാക്കി മുന്നേറുമ്പോള്‍ അവര്‍ വര്‍ഗീയാടിത്തറ പാകിക്കൊടുക്കുന്നത് വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിനും കൂടിയാണ്.

അടുത്തകാലം വരെ രാഷ്ട്രീയത്തിന്റെ ലേബലില്‍ നടന്ന വിദ്യാര്‍ത്ഥി സംഘട്ടനങ്ങളും ഇതെത്തുടര്‍ന്നുണ്ടാകുന്ന കൊലപാതകങ്ങളും ഇപ്പോള്‍ മതത്തിന്റെയും വര്‍ഗീയതയുടെയും ചുവ പുരണ്ടതോടെ അത്യന്തം അപകടകരമായ സ്ഥിതിയിലേക്ക് കാമ്പസുകളെ കൊണ്ടെത്തിക്കുകയാണെന്ന് വിശാലിന്റെയും സച്ചിന്റെയും കൊലപാതകങ്ങള്‍ വ്യക്തമാക്കുന്നു. രാഷ്ട്രീയത്തിന്റെ പേരില്‍ ചോരവീണ് ചുവന്ന കാമ്പസുകള്‍ മതത്തിന്റെയും വര്‍ഗീയതയുടെയും വിഷവിത്തുകള്‍ വിതച്ച് മരണം കൊയ്‌തെടുത്തു തുടങ്ങിയിരിക്കുന്നു എന്നര്‍ത്ഥം.

English summary
Campus Front of India, a students’ organisation, has intensified following the killing of two ABVP functionaries in Kerala.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more