കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഖ്യമന്ത്രികസേര ലക്ഷ്യമിടുന്ന വയലാര്‍ രവി

Google Oneindia Malayalam News

Vayalar Ravi
ദേശീയ രാഷ്ട്രീയത്തില്‍ നിന്നു മാറി കേരളരാഷ്ട്രീയത്തില്‍ പിടിയുറപ്പിക്കാന്‍ വയലാര്‍ രവി ശ്രമം തുടങ്ങിയിട്ട് കാലമേറെയായി. കേരളത്തിലെ മുഖ്യമന്ത്രി കസേര വയലാര്‍ജിയുടെ എക്കാലത്തെയും സ്വപ്‌നമായിരുന്നു. എന്നാല്‍ എകെ ആന്റണി, ഉമ്മന്‍ചാണ്ടി പടവെട്ടലുകള്‍ക്കിടയില്‍ ആ മോഹം സാഫല്യമടയാതെ പോയി. പിന്നീട് രമേശ് ചെന്നിത്തലയും ആ കസേര ലക്ഷ്യമിടാന്‍ തുടങ്ങിയതോടെയാണ് രവി ദില്ലി ലാവണമാക്കിയത്. പക്ഷേ, അപ്പോഴും കേരളത്തിലെ മുഖ്യമന്ത്രി കസേര എന്ന പഴയ സ്വപ്‌നം വിസ്മരിക്കാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല. അതിനുവേണ്ടിയുള്ള കരുക്കള്‍ ദില്ലിയിലിരുന്നും അദ്ദേഹം നീക്കുന്നുണ്ടായിരുന്നു. ഹൈക്കമാന്റില്‍ ഇപ്പോഴുള്ള സ്വാധീനം ഇക്കാര്യം ഗുണകരമാകുമെന്നും വയലാര്‍ രവി കരുതുന്നുണ്ട്.

പുനസ്സംഘടന അടുത്തതോടെ ഗ്രൂപ്പും ഗ്രൂപ്പിലുള്ളിലെ ഗ്രൂപ്പും ഉപജാതി ഗ്രൂപ്പും ഒക്കെ ആവും വിധത്തില്‍ പടം വിടര്‍ത്തി ആടാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. നിലവിലുണ്ടായിരുന്ന എ, ഐ, ഗ്രൂപ്പുകള്‍ക്കു പുറമെ വിശാല ഐഗ്രൂപ്പും ഗ്രീന്‍ പൊളിറ്റിക്‌സിന്റെ മറവിലെ മൂന്നാം ഗ്രൂപ്പും മുരളീധരന്‍ ഗ്രൂപ്പ്, പത്മജാ ഗ്രൂപ്പ് എന്നിങ്ങനെ ഗ്രൂപ്പുകള്‍ സജീവം.

ഇതില്‍ വിശാല ഐ ഗ്രൂപ്പിന് കരുത്താകുന്നത് രമേശ് ചെന്നിത്തലയുടെ പിന്തുണയാണ്. രമേശിന്റെ മനസ്സറിഞ്ഞ് കരുക്കള്‍ നീക്കുന്നതാവട്ടെ കെ സുധാകരന്‍ എംപിയും. വിഡി സതീശന്റെയും പ്രതാപന്റെയുമൊക്കെ ഹരിത രാഷ്ട്രീയസമ്മര്‍ദ്ദ ഗ്രൂപ്പിന് സാക്ഷാല്‍ എകെ ആന്റണിയുടെ പിന്തുണയാണുള്ളത്. അതുകൊണ്ടു തന്നെ നിര്‍ണായക ഘട്ടങ്ങളില്‍ ഇവര്‍ക്ക് വിഎം സുധീരന്റെ സഹായം ഉണ്ടാകുമെന്നതും ഉറപ്പ്. തങ്ങള്‍ക്കൊപ്പം നില്‍ക്കുന്നവര്‍ക്ക് കെപിസിസിയില്‍ അംഗത്വം, സെക്രട്ടറി സ്ഥാനം ഇതിനു പുറമെ ഡിസിസി പ്രസിഡന്റുമാര്‍ എന്നിങ്ങനെ പോകുന്നു ഓരോ ഗ്രൂപ്പിലെ ആവശ്യവും.

ഇവരുടെ ലിസ്റ്റനുസരിച്ച് കാര്യങ്ങള്‍ നടത്താന്‍ ഇന്നുള്ളതിന്റെ പത്തിരട്ടി ജില്ലാകമ്മിറ്റികളും കെപിസിസി സ്ഥാനങ്ങളും ഉണ്ടായാല്‍ പോലും കഴിയില്ല. കാരണം ഗ്രൂപ്പുകളുടെ ലിസ്റ്റ് അത്രത്തോളം ഭീമമാണ്. വെറും സാദാ മെംബര്‍ഷിപ്പ് മാത്രം മതി. പാര്‍ട്ടിക്കുള്ളില്‍ ഇനിയൊരു അവകാശവാദത്തിനുമില്ല എന്നു കുമ്പസരിച്ചാണ് കെ മുരളീധരന്‍ വീണ്ടും കോണ്‍ഗ്രസ്സിനുള്ളില്‍ പ്രവേശിച്ചത്. ജന്മനാലുള്ള ഗുണം മാറ്റാനാവില്ലല്ലോ? പുനസ്സംഘടനയുടെ മറവില്‍ അദ്ദേഹവും കൂട്ടാളികളും ശക്തമായ വിലപേശലുകളുമായി രംഗത്തുണ്ട്.

ഈ സാഹചര്യത്തിലാണ് വയലാര്‍ രവി മുരളീധരനിലൂടെ തന്റെ സ്വാധീനം കേരളത്തില്‍ ഉറപ്പിക്കാന്‍ കരുക്കള്‍ നീക്കുന്നത്. കേരള നേതൃത്വത്തോട് വലിയ താല്‍പ്പര്യമൊന്നും ഇല്ലാത്ത കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനും വയലാര്‍ജിക്കൊപ്പം ഈ ദൗത്യത്തില്‍ പങ്കു ചേരുന്നുണ്ട്. അങ്ങനെ വയലാര്‍ജി, മുല്ലപ്പള്ളി, മുരളീധരന്‍ അച്ചുതണ്ടാണ് കേരളത്തിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ പുതുതായി രൂപം കൊള്ളൂന്ന ഗ്രൂപ്പ് സൂത്രവാക്യം.

നിലവിലുള്ള രണ്ടു ഗ്രൂപ്പുകള്‍ക്കു മാത്രം വീതം വെച്ചെടുക്കാനുള്ളതല്ല കോണ്‍ഗ്രസിലെ സ്ഥാനമാനങ്ങള്‍ എന്ന് ഇവര്‍ പരസ്യമായി തുറന്നടിച്ചുകഴിഞ്ഞു. തന്നോടൊപ്പം നില്‍ക്കുന്നവരുടെ ഏകദേശലിസ്റ്റും മുരളീധരന്‍ പുറത്തുവിട്ടുകഴിഞ്ഞു. കെപി കുഞ്ഞിക്കണ്ണന് കെപിസിസി വൈസ് പ്രസിഡന്റ് സ്ഥാനം കെപി കുഞ്ഞഹമ്മദിന് ജനറല്‍ സെക്രട്ടറി സ്ഥാനം കെ പ്രവീണ്‍കുമാര്‍, മരിയാപുരം ശ്രീകുമാര്‍, സെയ്ദ് മുഹമ്മദ് തങ്ങള്‍ എന്നിവര്‍ക്ക് സെക്രട്ടറി സ്ഥാനവും മുരളി ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനു പുറമെ എക്‌സിക്യുട്ടീവ് കമ്മിറ്റിയിലേക്ക് വിശ്വസ്തരായ അഞ്ചു പേരെയും നിര്‍ദ്ദേശിച്ചിട്ടുണ്ട്. വയലാര്‍ജിയും മുല്ലപ്പള്ളിയും ഇവര്‍ക്ക് പരോക്ഷ പിന്തുണ വാഗ്ദാനം ചെയ്തിട്ടുമുണ്ട്.

English summary
Kerala Chief Minister post is always a dream of Veteran Congress leader and Central Minister Vayalar Ravi. Now new pressure group active in kerala congress under ravi, mullappally and k muraleedharan.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X